Advertisment

എരുമയും മൂരിയും - കോവിഡ് കാല കഥകള്‍

author-image
admin
Updated On
New Update

- അഗ്നിഹോത്രി

Advertisment

വൈകുന്നേരത്തെ കാപ്പികുടിയ്ക്കിടയില്‍ ബിന്ദു ചോദിച്ചു.

'' രാവിലെ കാപ്പിയ്ക്ക് എന്നാ വേണം?''

ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു '' ചക്കപ്പുഴുക്ക് ഉണ്ടല്ലോ, പഴങ്കഞ്ഞി മതി.''

പഴങ്കഞ്ഞിയും പുഴുക്കും എനിയ്ക്ക് ഇഷ്ടമാണന്ന് അറിയാവുന്നതുകൊണ്ട് ചോദിച്ചതാണന്ന് എനിയ്ക്കറിയാമായിരുന്നു.

'' പച്ചമോരും രസവും ഉണ്ടല്ലോ, പഴങ്കഞ്ഞി മതി. ഉള്ളികൂടി ചതച്ചിട്ടേരെ. നീ എന്നാ കഴിയ്ക്കുന്നെ.''

'' ഞാന്‍ ചോറ് തിളപ്പിച്ച് കഴിച്ചോളാം.''

publive-image

ബിന്ദുവിന് പഴങ്കഞ്ഞി ഇഷ്ടമല്ല, ഞാന്‍ കഴിയ്ക്കുന്നതും ഇഷ്ടമല്ല. അതെന്നാന്നുവച്ചാല്‍, അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ '' പഴങ്കഞ്ഞി കുടിച്ച് കുടിച്ച് വയറ് ചാടി ശരീരത്തിന്റെ ഷേപ്പ് പോകും. ബിജുവിനെയും വിനച്ചേട്ടനെയും ഒക്കെ നോക്കിയ്ക്കേ. അവര്‍ക്ക് വയറുണ്ടോ ?''

ബിജു ആങ്ങളയും വിനച്ചേട്ടന്‍ എന്ന് അവള്‍ വിളിയ്ക്കുന്ന വിനയന്‍ അച്ചന്‍ പെങ്ങളുടെ മകനുമാണ്. അവളുടെ സ്വകാര്യ അഹങ്കാരമാണ് ഈ രണ്ട് ആങ്ങളമാരെന്ന് നന്നായി അറിയാവുന്നതുകൊണ്ട് മറുത്തൊന്നും പറയാതെ പലപ്പോഴും പഴങ്കഞ്ഞി കഴിയ്ക്കണമെന്ന ആഗ്രഹം കലത്തില്‍ തന്നെ ഞാന്‍ ഉപേക്ഷിച്ചു പോന്നു. അതുകൊണ്ട് എന്റെ ഇച്ചിരി വലിയ വയറിന് കുറവും വന്നില്ല.

നാളത്തെ പ്രാതലിന്റെ കാര്യത്തില്‍ തീരുമാനമായതില്‍ സന്തോഷിച്ചു ബിന്ദു.

പെണ്ണുങ്ങളെ സംബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നത് ടാസ്ക് തന്നെയാണല്ലോ. കോവിഡ് പേടിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കുന്നതിനും പത്തുമാസം മുന്‍പേ രോഗബാധിതനായി വീട്ടില്‍തന്നെ ആയിരുന്നു ഞാന്‍. വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ പുറത്തേയ്ക്ക് പോകാറുമില്ല. കോവിഡ് വന്നതിനാല്‍ വീട്ടില്‍ ലോക്ക്ഡൗണ്‍ ആയി വീണ്ടും.

വാടക വീടാണങ്കിലും ദിനചര്യകളിലും നിഷ്ടകളിലും വിട്ടുവീഴ്ചയില്ല. കല്യാണം കഴിച്ച് കൊണ്ടുവന്നതിന്റെ പിറ്റേദിവസം മുതല്‍ ഇരുപത്തിഒമ്പത് വര്‍ഷത്തിന് ശേഷവും ഇന്നും വെളുപ്പിന് അഞ്ച് മണിയ്ക്ക് ഉണര്‍ന്ന് കുളികഴിഞ്ഞ് വിളക്ക് കൊളുത്തി നാമജപം കഴിഞ്ഞാണ് അവള്‍ അടുക്കളയിലോട്ട് കയറിയത്.

രാവിലെ ബെഡ്കോഫി ശീലമില്ല. പ്രാതലിന് പലഹാരമാണങ്കില്‍ അതിന്റെ കൂടെ ചായ കുടിയ്ക്കും. മകള്‍ക്കും ആ ശീലം ഉണ്ടായിരുന്നതുകൊണ്ട് ഹോസ്റ്റലില്‍ ആയിരുന്ന സമയത്ത് ബെഡ്കോഫി ഒരു പ്രശ്നമായിരുന്നില്ല.

