ഉയിരൊഴുക്ക് (ചെറുകഥ)

Monday, September 9, 2019

വ്രതത്തോടെ വേണം വിഗ്രഹം നിര്‍മ്മിക്കാനുള്ള മരം മുറിക്കേണ്ടത്. ഒരു മരം മുറിക്കുമ്പോള്‍ അതിന്റെയും അതിന്റെ തൊട്ടടുത്തുള്ള മരത്തിന്റെയും വരെ സമ്മതം വാസ്തു ശാസ്ത്ര വിധി പ്രകാരം ചോദിച്ചേ വാസു ആശാരി മുറിക്കുകയുള്ളൂ.

ലക്ഷണയുക്തമായ വരിക്കപ്പിലാവിന്റെ കാതലേ ആശാരി. വിഗ്രഹം കൊത്താനെടുക്കൂ. അവസാനം ആണ് ദൃഷ്ടി തെളിയിക്കുന്നത്. നൂറ്റിനാൽപ്പത്തിനാല് യവം നീളവും അതിനൊത്ത ഉടല്‍ അളവുകളും ഉള്ള വിഗ്രഹ നിര്‍മാണം ഏറ്റെടുക്കുന്ന സമയം പടി കയറി വന്ന മയിൽ വാസു ആശാരി നിമിത്തമായെടുത്തു.

പത്ത് മാസത്തിലധികം സമയം എടുക്കും .അതിന് മുന്നേ വിളിച്ച് ശല്യപ്പെടുത്താൻ പാടില്ല… ഇടക്കിടെ കാഴ്ചക്കാർ പാടില്ല.. കൊത്തുന്നത് എവിടെ വച്ചെന്നോ ഏതാശാരിയെന്നോ നാട്ടിൽ കൊട്ടിപ്പാടി നടക്കാൻ പാടില്ല.. നിമിത്തം നന്ന്..വാഹനം വന്നു നിന്നത് കണ്ടില്ലേ? ആയാദി ഷഡ്‌വർഗ്ഗം എന്നാ മൂത്താരെ..ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ്‌ ആയം എന്ന വിധി…ദേവപ്രീതിയാ പ്രധാനം നമ്മക്ക്..

വായിലെ മുറുക്കാൻ നീട്ടി തുപ്പി വാസു ആശാരി തന്റെ നിർബന്ധങ്ങൾ തുടക്കത്തിലേ പറഞ്ഞു
ഈ സമയം ഒക്കെയും ആശാരി വ്രതത്തിലായിരിക്കണം… മത്സ്യ മാംസാദികൾ, മദ്യപാനം പാടില്ല.. ദൈവ കർമ്മമാണ്… വിശ്വകർമ ജനാണ്… ദേവകോപം വന്നാൽ ജന്മം കൊണ്ട് തീരില്ല.. ജന്മാന്തരങ്ങൾ നീളും..

കാരണ്ണോമ്മാരുടെ കണക്ക് പിഴച്ചതിന്റെ കൂലി മ്മള് അനുഭവിക്കുണൂ… ഒരു ആന്തരിങ്ങായതിനെ ഉടയോൻ തിരിച്ചുവിളിച്ചു.. പെണ്ണൊന്ന് പുര നിറഞ്ഞ് എത്തും പിടീം കിട്ടാണ്ട് നിക്കാൻ തുടങ്ങി കൊല്ലങ്ങളായി.. ഒരാലോചനേം അങ്ങട്ട് ശരിയാവിണില്ലാ…. ഗ്രഹപ്പിഴേടെ മൂർധന്യം. അതോണ്ട് പറ്റണ കൈപ്പിഴോണ്ട് ഞ്ഞിണ്ടാവണ തലമുറക്കാർക്ക് ശാപം വച്ച് കെട്ടിക്കാൻ വയ്യാന്ന്ണ്ടേ.. ള്ളത് വൃത്തി പോലെ ചെയ്യൂ.. പറ്റില്ലാച്ചാ വേറെ ആശാരിമാർ ഇഷ്ടം പോലെണ്ട്…. ഏൽപ്പിച്ചോളൂ.. ചെലപ്പോ ഇത്തിരി നേരത്തെ കിട്ടീന്നും വരും..

താംബൂല പ്രശ്നത്തിലെ സൂചന വച്ച് ഞങ്ങള് പുളിയത്ത് എയ്ശന്റടുത്ത് ഒഴി നോക്കി. വാസു ആശാരിക്കാ ഒഴികണ്ടത്. അതോണ്ട് മറുത്തൊന്നും പറയരുത്.. ഇതേൽക്കണം. ആശാരി പറയണതൊക്കെ സമ്മതം തന്നെ.. ദേവന്റെ കാര്യാണ്.. സംഗതി വെടിപ്പാവണം. ഞങ്ങൾക്കത്രേള്ളൂ.. ദക്ഷിണ എത്രയാ വേണ്ടച്ചാ പറഞ്ഞോളൂ..

