മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ശുകപുരം ഒരു തായമ്പക ഗ്രാമമാണ്. എല്ലാ ദിവസവും തായമ്പക നടക്കുന്ന പ്രശസ്‌തമായ കുളങ്ങര ഭഗവതി ക്ഷേത്രവും ദക്ഷിണാമൂര്‍ത്തി ക്ഷേത്രവും ഉള്‍പ്പെടുന്ന സ്ഥലം എന്ന നിലയിലും തായമ്പകക്കാ രെക്കൊണ്ട് സമ്പന്നം എന്ന നിലയിലും ശുകപുരം പ്രസക്തവും പ്രസിദ്ധവുമാണ്.
വാദ്യകലാകാരന്മാര്‍ അവരുടെ പേരിനൊപ്പം ദേശത്തെ വഹിക്കുക കൂടി മാത്രമല്ല, ഒരു ദേശം ഒരാളാവുന്ന വിധം കൂടിയാണ്. കൊട്ടുകാര്‍ അവരുടെ പേരിനെതന്നെ അപ്രധാനമാക്കിക്കൊണ്ട് സ്ഥലനാമത്താല്‍ ഖ്യാതിപ്പെടുന്നു. തൃത്താലയും മലമക്കാ വും പല്ലശ്ശനയും പല്ലാവൂരും ആലിപ്പറമ്പും പൂക്കാട്ടിരിയും വെറും ശാലീന ഗ്രാമ ങ്ങള്‍ മാത്രമല്ല, അവ മഹിമയുള്ളതാകുന്നത് കലാകുലപതികളുടെ ജന്മസ്ഥലികള്‍ എന്ന നിലയ്‌ക്കുമാണ്.
ശുകപുരം എന്ന ഗ്രാമത്തിന്റെയും ആ പേരില്‍ പ്രസിദ്ധനായ ശുകപുരം രാധാകൃഷ്‌ണന്റെയും ജന്മവും കര്‍മ്മവും ഇതുപോലെ ഭിന്നമല്ല. തായമ്പ ക രംഗത്ത് സ്വന്തമായ ശൈലി തുടരുന്ന ശുകപുരം രാധാകൃഷ്‌ണന്‍ ഒരദ്‌ഭുതമാണ്.
തായമ്പകയുടെ കുലീന ശൈലി രൂപപ്പെട്ട മലമക്കാവില്‍നിന്ന് അഞ്ചുനാഴിക ദൂരമേയുള്ളു ശുകപുരത്തേക്ക്. കൊട്ടിലെ ഘന ശബ്ദം ഈ ഗ്രാമത്തിന് പകരം വെ ക്കാനില്ലാത്ത ഒന്നാണ്. വ്യത്യസ്‌ത കൊട്ടറിവുകളുള്ള ഇവിടെ ചുറ്റുവിളക്കിന്റെ പശ്ചാത്തലത്തില്‍ ദിവസവും സന്ധ്യക്ക് തായമ്പകയുണ്ട്.
കലാപൈതൃകം ഉരുവപ്പെടുത്തിയ ദേശം. കലോപാസകരുടെ ഈയൊരു പൈതൃക തുടര്‍ച്ച ശുകപുരത്തിന്റെ കൊട്ടില്‍ ലയിച്ചു കിടപ്പുണ്ട്. കാലമെത്ര കഴിഞ്ഞാലും ഓര്‍മയില്‍ തുടി കൊട്ടുന്ന താളവിരുന്ന്. ആസ്വാദകര്‍ക്കിടയില്‍ ശുകപുരം രാധാകൃഷ്‌ണനുള്ള സ്ഥാനം വലു തും മഹത്വമുള്ളതുമാണ്.
വ്യത്യസ്‌ത ആസ്വാദന ശീലമുള്ളവരെ പോലും തൃപ്‌തി പ്പെടുത്താനുള്ള അപാരമായ വഴികള്‍ ശുകപുരത്തിന്റെ മേളപ്പെരുക്കത്തിലുണ്ട്. തായമ്പകയുടെ തനിമയും ശബ്ദശ്രുതിയിലുമായി വേദികളില്‍നിന്നും വേദികളിലേ ക്ക് പോകുന്ന ഈ വാദ്യക്കാരന്‍ ജനങ്ങള്‍ക്കും പ്രിയന്‍.
