Advertisment

അനാഥാലയത്തിന്റെ അകത്തളത്തിൽ നിന്ന് അധികാരത്തിൻറെ അത്യന്നതിയിൽ - കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ ഐ എ എസ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ദാരിദ്യ്രത്തിന്റെ പടുകുഴിതാണ്ടി 6 മക്കളെപ്പോറ്റിവളർത്താൻ ഒരമ്മ താണ്ടിയ കനൽ വഴികൾ ആരുടേയും കണ്ണുനനയിക്കുന്നതാണ്. ആ 6 മക്കളിൽ ഏറ്റവും ഇളയയാളാണ് ഇന്നത്തെ കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ ഐ എ എസ്.

Advertisment

ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിതം. പട്ടിണിയോടും ഇല്ലായ്‌മയോടും അനാഥത്വത്തോടും പടവെട്ടി പലകൈവഴികളിലൂടെ കടന്നുവന്ന ജീവിതം ഒടുവിൽ കഴിഞ്ഞമാസം കൊല്ലം കളക്ടറുടെ കസേരയിൽ എത്തപ്പെട്ടപ്പോൾ അത് ആ അമ്മയുടെയും സ്വപ്നസാഫല്യമായിരുന്നു.

publive-image

പ്രീഡിഗ്രിവരെ താമസവും പഠനവും അനാഥാലയത്തിൽ. കോളേജിലെത്തിയപ്പോഴാകട്ടെ നല്ല വസ്ത്രമോ ആഹാരമോ ഇല്ല. കോളേജ് പഠനകാലത്ത് ചെലവിനായി പല ജോലികൾ ചെയ്തു. ലക്‌ഷ്യം കൈവരിക്കാനും കുടുംബത്തിന് താങ്ങാകാനും നേരിട്ട അവഗണനയും ബുദ്ധുമുട്ടുകളും ഒക്കെ സഹിക്കേണ്ടിവന്നു.

തലശ്ശേരി പറമ്പത്ത് അബ്ദുൽഖാദർ - മാഞ്ഞുമ്മ ഹജ്ജുമ്മ ദമ്പതികളുടെ ആറുമക്കളിൽ ഏറ്റവും ഇളയയാളായിരുന്നു അബ്ദുൽ നാസർ. അതുകൊണ്ടുതന്നെ എല്ലാവരുടെയും അരുമയായി വളർന്നു. മൂത്തത് ജ്യേഷ്ഠനും മറ്റെല്ലാം പെൺകുട്ടികളും. അബ്ദുൽ നാസറിന് അഞ്ചുവയസ്സുള്ളപ്പോൾ ബാപ്പ മരിച്ചു. അതോടെ ഏഴംഗ കുടുംബം മുഴുപ്പട്ടിണിയിലായി.

മാഞ്ഞുമ്മ , മക്കളെപ്പോറ്റാൻ അടുത്തുള്ള വീടുകളിൽപ്പോയി വീട്ടുജോലിചെയ്യാൻ തുടങ്ങി ഒപ്പം തലശ്ശേരിയിലെ ബീഡിക്കമ്പനിയിൽ പെണ്മക്കളുമൊത്ത് ബീഡി കെട്ടുകളാക്കുന്ന ജോലിയും ചെയ്തുപൊന്നു. കുഞ്ഞു നാസറും അവർക്കൊപ്പം ചേർന്നു. അപ്പോഴും എല്ലാവര്ക്കും മൂന്നുനേരത്തെ ആഹാരമെന്നത് ഒരു സ്വപ്നമായിരുന്നു. മൂത്ത ജ്യേഷ്ഠൻ മുഹമ്മദ് കാസിമും ജോലിക്കു പോയിത്തുടങ്ങി.

