ബങ്കറിനുള്ളിൽ ഒരു സ്‌കൂൾ, ഭയവിഹ്വലരായി കുട്ടികൾ !

പ്രകാശ് നായര്‍ മേലില
Friday, September 6, 2019

മ്മു – പാക്ക് അതിർത്തിയിലെ ‘സീറോ ലൈനിൽ’ നൂറോളം കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളുണ്ട്. 1996 ൽ ആരംഭിച്ച ഈ സ്‌കൂൾ അതിർത്തി ഗ്രാമങ്ങളിലെ മൺവീടുകളിൽ കഴിയുന്ന സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് വേണ്ടിയാണ് അത് തുടങ്ങിയത്. ഇവരിൽ നല്ലൊരു വിഭാഗം ഗുജ്ജറുകളാണ്.

ആടുവളർത്തലും കന്നുകാലി പരിപാലനവുമാണ് ഇവരുടെ പ്രധാനതൊഴിൽ. ഇവിടുത്തെ കുട്ടികൾ സ്‌കൂളുകളിൽ പോകുന്ന പതിവില്ലായിരുന്നു
കന്നുകാലികളെ തീറ്റാനും പാലുകാച്ചവടത്തിനുമാണ് മാതാപിതാക്കൾ കുട്ടികളെ ഉപയോഗിച്ചുവന്നത്. ഇവിടെ സർക്കാർ സ്‌കൂൾ ആരംഭിച്ചെങ്കിലും പഠിപ്പിക്കാൻ അദ്ധ്യാപകരും പഠിക്കാൻ വിദ്യാർത്ഥികളും ഇവിടേയ്ക്ക് വരാത്ത അവസ്ഥയായിരുന്നു ആദ്യകാലങ്ങളിലൊക്കെ.

എന്നാൽ നല്ലമനസ്സോടെ ധൈര്യമായി ഇവിടേയ്ക്ക് വരാൻ ഒടുവിൽ ചില അദ്ധ്യാപകർ തയ്യാറായെങ്കിലും കുട്ടികളെ അയക്കാൻ മാതാപിതാക്കൾ തയ്യറായിരുന്നില്ല. വീടുവീടാന്തരം കയറിയിറങ്ങി മാതാപിതാക്കളെ അവർ ബോധവൽക്കരണം നടത്തിയാണ് ഉച്ചസമയം വരെയെങ്കിലും വിദ്യാർത്ഥികളെ സ്‌കൂളിലേക്കയക്കാൻ രക്ഷിതാക്കൾ തയ്യറായത്.

അതിർത്തി ലംഘനവും സംഘർഷവും ഉടലെടുത്താൽ ഇവിടെ അദ്ധ്യാപകർക്ക് ടെൻഷനാണ്. വെടിയുണ്ടകളും ,ഷെല്ലുകളും സ്‌കൂൾ ഭിത്തികൾ തുളച്ചെത്തുക പതിവായി. സ്‌കൂളിൽ രാവിലെ ദേശീയഗാനം ആലപിക്കുമ്പോൾ തൊട്ടപ്പുറത്തെ അതിർത്തിയിലുള്ള പാക്ക് സൈനികർക്കും അത് കേൾക്കാമായിരുന്നു. കുട്ടികളും പാക്ക് സൈനികരും മുഖാമുഖം കാണുക പതിവായി. സ്‌കൂളിനെ ആക്രമിക്കില്ലെന്ന് അദ്ധ്യാപകർക്ക് അവർ നൽകിയ ഉറപ്പുകൾ പലപ്പോഴും അവർതന്നെ ലംഘിച്ചു.

അങ്ങനെയാണ് സ്‌കൂളിൽ അടിയന്തര ആപദ്ഘട്ടങ്ങളിൽ ക്ലാസ്സുകൾ നടത്താനായി ബങ്കർ നിർമ്മിക്കാനുള്ള ആശയം രൂപപ്പെടുന്നത്.അദ്ധ്യാപകരും നാട്ടുകാരും സൈന്യവും ചേർന്നാണ് ബങ്കർ ക്ലാസ്സുകൾ നിർമ്മിച്ചത്.

സ്‌കൂളിനടത്തുള്ള ഗ്രാമവാസികളുടെ വീടുകളും സുരക്ഷിതമല്ല.പലതും പാക്ക് ഷെല്ലാക്രമണത്തിൽ കത്തിനശിക്കുകയും തകരുകയും ചെയ്യുന്നത് പതിവാണ്. അതിനാൽ ഇപ്പോൾ എല്ലാ വീടുകളിലും ഇതുപോലെ ബങ്കറുകൾ നിർമ്മിച്ചുവരുകയാണ്.

നൂറുകണക്കിനുവരുന്ന അതിർത്തി ഗ്രാമങ്ങളിലെ കുട്ടികളിൽ വെറും നൂറോളം കുട്ടികളാണ് ഇപ്പോഴും സ്‌കൂളുകളിലെത്തുന്നത്. അതും പലപ്പോഴും അദ്ധ്യാപകർ വീടുകളിൽച്ചെന്ന് അവരെ നിർബന്ധപൂർവ്വം കൂട്ടിക്കൊണ്ടുവരുകയാണ് പതിവ്.

×