അന്യസംസ്ഥാന തൊഴിലാളി (മിനിക്കഥ)

സുബാഷ് അഗ്നിഹോത്രി
Monday, December 9, 2019

തുലാമഴ പെയ്ത് തീര്‍ന്നിട്ടില്ല. വൃശ്ചികത്തിലെ വെയിലിന് മീനമാസ ചൂടിന്റെ കാഠിന്യം. കലൂരുനിന്നും കടവന്ത്ര വഴി ചേര്‍ത്തലയ്ക്ക് പോകുന്ന പ്രൈവറ്റ് ബസ്സില്‍ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റിനു മുന്നിലെ സ്റ്റോപ്പില്‍ നിന്നും ഏതാനും അന്യസംസ്ഥാന തൊഴിലാളികള്‍ കയറി.

അവസാനം കയറിയ ആള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന തുണിസഞ്ചി വാതിലിനരികിലെ സീറ്റിനടിയില്‍ വച്ചു. ഓഫ് വൈറ്റ് പാന്റും ഓഫ് വൈറ്റില്‍ ബ്രൗണ്‍ കളര്‍ ചെക്ക്ഷര്‍ട്ട് കൈമുട്ടിനുമുകളില്‍ വച്ചു ചുരുട്ടിവച്ചിരിയ്ക്കുന്നു. ആറടിയോളം ഉയരം, വെളുത്തനിറം, ഇടതൂര്‍ന്ന സമൃദ്ധമായ മുടി, കട്ടിമീശ.

മുകളിലെ കമ്പിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു. വണ്ടിയുടെ ഉലച്ചിലില്‍ കണ്ടക്ടറെ ഇടിച്ച് വീഴ്ത്തിയേനെ.

” നേരെ നില്‍ക്ക് ഭായി ” കണ്ടക്ടര്‍ പറഞ്ഞു.
”എങ്ങോട്ടാ ഭായി”
”കതവന്ററ ” ഹിന്ദിക്കാരന്റെ മലയാളം.
കണ്ടക്ടര്‍ ടിക്കറ്റ് കീറി.
”കിത്തനാ ഭായി ” കണ്ടക്ടറോട് അയാള്‍ ചോദിച്ചു.
”എട്ടു രൂപ”
”കിത്തനാ ഭായീ ”
”എട്ടുരൂപ ”
”കിത്തനാ ഭായീ….”
”എട്ടുരൂപ”കണ്ടക്ടര്‍ ഉച്ചത്തില്‍.
”കിത്തനാ ഭായീ….” പിന്നേം അയാള്‍…
”എയിറ്റ് റുപ്പീസ്..” കണ്ടക്ടര്‍ അലറി.
”കിത്തനാ ഭായീ…”
അപ്പോഴേയ്ക്കും വണ്ടി കതൃക്കടവ് ജംഗ്ഷനിലെത്തി.
”പൈസയെട് ബാക്കി ഞാന്‍ തരാം.”കണ്ടക്ടര്‍ പിന്നെ തിളയ്ക്കുകയായിരുന്നു.

അപ്പോള്‍ മുന്‍വാതിലിലൂടെ ആളുകള്‍ കയറികഴിഞ്ഞപ്പോള്‍ കിളി ഡബിള്‍ ബെല്ല് കൊടുത്തു. കണ്ടക്ടര്‍ ബല്ലടിച്ച് വണ്ടി നിര്‍ത്തി. പൈസ കൊടുക്കാതെ അയാള്‍.
”പൈസ താടോ,അല്ലങ്കില്‍ ഇറങ്ങിയ്ക്കോ.” കണ്ടക്ടര്‍ പൊട്ടിത്തെറിച്ചു.
അയാള്‍ പൈസ കൊടുത്തപ്പോള്‍ ബാക്കി കൊടുത്ത് കണ്ടക്ടര്‍ മുന്നോട്ട് നീങ്ങി.

ഹിന്ദി അറിയാവുന്ന ഒരു യാത്രക്കാരന്‍ അയാളോട് ഹിന്ദിയില്‍ പറഞ്ഞതിന്റെ മലയാളം ഇങ്ങനെ ആയിരുന്നു.
”എത്ര പ്രാവശ്യം അയാള്‍ എട്ടുരൂപ,എട്ടുരൂപ എന്ന് പറഞ്ഞു.നിങ്ങള്‍ പിന്നേം പിന്നേം എത്രയാ എത്രയാ എന്ന് ചോദിച്ചപ്പോള്‍ അല്ലേ അയാള്‍ ചുടായത്.ആളെ പൊട്ടനാക്കുവാണോ…”

”ഐ ഡോണ്‍ട് നോ മലയാളം..” ഇംഗ്ളീഷില്‍ അയാള്‍ പറഞ്ഞു.
”നിങ്ങളെ കണ്ടാല്‍ മലയാളിയാണന്ന് തോന്നിയതുകൊണ്ടാണ് കണ്ടക്ടര്‍ മലയാളത്തില്‍ പറഞ്ഞത്.”

”ആ പട്ടിക്കഴുവേറീടെ തല ഞാന്‍ അടിച്ചുപൊട്ടിയ്ക്കും. അവന്‍ എന്നെ ഭായീന്നു വിളിച്ചതുകൊണ്ട് അവനെ ഞാന്‍ കളിപ്പിച്ചതാണ്..” ഹിന്ദിക്കാരന്‍ നല്ല പച്ച മലയാളത്തില്‍ പറഞ്ഞപ്പോള്‍ ഇതൊക്കെ കണ്ടുകൊണ്ടിരുന്ന യാത്രക്കാര്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

” അവന്‍ മലയാളിയാണന്ന് എനിയ്ക്കറിയാമായിരുന്നതുകൊണ്ടാണ് മലയാളത്തില്‍ പറഞ്ഞത്..” മുന്‍വശത്തു നിന്ന് കണ്ടക്ടര്‍.

വണ്ടി കടവന്ത്രയിലെത്തിയപ്പോള്‍ അയാള്‍ തുണിസഞ്ചി എടുത്ത് കണ്ടക്ടറോടായി ചിരിച്ച് ”പോട്ടേടാ..”
കണ്ടക്ടര്‍ മറുപടി ചിരിയിലൊതുക്കി. ആടിയാടി അയാള്‍ കടവന്ത്രയിലെ ചൂടിലേയ്ക്കും പൊടിയിലേയ്ക്കും നടന്നു.

ഒരടിപൊട്ടാഞ്ഞതിന്റെ ആശ്വാസത്തില്‍ യാത്രക്കാര്‍ ഇളകിയിരുന്നു.

×