വാസു ഇന്നും ഇന്നലേം തുടങ്ങി തല്ല.. പെരുന്തച്ചന്റെ പാരമ്പര്യള്ള തറവാടാ.. ഒരു വെറ്റിലേം അടക്കേം നൂറ്റൊന്നുറുപ്പികേം വച്ചോളൂ…

അല്ല.. ആശാരിക്ക് ചിലവിനായിട്ട്..

വന്നയാളിലെ പ്രധാനി ഒന്നുയർത്തി ചോദിച്ചു.

വാസു ആശാരി അടുത്തിരുന്ന തന്റെ മുഴക്കോലെടുത്ത് ഉയർത്തി ഒന്നുഴിഞ്ഞു.

മൂത്താരേ… ന്റെ ചിലവിനുള്ളത് ഇത്മ്മലുണ്ട്.

ന്നു വരെ അഷ്ടിക്ക് മുട്ടീട്ടില്ല… പ്രാരാബ്ധം ഒക്കെണ്ട് ച്ചാലും… പണി കഴിയട്ടെ.. ദൈവാധീനം കൊണ്ട്.. ങ്ങക്കും നിയ്ക്കും കുരുത്തണ്ടാവട്ടെ.. അപ്പോ ഇങ്ങള് ബോധിച്ച് തരണതെന്തായാലും വാസുന് അത് മതി..

പണി ഏറ്റെടുത്താൽ പിന്നെ ആശാരിക്ക് ഊണൂല്യ.. ഉറക്കോല്യ.. ഉറങ്ങുന്നതും ഉണരുന്നതും പണിയിലേക്കാണ്.. കൊണ്ടു വന്നിട്ട മരത്തിന് മുമ്പിൽ വാസു ആശാരി മൂന്നു ദിവസം ഉളി തൊടാതെ ചമ്രം പടിഞ്ഞിരുന്നു. ഇന്നും ഇന്നലെയും തുടങ്ങിയ പണിയല്ലെങ്കിലും മരത്തിൽ ദൈവം തെളിയണം.. മരത്തിലേക്ക് നോക്കിയിരിക്കുമ്പോൾ തടിക്കുള്ളിൽ നിറഞ്ഞു നിൽക്കുന്ന ദേവരൂപത്തിന്റെ വടിവ് കാണാവണം. മരം മരത്തിന്റെ രൂപം വിട്ട് ദേവരൂപമായി വെളിപ്പെടണം.. അതു കിട്ടിയാലെ വാസു ഉളി തൊടുകയുള്ളൂ..

ആ കാരോ ആഗമ സ്വസ്തി
ച കാരോ ശാസ്ത്ര കോവിത
രി കാരോ ദേവോല്പതി
ആചാരി യത് ത്രയക്ഷരം

കരണവന്മാര്‍ പറഞ്ഞിട്ടുണ്ട് പ്രാണവായുവില്‍ പോലും വേദത്തെ കണ്ടാലെ ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍
കഴിവുകിട്ടി ആശാരിയാകുന്നുള്ളൂ..

മരത്തിൽ നിന്നും വെളിപ്പെട്ട ദൈവ രൂപത്തിന്റെ ഉടലളവുകൾ ആശാരിക്ക് മനക്കണക്കാവണം.. കേശാദിപാദം മരത്തിൽ കണ്ടാൽ തേവരൊഴികെ മരത്തിലുള്ളതെല്ലാം ചെത്തിക്കളയണം… അതാണ് ശിൽപം. ആ ദേവത്തെ കാണും വരെ വാസു ആശാരി ആലയിൽ മരത്തിന് മുമ്പിൽ തപസ്സിരുന്നു. മരത്തിൽ പല പല ദൃശ്യങ്ങൾ മുങ്ങി മറിഞ്ഞു പോയി.

കയ്യിൽ ഉളി പിടിപ്പിച്ച കാരണവൻമാർ മരത്തിന്റെ മഞ്ഞക്കാതലിൽ നിന്ന് മുഖം കൊണ്ടപ്പോൾ വാസു ആശാരിയുടെ കാൽ തൊട്ട് ഉച്ചി വരെ തരിപ്പ് പടർന്നു കയറി വിറകൊണ്ടു. അമ്പലത്തിന് മുന്നിലെ വിറച്ചിയാലിന്റെ ഇലകൾ പോലെ വാസു ആശാരി ആശാരിയുടെ ദേഹം കനം കുറഞ്ഞ് കാറ്റിനൊപ്പം ആടി. ഇലകളുടെ മർമരം പോലെ വാസു ആശാരിയുടെ ചുണ്ടുകളിൽ നിന്ന് കാരണവന്മാരുടെ ജല്പനങ്ങൾ പതറിനടന്നു.. ഇരുട്ടിന്റെ കോട്ടയിൽ നിന്ന് വെളിച്ചമായി വിശ്വകർമശ്ളോകം ആലയിൽ നിന്നും തെല്ലുറക്കെ ഉയർന്നു പൊങ്ങി..

