കൊറോണ വൈറസിന്റെ താണ്ഡവം ഉഗ്രരൂപം പൂണ്ടിരിക്കുന്നു !

പ്രകാശ് നായര്‍ മേലില
Tuesday, January 28, 2020

ചൈനയിൽ ഇതുവരെ മരിച്ചവർ 107. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1300 പുതിയ കേസുകൾ. ലോകമൊട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ കണക്ക് 4515. ഇതിൽ 4409 കേസുകളും ചൈനയിൽ മാത്രം.

തായ്‌ലൻഡിൽ 8 പേരും ദക്ഷിണ കൊറിയ ജപ്പാൻ എന്നിവിടങ്ങളിൽ 4 പേർ വീതവും അമേരിക്ക,സിംഗപ്പൂർ ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിൽ 5 പേർ വീതവും കൂടാതെ വിയറ്റ്‌നാം 2 .മലേഷ്യ 3 .ഫ്രാൻസ് 4 മക്കാവു 6 എന്നിങ്ങനെയാണ് കൊറോണ വൈറസ് ബാധിതരുടെ കണക്കുകൾ.

ബുഹാൻ നഗരത്തിൽ 600 ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളുണ്ടെന്നാണ് അനുമാനം. പുതുവർഷാ ഘോഷങ്ങളുമായി ബന്ധപ്പെട്ട് പലരും അവധിക്കു നാട്ടിലെത്തിയിരുന്നു. എങ്കിലും 250 മുതൽ 300 വരെ കുട്ടികൾ ഇപ്പോഴുമവിടെയുണ്ടെന്നു കരുതുന്നു.

ചൈനയിൽ പഠനത്തിനുപോകുന്ന വിദ്യാർത്ഥികൾ ഒട്ടുമുക്കാലും ഇന്ത്യൻ കൗൺസിലേറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാറില്ല. അതാണ് കൃത്യമായ കണക്കുകൾ ലഭിക്കാത്തതിന്റെ മുഖ്യ കാരണം.

അവിടെ അകപ്പെട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾ വലിയ ദുരിതത്തിലാണ്. ആഹാരസാധനങ്ങൾ കിട്ടാനില്ല.ഒരു കുപ്പി കുടിവെള്ളത്തിനനുവരെ 150 യുവാൻ അതായത് 1500 രൂപയാണ്. ആഹാരസാധ നങ്ങൾക്ക് പത്തിരട്ടിയോളം വിലയാണ്.

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ അവരുടെ മൊബൈൽ ഫോണുകൾ വഴി സർക്കാർ ശേഖരിച്ചു വരുകയാണ്. ഇന്ന് ബോയിങ് 747 വിമാനം വഴി ഇന്ത്യക്കാരായ വിദ്യാർത്ഥികളെ മുഴുവൻ ബുഹാനിൽനിന്ന് ഡെൽഹിയിലെത്തിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ന്യൂ ഡൽഹിയിലെ RMS ആശുപത്രിയിൽ കൊറോണോ വൈറസ് ബാധിതരെന്നു സംശയിക്കുന്ന 3 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇന്ത്യയിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലെല്ലാം കൊറോണോ വൈറസ് സ്‌ക്രീനിംഗ് ഡിവൈസ് വഴി യാത്രക്കാർക്ക് കർശന പരിശോധന നടത്തിവരുകയാണ്.

മ്യാൻമാർ തങ്ങളുടെ മണിപ്പൂരുമായുള്ള അതിർത്തിയിൽ കൊറോണോ വൈറസ് സ്‌ക്രീനിങ് ഡിവൈസ് ഘടിപ്പിച്ചിട്ടുണ്ട്. കാരണം മണിപ്പൂരിലെ ‘മോരെഹ്’ അതിർത്തിവഴി മ്യാൻമാറിനുള്ളിൽ 16 കിലോമീറ്റർ വരെ പോയി വ്യാപാരം നടത്താൻ വിസയില്ലാതെ ഇന്ത്യൻ വ്യാപാരികൾക്ക് അനുമതിയുണ്ട്.

രാവിലെ 8 മണിമുതൽ വൈകിട്ട് 4 മണിവരെയാണ് ഇതിനനുമതിയുള്ളത്.4 മണിക്കുമുന്പായി അവർ മ്യാൻമാർ വിട്ടിരിക്കണം.അവരെ ലക്‌ഷ്യം വച്ചാണ് ഡിവൈസ് സ്ഥാപിച്ചിരിക്കുന്നത്.

ചൈനയിൽ കൊറോണ വൈറസ് ഭീതിമൂലം ജനങ്ങൾക്ക് നിരവധി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യിരിക്കുന്നു. സ്‌കൂളുകളും ഫാക്ടറികളും ഓഫീസുകളും മാർക്കറ്റുമെല്ലാം ഫെബ്രുവരി 10 വരെ അടച്ചിടാനാണുത്തരവ്‌ . ആശുപത്രികൾക്കും മരുന്നുകമ്പനികൾക്കും മാത്രമാണ് തുറന്നുപ്രവർത്തിക്കാൻ അനുവാദമുള്ളത് .

ബുഹാനിലും തൊട്ടടുത്ത പട്ടണങ്ങളിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുന്നു. റോഡുകളും , ഫ്ലൈ ഓവറുകളും വിജനം. ഷോപ്പിംഗ് മാളുകളും മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. നിരത്തുകളിൽ വാഹനങ്ങൾ പോയിട്ട് കാല്നടയാത്രക്കാർ പോലും വിരളം.

ചൈനയുടെ തലസ്ഥാനമായ ബീജിംഗിലും ഇന്നലെ ഒരു 50 വയസ്സുകാരൻ കൊറോണ വൈറസ് മൂലം മരിച്ചത് സർക്കാരിനെ കൂടുതൽ ഉത്കണ്ഠയിലാക്കിയിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ചൈനയി ലുണ്ടായിരു ന്ന അവരുടെ പൗരന്മാരെ ഇന്നലെ വിമാനമാർഗ്ഗം സ്വാരാജ്യങ്ങളിലേക്കു കൊണ്ടുപോയി.

ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കാൻ അമേരിക്ക സ്വന്തം പൗരന്മാർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ സന്ദർശനം പൂർണ്ണമായും ഒഴിവാക്കാൻ ചൈനയും തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പ്രതിരോധങ്ങൾ ശക്തമാണെങ്കിലും ചൈനയിൽ കൊറോണ വൈറസ് അതിവേഗം ആളുകളിലേക്ക്‌ പടരുന്നത് ലോകമാകെ ആശങ്കയുണർത്തുന്നു.

×