കോവിഡ് 19 എന്ന രാക്ഷസ വൈറസിനു മുന്നിൽ ലോകമാകെ അമ്പരന്നു നിൽക്കവേ ചിട്ടയായ മുൻകരുതലുകളും കൃത്യതയാർന്ന പ്രതിരോധവും ഒരുക്കി തങ്ങളുടെ രാജ്യത്തെ ജനതയെ പൂർണ്ണമായും സംരക്ഷിക്കുകയും അതുവഴി കൊറോണയെ നിഷ്പ്രഭമാക്കുകയും ചെയ്ത രണ്ടു രാജ്യങ്ങളാണ് വിയറ്റ്നാമും ന്യൂസിലാൻഡും.
/sathyam/media/post_attachments/32cFudUJwUNx60E2Gvjh.jpg)
വിയറ്റ്‌നാം ചൈനയോട് ചേർന്നുകിടക്കുന്ന രാജ്യമാണ്. കൊറോണയെ ഇല്ലാതാക്കാൻ രാഷ്ട്രീയമായ ഇച്ഛാശക്തിക്കൊപ്പം സുശക്തമായ ഭരണസംവിധാനവും അച്ചടക്കവും അനുസരണയുമുള്ള ജനങ്ങളും ഉണ്ടാകണമെന്നതിനുള്ള ആദ്യ തെളിവാണ് വിയറ്റ്‌നാം.
വിയറ്റ്‌നാമിൽ ഒരു പാർട്ടി മാത്രമേയുള്ളു. അവരാണ് ഭരിക്കുന്നത്. അവരുടെ തീരുമാനം പോലീസും സൈന്യവും ജനങ്ങളും ഒരുപോലെ അക്ഷരം പ്രതി അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്.
കൊറോണാ വ്യാപനമുണ്ടായപ്പോൾ വിയറ്റ്‌നാം അമേരിക്ക യുദ്ധത്തിലെ രണതന്ത്രങ്ങൾ ജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് , നമ്മൾ മറ്റൊരു വലിയ ത്യാഗത്തിന് അതും വളരെനാൾ നീളുന്ന പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി മ്യൂയെൻ യുവാൻ ഫുക്ക് വിയറ്റ്‌നാം ജനതയെ ഓർമ്മിപ്പിച്ചു.
/sathyam/media/post_attachments/KtE9xj3fGK3TI1X7YgM1.jpg)
വിയറ്റ്നാമിന്റെ പക്കൽ യൂറോപ്യൻ രാജ്യങ്ങളിലെപ്പോലുള്ള മെഡിക്കൽ സൗകര്യങ്ങളോ ടെസ്റ്റിങ് കിറ്റുകളോ ആധുനിക ആശുപത്രികളോ ഇല്ലെന്നുമോർക്കണം. എങ്കിലും അവർ കൊറോണക്കെതിരേ നടത്തിയത് യുദ്ധസമാനമായ ഒരുക്കങ്ങളായിരുന്നു.
ജനുവരി അവസാനം ആദ്യ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചയുടൻ ചൈനയുമായുള്ള അതിർത്തിയവർ പൂർണ്ണമായും അടച്ചു. എയർ പോർട്ടുകളിൽ സ്ക്രീനിങ് ശക്തമാക്കി. വിദേശത്തുനിന്നും വന്നവർ വഴിയാണ് രോഗം പകരുന്നതെന്നു മനസ്സിലാക്കി അവരെയെല്ലാം കർശനമായ ക്വാറന്റൈനിലാക്കി. അവർക്കായി ഹോട്ടലുകൾ ബുക്ക് ചെയ്യപ്പെട്ടു.
വിദേശത്തുനിന്നും വരുന്നവർക്ക് വിലക്കേർപ്പെടുത്തി, വിമാന സർവീസുകൾ നിർത്തലാക്കി. രാജ്യത്തുതന്നെ വിലകുറഞ്ഞ ടെസ്റ്റിങ് കിറ്റുകൾ വികസിപ്പിച്ചെടുത്തു. അതായിരുന്നു അവരുടെ നേട്ടം. ജനങ്ങൾക്ക് പുറത്തിറങ്ങാൻ നിയന്ത്രണങ്ങൾ കർശനമാക്കി.
