ഗുലാലായി ഇസ്മായിൽ – പാക്കിസ്ഥാനിൽ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുന്ന പരിചിത മുഖം

പി എൻ മേലില
Wednesday, October 9, 2019

പാക്കിസ്ഥാൻ പട്ടാളം നടത്തുന്ന അതിക്രമങ്ങൾക്കും നിയമലംഘനങ്ങൾക്കുമെതിരേ കത്തെഴുതിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഗുലാലായി ഇസ്മായിൽ കഴിഞ്ഞമാസം രഹസ്യമായി അമേരിക്കയ്ക്ക് കടക്കുകയായിരുന്നു.

ഗുലാലായിയെ അറസ്റ്റുചെയ്തു ജയിലിലടയ്ക്കാൻ ഇമ്രാൻ ഖാൻ ഭരണകൂടം തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അവർ അതിവിദഗ്ധമായി രാജ്യം വിട്ടത്.

ആദ്യമവർ ഒരു സുഹൃത്തിന്റെ സഹായത്തോടെ രഹസ്യമായി ശ്രീലങ്കയിലെത്തുകയും അവിടെനിന്നും അമേരിക്കയിലേക്കു പോകുകയുമായിരുന്നു.

ബലൂചിസ്ഥാനിലും പാക്‌തൂണിലും പട്ടാളം നിർദ്ദോഷികളെയും നിരപരാധികളെയും വേട്ടയാടയുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിനെതിരെയാണ് ഗുലാലായി ഇസ്മായിൽ തുടർച്ചയായി സർക്കാരിനും മനുഷ്യാവകാശ സംഘടനകൾക്കും കത്തെഴുതിയിരുന്നത്. “പക്തൂൺ തഹ്‌ഫൂസ് മൂവ്‌മെന്റ്” എന്ന ജനകീയ സംഘടനയുടെ അദ്ധ്യക്ഷയായിരുന്നു അവർ. 22 രാജ്യങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നുണ്ട്.

മുജാഹിർ,പസ്‌തൂൺ,ബലൂച്,സിന്ധി ജനതയെക്കൂടാതെ ഹിന്ദു,ക്രിസ്ത്യൻ,സിഖ്, അഫ്‌ഗാൻ – ഇറാനിയൻ പഠാണികൾ എന്നീ വിഭാഗങ്ങൾക്കെതിരേ സൈന്യം അടിച്ചമർത്തലും അക്രമവും നടത്തുകയാണെന്നവർ തെളിവുകൾ സഹിതം ആരോപിക്കുന്നു.ആയിരങ്ങളാണ് വിചാരണപോലും നടത്തപ്പെടാതെ വര്ഷങ്ങളായി പാകിസ്താനിലെ ജയിലുകളിൽ നരകിച്ചു കഴിയുന്നത്. ഇവരെല്ലാം പൂർണ്ണമായും നിരപരാധികളാണെന്നും അവർ ആരോപിക്കുന്നു.

പാകിസ്ഥാൻ പ്രസിഡണ്ട് ഇമ്രാൻ ഖാൻ കഴിഞ്ഞമാസം ഐക്യരാഷ്ട്രസഭയെ അഭിസംബോധചെയ്ത അവസരത്തിൽ പുറത്ത് ഐക്യരാഷ്ട്രസഭാകവാടത്തിൽ ഗുലാലായിയും കൂട്ടരും പാക്കിസ്ഥാനിൽ സൈന്യവും സർക്കാരും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അമേരിക്കയോടും ഐക്യരാഷ്ട്രസഭയോടും രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചിരിക്കുന്ന ഗുലാലായി ഇപ്പോൾ ബോസ്റ്റണിൽ സഹോദരിക്കൊപ്പമാണ് താമസം. ഫിലോസഫിയിൽ മാസ്റ്റർ ഡിഗ്രി കാരസ്ഥമാക്കിയിട്ടുള്ള അവർ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

ഗുലാലായിക്കു നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2014 ൽ ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ്, 2015 ൽ കോമണ്‍വെല്‍ത്ത് യൂത്ത് അവാര്‍ഡ് ഫോര്‍ ഏഷ്യ അവാർഡ്, 2016 ൽ Chirac Prize for Conflict Prevention പുരസ്ക്കാരം, 2017 ൽ Anna Politkovskaya Award എന്നിവ അവർക്കു ലഭിച്ചിട്ടുണ്ട്.

×