പഞ്ച വക്രം ജടാജൂതം പഞ്ചദാസ വിലോചനം

സദ്യോജാതനനം ശ്വേതം വാമദേവം കൃഷ്ണകം

തത്പുരുഷം പീതവര്‍ണ്ണച്ച: ഈശാനം ശ്യാമ വര്‍ണകം

അഖോരം രക്ത വര്‍ണംച്ച: ശരീരം ഹേമവര്‍ണകം

ദശബാഹും മഹാകായം കര്‍ണ്ണ കുണ്ടല മണ്ടിതം

പീതാംബരം പുഷ്പമാല നാഗയജ്നോപവീതം

രുദ്രാക്ഷ മാലാഭരണം വ്യാഘ്രചര്മോത്തരീയം

അക്ഷ മാലാന്‍ച്ച: പദ്മനച്ച: നാഗശൂല പിനാകിനം

ഡമരു വീണ ബാണംച്ച: ശംഖ ചക്ര കരാനവിതം

കോടിസൂര്യ പ്രതീകസമ സര്‍വജീവ ദയാപരം

ദേവ ദേവം മഹാദേവം വിശ്വകര്‍മ ജഗദ്‌ഗുരു:

പ്രസന്നവദനം ധ്യായെ സര്‍വ വിഘ്നോപ ശാന്തയേ

അഭ്ഹെപസിതാര്‍ത്ഥ സിദ്ധ്യര്തം പുജതോ യസ്സൂര്യ്രപി

സര്‍വവിഘ്ന ഹരം ദേവം സര്‍വവിഘ്ന വിവര്‍ജിതം

ആഃഊഃ പ്രജാനാം ഭക്താനാം അത്യന്ത ഭക്തി പൂര്‍വകം

സൃജന്തം വിശ്വകര്‍മ്മാണം നമോ ബ്രഹ്മ പിതായച്ച:

സുമിത്ര ഉച്ചക്ക് കഴിക്കാൻ കൊണ്ടു വന്നതോ വിളിച്ചതോ അറിയാതെ ആശാരി പല തലമുറയിലെ കാരണവനമാരിലൂടെ കടന്ന് വിശ്വകർമാവിന്റെ സവിധത്തിലെത്തിയിരുന്നു അപ്പോൾ. അവിടെ തെളിഞ്ഞ ശതകോടി സൂര്യന്മാരുടെ പ്രകാശപാതയിൽ കാണപ്പെട്ട പൊടിപടലങ്ങളിൽ നിന്നും ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടിയതിൽ ഒരു ഭാഗത്തിന്റെ അളവായ പരമാണുവിനെ മുഴക്കോലിൽ ആവാഹിച്ച് കുടിയിരുത്തി ആശാരി മരത്തിലെ ദേവരൂപം കണ്ടു കണ്ണുതുറന്നു.

അച്ഛന്റെ രീതികൾ പരിചയമായതിനാൽ സുമിത്ര ശല്യപ്പെടുത്താൻ നിന്നില്ല. ചോറും കറിയും ആലയുടെ പടവിൽ വച്ച് അവൾ മാറി നിന്നു..

സുമീ അച്ഛന് ഇക്കുറി വൈകിയാ തെളിഞ്ഞത്..മനസ്സട്ങ്ട് പിടിച്ചോടത്ത് കിട്ടുന്നില്ല..ഇന്നാണ് കാരണവന്മാര് വെളിപ്പെട്ടത്.കാണിച്ചു തന്നു തേവരെ..

പറയുമ്പോൾ വാസു ആശാരി വിതുമ്പിപ്പോയിരുന്നു..

അച്ഛന് കണക്കു പിഴയ്ക്കില്ല..അച്ഛൻ ഒാരോന്ന് ആലോചിക്കാൻ പോയിട്ടാണ്..

അതേ സുമ്യേ..എത്രയാലോചിട്ടും പിടി തരാത്ത ജന്മയിപ്പോയില്ലേ അച്ഛന്റെ..അല്ലാതിപ്പോ എന്തിന്റെ കുറവുണ്ടായിട്ടാ മനു നമ്മളെ വിട്ടു പോയത്..ഏതു ദേവതക്ക് പിടിക്കാഞ്ഞിട്ടാ..ഏതു വഴിപാടു വീട്ടാഞ്ഞിട്ടാ സുമി ഇങ്ങനെ നിക്കണത്..ന്റെ തേവരേ..

