കൈകാലുകളില്ലാതെ ജനിച്ച ആമിയുടെ വിജയഗാഥ ! ജനിച്ചപ്പോള്‍ തന്നെ മാതാപിതാക്കള്‍ കൊല്ലാൻ ഉത്തരവിട്ട പെണ്‍കുട്ടി ഇന്ന് വളരുന്ന തലമുറയുടെ പ്രേരണ

പി എൻ മേലില
Saturday, July 20, 2019

ന്ന് അവളുടെ സമ്പാദ്യം ലക്ഷങ്ങളിലാണ്. അമേരിക്കയിലെ പ്രശസ്തയായ ഒരു മോട്ടിവേഷൻ പ്രാസംഗികയാണ് ആമി. ( (Amy) എമി എന്നും വിളിക്കാം. ഞാനവരെ ആമി എന്ന് വിളിക്കാനാണിഷ്ടപ്പെടുന്നത്).

കൈകാലുകളില്ലെങ്കിലെന്ത് ? കൈകാലുകളുള്ളവരേക്കാൾ ചുറുചുറുക്കും ആത്മവിശ്വസവും ഇന്ന് 37 വയസ്സുള്ള ആമിക്ക് കൈവന്നിരിക്കുന്നു. അവർ ഇന്നൊരു നല്ല ബിസ്സിനസ്സുകാരിയാണ്. സ്വന്തമായി ഉയർന്ന ക്വാളിറ്റിയുള്ള ഹാൻഡ്‍ ബാഗുകൾ നിർമ്മിച്ച് ഓൺലൈൻ ബിസിനസ്സ് നടത്തുന്നു. ഇതിനായി 25 ജോലിക്കാരും ഒപ്പമുണ്ട്.ഡിസൈൻ ആമിയുടെ സ്വന്തമാണ്. നിർമ്മാണമേൽനോട്ടവും അവർ നേരിട്ടാണ്.

ആമിയ്ക്കു സ്വന്തമായി “How is she do it ” എന്ന ഒരു യൂട്യൂബ് ചാനലുണ്ട്. ആമി ഒരു മികച്ച ഫോട്ടോഗ്രഫറാണ്. കൂടാതെ നല്ലൊരു കുക്കും, തയ്യൽക്കാരിയും കൂടിയാണ്. ധാരാളം വിഡിയോ നിർമ്മിച്ച് തന്റെ യൂ ട്യൂബ് ചാനലിൽ അവർ അപ്‌ലോഡ് ചെയ്യാറുമുണ്ട്. ജന്മവൈകല്യത്തോടു പൊരുതിനേടിയ ജീവിതകഥകൾ സ്വന്തം ജീവചരിത്രമായി (ഒന്നാം ഭാഗം) 2014 ൽ എഴുതിയത് ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

വൈകല്യത്തിന്റെ പേരിൽ നൊന്തുപെറ്റ കുഞ്ഞിനെ കൊല്ലാനും ഉപേക്ഷിക്കാനും മനസ്സുവരുമോ ? ആ കുഞ്ഞെന്തു പിഴച്ചു? ജീവിക്കാനുള്ള അവകാശം നമ്മെപ്പോലെ അതിനുമുണ്ട്. കൈത്താങ്ങും പ്രേരണയുമാണ് നമ്മളവർക്കു നൽകേണ്ടത്. ഈ പ്രപഞ്ചവും ഭൂമിയും അവർക്കുകൂടി അവകാശപ്പെട്ടതാണ്.പക്ഷേ ആമിയുടെ മാതാപിതാക്കൾ ആ സത്യം മറന്നു. ജനിച്ചപ്പോൾത്തന്നെ അവളെ കൊല്ലാൻ ഉത്തരവിട്ടു.

ആരിലും അമ്പരപ്പുളവാക്കുന്നതാണ് ആമി ബ്രൂക്‌സിന്റെ ( Amy Brooks ) ജീവിതകഥ. പിറന്നുവീണപ്പോൾ അവൾക്കു കൈകാലുകളില്ലായിരുന്നു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ച മാതാപിതാക്കൾ അവളെ ആശുപത്രിയിലെ ഒഴിഞ്ഞമുറിയിൽ ഫീഡിംഗ് നൽകാതെ മരിക്കുംവരെ അടച്ചിടാൻ നേഴ്സിനോട് നിർദ്ദേശിക്കുകയായിരുന്നു. മാതാപിതാക്കളുടെ ക്രൂരമായ തീരുമാനവും കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചുള്ള അവരുടെ തിരോധാനവും ആശുപത്രി അധികൃതരെപ്പോലും ഞെട്ടിച്ചുകളഞ്ഞു.

