ജപ്പാൻ – ലോകത്തെ ഏറ്റവും വൃത്തിയുള്ള ജനത ! എന്തുകൊണ്ടാണ് ഇത്ര വൃത്തിയുള്ള ദേശമായി ജപ്പാന്‍ മാറിയത് ?

പി എൻ മേലില
Wednesday, October 23, 2019

പ്പാനിൽ ആദ്യമായെത്തുന്ന ഒരു വ്യക്തി അവിടുത്തെ വൃത്തിയും വെടിപ്പുമുള്ള റോഡുകളും നഗരവും കണ്ട് ആശ്ചര്യപ്പെട്ടേക്കാം, കാരണം റോഡും പരിസരവും വൃത്തിയാക്കുന്ന ഒരു ജോലിക്കാരെയും അവിടെ കാണാൻ സാധിക്കില്ല. മാത്രവുമല്ല മാലിന്യവും പേപ്പറുകയും നിക്ഷേപിക്കാനുള്ള ബോക്‌സുകളും എങ്ങുമില്ല എന്നതാണ്.

പലരും അതിശയിക്കാറുണ്ട് ,ജപ്പാൻ എന്തുകൊണ്ടാണ് ഇത്ര വൃത്തിയുള്ള ദേശമായി മാറിയത് എന്ന് ? ഉത്തരം വളരെ ലളിതമാണ്. ജപ്പാനിൽ ശുചിത്വം നടപ്പാക്കുന്നത് ജോലിക്കാരല്ല മറിച് അവിടുത്തെ ജനങ്ങളാണ് എന്നതുതന്നെ.

ജപ്പാനിലെ സ്‌കൂളുകളിൽ നേഴ്‌സറി ക്ലാസ്സ് മുതൽ ഹൈസ്‌കൂൾ വരെ 12 വർഷം കുട്ടികൾക്ക് ദിവസവും ശുചിത്വത്തിനുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. ക്ലാസ്സ് സ്‌കൂൾ പരിസരങ്ങൾ കൂടാതെ സമീപത്തെ വീഥികളും അവർ മാലിന്യമുക്തമാക്കുന്നു.

ഇതുപോലെതന്നെ വീടുകളിലും, മാതാപിതാക്കൾ വീടും പരിസരവും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റിയും അതുമൂലമുണ്ടാകുന്ന ആരോഗ്യസംര ക്ഷണവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്.

സ്വയം വൃത്തിയാക്കപ്പെടേണ്ട വീടും സ്‌കൂളും ആരെങ്കിലും വൃത്തിഹീനമാക്കുമോ? എന്നാണ് ജപ്പാനിലെ വിദ്യാർത്ഥികൾ ചോദിക്കുന്നത്.

സ്‌കൂളിൽ കുട്ടികൾക്ക് ഷൂ ധരിച്ചുകൊണ്ട് ക്ലാസ്സുകളിൽ കയറാൻ അനുവാദമില്ല. ഷൂ, സോക്‌സ് ഇവ ക്ളാസ്സിനുവെളിയിലുള്ള റാക്കിൽ വച്ചുവേണം ക്ലാസുകളിലേക്ക് പ്രവേശിക്കേണ്ടത്. ഇതുതന്നെയാണ് കുട്ടികൾ സ്വന്തം വീടുകളിലും ചെയ്യുക.

കുട്ടികളിൽ പരിശീലിപ്പിക്കപ്പെടുന്ന ഈ ശുചിത്വപരിപാലനം അവർ വളർന്നുവലുതാകുമ്പോൾ നഗരങ്ങളിലും രാജ്യമാകമാനവും നടപ്പാക്കപ്പെടുന്നു. തലമുറകളായി ചിട്ടയായി ശീലിച്ച വൃത്തിയും വെടിപ്പും ജപ്പാൻ ജനതയുടെ ദിനചര്യയുടെ ഭാഗമായി മാറപ്പെട്ടു.

ജപ്പാൻ ശുചിത്വവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങൾ വിവരിക്കാം.

7 മിനിറ്റുസമയം കൊണ്ട് നടത്തപ്പെടുന്ന ബുള്ളറ്റ് ട്രെയിനുകളുടെ വൃത്തിയാക്കൽ, സഞ്ചാരികൾക്കുപോലും വിസ്മയമാണ്. 2014 ൽ ബ്രസീലിലും, 2018 ൽ റഷ്യയിലും നടന്ന ജപ്പാൻ ടീം പങ്കെടുത്ത വേൾഡ് കപ്പ് ഫുട്ബാൾ മൽസരങ്ങൾക്കു ശേഷം ജപ്പാൻ കാണികൾ മാച് കഴിഞ്ഞു സ്വമേധയാ സ്റ്റേഡിയം മുഴുവൻ വൃത്തിയാക്കിയത് കണ്ട് ലോകജനതവരെ സ്തബ്ധരായിപ്പോയി. അതാണ് ജപ്പാൻ.

