നേരിനൊപ്പം – നിർഭയനായി – രവീഷ് കുമാർ. അഴിമതിക്കും അരാജകത്വത്തിനുമെതിരേ ഒരു തുറന്ന യുദ്ധമായി രവീഷിന്റെ ‘പ്രൈം ടൈം’ 

പ്രകാശ് നായര്‍ മേലില
Friday, August 2, 2019

പ്രസിദ്ധനായ മാദ്ധ്യമപ്രവർത്തകൻ രവീഷ് കുമാറിന് ഈ വർഷത്തെ ( 2019 ) മാഗ്‌സസെ പുരസ്ക്കാരം ലഭിച്ചിരിക്കുന്നു. വളരെ നിക്ഷ്പക്ഷമായും സത്യസന്ധമായും മാദ്ധ്യമപ്രവർത്തനം നടത്തുന്ന വിഖ്യാതമായ എന്‍ ഡി ടി വി (NDTV) ഹിന്ദി ചാനലിലെ ജനപ്രിയ മുഖമാണ് രവീഷ് കുമാർ.

രവീഷ്‌കുമാറിന്റെ മാദ്ധ്യമപ്രവർത്തനം ഉന്നതശ്രേണിയിൽപ്പെടുമെന്നും സത്യസന്ധവും നിക്ഷ്പക്ഷവും നീതിപൂർവ്വവും സർവ്വോപരി സാമൂഹ്യപ്രതിബദ്ധതയിലും ഊന്നിയതാണെന്ന് മാഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. രവീഷിനെക്കൂടാതെ മറ്റു നാലു പേർക്കുകൂടി ഇക്കൊല്ലത്തെ മാഗ്‌സാസെ പുരസ്ക്കാരം ലഭിക്കുകയുണ്ടായി. നിശ്ശബ്ദരായവരുടെ ശബ്ദമെന്നാണ് രവീഷിനെ മാഗ്‌സസെ അവാർഡ് കമ്മിറ്റി പ്രത്യേകം വിശേഷിപ്പിച്ചത്.

NDTV വളരെ സത്യസന്ധമായാണ് വാർത്തകൾ സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും നിക്ഷ്പക്ഷമായ ചാനൽ എന്നാണതറിയപ്പെടുന്നത്. രാഷ്ട്രീയ വിശകലനങ്ങൾ ഉൾപ്പെടെ അവർ നടത്തുന്ന ചർച്ചകൾ പലതും സാമൂഹ്യപുരോഗതിക്ക് ഊന്നൽ നൽകുന്നവയാണ്. രവീഷ് കുമാറിന്റെ “പ്രൈം ടൈം” പ്രോഗ്രാം അഴിമതിക്കും അരാജകത്വത്തിനുമെതിരേ ഒരു തുറന്ന യുദ്ധം തന്നെയാണ്.

കഴിഞ്ഞവർഷം NDTV ചാനൽ രണ്ടു ദിവസത്തേക്ക് അടച്ചിടാനുള്ള നരേന്ദ്രമോദി സർക്കാർ ഉത്തരവിനെതിരേ രവീഷ്‌കുമാർ പ്രൈം ടൈമിൽ നടത്തിയ രണ്ടു പ്രച്ഛന്നവേഷക്കാരുമായുള്ള ഇന്റർവ്യൂ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫലമോ സർക്കാരിന് നടപടിയിൽനിന്നു പിൻവാങ്ങേണ്ടി വന്നു.

സത്യസന്ധതയോടെ സാമൂഹ്യപ്രതിബദ്ധതയിലൂന്നി തികച്ചും നിക്ഷ്പക്ഷമായ മാദ്ധ്യമപ്രവർത്തനം നടത്തുന്നവർക്ക് ഉത്തമ മാതൃകയാണ് രവീഷ് കുമാർ. സംശയമില്ല.

 

 

×