എല്ലാവർക്കും ഒരേയൊരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. കുഞ്ഞു നാസറിനെ പഠിപ്പിക്കണം. പഠിപ്പിച്ചു വലിയ ആളാക്കണം. ഇല്ലായ്മയറിയാതെ വളർത്തണം . പക്ഷേ വീട്ടിലെ പട്ടിണിയും ധനസ്ഥിതിയും അതിനുതടസ്സമായപ്പോൾ ഉമ്മയും സഹോദരങ്ങളും ചേർന്ന് കണ്ടെത്തിയ വഴിയായിരുന്നു അബ്ദുൽനാസറിനെ യത്തീംഖാനയിലാക്കുക എന്നത്. അവിടെയാകുമ്പോൾ മൂന്നുനേരത്തെ ആഹാരവും പഠനവും സൗജന്യമായി നടക്കും.

ഉമ്മയുടെയും സഹോദരങ്ങളുടെയും അരുമയായിരുന്ന കുഞ്ഞു നാസറിനെ അനാഥാലയത്തിലാക്കുകയെന്നത് അവരുടെ ചങ്കുപറിച്ചെടുക്കുന്നതിനു തുല്യമായിരുന്നു. നാസറിനാകട്ടെ ഉമ്മയെക്കാണാതെ ഒരു നിമിഷം പോലും കഴിയാനാകുമായിരുന്നില്ല. വിശപ്പിനോളം വലുതായി ഈ ലോകത്തുമറ്റൊന്നുമില്ലെന്ന സത്യത്തിനുമുന്നിൽ മനസ്സിലെ ദൃഢപ്പെടുത്തി ഉമ്മയും സഹോദരങ്ങളും നാസറിനെ അനാഥാലയത്തിലാക്കി..

publive-image

തലശ്ശേരിയിലെ ദാരുൽസലാം യത്തീംഖാനയിലെ 400 കുട്ടികളിൽ ഒരുവനായി അബ്ദുൾനാസർ മാറി. അസൗകര്യങ്ങളും സ്ഥലക്കുറവുമായിരുന്നു അവിടുത്തെ ഏറ്റവും വലിയ പ്രശ്‍നം. തലയിണയോ പുതപ്പോ ഇല്ലാതെ ഒരാൾക്ക് കഷ്ടിച്ചുകിടക്കാവുന്ന ഒരു പായമാത്രമാണ് ലഭിച്ചിരുന്നത്. ഞെങ്ങിഞെരുങ്ങിയായിരുന്നു ഉറക്കം. ഒരു പുസ്തകം കൊണ്ട് നാലുപേരാണ് പഠിക്കേണ്ടിയിരുന്നത്. പഠിക്കാത്തതിനും വഴക്കിടുന്നതിനും നിയമലംഘനത്തിനും ഉസ്താദുമാരുടെ ചൂരൽക്കഷായം ഉറപ്പായിരുന്നു. അവിടെ ഒരേയൊരാശ്വാസം ആഴ്ചയിലൊരിക്കൽ കിട്ടിയിരുന്ന ബിരിയാണിയായിരുന്നു.

എങ്കിലും ഉമ്മയെയും സഹോദരങ്ങളെയും വീടും കൂട്ടുകാരെയും ഓർക്കുമ്പോൾ കുഞ്ഞായ നാസറിന് പതിവായി സങ്കടം വരുമായിരുന്നു. യത്തീംഖാനയിലെ കർശനനിയമങ്ങൾ അവനുൾക്കൊള്ളാനായില്ല. അബ്ദുൽ നാസറിന്റെ കുരുന്നു മനസ്സിനിണങ്ങുന്ന അന്തരീക്ഷമായിരുന്നില്ല യത്തീംഖാനയിലേത്. അവിടുത്തെ പട്ടാളച്ചിട്ടകൾ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

അങ്ങനെയാണ് ഒളിച്ചോടാൻ തീരുമാനിക്കുന്നത്. ഒന്നല്ല പലതവണ ആ യത്തീംഖാനയിൽനിന്ന് അബ്ദുൽ നാസർ ഒളിച്ചോടി. കണ്ണൂർ, കോഴിക്കോട് ,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായിരുന്നു യാത്രകൾ. അവിടൊക്കെ പല ഹോട്ടലുകളിലും കടകളിലും ജോലിചെയ്തു. അല്പദിവസം കഴിയുമ്പോൾ ഉമ്മയെ ഓർമ്മവരും അതോടെ മടങ്ങിവരും.

