മാണിസാർ ഒരു രാഷ്ട്രീയ നേതാവ്‌ മാത്രമായിരുന്നില്ല. അദേഹത്തിന്റെ ജീവിതം വരും തലമുറയ്ക്ക്‌ പഠന വിഷയമാക്കേണ്ട ഒരു തുറന്ന പുസ്തകമാണ്

ജെയിംസ് തെക്കേമുറി
Friday, April 12, 2019

സ്നേഹം കൊണ്ടും, കരുതൽ കൊണ്ടും ഒരു ജനതയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്‌o നേടിയ വ്യക്തിയാണ് കെ. എം. മാണി. കെ. എം. മാണിയെന്ന മാണിസാർ ഒരു രാഷ്ട്രീയ നേതാവ്‌ മാത്രമായിരുന്നില്ല. അദേഹത്തിന്റെ ജീവിതം വരും തലമുറയ്ക്ക്‌ പഠന വിഷയമാക്കേണ്ട ഒരു തുറന്ന പുസ്തകമാണ്.

പല വൻ വൃക്ഷങ്ങളെയും ബാലറ്റ്‌ എന്ന വജ്രായുധം കൊണ്ട്‌ ജനം മര്യാദ പഠിപ്പിച്ച ഇൻഡ്യാ മഹാരാജ്യത്ത്‌ ഒരു നിയോജക മണ്ഡലത്തെ രുപം കൊണ്ട അന്നു മുതൽ ഇന്ന് വരെ നീണ്ട അൻപത്തിയൊന്ന് വർഷം പ്രതി നിധീകരിക്കാൻ കഴിയുക എന്ന് പറഞ്ഞാൽ അതൊരു ലോക ചരിത്രം ആണ്.

മാണിസാറിന്റെ ജീവിതം പoന വിധേയമാക്കുമ്പോൾ എറ്റവും ആദ്യം നാം എത്തിച്ചേരേണ്ടത്‌, പ്രതി സന്ധികളിൽ അടിപതറാത്ത അദേഹത്തിന്റെ ആത്മധൈര്യം ആണ്. മാണിസാറിന്റെ ഭാഷയിൽ പറഞ്ഞാൽ വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരാളാ കോൺഗ്രസിന്റെ എല്ലാ പിളർപ്പുകളിലും പ്രധാന പങ്ക്‌ അദേഹത്തോടൊപ്പം ആയിരുന്നു.

എറ്റവും അവസാനമായി കഴിഞ്ഞ മാസം ഉണ്ടായ സീറ്റ്‌ വിഭജന തർക്കത്തിൽ പോലും പി. ജെ. ജോസഫിനെ വളരെ കലാപരമായി ഒതുക്കി താൻ ആഗ്രഹിച്ച വിധത്തിൽ സീറ്റ്‌ വിഭജനം നടത്തിയ ആ മാജിക്‌ അപാരം തന്നെ. രാഷ്ട്രീയ തന്ത്രങ്ങളുടെ കളിത്തോഴൻ ആയിരുന്നപ്പോഴും കർഷകരെയും ,കർഷക തൊഴിലാളികളെയും എന്നും തന്നോട്‌ അടുപ്പിച്ച്‌ നിർത്താൻ കെ. എം. മാണിക്ക്‌ കഴിഞ്ഞിരുന്നു. ഇതാകട്ടെ വെറും ചെപ്പടി വിദ്യകൾ കൊണ്ടല്ല മറിച്ച്‌ അവർക്ക്‌ അർഹതപ്പെട്ടത്‌ അർഹതപ്പെട്ട സമയത്ത്‌ നൽകികൊണ്ട്‌ തന്നെയാണ്.

കർഷകർക്ക്‌ പെൻഷൻ പ്രഖ്യാപിച്ച മാണിസാർ ക്യാൻസർ രോഗികൾക്കായി ലോട്ടറി വകുപ്പുമായി ചേർന്ന് ക്യാൻസർ ചികിൽസാ പദ്ധതി പ്രഖ്യാപിച്ചപ്പോൾ കേരള ചരിത്രത്തിൽ അതൊരു പുതിയ അദ്ധ്യായമാകുകയായിരുന്നു. റബ്ബറിന്റെ വിലയിടിവു കൊണ്ട്‌ നട്ടം തിരിയുന്ന കർഷകർക്ക്‌ ആശ്വാസമായി റബ്ബർ വില സ്ഥിരതാ ഫണ്ടും ,സബ്സിഡിയും നൽകിയ കെ. എം. മാണി ഒരു യഥാർത്ഥ കർഷക സ്നേഹിയായി മാറി.

ഇതൊക്കെയാണു കെ. എം. മാണിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കടന്നുപോകുന്ന വഴികളിലൊക്കെ പാതിരാത്രിയിലും സ്ത്രീകളും ,കുട്ടികളും ഉൾപ്പെടെയുള്ളവർ വാഹനം തടഞ്ഞ്‌ നിർത്തി പ്രിയ നേതാവിനെ അവസാനമായി ഒന്ന് കാണുവാൻ ശ്രമിച്ചതിന്റെ കാരണവും.

ആശയപരമായി എതിർക്കുമ്പോഴും വ്യക്തിബണ്ഡങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ എന്നും കെ. എം. മാണി ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് അദേഹവുമായി പലപ്പോഴും ശക്തമായി കലഹിച്ചിരുന്ന പി. സി. ജോർജ് ഒരിക്കൽ പറഞ്ഞത്‌ കെ. എം. മാണി നാളിതുവരെ എന്നെ ചീത്ത വിളിച്ചിട്ടില്ലായെന്ന്. ഇതാണ് കെ. എം. മാണിയുടെ വ്യക്തിത്വം.

ചിരിയെന്ന ആയുധം കൊണ്ട്‌ എത്‌ അസംതൃപ്തനെയും ,എതിരാളിയെയും കീഴടക്കാനുള്ള കഴിവായിരുന്നു മാണിസാറിന്റെ കൈ മുതൽ. രാഷ്ട്രീയ പ്രസംഗങ്ങളെ ജനം പുച്‌ഛിച്ച്‌ തള്ളുന്ന ഇക്കാലത്തും മാണിസാറിന്റെ ഒരോ പ്രസംഗങ്ങളും ഒരോ പുസ്തകങ്ങൾ ആയിരുന്നു. ബുദ്ധി ജീവികൾക്ക്‌ പോലും പoന വിഷയമാക്കാൻ തക്കവിധത്തിൽ ആഴത്തിലുള്ള ആശയങ്ങൾ അദേഹത്തിന്റെ പ്രസംഗങ്ങളിൽ ഉണ്ടായിരുന്നു.

അദേഹത്തിന്റെ അദ്ധ്വാന വർഗ്ഗ സിദ്ധാന്തം കമ്മ്യൂണിസ്റ്റ്‌ ചിന്തകർ പോലും ഇന്ന് ആഴത്തിൽ പഠിക്കാറുണ്ടെന്നുള്ളതാണ് സത്യം. എതായാലും കടന്നുപോയ ആ മഹാ നേതാവിന്റെ നഷ്ടം നികത്താൻ ഇനി ആർക്ക്‌ കഴിയും എന്നത്‌ ഒരു വലിയ ചോദ്യമാണ്. രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രിയ നേതാവേ അങ്ങയുടെ സ്മരണയ്ക്ക്‌ മുൻപിൽ ഞാൻ ശിരസ്സ്‌ നമിക്കുന്നു.

×