കൊട്ടിന്റെ തുടക്കം
അച്ഛന്‍ രാഘവപ്പണിക്കരുടെ ശിക്ഷണത്തില്‍ പത്താം വയസ്സിലാണ് ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചത്. വാദ്യകലയുടെ നാനാ വശങ്ങള്‍ സംലയിച്ച കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കൊട്ടുപഠനത്തില്‍ കൊട്ടുകാരനായ അച്ഛന്‍ തന്നെ ഗുരുനാഥന്‍. പോരൂര്‍ ശങ്കുണ്ണി മാരാരായിരുന്നു രാഘവപ്പണിക്കരുടെ ഗുരുനാഥന്‍. ഈ ഗുരുപരമ്പരയുടെ പകര്‍ച്ചയാണ് ശുകപുരത്തിനു കിട്ടിയ സൗഭാഗ്യം.
അച്ഛന്റെ നിശിത ശിക്ഷണവും കലാകാരന്‍ എന്ന നിലയ്‌ക്ക് കിട്ടിയ വാത്സല്യവും വാദ്യവുമായി ഉത്സവസ്ഥലങ്ങളിലേക്ക് പോക്ക് പതിവാക്കി. അങ്ങനെ പഴമയുടെ സ്വത്വശുദ്ധിയില്‍ അധിഷ്‌ഠിതമായി തായമ്പകയെ കാലികമായി ആഖ്യാനിക്കാന്‍ കഴിഞ്ഞു.
തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ കാര്‍ഷിക പഠനത്തിനുശേഷം 1980ല്‍ മഞ്ചേരി ഭൂപണയ ബാങ്കിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അവിടെ വാദ്യവിശാരദരായ കലാമണ്ഡലം ബലരാമന്‍, മഞ്ചേരി ഹരി എന്നിവര്‍ക്കൊപ്പമായിരുന്നു സഹവാസം. ധാരാളം കൊട്ടണം. കലയെ തൊട്ടറിയണം. ഇത് മാത്രമായിരുന്നു മഞ്ചേരിയില്‍ കഴിഞ്ഞ കാലത്തെ അദമ്യമായ ആഗ്രഹം.
മഞ്ചേരിയിലെ ദിനങ്ങള്‍ ഔദ്യോഗിക ജീവിതത്തിന്റെ മധുരസ്‌മരണകളായി നില്‍ക്കുന്നു. മഞ്ചേരിയിലെ ഔദ്യോഗിക കാലഘ ട്ടം വാദ്യകലയില്‍ പില്‍ക്കാലത്ത് തിളക്കം ലഭിക്കാന്‍ സൗകര്യമൊരുക്കി.ഓരോ ദിവ സവും പുതിയ കാര്യങ്ങള്‍ പഠിച്ചിരുന്നു. അധ്വാനം മുറ്റിയ അഭ്യാസകാലമായിരുന്നു അത്. എന്തിനും പാകപ്പെട്ട മനസ്സ്. പുതിയ അവതരണ രീതികള്‍ പുതിയ സന്ദര്‍ഭ ങ്ങള്‍ കണ്ടെടുത്തു.
തായമ്പകക്ക് ചെന്നെത്താന്‍ കഴിയുന്ന മേഖലകളുടെ അനന്ത സാധ്യതകള്‍ അങ്ങനെ തുറന്നുവന്നു. പ്രൗഢമായ താളഗാംഭീര്യവും സാധകമിക വും മനോധര്‍മ്മങ്ങളിലെ കാല പ്രമാണവും ഉപരി തെളിഞ്ഞ ഇടം കൈ നാദശുദ്ധി യും തായമ്പക വാദനത്തില്‍ മൗലിക പ്രതിഭ എന്ന വിശേഷണത്തിന് അര്‍ഹത നേടി.