അച്ഛൻ ഒന്നുമോർക്കണ്ട..എന്നെക്കുറിച്ചു പോലും ആലോചിക്കണ്ട..ഏറ്റ പണി കഴിയട്ടെ..അമ്മയക്ക് ഭേദാവട്ടെ..നമുക്ക് പഴനീല് പോകണം…

മീശമുളക്കുന്ന പ്രായത്തിൽ ആരോടും ഒന്നും പറയാതെ ഒരു കഴുക്കോലിൽ തന്നെ ഒതുക്കിക്കടന്നു പോയ ഏട്ടന്റെ ഒാർമയിൽ, കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കിടക്കുന്ന അമ്മയുടെ തീരാ വേദനയിൽ ഒഴുകാൻ തുടങ്ങുകയായിരുന്ന കണ്ണീരിന്റെ മഹാനദിയെ ഉറവയിലേ ഉരുക്കിത്തീർത്ത് അവൾ അച്ഛന് പിന്തിരിഞ്ഞു നിന്നു. ഉത്തരം കിട്ടാത്ത കടങ്കഥയായ താൻ കരയാൻ പാടില്ല…

പിന്നീടുള്ള മാസങ്ങള്‍ ആലയെ ഉളിയുടെയും കൊട്ടുവടിയുടേയും ഒച്ചകൾ മുഴങ്ങി്ക്കൊണ്ട് നിറച്ചു..വരിക്കപ്ളാവിന്റെ തടിയുടെ മണവും പൊടിയും കൊണ്ട് കാറ്റ് ആലയും വീടും ചുറ്റിത്തിരിഞ്ഞു..ആശാരിപ്പുരയുടെ പതിവ് മരമണത്തിനപ്പുറം അലൗകികമായ തേജസ് നിറച്ച ആ മണത്തെ സുമിത്ര ആവോളം ഉൾക്കൊണ്ടു..

ഒാരോ മാസം കലണ്ടറിൽ നിന്നുമറിയുമ്പോഴും താൻ പെണ്ണായി മാറുന്നില്ലല്ലോ എന്ന വ്യഥയിൽ രാവുകളിൽ ഉണർന്നു കിടന്ന് തന്നെത്തന്നെ സമാധാനിപ്പിക്കുമ്പോൾ ആലയിൽ ഉരുവമായിക്കൊണ്ടിരിക്കുന്ന വിഗ്രഹത്തിന്റെ കണ്ണു തുറക്കാത്ത മുഖം തന്റെ ഉള്ളിൽ കിനിഞ്ഞു വരുന്നത് അറിഞ്ഞ് കണ്ണടച്ചുറങ്ങി. ഉറക്കത്തിൽ ഏഴാഴികളുടെയും നൂറ്റിയെട്ട് പർവതങ്ങളുടെയും മുകളിലൂടെ പറക്കുമ്പോൾ വീണുപോകാതിരിക്കാൻ താൻ മുറുകെപ്പിടിച്ച ആൺ കൈ ഏതാണെന്ന് പുലർച്ചെ എത്രയാലോചിച്ചിട്ടും സുമിത്രക്ക് പിടി തന്നില്ല.

പ്രായം ഇരുപത്തിയഞ്ചായിട്ടും ഇതുവരെ തീണ്ടാരിയാകാതെ മൂന്നാംപിറപ്പ് പോലെ കഴിയുന്ന തന്നെ സ്വപ്നത്തിലെങ്കിലും ചേര്‍ത്തുപിടിച്ച ആ കൈ,, ഏതൊരാണിന്റേതായിരിക്കും..? വയസ്സറിയിക്കാതെ, സ്ത്രീ എന്ന് തെളിയിക്കപ്പെടാതെ സ്ത്രീയുടെ ദേഹം പേറി നടക്കുന്ന താനാണ് മനുവിന്റെ മരണത്തിനും മീതെ അച്ഛന്റെ ഉള്ളരുക്കമെന്ന് അവളെന്നോ തിരിച്ചറിഞ്ഞിരുന്നു.