രാവിലത്തെ പലഹാരത്തിന് പകരം കഞ്ഞിയോ ചോറോ ആകുന്ന അവസരത്തില്‍ ഒരെട്ടരയോടെ ഒരു ചായ കഴിയ്ക്കും. വൈകുന്നേരം വീട്ടിലെ എല്ലാ പണികളും ഒതുക്കി അവള്‍ സന്ധ്യാനാമം കഴിച്ച് ടി വി ഓണാക്കിയാല്‍ സീരിയലിലങ്ങനെ ലയിച്ചിരിയ്ക്കും.

എന്റെ നാമജപം കഴിച്ചിട്ട് വിളക്ക് കെടുത്തി വയ്ക്കുന്നത് ഞാനാണ്. ഞങ്ങള്‍ താമസിയ്ക്കുന്ന വീടിന്റെ ഹാളില്‍ ആണ് വിളക്ക് തെളിയ്ക്കുന്നത്. അതേ ഹാളിലാണ് ഡൈനിംഗും ടിവി സ്റ്റാന്‍ഡും ലിവിംഗ് റൂമും.

വിളക്ക് തെളിയ്ക്കുമ്പോള്‍ ഫാന്‍ സ്പീഡ് കുറച്ചുവച്ചില്ലങ്കില്‍ ദീപനാളം ആളിപടരും, ചിലപ്പോള്‍ അണയാനും സാദ്ധ്യത ഉണ്ട്. അതിനാല്‍ വിളക്ക് കൊളുത്തുമ്പോള്‍ ഫാന്‍ മിനിമം സ്പീഡിലാക്കും.

പൊള്ളിയ്ക്കുന്ന മീനച്ചൂടില്‍ ഫാനിന്റെ ഫുള്‍ സ്പീഡ് മതിയാകില്ല. ആ ചെറിയ കാറ്റില്‍ വിയര്‍ത്തിരുന്ന് ബിന്ദു ടി വി കാണുന്ന കാര്യം ഓര്‍ക്കാതെ ഞാന്‍ വിളക്ക് കെടുത്തിയ ശേഷം ഫാന്‍ സ്പീഡ് കൂട്ടാന്‍ മറന്നുപോയി.

കുളികഴിഞ്ഞ് നാമജപവേളയില്‍ ഉടുക്കുന്ന മുണ്ട് സ്റ്റാന്‍ഡില്‍ മടക്കിയിട്ട് വരുമ്പോള്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് ദഹിപ്പിയ്ക്കുന്ന ഒരു നോട്ടത്തോടെ അവള്‍ ഫാനിന്റെ സ്പീഡ് കൂട്ടി.

'' എന്നാടീ എരുമ നോക്കുന്നപോലെ നോക്കുന്നെ !'' എന്ന് ഞാന്‍. നല്ല ഭംഗിയുള്ള വലിയ കണ്ണുകളാണ് അവളുടെത് എന്ന് ഞാന്‍ ഇടയ്ക്കിടെ അവളോട് പറയാറുണ്ട്.

'' പിന്നെ, ഞാനങ്ങനെ ഒന്നും നോക്കിയില്ല.''

''പിന്നെ, നിന്റെ നോട്ടം കണ്ടാലറിയാം എരുമ നോക്കുന്ന പോലെയാണന്ന് '' ദേഷ്യം പിടിപ്പിച്ചു ഞാന്‍.

'' മനുഷ്യനിവിടെ വിയര്‍ത്ത് ഒലിയ്ക്കുവാ, ആ ഫാനിന്റെ സ്പീഡ് കൂട്ടിയിട്ട് പോകാന്‍ മേലാരുന്നോ എന്ന അര്‍ത്ഥത്തിലാ നോക്കിയത്.''

'' കണ്ടോ! അപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയല്ലേ. എരുമ നോക്കുന്നപോലെ.''

''പൊക്കോണം കേട്ടോ. ഞാനിതൊന്ന് കാണട്ടന്നേ.'' അസ്വസ്ഥയായി അവള്‍.

രാത്രി കിടന്നതിനുശേഷം അവള്‍ പറഞ്ഞു '' അയ്യാ! കഞ്ഞിയില്‍ ഉള്ളി ചതച്ചിടാന്‍ മറന്നു.ഞാന്‍ ഇട്ടിട്ടു വരാം.''

''സാരമില്ല. അവിടെ എങ്ങാനും കിടക്ക് .''

ഉള്ളി ചതച്ചിടുന്നതല്ലേ ഇഷ്ടം'' അവള്‍ വിഷമിച്ചു.

''സാരമില്ലന്നെ.'' ഞാന്‍ ആശ്വസിപ്പിച്ചു.