വീട്ടിലെത്തുമ്പോൾ ഉമ്മയുടെ കരച്ചിലും ജ്യേഷ്ഠന്റെ ശകാരവും സഹോദരിമാരുടെ ഉപദേശങ്ങളും നാസറിന്റെ മനസ്സുമാറ്റും. പഠിക്കേണ്ട എന്ന തീരുമാനം മാറ്റി വീണ്ടും യത്തീംഖാനയിലേക്കു തന്നെ മടക്കം. ഉസ്താദുമാരുടെ ചൂരൽപ്രഹരം ഓരോതവണയും ആവർത്തിക്കപ്പെട്ടു.

കൂട്ടുകാർ ഉള്ളിവടയും ഐസ് മിട്ടായിയും കല്ലുമ്മേൽക്കായ പൊരിച്ചതുമൊക്കെ സമീപത്തെ കടകളിൽ നിന്നു വാങ്ങിക്കഴിക്കുമ്പോൾ സ്വാഭാവികമായും നാസറിനും മോഹമുണ്ടായിരുന്നു. മനംകൊതിപ്പിക്കുന്ന ഉള്ളിവടയുടെ മണം അത്രക്കിഷ്ടമായിരുന്നു. പക്ഷേ വാങ്ങാൻ പണമില്ല. അതിനും നാസർ വഴി കണ്ടുപിടിച്ചു.

വീട്ടിൽ ചെല്ലുമ്പോൾ പട്ടിണിയിലും മിച്ചം പിടിച് ഉമ്മ നിക്ഷേപിച്ചിരുന്ന "ഉള്ളാൾ തങ്ങളുടെ നേർച്ച " ക്കുള്ള പെട്ടിയിലെ പണം ആരുമറിയാതെ പലപ്പോഴായി മോഷ്ടിച്ചു. ഒടുവിൽ നേർച്ചപ്പെട്ടിയിലെ മുഴുവൻ പണവും മോഷണം പോയത് വീട്ടിൽ കോളിളക്കമുണ്ടായി." പടച്ചോന്റെ പൈസയാണ് പോയത്. മോഷ്ടിച്ചവൻ അനുഭവിക്കും" ഇത് പറയുമ്പോഴും പക്ഷേ ഉമ്മ ഒരിക്കലും കുഞ്ഞുനാസറിനെ സംശയിച്ചതേയില്ല എന്നതാണ് സത്യം..

ഒളിച്ചോട്ടക്കാലത്ത് തിരുവനന്തപുരം ശ്രീപദ്‌മനാഭ ക്ഷേത്രത്തിനടുത്തുള്ള ഹോട്ടലിൽ ജോലിചെയ്യവേ ഒരു പ്ളേറ്റ് കയ്യിൽനിന്നു താഴെവീണുടഞ്ഞത് വലിയ വിഷയമായി. ശകാരവർഷവുമായി ഹോട്ടലുടമ നാസറിനെ കഴുത്തിനു പിടിച്ചുതള്ളി പുറത്താക്കി.

കയ്യിൽ പണമില്ലാതെ ആരും സഹായത്തിനില്ലാതെ കരഞ്ഞു കൊണ്ടാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. തിരികെ വീട്ടിലെത്തിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഉമ്മ പറഞ്ഞു.. "മോൻ എങ്ങനെയെങ്കിലും പത്താംക്ലാസ് പാസ്സാകണം. അതുകഴിഞ്ഞു ബന്ധുവിന്റെ കൽക്കത്തിയിലുള്ള കമ്പനിയിൽ ഒരു ജോലിതരമാക്കിത്തരാം."

ഇത്തവണ ഉമ്മയുടെ വാക്കുകൾ നാസർ അനുസരിച്ചു. പിന്നെ ഒളിച്ചോടിയില്ല. പഠിച്ചു പത്താംക്ലാസ് പാസ്സായി. പത്താം ക്ലാസ്സ് പാസ്സായശേഷം തൃശൂരിലെ വാടാനപ്പള്ളി ഇസ്‌ലാമിക് കോളേജ് ഫോർ ഓർഫനേജിൽ നിന്നാണ് പ്രീ ഡിഗ്രി പാസ്സാകുന്നത്. അതായത് പ്രീ ഡിഗ്രിവരെ യത്തീംഖാനയിൽ നിന്നാണ് അബ്ദുൽ നാസർ പഠിച്ചത്.

