ജനമനസ്സുകളിൽ നൊമ്പരമായി ജനങ്ങൾ ഇന്നും ഉറ്റുനോക്കുന്ന മറ്റു രണ്ടു പ്രധാന കേസുകള്‍ ..

പി എൻ മേലില
Wednesday, October 9, 2019

ബിഗ് സല്യൂട്ട് !

ബാഹ്യ ഇടപെടലുകൾ ഉണ്ടാകാതിരുന്നാൽ ഏത് കേസും വളരെ മികവുറ്റ രീതിയിൽ അന്വേഷിച്ചു കുറ്റവാളികളെ കണ്ടെത്താനും അവർക്കു മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിവുള്ള ഇന്ത്യയിലെ നമ്പർ 1 പോലീസ് സേനയാണ് കേരളത്തിന്റേത് എന്നതിൽ സംശയമില്ല. ഒരു പക്ഷേ സിബിഐക്കുമുപരി.

ഡൽഹിയിലെ കൊടുംകുറ്റവാളി സത്യദേവിനെ അതിസാഹസികമായി പിടികൂടി കേരളത്തിലെത്തിച്ച കൊല്ലം റൂറൽ പോലീസ് ടീമും, കൂട്ടത്തായി കൊലപാതകങ്ങളിൽ മികച്ച അന്വേഷണപാടവം കാട്ടുന്ന കോഴിക്കോട് റൂറൽ പോലീസും പ്രത്യേക അഭിനന്ദനമർഹിക്കുന്നു. മികച്ച ടീം വർക്കാണ് ഈ അന്വേഷണങ്ങളിൽ നമുക്ക് കാണാൻ കഴിഞ്ഞത്.

കൊല്ലം റൂറൽ എസ്.പിഹരിശങ്കറിന്റെയും, കോഴിക്കോട് റൂറൽ എസ്.പി കെ ജി സൈമണിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ ഈ കേസുകളിലെ മുഴുവൻ കുറ്റവാളികളെയും പുറത്തുകൊണ്ടുവാരാനും അവർക്കു മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനും സഹായകരമാകുമെന്ന പ്രതീക്ഷ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുണ്ട്.

ഇതുപോലെത്തന്നെ ജനമനസ്സുകളിൽ നൊമ്പരമായി ജനങ്ങൾ ഇന്നും ഉറ്റുനോക്കുന്ന മറ്റു രണ്ടു പ്രധാന കേസുകളാണ് :-

(i) 20017 മാർച് 6 ന് കൊച്ചി യിൽനടന്ന സി എ വിദ്യാർത്ഥിനി 18 കാരിയായിരുന്ന “മിഷേൽ ഷാജി വർഗീസിന്റെ” ദുരൂഹ മരണം. വെല്ലിംഗ്ടൺ ഐലന്റിലെ വയലിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതൊരിക്കലും ഒരാത്മഹത്യയാണെന്ന് ആരും വിശ്വസിക്കുന്നില്ല.കൊലപാതകം തന്നെയാണെന്ന് മാതാപിതാക്കൾ വരെ അടിയുറച്ചുവിശ്വസിക്കുന്നു. അതിനിയും തെളിയിക്കപ്പെട്ടിട്ടില്ല ??

(ii) രണ്ടാമത്തേത് 2018 മാർച് 22 മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ 19 കാരിയായ കോളേജ് വിദ്യാർഥിനി എരുമേലി,മുക്കൂട്ടുതറയിലുള്ള “ജെസ്‌ന മരിയ ജെയിംസ്” നേപ്പറ്റിയും ഇന്നുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കേസിനാസ്പദമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പോലീസ് സമ്മാനം പ്രഖ്യാപിച്ചിട്ടുമുണ്ട്..

ഈ രണ്ടു കേസുകളിലും തുമ്പുണ്ടാകേണ്ടത് പൊലീസിന് വലിയ വെല്ലുവിളിയാണ്. നമ്മുടെ പോലീസ് സേനയിലെ കഴിവുതെളിയിച്ച ഉദ്യോഗസ്ഥരെക്കൊണ്ട് ഈ കേസുകൾ അന്വേഷിപ്പിക്കുകയും സത്യം ജനങ്ങൾക്കുമുന്നിൽ കൊണ്ടുവരുകയും ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണെല്ലാവരുമിപ്പോൾ… നമുക്ക് കാത്തിരിക്കാം.

×