ഒരു യാചകന്റെ സമ്പാദ്യം ലക്ഷങ്ങൾ ! വീട്ടിൽ ഫ്രിഡ്ജും ടി.വി.യും ..

പി എൻ മേലില
Wednesday, October 9, 2019

മൂന്നു പാത്രങ്ങളിലായി സൂക്ഷിച്ചിരുന്നത് 1.77 ലക്ഷത്തിന്റെ നാണയങ്ങൾ, 8.7 ലക്ഷത്തിന്റെ മൂന്നു ഫിക്സഡ് ഡിപ്പോസിറ്റുകൾ, ബാങ്ക് അക്കൗണ്ടിൽ 1.96 ലക്ഷം രൂപ ബാലൻസ്, സ്വന്തമായി പാൻ കാർഡ്, ആധാർ കാർഡ്, സീനിയർ സിറ്റിസൺ കാർഡുൾപ്പെടെ വീട്ടിൽ ഫ്രിഡ്ജും , എല്‍ ഇ ഡി ടി.വി യും.

കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ, ഭിവണ്ടിയിൽ റെയിൽവേ ലൈൻ മുറിച്ചുകടക്കുന്നതിനിടെ ട്രെയി നിനടിയിൽപ്പെട്ടു മരണമടഞ്ഞ രാജസ്ഥാൻ സ്വദേശിയായ യാചകൻ ബി.പി.ആസാദിന്റെ റെയിൽവേ ട്രാക്കിനടുത്തുള്ള കുടിലിൽ നടത്തിയ തിരച്ചിലിലാണ് പൊലീസിന് ഇതെല്ലാം ലഭിച്ചത്.

82 കാരനായിരുന്ന ആസാദിന് ബന്ധുക്കളാരുമില്ല. രാജസ്ഥാനിൽ ഒരു മകനുണ്ടെന്നു പറയുന്നു, പക്ഷേ ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആസാദ് മുംബൈ ഹാർബർ ലൈനിലെ ലോക്കൽ ട്രെയിനുകളിലാണ് ഭിക്ഷാടനം നടത്തിയിരുന്നത്.

മൂന്നു പ്ലാസ്റ്റിക് ഡ്രമ്മുകളിലായാണ് നാണയങ്ങൾ സൂക്ഷിച്ചിരുന്നത്. പോലീസ് 24 മണിക്കൂറെടുത്താണ് ഇവ എണ്ണിത്തീർത്തത്.കൂടുതലും 5,10 രൂപ നാണയങ്ങൾ. ഫിക്സഡ് ഡെപ്പോസിറ്റുകൾ ഒന്ന് അടുത്തവർഷവും മറ്റു രണ്ടെണ്ണവും അതിനടുത്തുള്ള വർഷങ്ങളിലും മെച്വർഡ് ആകുന്നവയാണ്.

ഫ്രിഡ്ജും ,ടി.വി.യും കൂടാതെ ഒരു ടേബിൾ ഫാനും കുടിലിൽ ഉണ്ടായിരുന്നു. ആഹാരം സ്വയം പാകം ചെയ്താണ് കഴിച്ചിരുന്നതെന്നും പലപ്പോഴും അടുത്തുള്ള കുട്ടികൾക്കും നല്കുമായിരുന്നെന്നും തങ്ങളുടെ ചേരിയിൽ നല്ല നിലയിൽ ജീവിച്ചിരുന്ന വ്യക്തിയാണദ്ദേഹമെന്നും അയൽക്കാരായ ചേരിനിവാസികൾ പറഞ്ഞു.

പോസ്റ്റ് മാർട്ടത്തിനുശേഷം മൃതദേഹം വാഷി ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

×