Advertisment

ഇത് പകൽക്കൊള്ളയാണ് ! ആരു ഭരണത്തിൽ വന്നാലും വരുമാനം കൂട്ടാനുള്ള അവരുടെ ആദ്യലക്ഷ്യം മദ്യമാണ്. മദ്യപാനികൾ സ്വർണ്ണം കായ്ക്കുന്ന മരമായാണ് ഇവർ ഇന്നും കണക്കാക്കുന്നത് !

New Update

കേരള സർക്കാർ മദ്യത്തിന് 35% വരെ വിലകൂട്ടിയത് തികഞ്ഞ അനീതിയാണ്. 100 രൂപയുടെ സാധനം 800 രൂപയ്ക്കാണ് ഇപ്പോൾത്തന്നെ വിൽക്കുന്നതും അതുവഴി ഖജനാവ് നിറയ്ക്കുന്നതും. ആ 800 രൂപയിൽ നിന്നാണ് 35% വീണ്ടും കൂടുക. അതായത് അടിസ്ഥാന വിലയിലല്ല എന്നർത്ഥം.

Advertisment

ഒരു ഉൽപ്പന്നത്തിന്റെ അടിസ്ഥാനവിലയിൽ നിന്നാണ് അതിന്റെ ടാക്സ് വർദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിലവർദ്ധന കടുത്ത അനീതിയാണ്, അന്യായമാണ്.

publive-image

സർക്കാരിന്റെ ഏറ്റവും മികച്ച സാമ്പത്തിക സ്രോതസ്സാണ് മദ്യപാനികളുടെ പോക്കറ്റ്. ഇങ്ങനെപോയാൽ അത് കാലിയായി പിച്ചചട്ടിക്ക് തുല്യമാകും. ചാരായ നിരോധനം മുതൽ തുടങ്ങിയതാണ് ഈ അനീതി. ഈ വിഷയത്തിൽ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ ഒരേ തൂവൽ പക്ഷികളാണ്.

മദ്യത്തിന് വിലകൂട്ടിയാൽ മദ്യ ഉപഭോഗം കുറയുമെന്ന് പറയുന്നതൊക്കെ വെറും തട്ടിപ്പാണ്. ഡൽഹിയിലും , ആന്ധ്രയിലും വിലകൂട്ടിയിട്ട് വിൽപ്പന കൂടിയതല്ലാതെ കുറഞ്ഞോ ?

ഒരു തത്വദീക്ഷയുമില്ലാതെ ഇങ്ങനെ വിലകൂട്ടുന്നതുമൂലം വിലകുറഞ്ഞ വ്യാജമദ്യത്തിലേക്കും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളിലേക്കും ആളുകൾ തിരിയാൻ സാദ്ധ്യതയുണ്ട്. ഇപ്പോൾത്തന്നെ വ്യാജമദ്യം വ്യാപകമാണ്.

ഛത്തീസ്ഗഡ് ,പഞ്ചാബ് സംസ്ഥാനങ്ങളിൽ വിദേശമദ്യം കൂടാതെ വളരെ വിലകുറഞ്ഞ നാടൻ മദ്യവും ( പച്ച, വെള്ള, ഓറഞ്ച് നിറങ്ങളിൽ - ഹറ , നാരംഗി, സഫേദി) സർക്കാർതന്നെ വെവ്വേറെ ഔട്ട്ലറ്റുകൾ വഴി വിൽക്കുന്നുണ്ട്. അത് അവിടെയിരുന്നു കഴിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നമ്മുടെ രാഷ്ട്രീയക്കാർക്ക് വ്യക്തമായി അറിയാവുന്നതുമാണ്. അവർ അജ്ഞത നടിക്കുന്നു.

ഇതുകൂടാതെ മദ്ധ്യപ്രദേശ്, ഛത്തീസ്‌ ഗഡ്‌ സംസ്ഥാനങ്ങളിൽ 'എന്ന' നാടൻ മദ്യം നാട്ടിൻപുറങ്ങളിൽ വ്യാപകമായി ലഭിക്കുന്നുണ്ട്. ഇത് അവിടെ സുലഭമായി കാണുന്ന ഔഷധഗുണമുള്ള മഹുവ എന്ന മരത്തിന്റെ പൂവിൽനിന്നും വാറ്റിയെടുക്കുന്നതാണ്. ആദിവാസി ഗ്രാമീണമേഖലകളിൽ മഹുവ വളരെ പോപ്പുലറാണ്. ഛത്തീസ്‌ ഗഡിൽ പനങ്കള്ളും ലഭ്യമാണ്.

ഒഡീഷയിൽ അരിയിൽനിന്നും ഉൽപ്പാദിപ്പിക്കുന്ന ഹണ്ടിയ എന്ന മദ്യം ഗ്രാമീണ മേഖലകളിൽ വീടുകൾതോറും ലഭിക്കുന്നുണ്ട്. ആദിവാസി ഗ്രാമീണർ ഇതാണുപയോഗിക്കുന്നത്.