കൂട്ടുകാരികളെല്ലാം പാവാട പ്രായത്തിൽ തന്നെ വയസ്സറിയിച്ച് വലിയ കുട്ടികളായിമാറിയപ്പോഴും വർഷമിത്രയായിട്ടും ഇനിയും ചുവക്കാനാവാത്ത പെൺപിണ്ഡമായി തുടരാനാണ് തന്റെ വിധി. ശരീരത്തിന്റെ നിമ്നോന്നതങ്ങളിൽ വിരലോടിച്ച് താൻ സ്ത്രീയാണെന്ന് എത്ര പകലുകളിൽ സ്വയം വിളിച്ചുപറഞ്ഞാലും തന്റെ പ്രാർഥന കേൾക്കാതെ മരവിച്ചു കിടക്കുന്ന നാഭീഗ്രന്ഥികൾ ഏതു ശാപത്തിന്റെ ബാക്കി പത്രമായിരിക്കും..?

ദൈവത്തെ തന്നെ പിന്നെപ്പിന്നെ ഊതിക്കെടുത്തുവാൻ തുടങ്ങിയ കാലത്താണ് ദൈവമാകാൻ വിധിക്കപ്പെട്ട മരം ആലയിലെത്തുന്നത്.. അച്ഛൻ കൊത്തിയുണ്ടാക്കുന്ന തേവരുടെ ഓരോ ദിവസത്തെയും വളർച്ച ആലയിൽ കണ്ടുനിൽക്കുമ്പോൾ സ്വപ്നത്തിൽ തന്നെ ചേർത്തു നിർത്തിയ വിരിഞ്ഞ മാറും, തന്റെ വിരലുകളെ കോർത്തുപിടിച്ച നീണ്ട കൈകളും ഇതാണല്ലോ, ഇതാണല്ലോ എന്ന് അണച്ചു പറഞ്ഞപ്പോഴാണ് ഇതുവരെ തോന്നാത്ത വിധം ആ ആൺകൈയ്യിന്റെ മെരുക്കത്തിൽ സുമിത്ര കുരുങ്ങിപ്പോയത്..

മൂന്നുനേരം വാസു ആശാരിക്ക് ഭക്ഷണനും ചായയും കൊടുക്കാൻ മാത്രം ആലയിൽ പോയിരുന്ന സുമിത്ര അച്ഛന്റെ കയ്യാളായി ഉളി, ചുറ്റിക എടുത്തു കൊടുക്കാനും ചീളു മാറ്റാനും, ചിന്തേരു പിടിക്കാനും , പലകയിൽ വെള്ളാരം കല്ല് കുത്തിപ്പൊടിച്ചു വിതറി ഉളിയുരച്ച് മൂർച്ചകൂട്ടാനും നിൽക്കാൻ തുടങ്ങിയത് അവൾ പോലും അറിയാതെ സംംഭവിച്ചതായിരുന്നു.. അയിത്തപ്പെടാനുള്ള സാഹചര്യങ്ങളില്ലാത്തതുകൊണ്ട് വാസു ആശാരി മകളെ ഇതിൽ നിന്നൊന്നും വിലക്കിയതുമില്ല..

സുകൃതമാണ് കുട്ട്യേ..തേവരെ കൊത്തിയെടുക്കുന്ന സുകൃതം..ന്റെ കുട്ടി അധികം ദേഹം ഇളക്കണ്ട..പോയ്ക്കോളൂ

എന്ന സ്നേഹപൂർവമുള്ള വിലക്കുകൊണ്ടുമാത്രം സുമിത്ര ആലവിട്ടു പോയതുമില്ല.. ആലയെയും തന്നയെയും തനിക്കുമാത്രം തൊട്ടെടുക്കാവുന്ന ഒരു നൂലുകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആലയുടെ പൊടിയിലും ഉളിച്ചെത്തത്തിലും തന്റെ തന്നെ ശ്വാസം വല്ലാതെ ചേർന്നു പോയിരിക്കുന്നതായും തോന്നുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കുമ്പോളൊക്കെ വിഗ്രഹത്തിന്റെ പൂർണകായരൂപം അടഞ്ഞ കണ്ണുകൊണ്ട് തന്നെ ഉഴിയുന്നതായി സുമിത്രക്ക് തോന്നിത്തുടങ്ങി..

കിനാവിൽ ആകാശച്ചെരിവിലൂടെ, മേഘങ്ങൾ ഊഞ്ഞാലു കെട്ടിയാടുന്ന ഉയരലോകത്ത് മഞ്ഞ നിറം പൂണ്ട ആണുടലിൽ പറ്റിച്ചേർന്ന് കിടന്ന് ഈ ഭൂമിയുടെ ഒരാകർഷണബലവുമില്ലാതെ സുമിത്ര ഒഴുകി നടന്നു..താനൊരു സ്തീ തന്നെയാണെന്നും ഒരു പുരുഷന്റെ കിനാസ്പർശം തന്നിൽ ഇതുവരെ ഉണ്ടാകാതിരുന്ന ഒരുയിരിളക്കം തിരമാലപോലെ വന്നടിച്ചുമടങ്ങുന്നതായും വീണ്ടൂം വീണ്ടൂം കാണാനുള്ള കാരണം ആലയിലേക്ക് അതിരാവിലെ തന്നെ സുമിത്രയെ നടത്തിത്തുടങ്ങി.