നാദോപാസന
ഗുരു ഭക്തിയും ജനപ്രീതിയും ഉള്ളത്‌പോലെ തന്നെ ശിഷ്യര്‍ക്കെല്ലാം പ്രിയ പ്പെട്ട ഗുരുനാഥന്‍. കോങ്ങാട്-ടിപ്പുസുല്‍ത്താന്‍ റോഡില്‍ ചെറായ എന്ന സ്ഥലത്ത് താമസിക്കുന്നു. കലോത്സവ വേദികളിലും ചാനല്‍ ഷോകളിലും തിളങ്ങിനില്‍ക്കു ന്നവരില്‍ പലരും ശിഷ്യരാണ്. ലാഘവത്വത്തോടെ കലാവിദ്യകളെ സമീപിക്കുന്നവ രല്ല ശുകപുരത്തിന്റെ ശിഷ്യര്‍. പഠിതാവിന്റെ അഭിനിവേശമാണ് മുഖ്യം.
സാമ്പത്തികത്തിലൂന്നിയ പരിശീലനമില്ല. ഏതെങ്കിലും വിധത്തില്‍ തീര്‍ത്തുകൊടുക്കുന്ന സമ്പ്ര ദായവുമില്ല. തായമ്പകയുടെ പഠനഗവേഷണ പാതയില്‍ മൗലികമായിട്ടെന്തെങ്കിലും താല്‍പര്യം ഉള്ളവര്‍ക്കാണ് പ്രവേശനം. പല ചിട്ടകളിലൂടെ വളര്‍ന്ന് ലോകമാകമാനം പ്രചരിച്ച് ജനസമ്മതി നേടിയ കലാരൂപമാണിത്. ഇതൊരു കേവല വിനോദമോ ഉല്ലാസമോ അല്ല.
സ്‌നേഹവും വിനയവും ശുകപുരത്തിന്റെ അടയാളമായി കാണാം. സൗഹൃദ ങ്ങള്‍ക്കുമുമ്പില്‍ ജാതിയും മതവും രാഷ്‌ട്രീയവും ഒന്നും തടസ്സമല്ല. മനുഷ്യ സാഹോദര്യമാണ് മതങ്ങളുടെ അന്തസ്സാരമെന്ന് കരുതുന്ന ഒരാള്‍. ഇഫ്‌താര്‍-ഈദ് സൗഹൃദ സദസ്സുകളില്‍ സ്ഥിരം ക്ഷണിതാവ്.
ക്ഷേത്ര വാദ്യങ്ങളെയും വാദ്യകലാ സംഘാടകരെയും അണിനിരത്തി വാദ്യ കൈരളിയും പഞ്ചമഹാ തായമ്പകയും ശുകപുരത്തിന്റെ പ്രതിഭയുടെ താളപ്പെരുക്ക മാണ്.
ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സൂര്യകാലടി ഭട്ടതിരിപ്പാട്, മഹാകവി അക്കിത്തം തുടങ്ങിയവരില്‍നിന്ന് കീര്‍ത്തി നേടിയിട്ടുണ്ട്. മൂക്കുതല കലാ ക്ഷേത്രത്തില്‍നിന്ന് സുവര്‍ണമുദ്രയും മറ്റനേകം പുരസ്‌കാരങ്ങളും ശുകപുരത്തെ തേടിയെത്തി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കും കല്ലൂര്‍ രാമന്‍കുട്ടിക്കും ഒപ്പം കൊട്ടിയെന്നു മാത്രമല്ല, കൊയ്‌ത്തരിവാള്‍ കൈയിലെടുത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൊയ്‌ത്തുത്സവത്തിനും ഇറങ്ങി.
മട്ടന്നൂരിനും ശുകപുരത്തിനും രണ്ടു ശൈലികളായിരുന്നിട്ടും ആസ്വാദന തല ത്തില്‍ ഏകോപനമുണ്ടാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. തന്നിലുള്ളതിനെക്കുറി ച്ചും തന്നേക്കാള്‍ മറ്റെയാള്‍ക്കുള്ള വൈദഗ്‌ധ്യത്തെക്കുറിച്ചും രണ്ടുപേരും ബോധവാ ന്മാരാണ്. ശാന്ത ഗാംഭീര്യത്തിന്റെ പര്യായമാണ് മട്ടന്നൂരും ശുകപുരവും. വേഷത്തി ലും ആകാരത്തിലും സമാനത. തായമ്പക എന്ന വാദ്യകലയെ ഔന്നത്യത്തിലെത്തി ക്കുന്നതില്‍ സമന്വയിച്ചുള്ള കര്‍മങ്ങള്‍ ഇരുവരും മുടക്കമില്ലാതെ ചെയ്‌തുപോരുന്നു.
