വിഘാതങ്ങൾക്കിടയിലും ഒരു സർഗ ജീവിതം

സമദ് കല്ലടിക്കോട്
Friday, July 12, 2019

സ്വന്തം ചുറ്റുപാടുകളിൽനിന്നും സാഹിത്യരചനയ്‌ക്കും സിനിമ പ്രവർത്തനങ്ങൾക്കും പ്രമേയം കണ്ടെത്തി സമകാലികതയോട് സംവദിക്കുന്ന ചെറുപ്പക്കാരനാണ് അജീഷ് മുണ്ടൂർ. കവിത, കഥ, നോവൽ, നാടകം, ഷോർട്ട് ഫിലിം തുടങ്ങി സർഗപരതയുടെ എല്ലാ മേഖലകളിലും അജീഷ് വ്യക്‌തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്നു.

സാമൂഹികപ്രസക്‌തി വിളംബരം ചെയ്യുന്നവയാണ് ഓരോ സൃഷ്ടിയും. അജീഷ് കൈവയ്ക്കാത്ത മേഖലകളില്ല. മുണ്ടൂര്‍ നാലുപുരയ്ക്കല്‍ തറവാട്ടിലെ കൃഷ്ണന്‍കുട്ടി-ഇന്ദിര ദമ്പതികളുടെ മകനാണ് അജീഷ്. കുട്ടിക്കാലം തൊട്ടേ കലയോടു ഇഷ്ടം കൂടിയിരുന്നു. മുണ്ടൂര്‍ ഹൈസ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അജീഷിന്‍റെ എഴുത്തിന്‍റെ ലോകത്തിലേക്കെത്തി. പിന്നീട് ആ തൂലികയില്‍ നിന്നും കഥയും കവിതകളും പാട്ടുകളും നാടക-ഫിലിം രചനകളും നിര്‍ലോഭം പിറന്നു. കവിതകളെയെല്ലാം ഒരുമിപ്പിച്ചു സമാഹാരവും ഇറക്കിയിട്ടുണ്ട്.

ഏഴു കവിതകളുടെ സമാഹാരമായ ജാലകകാഴ്ചകള്‍ ,കനൽ, എന്നീ കവിതാസമാഹാരങ്ങളും ശില്പവും ശില്പിയും ,നിഴലുകൾ കഥ പറയുമ്പോൾ കഥാസമാഹാരവും ‘മേലേ നീലാകാശം താഴെ മരുഭൂമി’ നോവലും അജീഷിനെ കൂടുതല്‍ ശ്രദ്ധേയനാക്കി. കവിത മാത്രമല്ല, ലോകകപ്പ് ഫുട്ബോള്‍ സമയത്ത് നാടന്‍പാട്ട് ശൈലിയില്‍ തയാറാക്കിയ ഹായ് ഫുട്ബോള്‍ എന്ന ആല്‍ബവും നമ്മടെ നാട് പാലക്കാട് മ്യൂസിക് ആല്‍ബവും നവമാധ്യമങ്ങളില്‍ കൂടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിനൊപ്പം ഗാനചിത്രീകരണവും സംവിധാനവും നിര്‍വഹിച്ചതും അജീഷ് തന്നെയാണ്.

പിന്നീട് 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘നൊമ്പരക്കാറ്റ്’ എന്ന ടെലിഫിലിം പുറത്തിറക്കി. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിര്‍വഹിച്ച അജീഷ് ഇതില്‍ നായകനായി അഭിനയിക്കുകയും ചെയ്തു. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കൂടാതെ നാല് നാടകങ്ങളും സംവിധാനം ചെയ്തു.

അജീഷ് ഒരുക്കിയ ചെയ്ത തെരുവുനാടകം ഒരുപാടു ആളുകളില്‍ അവബോധമുണ്ടാക്കി. നമ്മുടെ നാടിന്‍റ ആരോഗ്യമേഖലയുടെ രോദനങ്ങള്‍ പാടിക്കൊണ്ടുളള തെരുവ് നാടകം ഈ കലാകാരന്‍റെ പ്രതികരണമായിരുന്നു.

കത്തിയെരിഞ്ഞ ജീവിതം, ലോകവസാനം മാറ്റിവെച്ചു, അവസ്ഥാന്തരങ്ങള്‍, പ്രകാശം, പ്രതീക്ഷ, നീലക്കുന്ന്, ദൂരുഹത, നിളയുടെ രോദനം ഇവയാണ് പ്രധാന ചെറുകഥകള്‍. ഇക്കൂട്ടത്തില്‍ നിളയുടെ രോദനത്തിന് 2015-ലെ പുനര്‍ജനി അവാര്‍ഡ് ലഭിച്ചു. കപടലോകം, ഭൂമിയുടെ രോദനം, അമ്മ, ഓര്‍മയിലെ പ്രണയം, മരണമുഖം, നീലക്കടല്‍, അമ്മമനസ് എന്നിവ പ്രധാന കവിതകളാണ്.

സിനിമയാണ് ഈ യുവാവിന്റെ എന്നത്തേയും സ്വപ്നം. ഇതിനുള്ള അണിയറ പ്രവർത്തനങ്ങളിലാണ്. പരിമിതികൾ ഏറെയുള്ളപ്പോഴും കലയുടെ വീണ്ടെടുപ്പിനു സമർപ്പിക്കപ്പെട്ട മനസ്സാണ് ഈ ചെറുപ്പക്കാരന്റേത്. പ്രകൃതിയോട്, പരിസ്ഥിതിയോട് കടപ്പെട്ടാണ് ഈ യുവാവിന്റെ സർഗ പ്രവർത്തനങ്ങൾ. പ്രകൃതിയുടെ താളവും സ്പന്ദനങ്ങളും ഉൾക്കാമ്പിലേറ്റുന്നവയാണ് മിക്ക രചനകളും.

×