ജപ്പാൻ ടീം ഡ്രസ്സിങ് റൂമിൽ ഒരു ചെറിയ പേപ്പർപോലും ഉപേക്ഷിക്കാറില്ല. ഫിഫ അധികാരികൾ പലപ്പോഴും ട്വീറ്റ് ചെയ്തിട്ടുണ്ട് ” വൃത്തിയിൽ ജപ്പാൻ ടീം ലോകോത്തരമാതൃകയാണ് ” എന്ന്.

ജപ്പാനിലെ ആഘോഷങ്ങളിലും സംഗീത മഹോത്സവങ്ങളിലും ഇതുതന്നെയാണാവസ്ഥ. കയ്യിലുള്ള പാഴ്വസ്തുക്കൾ അവർ വേസ്റ്റ് ബോക്സ് കാണുന്നതുവരെ ഭദ്രമായി സൂക്ഷിക്കും, എന്തുവന്നാലും വലിച്ചെറിയില്ല.

സിഗരറ്റ് വലിക്കുന്നവർ ആഷ് ട്രേ ഒപ്പം കൊണ്ടുനടക്കും. അല്ലാതുള്ള ഒരാളെയും അവിടെ കാണാനാകില്ല. മാത്രവുമല്ല മറ്റുള്ളവർക്ക് പുകകൊണ്ടു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വളരെ അകന്നുനിന്നാണ് അവർ പുകവലി നടത്തുന്നതും.

ദൈനംദിനജീവിതത്തിൽ ശുചിത്വത്തിനു ജപ്പാൻ ജനത നൽകുന്ന മഹത്വമറിയണമെങ്കിൽ അവർ ജോലിചെയ്യുന്ന ഓഫിസുകൾ, ഷോപ്പുകൾ, വ്യവസായ ശാലകൾ കൂടാതെ സമീപത്തുള്ള പാതകളും നാം പോയി വീക്ഷിക്കണം. അതെല്ലാം അവർ സ്വയം വൃത്തിയാക്കുകയാണ് ചെയ്യുന്നത്.

ഒരു പൊടിപോലും നമുക്ക് കാണാൻ കഴിയുകയില്ല. ഇതിൽ സർക്കാർ, പ്രൈവറ്റ് വേർതിരിവുകളേയില്ല എന്നതും നാമറിയണം.

തെരുവുകളും വീഥികളും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കേണ്ടതുണ്ട്. അവിടെ അധികം മാലിന്യമൊന്നും കാണാറില്ല. കാരണം വീട്ടിലെ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനായി 10 വെവ്വേറെ രീതിയിൽ തരംതിരിച്ചു കവറിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ഓരോ ദിവസവുമെത്തുന്ന വാഹനങ്ങളിൽ കൊണ്ടുപോകാനായി അവ ഓരോ ഐറ്റമായി വീടിനുപുറത്തു വച്ചിരുന്നാൽ മതിയാകും.

ജപ്പാനിലെ ATM കളിൽനിന്നു ലഭിക്കുന്ന കറൻസികൾ പുതുപുത്തനും പളപളാ തിളങ്ങുന്നതുമാണ്. കറൻസി നോട്ടിൽ അഴുക്കുപുരളാൻ അവർ അനുവദിക്കില്ല. അതുകൊണ്ടുതന്നെ അവ കൈകൊണ്ടു കൈമാറ്റം ചെയ്യപ്പെടുന്നതും അപൂർവ്വമാണ്.

കടകൾ,ഹോട്ടലുകൾ, ടാക്സികളിൽവരെ നോട്ടുനിക്ഷേപിക്കാൻ പ്രത്യേകം ട്രേ സൂക്ഷിച്ചിട്ടുണ്ട്. പണം അതിലിട്ടാൽ മതിയാകും. നഗ്‌നനേത്രങ്ങൾകൊണ്ടു കാണാൻ കഴിയാത്ത രോഗാണുക്കളും ജീവാണുക്കളും പലരിലൂടെ കൈമറിഞ്ഞുവരുന്ന കറൻസികളിൽ ഉണ്ടാകാമെന്നതിനാൽ ഇവ കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഗ്ലൗസ്, മാസ്‌ക്ക് എന്നിവ ധരിക്കുന്നതു പതിവാണ്.