പിന്നീട് ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദവും ,കോഴിക്കോട് ഫാറൂഖ് കോളേജിൽനിന്ന് എം.എ യും ബി.എഡ്ഡും നേടി മെഡിക്കൽ ആൻഡ് സൈക്യാട്രിയിൽ എം.എസ് .ഡബ്ള്യു ബിരുദവും കരസ്ഥമാക്കി.

publive-image

ഈ പഠനകാലത്തെല്ലാം ചെലവിനായി പലതരം ജോലികൾ ചെയ്തു. പത്രവിതരണം, STD ബൂത്ത് ജോലിക്കാരൻ ,സിഗരറ്റ് ,മുറുക്കാൻ കടകളിൽ വില്പനക്കാരനും സഹായിയും ഒക്കെയായി. കോളേജ് പഠനകാലത്ത് നാസറിന് നല്ലൊരു ഷർട്ടുപോലുമില്ലായിരുന്നു എന്നതാണ് വാസ്തവം. ഉമ്മ ജോലിക്കുപോകുന്ന വീടുകളിൽനിന്ന് ചോദിച്ച വാങ്ങുന്ന പഴയഷർട്ടുകൾക്ക് അളവുവെത്യാസം ഏറെയായിരുന്നു.

പഠനകാലത്ത് അദ്ദേഹം താണ്ടിയ കനൽ വഴികൾ വിവരിക്കുക അസാദ്ധ്യം. മകന്റെ നല്ല നാളെകൾ സ്വപ്നം കണ്ട ആ ഉമ്മയുടെ മനോഗതം അബ്ദുൽ നാസർ പൂർണ്ണമായും ഉൾക്കൊണ്ടു. കോളേജിലെ കളർഫുൾ വേഷക്കാർക്കിടയിലെ ഏറ്റവും മോശം വസ്ത്രം നാസറിന്റേതായിരുന്നു.

പഠനകാലത്തൊക്കെ ഉണ്ടായ വൈഷമ്യതകൾ , ഉമ്മയുടെ കഷ്ടപ്പാടുകൾ ഒക്കെയോർത്തു പലപ്പോഴും പഠനമുപേക്ഷി ച്ചു പോന്നിരുന്നു. എങ്കിലും എല്ലാവരുടെയും സാന്ത്വനത്താൽ വീണ്ടും പഠനത്തിലേക്കു മടങ്ങും.ഇതായിരുന്നു രീതി.

1995 ൽ ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്റ്ററായി ജോലി ലഭിച്ചശേഷമാണ് വിവാഹം നടക്കുന്നത്. സ്‌കൂൾ അദ്ധ്യാപികയായ റുക്‌സാനയാണ് ഭാര്യ. ആരോഗ്യവകുപ്പ് ജോലി ലഭിക്കും വരെ അബ്ദുൽ നാസറി ന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് ഉമ്മ മാഞ്ഞുമ്മയും സഹോദരനുമായിരു ന്നെങ്കിൽ സിവിൽ സർവീസ് പരീക്ഷ എഴുതാനും IAS കരസ്ഥമാക്കാനുമുള്ള പ്രേരണാ കേന്ദ്രം ഭാര്യ റുക്‌സാനയാണ്..

ഒരിക്കൽ യത്തീംഖാനയിൽ സന്ദർശനത്തിന്‌വന്ന കളക്ടർ അമിതാഭ് കാന്ത് IAS അവിടെനിന്നു പോയിക്കഴിഞ്ഞപ്പോൾ മുതൽ അബ്ദുൽ നാസറിന്റെ മനസ്സിൽ അറിയതെ കടന്നുകൂടിയ മോഹമായിരുന്നു കലക്ടറാകുക എന്നത്. തന്റെ ജീവിതസാഹചര്യങ്ങളും ആ മോഹവുമായി ഒരിക്കലും പൊരുത്തപ്പെടില്ല എന്ന തീരുമാനത്തിൽ കളക്ടറാകുക എന്ന സ്വപ്‍നം അന്നുതന്നെ മനസ്സിനുള്ളിൽ കുഴിച്ചുമൂടപ്പെട്ടിരുന്നു.