പുതുതലമുറ, മട്ടന്നൂരിന്റെയും കല്ലൂരിന്റെയും തായമ്പകവഴികള്‍ക്കു പകര്‍പ്പെ ഴുത്തു നടത്തുന്ന കാലഘട്ടത്തില്‍ മൗലികത നഷ്ടപ്പെടാത്ത വിശിഷ്ടമായ വാദനമിക വില്‍ തായമ്പക പഠനാത്‌മകമാക്കുന്നതിന് ശുകപുരത്തിനു കഴിയുന്നു. കൈ ശബ്ദ ത്തിന്റെ ചായ്‌പ്പും പൊത്തു കൈയും, പ്രയോഗിക്കുന്നതിലുപരി ധിംകാരവും, നകാര വും തെളിയിച്ചു കൊട്ടുന്നതിനാണ് എണ്ണപ്പെരുക്കങ്ങള്‍ സ്‌ഫുടമാക്കുന്നതിന് വഴി യൊരുക്കുക.
അതുകൊണ്ടുതന്നെ കോല്‍നാദവും, കൈശബ്ദവും ഇഴപിരിക്കാനാവാ ത്ത മനോധര്‍മ്മങ്ങളില്‍ ഈ തായമ്പക വിദ്വാന്‍ അദിദ്വീയതയിലെത്തുന്നു.
ഔദ്യോഗിക കാലയളവിലും തായമ്പക അരങ്ങുകള്‍ തീര്‍ക്കുന്നതിന് യശഃ ശരീരരായ പത്‌മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍, തൃക്കാമ്പുറം കൃഷ്‌ണന്‍കുട്ടിമാ രാര്‍, എടപ്പാള്‍ അപ്പുണ്ണി തുടങ്ങിയവരില്‍നിന്നും നിര്‍ലോഭമായ സഹകരണങ്ങള്‍ ലഭിച്ചിരുന്നുവെന്ന്, ശുകപുരം രാധാകൃഷ്‌ണന്‍ ഓര്‍മ്മിക്കുന്നു.
സേവപറച്ചിലിന്റേയോ സ്‌തുതി പാഠകത്വത്തിന്റേയോ, ആധിപത്യം, തായമ്പക അരങ്ങുകള്‍ പാര്‍ശ്വവത്‌കൃതമാക്കിയിട്ടുണ്ടെന്ന് അരങ്ങുകളിലെ സ്ഥിര സാന്നിദ്ധ്യ ങ്ങള്‍ തെളിയിക്കുന്നു.
അച്ഛന്‍ രാഘവപണിക്കര്‍ക്കുപുറമെ, നീട്ടിയത്ത് ഗോവിന്ദന്‍ നായര്‍, കരിക്കാട്ട് അപ്പുമാരാര്‍, മലമക്കാവ് ഗോപിമാരാര്‍, തുടങ്ങിയവരില്‍നിന്നും കൂടുതല്‍ പഠനമികവു നേടാനായതും വെള്ളിത്തിരുത്തി കുട്ടികൃഷ്‌ണന്‍നായര്‍, പുലാപ്പറ്റ രാമമാരാര്‍ എന്നിവരില്‍നിന്നും ഹ്രസ്വകാല തിമില പഠനവും ശുകപുരത്തി ന്റെ വാദ്യോപാസനയില്‍ തെളിയുന്ന ചിത്രങ്ങളാണ്.
2007 മുതല്‍ സേവനാന്ത്യം വരെ ചെര്‍പ്പുളശ്ശേരി കൃഷി ഓഫീസര്‍ എന്ന നില യിലും, വാദ്യ വിദഗ്‌ദ്ധന്‍ എന്ന നിലയിലും സേവന മേഖലയില്‍ പ്രശസ്‌തമായി.