ഓർക്കുക , ആകെ 268 കോവിഡ് കേസുകൾ വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തിട്ടും ഒരാൾപോലും മരിച്ചില്ല എന്നതാണ്. അവിടെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമില്ല. 9.7 കോടിയാണ് അവിടുത്തെ ജനസംഖ്യ.
/sathyam/media/post_attachments/BBylxwqtXqDGBhDay1tQ.jpg)
ഇപ്പോൾ വിയറ്റ്‌നാമിൽ കടുത്ത നിയന്ത്രണങ്ങൾ നീക്കിയിരിക്കുന്നു. സ്‌കൂളുകളുൾപ്പെടെ തുറക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. എങ്കിലും മുൻകരുതലുകളും പ്രതിരോധ നടപടികളും തുടരുകതന്നെ ചെയ്യും.
ന്യൂസിലാൻഡും വിയറ്റ്നാമിന്റെ അതേ രീതികൾ തന്നെയാണ് കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചത്. ജനങ്ങളുടെ പൂർണ്ണ സഹകരണമുണ്ടായതാണ് അവിടെയും കോവിഡിന് മേൽ വിജയം വരിക്കാൻ കാരണമായത്.
19 പേർ മരിക്കുകയും 1500 പേർ രോഗബാധിതരാകുകയും ചെയ്ത ന്യൂസിലാൻഡ് ഇന്ന് കൊറോണ മുക്ത രാജ്യമാണ്. ഇന്ന് മുതൽ ബിസിനസ്സ് സ്ഥാപനങ്ങളും ഹെൽത്ത് കെയർ, ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ തുറക്കുകയാണ്. നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയെങ്കിലും കരുതലോടെയും ജാഗ്രതയോടെയുമാണ് മുന്നോട്ടുള്ള ഓരോ നീക്കങ്ങളും അവർ നടത്തുന്നത്.
/sathyam/media/post_attachments/mUPSsntjiR5xFZW7qKod.jpg)
ജനകീയയായ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ, നമ്മൾ ഈ യുദ്ധം ജയിച്ചിരിക്കുകയാണെന്നും മേലിലും എല്ലാവരും ശാരീരിക അകലം ( 2 മീറ്റർ ) പാലിക്കാനും, ഒത്തുകൂടൽ ഒഴിവാക്കാനും, സ്ഥിരമായി മാസ്‌ക്കുകൾ ധരിക്കാനും ഇന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അത് രാജ്യത്തെ ജനങ്ങൾ അക്ഷരം പ്രതി പാലിക്കുക തന്നെ ചെയ്യും. അവർ അങ്ങനെയാണ്. വളരെ അച്ചടക്കമുള്ള ജനതയാണ്. ഭൂമിയിലെ മാനവ ജീവനുതന്നെ ഭീഷണിയായ ഒരു വൈറസിനെ ഇല്ലാതാക്കാൻ ഇതുപോലെ തീർത്തും അനുസരണാ ശീലമുള്ള ജനതയാണ് ഓരോ രാജ്യത്തിനും വേണ്ടത്.
/sathyam/media/post_attachments/gUVo1YzyUHWyjMzOC0er.jpg)
അതില്ലായിരുന്നെങ്കിൽ ഇന്ന് ന്യൂസിലാൻഡ് എന്ന രാജ്യം ഇറ്റലി, സ്‌പെയിൻ, ബ്രിട്ടൻ പോലുള്ള വിനാശകരമായ അവസ്ഥയിലേക്ക് പോകുമായിരുന്നു.
ന്യൂസിലാൻഡ് കൊറോണ മുക്തമായെങ്കിലും മാളുകളും സ്‌കൂളുകളും തൽക്കാലം തുറക്കുന്നതല്ല. രാജ്യത്തിന്റെ അതിർത്തിയും അടഞ്ഞുതന്നെ കിടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us