ബംഗാളിൽ ഗോതമ്പിൽനിന്നും ബാജ്‌റയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഉറാൻ , ദാദ , ടാർസൻ എന്നീ വിലകുറഞ്ഞ നാടൻ മദ്യങ്ങൾ സർക്കാർതന്നെയാണ് ലൈസൻസ് നൽകി പ്രത്യേക കൗണ്ടറുകൾ വഴി വിൽക്കുന്നത്.ബംഗാളിലെ മദ്യപാനികളിൽ 39% വും ഇതാണ് വാങ്ങിക്കഴിക്കുന്നത്.

ഇക്കാര്യത്തിൽ കർണ്ണാടക സർക്കാരിന്റെ തീരുമാനമാണ് മികച്ചത്. സാധാരണക്കാരെയും തൊഴിലാളി കളെയും ദ്രോഹിക്കാനില്ലെന്നും അതുകൊണ്ടുതന്നെ മദ്യത്തിന് 11 % ലധികം നികുതി വർദ്ധിപ്പിക്കില്ലെന്നുമാണ് അവരുടെ തീരുമാനം. പണമുള്ളവന് വിലവർദ്ധന പ്രശ്നമല്ലല്ലോ?

എന്നാൽ തൊഴിലാളിവർഗ്ഗ പ്രസ്ഥാനം എന്നവകാശപ്പെടുന്ന കേരളത്തിലെ ഭരണാധികാരികളിൽനിന്നും അത്തരമൊരു പരിഗണന പോലുമുണ്ടാകുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.

പക്ഷേ കേരളത്തിൽ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആരു ഭരണത്തിൽ വന്നാലും വരുമാനം കൂട്ടാനുള്ള അവരുടെ ആദ്യലക്ഷ്യം മദ്യമാണ്. ഇപ്പോൾത്തന്നെ യാഥാർത്ഥ വിലയുടെ ഏഴോ എട്ടോ ഇരട്ടിയാണ് ഇരു മുന്നണികളും മാറിമാറി തോന്നും പടി കൂട്ടിയത്. മദ്യപാനികൾ സ്വർണ്ണം കായ്ക്കുന്ന മരമായാണ് ഇവർ ഇന്നും കണക്കാക്കുന്നത്.

മദ്യം ഔട്ട്ലെറ്റിൽ നിന്ന് വാങ്ങികഴിഞ്ഞാൽ പിന്നെ പൊലീസവർക്ക് പിന്നാലെയാണ്. വീട്ടിലിരുന്നു കഴിക്കാൻ ബുദ്ധിമുട്ടുള്ളവർ ആളൊഴിഞ്ഞസ്ഥലം തേടാറുണ്ട്. 500 രൂപയുടെ മദ്യം വാങ്ങി 3000 രൂപയുടെ പെറ്റി അടയ്‌ക്കേണ്ടിവന്നവർ അനവധിയാണ്.

ഞങ്ങൾ പെറ്റി പിടിക്കുന്നതുകൊണ്ടാണ് സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതെന്ന് പല പോലീസുകാരും ഗർവ്വോടെ പറയുന്നതും കേട്ടിട്ടുണ്ട്. അതായത് സർക്കാർ ഖജനാവ് നിറയ്ക്കുന്ന മദ്യപാനി, പെറ്റിയടയ്ക്കാൻ തമിഴനിൽനിന്നും വട്ടിപ്പലിശയ്‌ക്കു പണമെടുത്ത് കടക്കെണിയിലാകുന്നു.

കഴിഞ്ഞ രണ്ട് യു. ഡി. എഫ് സർക്കാരുകളുടെയും വികലമായ മദ്യനയമാണ് ഈ ദുർഗതികൾക്കെല്ലാം കാരണം. നെടുനീളൻ ക്യൂവും ദുർഗന്ധം വമിക്കുന്ന ഇടനാഴികളും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യവും ഇന്ന് ഇടതുസർക്കാർ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്.

മദ്യവും മദ്യപാനവും ഏതോ വലിയ അപരാധമാണെന്നും മദ്യപാനികളെല്ലാം സമൂഹത്തിലെ ഏറ്റവും മോശം ആളുകളാണെന്നുമുള്ള ഒരുകൂട്ടം കപടസദാചാര വാദികളുടെയും ചില മതപുരോഹിതരുടെയും ഏതാനും രാഷ്ട്രീയക്കാരുടെയും വ്യാജ പ്രചരണത്തിൽ ഉമ്മൻചാണ്ടിയെപ്പോലെ പരിണിത പ്രജ്ഞനായ വളരെ പ്രായോഗികമായി ചിന്തിക്കുന്ന നേതാവുപോലും വീണുപോകുകയായിരുന്നു.

മുൻ സർക്കാരുകൾക്ക് സംഭവിച്ച വീഴ്ചകളിൽ നിന്നും പാഠമുൾക്കൊണ്ട് മദ്യത്തിനുള്ള ഈ വിലവർദ്ധന പിൻവലിക്കുകയും അടിസ്ഥാന വിലയുടെ 20 % വർദ്ധനവ് നടപ്പാക്കുകയും ബീവറേജ് ഔട്ട്ലെറ്റുകളിലെ ശുചിത്വവും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും മികച്ചതാക്കാൻ എല്ലായിടത്തും സി സി ടി വി ക്യാമറകൾ അടിയന്തരമായി സ്ഥാപിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.

Advertisment