എന്നാൽ ജനിച്ചു മണിക്കൂറുകൾ മാത്രം കഴിഞ്ഞ ആ പിഞ്ചു കുഞ്ഞിനോട് ദയതോന്നിയ നേഴ്‌സുമാരും ആശുപത്രി അധികൃതരും അവളെ സ്വീകരിക്കാൻ സന്മനസ്സോടെ മുന്നോട്ടുവന്ന അമേരിക്കയിലെത്തന്നെ പീറ്റസ്ബർഗിലെ റിച്ചാർഡ് ബ്രൂക്സ് – ജാനറ്റ് ദമ്പതികൾക്ക് അവളെ ദത്തുനൽകുകയായിരുന്നു. കൈകാലുകളില്ലാത്ത ആ കുഞ്ഞിനവർ സ്വന്തം കുടുംബപ്പേരും ചേർത്തു പേരിട്ടു Amy Brooks. ബ്രൂക്‌സ് എന്നത് അവരുടെ കുടുംബപ്പേരാണ്.

റിച്ചാർഡും ജാനറ്റും ആമിയെ സ്വന്തം മകളെപ്പോലെ വളർത്തി. അവൾക്കു സഹായത്തിനായി ഒരു പരിചാരികയെ നിയമിച്ചു. ചെറുപ്പം മുതലേ വൈകല്യത്തിൽനിന്നു കരകയറാനും പ്രതിരോധസാഹ ചര്യങ്ങളോട് പൊരുതി വിജയിക്കാനും ബ്രൂക്‌സ് കുടുംബം അവളെ പ്രാപ്തയാക്കുകയായിരുന്നു. സ്വന്തം മകളെപ്പോലെയാണ് അവളെ വളർത്തിയതെങ്കിലും സ്വന്തം മാതാപിതാക്കളുടെ തിരസ്‌ക്കാരവും തങ്ങൾ ദത്തെടുത്ത വിവരവും അവളെ ധരിപ്പിച്ചിരുന്നു. ജീവിതത്തിലെ ഏതു വെല്ലുവിളിയും സധൈര്യം നേരിടാൻ അതുകൊണ്ടുകൂടി അവൾ പ്രാപ്തയായി എന്നുപറയുന്നതാണ് ശരി .

ഒരിക്കൽപ്പോലും തന്നെ ഉപേക്ഷിച്ചുപോയ മാതാപിതാക്കളെ കാണാനവൾ ശ്രമിച്ചിട്ടില്ല. തൻ്റെ കുടുംബവും മാതാപിതാക്കളും റിച്ചാർഡ് ബ്രൂക്‌സും -ജാനറ്റും മാത്രമാണെന്ന് ആമി പരസ്യമായി പറയാറുണ്ട്.

” ഞാൻ നെഗറ്റിവിറ്റി ഇഷ്ടപ്പെടുന്നില്ല. ജീവിതത്തെ പോസിറ്റീവ് ആയി നോക്കിക്കാണാനാണ് എന്റെ മാതാ പിതാക്കൾ എന്നെ പഠിപ്പിച്ചത്. അതിലൂടെ വിജയിച്ച എനിക്കുമുന്നിൽ ഇന്ന് പ്രതിബന്ധങ്ങളൊന്നുമില്ല. വർഷങ്ങൾ കഴിയുന്തോറും എല്ലാ കാര്യങ്ങളിലും ഞാൻ കൂടുതൽ കൂടുതൽ സ്വയം പര്യാപ്തയാകുകയാ യിരുന്നു….” ആമിയുടെ ആത്മവിശ്വാസം തുളുമ്പുന്ന ഈ വാക്കുകൾക്കു മുന്നിൽ ആരും ആദരവോടെ ശിരസ്സുകുനിച്ചുപോകും.

ആമി ഇന്ന് അമേരിക്കയിലെ വളരുന്ന തലമുറയുടെ പ്രേരണയാണ്. തന്റെ ജീവിതവിജയങ്ങൾ അവർ കുട്ടികളിലേക്കെത്തിക്കുന്നു. സ്‌കൂളുകളിലെ,ആരാധനാലയങ്ങളിലെ ,ബിസിനസ്സ് മീറ്റിങ്ങുകളിലെ ആഘോഷങ്ങളിലെ ഒക്കെ വേദികളിൽ ഇന്നവർ തൻ്റെ മോട്ടിവേഷൻ സ്പീച്ചിലൂടെ വളരെ ശ്രദ്ധേയയും പ്രശസ്തയുമാണ്…

×