നട്ടെല്ലുള്ള ജനതയ്ക്കു മുന്നിൽ മുട്ടുമടക്കിയ ഭരണകൂടം !

പ്രകാശ് നായര്‍ മേലില
Friday, September 6, 2019

ഴിഞ്ഞ രണ്ടു മാസമായി നടന്നുവന്ന ഹോങ്കോംഗ് പ്രക്ഷോഭത്തെത്തുടർന്ന് വിവാദപരമായ, ” കുറ്റവാളികളെ ചൈനയ്ക്കു കൈമാറുമെന്ന നിയമം” ഹോങ്കോംഗ് സർക്കാർ പിൻവലിച്ചു. ഈ കിരാതനിയമത്തിനെതിരെ ഹോങ്കോംഗിലെ ആബാലവൃദ്ധം തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാപ്പകലില്ലാതെ അവർ നടത്തിയ പ്രക്ഷോഭം ലോകശ്രദ്ധവരെ ആകർഷിച്ചു.

ആംനസ്റ്റി ഇന്റർനാഷണലും മറ്റു മനുഷ്യാവകാശ സംഘടനകളും ഇവർക്കൊപ്പം അണിനിരന്നു. ഈ പ്രക്ഷോഭത്തിൽ അണിചേരാത്തവരായി ഹോങ്കോംഗിലെ ഒരൊറ്റ വ്യക്തിപോലുമുണ്ടായിരുന്നില്ല. ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി.

ക്രൂരമായ മർദ്ദനമുറകളും അടിച്ചമർത്തൽ രീതികളുമാണ് ചൈനീസ് ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം അവിടെ നടന്നത്. കള്ളക്കേസുകളിൽ കുടുക്കി നിരവധിയാളുകളെ ജയിലിലാക്കി.എത്രപേർ അറസ്റ്റിലാ യെന്ന കണക്കുപോലും ക്ര്യത്യമായില്ല. ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനങ്ങളുടെ രോഷം അനുദിനം കൂടിവന്നതല്ലാതെ അതിന്റെ ആവേശമോ വീര്യമോ അൽപ്പം പോലും ചോർത്താൻ സർക്കാരുകൾക്കായില്ല.

ക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തലുകളും കൊണ്ട് ചൈനീസ് ജനതയെ വരുതിയിൽനിർത്തി യതുപോലെ ഹോങ്കോംഗിലും അതുതന്നെ തുടരാമെന്നും ആ ജനതയുടെ നാവടപ്പിക്കാമെന്നുമുള്ള ചൈനീസ് വ്യാമോഹങ്ങൾക്കാണ് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഹോങ്കോംഗ് സി.ഇ ,ഓ യും ചൈനീസ് പക്ഷക്കാരിയുമായ ‘കേറി ലേം’ രാജിഭീഷണി മുഴക്കായതിനെത്തുടർ ന്നാണ് ചൈനീസ് ഭരണകൂടം , ഹോങ്കോംഗിൽ കുറ്റകൃത്യം നടത്തുന്നവരെ വിചാരണചെയ്യാൻ ചൈനയ്ക്കു കൈമാറണമെന്ന വിവാദ ഉടമ്പടി പിൻവലിക്കാൻ അനുമതി നൽകിയത്.

ഈ കരിനിയമം ഈ വര്ഷം ഏപ്രിൽ മാസത്തിലാണ് കൊണ്ടുവന്നത്. ജനപ്രക്ഷോഭം രൂക്ഷമായതോടെ ജൂൺ മാത്തിൽ ബിൽ താൽക്കാലികമായി മരവിപ്പിക്കാൻ ഹോങ്കോംഗ് ഭരണകൂടം തയ്യാറായെങ്കിലും നിയമം പൂർണ്ണമായി പിൻവലിക്കാതെ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന പ്രക്ഷോഭകാരികളുടെ ആവശ്യമാണ് മറ്റു ഗത്യന്തരമില്ലാതെ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

സമരം ഇതുകൊണ്ടും അവസാനിക്കുന്നില്ല. പ്രക്ഷോഭകർക്കെതിരെയെടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, അറസ്റ്റ് ചെയ്തവരെ നിരുപാധികം വിട്ടയക്കുക, ഹോങ്കോംഗിൽ ജനാധിപത്യസമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ആളുകൾ പ്രക്ഷോഭം തുടർന്നുകൊണ്ടുപോകാനാണ് പരിപാടിയിടുന്നത്.

ബ്രിട്ടൻ 150 വർഷത്തെ ഭരണത്തിനുശേഷം 1997 ൽ ഹോങ്കോംഗ് ചൈനയ്ക്കു കൈമാറുമ്പോൾ ” ഒരു രാജ്യം രണ്ടു നിയമവ്യവസ്ഥ ” ( One Country Two Systems ) എന്ന രീതിയാകണം ഹോങ്കോംഗിൽ തുടരേണ്ടതെന്ന് ബ്രിട്ടനും ചൈനയും തമ്മിൽ കരാറുണ്ടായിരുന്നു. 75 ലക്ഷംവരുന്ന ഹോങ്കോംഗിലെ ജനസംഖ്യയിൽ 92% വും ചൈനാക്കാരാണ്.

×