പകൽ പോലും ആലയിലിരിക്കുമ്പോൾ സുമിത്ര വിണ്ണിലെവിടെയോ അപ്പൂപ്പൻതാടി പോലെ ചുഴിഞ്ഞു പറന്നു. ഒാരോ തെന്നിയിറക്കത്തിലും വിഗ്രഹത്തിന്റെ ആൺകൈ അവളെ കോരിയെടുത്ത് മേഘത്തിന്റെ പഞ്ഞിക്കിടക്കയിൽ എടുത്തിട്ടു. ഏതോ അരുതായ്കകൾ വിലക്കുമ്പോഴും വിഗ്രഹത്തിന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ സുമിത്ര നോക്കി നിന്നു.

പണി ഏറെക്കുറെ കഴിയാറായിരിക്കുന്നു. ഇനി അവസാന മിനുക്കുപണികൾ മാത്രം. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാരുടെ മുഖത്തും കണ്ണിലും കാണാകുന്ന പ്രകാശത്തോടെയാണ് വാസു ആശാരിയുടെ മുഖമിപ്പോൾ..

അച്ഛനെ നോക്കുമ്പോൾ കലണ്ടറിൽ കണ്ടിട്ടുള്ള വിശ്വകർമാവിന്റെ മുഖഛായ തോന്നിത്തുടങ്ങിയിരുന്നു. ഒരു തപസ്സിന്റെ അവസാന നിമിഷത്തിൽ, ഉണരാൻ നിൽക്കുന്ന ആ നിമിഷത്തിന്റെ തൊട്ടു മുമ്പുള്ള അപാരമായ സ്വാസ്ഥ്യം അനുഭവിക്കുന്ന പോലെ.. അതേപോലെ അസ്വസ്ഥമായ ചലനങ്ങളും. ഒരു സമയവും ഒതുങ്ങിയിരിക്കാതെ ചലിച്ചുകൊണ്ടേയിരിക്കുന്ന കൈകൾ കൊണ്ട് വാസു ആശാരി വിഗ്രഹത്തെ പൂജിച്ചു തുടങ്ങി..

പറഞ്ഞ തിയ്യതിയുടെ തലേന്നാൾ ക്ഷേത്ര കമ്മറ്റിക്കാർ വന്ന് ഭവ്യതയോടെ അച്ഛന്റൈ മുന്നിൽ നിന്നു. വിഗ്രഹത്തിന്റെ അരയിലെ ഉത്തരീയത്തിന്റെ ഞെറികളിലൊന്നിൽ കാണാതെ തെറിച്ചു നിന്ന മുഴപ്പിന് മേൽ ഉളി നടത്തുകയായിരുന്നു അച്ഛൻ.

ന്താ മൂത്താശാരി… പണിതീർന്നില്ലാന്ന്ണ്ടോ??

എത്ര ചെയ്താലും തൃപ്തിയാവന്നില്ല. എന്തോ ഒരൂട്ടം പിന്നേം ശരിയാക്കാനുണ്ടാകും.. ഭഗവാന്റെ മായാരൂപല്ലേ… ഓരോന്നങ്ങിനെ ഓരോ സമയം തോന്നിപ്പിക്കല്ലേ…

അച്ഛൻ വിഗ്രഹത്തെ ഒന്നുകൂടി വലംവച്ചു.. ഒരു മൂലക്ക് നിന്ന് ചാഞ്ഞും ചരിഞ്ഞും നോക്കി.

പിന്നെയും വന്ന് ചുമലിലെവിടെയോ നിന്ന ഒരടരിനെ ചെത്തി മാറ്റി.

നാളെയാണീപ്പോ മുഹൂർത്തം….

ആയ്ക്കോട്ടെ… മുഹൂർത്തം തെറ്റില്ല.. എന്റെ മകനാ ഈ നിക്കണേ… അതാ ശിൽപവും ശിൽപീം തമ്മിലുള്ള ബന്ധം..

അതു പറയുമ്പോൾ വാസു ആശാരിയുടെ ഉള്ളൊന്നു പിടഞ്ഞു. അകാലത്തിൽ മരിച്ചു പോയ മകൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഇന്ന് വയസ് നാൽപതുകാണും ശിൽപത്തിന്റെ മുഖം കൊത്തിയെടുക്കുമ്പോൾ വന്നു പോകുന്ന മകന്റെ ഛായ വാസു ആശാരി ആശ്ചര്യവും കണ്ണീരും കൊണ്ട് ചെത്തിക്കളയാൻ നോക്കിയെങ്കിലും പിന്നെയും പിന്നെയും മരത്തടിയിൽ വാസ്തു പുരുഷനെപ്പോലെ കിടക്കുന്ന മകൻ വാസു ആശാരിക്ക് ഗോചരമായിരുന്നു..

