Advertisment

നിയോഗം (ചെറുകഥ)

author-image
admin
New Update

- എസ് കെ എൻ

Advertisment

publive-image

പുലരിവെട്ടം വീണു തുടങ്ങുന്നതേയുള്ളൂ. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് മിനിറ്റായി. ഇന്നലത്തെ ആ വിളി , കൗമാര പ്രണയത്തേക്കാൾ തീക്ഷ്ണമാണ് . യൗവ്വന പ്രണയം എന്നറിയിച്ച ആ ഗാംഭീര്യമുള്ള ശബ്ദം. ഇപ്പോഴും .ഇടർച്ചയുണ്ടെന്നൊഴിച്ചാൽ അതേ പോലെ .

ഫോൺ കുറേയായി എന്നെ പോലെ തന്നെ . പ്രായാധിക്യത്താൽ കേടുവന്നിരിക്കുന്നു . കേടുവരുമ്പോഴെല്ലാം നേരെയാക്കി അങ്ങനെ നീങ്ങുകയാണ്. ഒരു പുതിയത് വാങ്ങണമെന്ന് മോനോട് പറഞ്ഞതാ .

" അമ്മക്കെന്തിനാ ഇപ്പോ ഫോൺ ? ആവശ്യത്തിന് എന്റെ ഫോൺ ഉപയോഗിക്കാലോ". മറുപടി ഒന്നും പറയാൻ തോന്നിയില്ല .പണ്ടത്തെ ശൗര്യമൊക്കെ പോയിരിക്കുന്നു.

ഇന്നലെ ...

പാതിചത്ത ഫോണിന്റെ നേരിയ ശബ്ദം . ആര് വിളിക്കാനാണ് ഈ നേരത്ത് . ചെറിയ മോൾ ആയിരിക്കുമോ?. കണ്ണട എടുത്ത് നോക്കുമ്പോഴേക്കും റിംങ്ങ് നിലച്ചിരുന്നു . പിന്നേയും ഞരക്കത്തോടെ അത് വീണ്ടും . എടുത്തു . അപ്പുറത്തു നിന്ന് " ഹലോ" എന്ന ശബ്ദം മാത്രമേ കേട്ടുള്ളൂ . ചുക്കിചുളിഞ്ഞ ഞരമ്പുകളിലൂടെ രക്തയോട്ടം കുതിച്ചു കയറിയോ ? .മഞ്ഞനിറമാർന്ന കുഴിഞ്ഞ കണ്ണുകളിൽ ഒരു ശോഭ മിന്നി മാഞ്ഞുവോ?.

publive-image

" സുഖമാണോ ....... ?".

ഒറ്റ വാചകം. വർഷങ്ങളായി കേൾക്കാൻ കൊതിച്ചിരുന്ന ആ വാചകം . വിറയ്ക്കുന്ന കൈകളാൽ ഫോണിൽ പിടിച്ച് ഒന്നും പറയാനാവാതെ നിന്നു .

"ഒന്നു കാണണം ... ഒരു യാത്ര പോണം ... നാളെ രാവിലെ 6.30 ന് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തണം" .

പിന്നെ ഒന്നും പറഞ്ഞില്ല. ഫോൺ കട്ടായതാണോ നിർത്തിയതാണോ എന്നൊന്നും അറിഞ്ഞില്ല.

ഒരു പാടു കാലം പറഞ്ഞു കൊതിച്ചിരുന്ന യാത്ര . ഈ അവസാന യാമങ്ങളിൽ പോയേ തീരൂ.

മരുന്നുകൾ എടുത്ത് വെച്ചു . കുറച്ചു ദിവസം കൂടി ജീവനെ പിടിച്ചു നിർത്തണം .

രാത്രി ഉറങ്ങിയില്ല. ചിന്തകൾ ആയിരുന്നു . അപ്പുറത്തും എന്നും ചിന്തകൾ തന്നെയായിരുന്നല്ലോ.

ഫ്ലാറ്റിൽ നിന്ന് സ്റ്റാൻഡിലേക്ക് അഞ്ച് മിനിറ്റേ നടക്കാനുള്ളൂ. ഒറ്റക്കു പോവാറില്ല. വേച്ചു വേച്ചു പതറിയ കാലുകളുമായി നടന്നു .

കാത്തിരിപ്പ് അസഹ്യമായി തോന്നിയില്ല. അതാ വരുന്നു . എന്റെ ഗന്ധർവ്വൻ . തന്റെ എല്ലാമെല്ലാ മായവൻ. വാർദ്ധക്യത്തിന്റെ അവശതയിലും ഊർജ്ജ സ്വലമായ നീണ്ട കൈകൾ വീശിക്കൊണ്ട്.

ഒന്നും പറഞ്ഞില്ല . എന്റെ തണുത്ത വിറയാർന്ന കൈകൾ പിടിച്ച് എഴുന്നേൽപ്പിച്ചു. വിറയ്ക്കുന്ന വലതു കൈകളാൽ അവനിലേക്ക് എന്നെ ചേർത്തുപിടിച്ചു . എവിടേയ്‌ക്കെന്നറിയാത്ത യാത്ര. നിയോഗം ഇതാവും .

Advertisment