ശുചിത്വം ബുദ്ധമതത്തിന്റെ മുഖമുദ്രകൂടിയാണ്. ഭൗതികവും ആദ്ധ്യാത്മകവുമായ മാലിന്യങ്ങൾ പൂർണ്ണമായും ഉന്മൂലനം ചെയ്യേണ്ടത് ദൈനംദിനകർമ്മമാണെന്ന് ബുദ്ധമതം ഉദ്‌ഘോഷിക്കുന്നു.

എന്നാൽ ബുദ്ധമതം നിലവിലുള്ള മറ്റു രാജ്യങ്ങൾ ജപ്പാനെപ്പോലെ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണെന്ന് ചോദിക്കു ന്നവർക്ക് 1600 ൽ ജപ്പാനിലെത്തിയ ബ്രിട്ടീഷ് നാവികൻ വിൽ ആഡംസിന്റെ യാത്രക്കുറിപ്പ് ഒരു നല്ല മറുപടിയാണ്.

” ബ്രിട്ടനിലെ തെരുവുകളിൽ മലമൂത്രമൊഴുകി ദുർഗന്ധം പരക്കുന്നതുകണ്ടുമടുത്ത എനിക്ക് ജപ്പാൻ ജനതയുടെ ശുചിമുറികളും, അവിടുത്തെ വൃത്തിയുള്ള ഓടകളും കണ്ടപ്പോൾ അതിശയമായി. വിയർപ്പുനാറ്റം അകറ്റാനായി ജപ്പാനികൾ സുഗന്ധമുള്ള തടികൾ പുകയ്ക്കുന്നതും നല്ലൊരുനുഭവമായി.”

ഇതായിരുന്നു അദ്ദേഹത്തിൻറെ കുറിപ്പുകൾ. അതായത് ജപ്പാൻ ജനത തലമുറകളായി വെടിപ്പും വൃത്തിയും കാത്തുസൂക്ഷിക്കുന്നവരാണ് എന്നർത്ഥം.

യൂറോപ്പിലെയും മറ്റുള്ള ഏഷ്യൻ രാജ്യങ്ങളിലെയും വൃത്തിഹീനതയിൽ ജപ്പാൻ ജനത ക്ഷുഭിതരാണ്. അതേപ്പറ്റി അവരോട് സംസാരിച്ചുനോക്കുക,അപ്പോഴറിയാം കാര്യങ്ങൾ.

രോഗം പകരുന്നതും, ആളുകൾ മരണപ്പെടുന്നതും,ആരോഗ്യമില്ലാത്ത ജനസമൂഹവും ഭൂരിഭാഗവും ശുചിത്വമില്ലായ്മയുടെ സംഭവനയാണെന്നാണ് അവരുടെ മതം.

പക്ഷേ തങ്ങൾ ഇക്കാര്യത്തിൽ അലസരാകുന്നില്ല, മറ്റുള്ളവരെ ഓർത്ത് വേവലാതിപ്പെടാനുമില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ രാജ്യം വൃത്തിയുടെ കാര്യത്തിൽ പവിത്രമാണെന്നു മറ്റുള്ളവർ പറയുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നും അവർ പറയുന്നു.

നിങ്ങൾ ജപ്പാനിൽപ്പോയി കുറച്ചുകാലം താമസിച്ചുവന്നാൽ വളരെ മിതത്വവും ശുചിത്വവുമാർന്ന ഒരു ജീവിതശൈലിക്കുടമയാകുമെന്നതിൽ ഒരു തർക്കവുമില്ല. നിങ്ങൾ പരസ്യമായി മൂക്കിനുള്ളിലെ അഴുക്കെടുത്തു വെളിയിലെറിയില്ല, തുമ്മുകയും ചീറ്റുകയുമില്ല.

നടക്കുമ്പോഴോ വാഹനത്തിൽപ്പോകുമ്പോഴോ വഴിയിലേക്ക് തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യില്ല. വഴിയരുകിൽ പരസ്യമായി നിന്ന് മൂത്രമൊഴിക്കില്ല, ഉച്ചത്തിൽ അലറി ഒച്ചവയ്ക്കില്ല, അലക്ഷ്യമായി പുകവലിക്കില്ല, പേപ്പറെടുക്കാനും നോട്ടെണ്ണാനും വായിലെ തുപ്പൽ പുരട്ടുന്ന കടക്കാരെയും ആളുകളെയും നിങ്ങൾ വിലക്കും. അങ്ങനെ മൊത്തത്തിൽ വൃത്തിയുള്ള ഒരന്തരീക്ഷത്തിനായി നിങ്ങൾ ശ്രമിക്കും ഉറപ്പ്.

നമുക്ക് കാത്തിരിക്കാം, ഇതൊക്കെ നമ്മുടെ കേരളത്തിലും വരുമെന്ന പ്രതീക്ഷയിൽ. കാലം ഏറെ വേണ്ടിവരുമെങ്കിലും…

×