എന്നത്തെയും പോല ദിനചര്യകള്‍. രാവിലത്തെ നാമജപം കഴിച്ച് ഞാന്‍ വിളക്ക് കെടുത്തി വെച്ചു. നാമജപം കഴിഞ്ഞ് പത്രം വായിയ്ക്കാനിരുന്നപ്പോള്‍.'' ചായ എടുത്തേ ! ഇങ്ങോട്ട് വാ '' അവള്‍ ഡൈനിംഗ് ടേബിളില്‍ ചായ വെച്ച് വിളിച്ചു.

''ഇങ്ങോട്ട് തന്നേരെ, ഞാന്‍ പത്രം വായിയ്ക്കുവാ.''

'' ഇവിടിരുന്ന് കഴിയ്ക്കാന്നേ..''

'' ഇങ്ങോട്ട് തന്നേക്കാനല്ലേ പറഞ്ഞെ.'' ഞാന്‍ ഒച്ച ഉയര്‍ത്തി. പത്രവായന മുറിഞ്ഞതിലെ അസ്വസ്ഥത പുറത്ത് ചാടി.

'' എന്നാ ഇവിടിരുന്ന് കഴി. ഒന്നിച്ചിരുന്ന് കഴിയ്ക്കാന്‍ വേണ്ടിയല്ലേ ഇങ്ങോട്ട് വിളിച്ചത്. ഞാന്‍ പേപ്പറ് വായിച്ചിട്ട് ഡൈനിംഗ് ടേബിള്‍ സാവലോണ്‍ ഇട്ട് തുടച്ചത് കണ്ടില്ലേ. ഒരു മാതിരി മൂരി സ്വഭാവം കാണിയ്ക്കരുത്.'' അവള്‍ ചായ എന്റെ അടുത്ത് വച്ചിട്ട് പരിഭവപ്പെട്ടു പോയി.

കോവിഡ് വന്നതിനുശേഷം പത്രം എടുത്താല്‍ കൈകള്‍ സോപ്പിട്ട് കഴുകുന്നതും പത്രം വയ്ക്കുന്ന സ്ഥലം സാവലോണ്‍ കൊണ്ട് തുടയ്ക്കുന്നതും ഒരു ശീലമായിട്ടുണ്ട് ബിന്ദുവിന്.

'' ഞാന്‍ പത്രം വായിയ്ക്കാന്‍...'' മുഴുമിപ്പിയ്ക്കാന്‍ എനിയ്ക്ക് പറ്റിയില്ല.

'' ചായ കുടിച്ചിട്ട് പത്രം വായിയ്ക്കാലോ.''

'' എന്റെ പട്ടിവരും അവിടെ'' എന്നു പറഞ്ഞ് ഞാന്‍ ദിലീപായി. ചായയും എടുത്ത് ഞാന്‍ അവളുടെ അടുത്ത് പോയി ഇരുന്നു. പിണക്കത്തിലാണ് അവള്‍.

എന്നാ പറഞ്ഞ് അനുനയിപ്പിയ്ക്കണമെന്ന് വിചാരിയ്ക്കുമ്പോള്‍ ഇന്നലത്തെ 'എരുമ നോട്ടം' മനസ്സില്‍ വന്നു.

''ഇന്നലെ എരുമ നോക്കുന്ന പോലെ എന്ന് പറഞ്ഞതിന് പകരം വീട്ടിയതല്ലേ എന്നെ മൂരി എന്ന് വിളിച്ചെ.'' ഞാന്‍ പരിഭവിച്ചു.

ഒരു ചെറിയ ചിരിയോടെ അവള്‍ '' ഞാന്‍ മൂരീന്നൊന്നും വിളിച്ചില്ല, ഇന്നലത്തെ കാര്യം മറന്നുപോയി താനും.''

''എന്നാലും എനിക്ക് അറിയാം, മന:പുര്‍വം വിളിച്ചതാ.'' ചിരി വലുതായി വരുന്നു.

'' വിലാസിനി വരട്ടെ, ഭാര്യ ഭര്‍ത്താവിനെ മൂരി എന്നു വിളിയ്ക്കുന്നത് ശരിയാണോ എന്ന് ചോദിയ്ക്കട്ടെ.'' ഞാന്‍ പറഞ്ഞു.

വിലാസിനി ഞങ്ങളുടെ അയല്‍ക്കാരിയാണ്. പാല് തരുന്നതും ഞങ്ങള്‍ താമസിയ്ക്കുന്ന പറമ്പ് നോക്കുന്നതും വിലാസിനിയും ഭര്‍ത്താവ് രാജുവും ആണ്. ബിന്ദുവിന്റെ ഇവിടുത്തെ സുഹൃത്തും ആണ് വിലാസിനി.

അവള്‍ക്ക് ചിരി അടക്കാന്‍ പറ്റുന്നില്ലായിരുന്നു.

Advertisment