എന്നാ നാളെ ആശാരി രാവിലെ കുളിച്ച് റെഡിയായി നിൽക്ക്വാ… ഭഗവാനെ ഞങ്ങൾക്ക്‌ കൈ പിടിച്ച് തരണം… ഞങ്ങടെ ഏറെക്കാലത്തെ കിനാവാണ്..

നാട് നന്നാവും… സംശല്യ… കൊത്തണസമയത്ത് തന്നെ അരുളപ്പാട് തോന്നിരുന്നു.. പലപ്പോഴും ഉളിമരത്തിൽ വക്കുമ്പോ ഇടിവന്ന് തട്ടണ പോലെ ഒരു ആളൽ ഉള്ളങ്കൈയ്യിൽ വന്ന് തട്ടാറുണ്ട്… അത്രക്ക് ദേവാനുഗ്രഹമുണ്ട്

തന്റെതായ എന്തോ ഒന്ന് വേർപെടാനിരിക്കും പോലെ.

മുറിയുടെ വാതിൽ പതുക്കെത്തുറക്കുമ്പോൾ കാറ്റിലൂടെ കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും നല്ലെണ്ണയിൽ എരിഞ്ഞു കത്തുന്ന തിരിയുടെയും മണം വല്ലാതുയർന്നു പൊങ്ങുന്ന പോലെ.. ഉറങ്ങുന്ന അമ്മയെ ഒന്നു കൂടി നോക്കി.. ഇടനാഴി കടന്നപ്പോൾ പൂമുഖത്ത് കിടന്നുറങ്ങുന്ന അച്ഛന്റെ ഉയർന്ന നിശ്വാസങ്ങൾ കേട്ടു. അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി. വാതിൽ ചേർത്തടച്ചു.. ഇപ്പോൾ തൊടിയും ഇരുട്ടും നിഴലുകളും മാത്രം.

തെങ്ങിന്റെ ഓലക്കിറിനുള്ളിലൂടെ കാർമേഘത്തിന്റെ മുടിച്ച്രുരുളിലേക്ക് മുഖം പൂഴ്ത്തിയ നിലാവു കാണാം.. അവിടിവടെ വല്ലാതെ ചുവന്ന നക്ഷത്രങ്ങൾ.. കരിയിലകൾ കാൽക്കീഴിൽ അമരുമ്പോൾ നിത്യവും കാണുന്ന ദേവി പാമ്പ് വഴിമാറിപ്പോകുമെന്ന് മനസിലോർത്തു.തുളസിത്തറയിൽ തിരി കെട്ടിരുന്നു.. പണിശാല മൗനമായി കിടക്കുന്നു. ഒറ്റക്കാണവൻ… പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കാനുള്ള ധ്യാനത്തിലാണവൻ..

തൂണിലും തുരുമ്പിലും നിറഞ്ഞു നിൽക്കുന്നവൻ.. ചെറുപ്പം തൊട്ടേ കണ്ടു പോരുന്ന പണിശാല തികച്ചും അഭൗമമായി തോന്നിത്തുടങ്ങി അവൾക്ക്.. ഒരു അതിശയ നിലാവ് പണിശാലയെ പൊതിഞ്ഞ പോലെ.. തൂമഞ്ഞിന് സ്വർഗീയമായ ചിറകുകളുടെ ഛായ.. ഇടക്കിടെ ആകാശത്തുനിന്നും നക്ഷത്രത്തുണ്ടുകൾ പണിശാലയുടെ തകര മേലാപ്പിൽ പൂക്കൾ പോലെ വന്നു വിഴുന്നു.. ഇതളുകൾ അടർന്നു തെറിച്ച് നിലാവിനോട് ചേരുന്നു…

പണിശാലയുടെ തട്ടിക വാതിൽ തണ്ടിട്ടത് ശബ്ദമില്ലാതെ തുറന്ന് അവൾ ഉള്ളിലേക്ക് കയറി.. പലകയടിച്ച വിടവിലൂടെ ഒളിച്ചു വരുന്ന നിലാവും ഇരുട്ടും.. മൂടിയിട്ട പട്ട് വലിച്ചുനീക്കി. മൂലയിൽ തെളിയാത്ത കണ്ണുമായി നിൽക്കുകയാണവൻ.. രാത്രിയുടെ പേടിക്കണ്ണുകളോ ചിറകടികളോ അലട്ടാതെ അവളുടെ പാദസരങ്ങൾ പതിവിലേറെ കിലുങ്ങി.

