ചുമലിൽ ജീവിതഭാരം ! വീടണയാൻ കാളവണ്ടി വലിക്കാൻ കാള ഒന്നേയുള്ളു. ഒടുവിൽ അവർ മാറി മാറി ഒരു കാളയ്ക്കൊപ്പം നിന്ന് വണ്ടിവലിച്ചു !

പി എൻ മേലില
Thursday, May 14, 2020

ലോക്ക് ഡൗണിനുശേഷമുള്ള ഉത്തരേന്ത്യൻ റോഡുകളിലെ ദൃശ്യങ്ങൾ പലതും നമ്മെ പിടിച്ചുലയ്ക്കുന്നവയാണ്.

ഉത്തർപ്രദേശ് , ബീഹാർ, ജാർഖണ്ഡ് , ഒഡീഷ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽനിന്നുള്ള 383 പ്രവാസി തൊഴിലാളികളുടെ ജീവനുകളാണ് ലോക്ക് ഡൗണിനുശേഷം വീടണയാനുള്ള അവരുടെ യാത്രയ്ക്കിടയിൽ ഇതുവരെ വഴിയോരങ്ങളിൽ പൊലിഞ്ഞുവീണത്.

ഈ ചിത്രം മുംബൈ – ആഗ്ര ഹൈവേയിൽനിന്ന് ഇന്നലെ പകർത്തിയതാണ്. ലോക്ക് ഡൌണിനെത്തുടർന്നു തൊഴിൽ നഷ്ടപ്പെട്ട കുടുംബം മദ്ധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള ‘പത്ഥർ മണ്ഡല’ ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്.

ഭാര്യയും ഭർത്താവും ഭർത്താവിന്റെ ഇളയസഹോദരങ്ങളുമാണ് കുടുംബാംഗങ്ങൾ. വീട്ടു സാധനങ്ങൾ കാളവണ്ടിയിൽക്കയറ്റിയായിരുന്നു യാത്ര. പക്ഷേ കാളവണ്ടി വലിക്കാൻ കാള ഒന്നേയുള്ളു.

ഇവരുടെ ഒരു കാള ലോക്ക് ഡൗണിനു മുൻപാണ് അസുഖം വന്നു മരിച്ചത്. ജോലിസ്ഥലമായ മഹുവിൽ നിന്നും ഗ്രാമത്തലേക്കു പോകാൻ മറ്റൊരു കാളയെ സംഘടിപ്പിക്കാൻ നോക്കിയിട്ടു നടന്നില്ല. കാളയെ അവിടെ വിടാനും കഴിയില്ല.

ഒടുവിൽ രണ്ടാമത്തെ കാളയ്ക്കു പകരമുള്ള ആ ദൗത്യം കുടുംബം നേരിട്ടേറ്റെടുത്തു. മൂന്നുപേരും മാറിമാറി ഒറ്റക്കാളയ്ക്കു പിന്തുണയേകി കാളവണ്ടിവലിക്കുകയായിരുന്നു..

ഇന്നലെ ഇൻഡോറിലെ ബൈപ്പാസിനടുത്തുവച്ചാണ് മാധ്യമ പ്രതിനിധികൾ ഈ ദൃശ്യം കാണാനിടയായത്.

×