അദ്ദേഹത്തിൻറെ മനസ്സുവായിച്ച ഭാര്യ, അന്നുപേക്ഷിച്ച സ്വപ്നത്തിനു പുതിയ മാനങ്ങൾ നൽകി. " വീട് ഞാൻ നോക്കിക്കൊള്ളാം, അന്നുകണ്ട സ്വപ്നത്തിന്റെ ചിറകേറി ലക്ഷ്യത്തിലേക്ക് എത്തിപ്പെടുക ". ഭാര്യയുടെ ഈ പ്രേരണയാണ് ഒരു ഫീനിക്‌സായി ഉയർന്നുപറക്കാൻ അദ്ദേഹത്തിനാത്മവിശ്വാസം നൽകിയത്.

2006 ൽ സംസ്ഥാന സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ അബ്ദുൽ നാസർ ഡെപ്യുട്ടി കളക്ടറായി നിയമിക്കപ്പെട്ടു. 2013 ലും 2017 ലും ഹജ്ജ് കമ്മിറ്റി കോ ഓർഡിനേറ്ററായിരുന്നു. 2015 ൽ മികച്ച ഡെപ്യുട്ടി കലക്ടറായി ബഹുമതി ലഭിച്ച അദ്ദേഹത്തിന് 2017 ൽ IAS ലഭിച്ചു.

വീട്ടുജോലിചെയ്തു മക്കളെ വളർത്തി വലുതാക്കിയ ആ ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകൻ ഉയരങ്ങൾ കീഴടക്കണമെന്ന്.അത് സഫലമായെങ്കിലും ഉമ്മ മാഞ്ഞുമ്മ 2014 ൽ ഈ ലോകം വിട്ടുപോയി.

കഴിഞ്ഞമാസം കൊല്ലം ജില്ലയുടെ സാരഥിയായി ചുമതലയേൽക്കുമ്പോൾ മനസ്സിൽ ഒരു ദുഃഖം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു. അതായത് പട്ടിണിയോടും ഇല്ലായ്‌മയോടും പടവെട്ടി അനാഥാലയത്തിൽ പഠിച്ചുവളർന്ന ,അമ്മയുടെ ആരുമയായിരുന്ന മോൻ ഈ ഉന്നതപദവിയിലെത്തിയപ്പോൾ അതിനായി ഊണും ഉറക്കവും ആരോഗ്യവും ഉപേക്ഷിച്ചു രാപ്പകൽ അദ്ധ്വാനിച്ച അമ്മയില്ലാതെ പോയല്ലോ എന്ന്.

മൂന്നു മക്കളാണ് അബ്ദുൽ നാസർ - റുക്‌സാന ദമ്പതികൾക്ക്. മകള്‍ നെയിമ എന്‍ജിനിയറിങ് ബിരുദധാരിയും വിവാഹിതയുമാണ്. മൂത്തമകന്‍ നൂമാനുൾ ഹക്ക് ബിബിഎയ്ക്കും, ഇളയ മകൻ ഇനാമുൾ ഹക്ക് എട്ടാം ക്ലാസിലും പഠിക്കുന്നു.

മനസ്സിൽ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും നല്ല ലക്ഷ്യബോധവുമുണ്ടെങ്കിൽ ഒരു വ്യക്തിയുടെ ജീവിതവിജയത്തിന് ദാരിദ്ര്യവും ഇല്ലായ്മയും ഒന്നും തടസ്സമല്ല എന്നതാണ് 47 കാരനായ കൊല്ലം ജില്ലാ കളക്ടർ അബ്ദുൽ നാസർ IAS ന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.

Advertisment