കഴിഞ്ഞ 18 വർഷമായി തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിക്കുമെന്ന് കരുതിയവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അമേരിക്കയും താലിബാനും ചർച്ചകൾ അവസാനിച്ചുപിരിഞ്ഞതോടെ അഫ്‌ഗാന്റെ മണ്ണിൽ മനുഷ്യക്കുരുതികൾ നിത്യസംഭവമായി മാറിയിരിക്കുന്നു...
ഇക്കഴിഞ്ഞ 2019 ആഗസ്റ്റ് മാസത്തിൽ മാത്രം 2307 പേരാണ് വിവിധ ആക്രമണങ്ങളിൽ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്. സാധാരണക്കാരായ 473 ആളുകളും സഖ്യസേനയിലെ 3 പേരും അഫ്‌ഗാൻ സൈന്യത്തിലെ 675 പേരും താലിബാൻ പോരാളികളായ 974 പേരും അൽ ഖായിദ, ഇസ്‌ലാമിക് സ്റ്റേറ്റ് എന്നിവയിലെ 33 പേരും തിരിച്ചറിയപ്പെടാത്ത 126 പേരുമാണ് ഈ ഒരൊറ്റ മാസത്തിൽ കൊല്ലപ്പെട്ടത്.
/sathyam/media/post_attachments/cBqaKafxA4XpyVS6SHD9.jpg)
ഇസ്‌ലാമിക് സ്റ്റേറ്റ് ,അൽ ഖായിദ ,താലിബാൻ പോരാളികൾ വെവ്വേറെയാണ് ആക്രമണങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം കാബൂളിൽ ഒരു വിവാഹാഘോഷത്തിനിടെ നടന്ന ബോംബ് സ്‌ഫോടനത്തിൽ 92 പേർ കൊല്ലപ്പെടുകയും 143 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അഫ്‌ഗാൻ പ്രസിഡണ്ട് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.ആക്രമണം ഐ എസ് ഐ എസ് ആണ് നടത്തിയതെന്നു പറയപ്പെടുന്നു.
2014 വരെ 45000 അഫ്‌ഗാൻ സുരക്ഷാസൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.താലിബാൻ ഭീകരർ ഉൾപ്പെടെ ഒരു ലക്ഷത്തോളം ജനങ്ങളും അവിടെ ഈ കാലയള വിനുള്ളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 3500 നടുത്ത് അമേരിക്കൻ സഖ്യ സൈനികരും കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും കണക്കുകൾ വേറെയുമാണ്.
അഫ്‌ഗാനിസ്ഥാനിൽ ഏകദേശം 60000 ആയുധധാരികളായ താലിബാൻ പോരാളികൾ ആക്രമണസജ്ജരായി രംഗത്തുണ്ടെന്നാണ് കരുതുന്നത്.
അഫ്‌ഗാനിസ്ഥാന്റെ മണ്ണിൽ നടക്കുന്ന നിഷ്ടൂരമായ മനുഷ്യക്കുരുതികളും നിലയ്ക്കാത്ത ചോരപ്പാടുകളും അവസാനിക്കാത്ത വിലാപങ്ങളും ലോകമനസ്സാക്ഷിയെത്തന്നെ അനുദിനം അമ്പരപ്പിക്കുന്നവയാണ്.