കൈവിരലുകൾ വിറച്ച് കാൽവിരലിൽ നിന്നും തരിച്ചു കയറി രോമകൂപങ്ങളെ പൊള്ളിച്ച് അവൾ വിഗ്രഹത്തെ തൊട്ടു.. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു മാറ്റാനാവാതെ നിന്നപ്പോൾ വിഗ്രഹത്തിന്റെ ചുണ്ടുകൾ ഒന്നനങ്ങിയെന്നും നാസിക ത്തുമ്പ് ദൃഡമായെന്നും അവൾക്ക് തോന്നി. വിഗ്രഹത്തിന്റെ കവിളിൽത്തട്ടുമ്പോൾ നിലാവിന് ചന്ദന നിറം.. ചുമരിലേക്ക് നീണ്ട തന്റെ നിഴലും വിഗ്രഹത്തിന്റെ നിഴലും ചേർന്ന് വല്ലാതെ കനപ്പെട്ട് പോയിട്ടുണ്ട്

ഓരോ ദിനവും കണ്ടതാണവൾ.. വലിയ തടിയായി പണിശാലയിൽ അച്ഛന്റെ ള്ളിച്ചെത്തം കേട്ടു കിടന്ന കുറുമ്പൻ, എത്ര മിനുക്കിയിട്ടും അച്ഛന് മതിവരാത്ത മെയ്യ്…

ഉളിവായ നീങ്ങി നീങ്ങി മൂർച്ചപ്പെട്ടു പോയ പുഞ്ചിരി നിറഞ്ഞ ചുണ്ടുകൾ.. ഉണങ്ങാത്ത മുറിവുകൾ പോലെ ലഹരിപിടിപ്പിക്കുന്ന വേദന വന്നു നിറഞ്ഞപ്പോൾ ഒരു സീൽക്കാരത്തോടെ അവളതിന്റെ ചുമലിലേക്ക് ചാരി കാതിലേക്ക് ചുണ്ടുകൾ ചേർത്തു. ഏതോ കൈകൾ തന്നെ വന്നു മൂടുന്നതും മൂർധാമിൽ രണ്ടു ചെമ്പകമലരുകൾ വന്നമരുന്നതായും തോന്നിയപ്പോൾ അവൾ വല്ലാതെ പതറി.

നാളെ നീ പോകും.. പിന്നെ നീ ദൈവം. ഇനിയൊരിക്കലും എനിക്കു നിന്നോടിങ്ങനെ ചേർന്നു നിൽക്കാനാവില്ല.. ശ്രീകോവിലിന്റെ മുന്നിൽ നിന്നെ കാണാനുള്ളവരുടെ തിരക്കിൽ നീയെന്നെ കാണുക പോലുമില്ലെന്നറിയാം… ഇന്നത്തെ ഈ രാത്രി എനിക്കു നിന്നെ വേണം… ആദ്യമായും അവസാനമായും.

വിഗ്രഹത്തിന്റെ ഉരുണ്ട നെഞ്ചിൽ തല ചായ്ച്ചപ്പോൾ ഉടയാടകൾ ഓരോന്നായി അഴിഞ്ഞു പോയി അവൾ ദൈവപ്പെട്ടു.. വിഗ്രഹത്തിന്റെ ചുണ്ടുകളിൽ ആഴ്ന്ന് ചുംബിച്ച് നഗ്നയായി കാൽപിണച്ച് ചുറ്റി നിന്നപ്പോൾ തന്റെയുള്ളിൽ എന്തൊക്കെയോ പൊട്ടിയടരുകയാണെന്നും തുടകളിലൂടെ വാർന്നൊഴുകിയ ചെഞ്ചോര തന്നെയും വിഗ്രഹത്തിന്റെ പാദങ്ങളെയും ഒന്നുപോലെ നനച്ചു പൊള്ളിക്കുകയാണെന്നും അവൾക്കു മനസിലായി.

മേൽപ്പോട്ടുമലച്ചു പോയ കണ്ണുകളെ ശരിക്കു നിർത്താൻ നോക്കി അതേ ചോരയിൽ വഴുക്കി കുനിഞ്ഞു വീണപ്പോൾ അവൾ വിഗ്രഹത്തിന്റെ കണങ്കാലുകളിൽ ബലപ്പെട്ടു പിടിച്ചു. പിന്ന പാദങ്ങളെ ചുംബിച്ച് വീണപ്പോൾ മുടിയിഴകൾ ചോരയിലേക്ക് പടർന്നതറിയാതെ അവൾ തേവരെക്കണ്ടു.

×