പ്രവാസി മലയാളികളുടെ ഭവന സങ്കല്‍പ്പങ്ങളുടെ നേര്‍ക്കാഴ്ചയായി സ്വിസ് മലയാളികളായ ജയിംസ് – റീന ദമ്പതികളുടെ വെള്ളയണിഞ്ഞ മനോഹര വീട്

Monday, March 5, 2018

വെള്ള നിറത്തിലുള്ള വീടുകള്‍ മലയാളികളുടെ ഭവന സങ്കല്‍പ്പങ്ങളുടെ നേര്‍ക്കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തില്‍ വെള്ളയണിഞ്ഞ മനോഹരമായ ഒരു ഭവനമാണ് സ്വിസ് മലയാളികളായ ജെയിംസ് തെക്കേമുറിയും ഭാര്യ റീനയും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആനക്കല്ല് മഞ്ഞപ്പള്ളിയില്‍ പണി തീര്‍ത്തിരിക്കുന്നത്.

ഉയര്‍ന്ന പ്രദേശത്തിന്‍റെ തലയെടുപ്പ് 

തറവാട് വീടിനോട് ചേര്‍ന്ന് 22 സെന്റ്‌ സ്ഥലത്ത് 2900 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ കന്റെംപ്രറി ശൈലിയില്‍ ആണ് വീട് പണി തീര്‍ത്തിരിക്കുന്നത്.

ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ്. അല്പം ഉയര്‍ന്ന സ്ഥലത്ത് കിഴക്ക് ദര്‍ശനമായി പണിതിരിക്കുന്ന വീടിന്റെ തെക്ക് വശത്ത് കൂടിയും കിഴക്ക് വശത്ത് കൂടിയും റോഡുകളാണ്.

പരിസരം തന്നെ പ്രകൃതിയില്‍ അലിഞ്ഞ്

തെക്ക് കിഴക്കേ മൂലയില്‍ കൂടി റോഡ്‌ മാര്‍ഗ്ഗവും കിഴക്ക് വശത്ത് കൂടി നടപ്പ് വഴിയും നിര്‍മ്മിച്ചിരിക്കുന്നു. വിശാലമായ മുറ്റം നാച്ചുറല്‍ സ്റ്റോണ്‍ പാകിയും പ്രകൃതിദത്തമായ ഉരുളന്‍ കല്ലുകളും നിരത്തിയിരിക്കുന്നു.

വിശാലമായ മുറ്റത്തിന് ചുറ്റും പ്രവേശന കവാടവും പച്ച കൊറിയന്‍ ഗ്രാസ് പിടിപ്പിച്ചും പാമുകള്‍ നട്ടും മനോഹരമാക്കിയിട്ടുണ്ട്.

വെണ്മ നിറഞ്ഞ വിശാലമായ ലിവിംഗ്

മനോഹരമായ വരാന്തയിലൂടെ ഉള്ളിലേക്ക് കടന്നാല്‍ ഈട്ടി തടിയില്‍ കടഞ്ഞെടുത്തിരിക്കുന്ന വിശുദ്ധ രൂപങ്ങള്‍ മനോഹരമായി പ്രതിഷ്ടിച്ചിരിക്കുന്ന വെള്ള നിറത്തിലുള്ള മനോഹരവും വിശാലവുമായ ഹാളാണ് ഈ വീടിന്റെ ഏറ്റവും വലിയ ആകര്‍ഷണത.

ഇവിടെ ഫോര്‍മല്‍ ലിവിങ്ങും ഫാമിലി ലിവിങ്ങും കിട്ടാന്‍ രൂഫ് പര്‍ഗോളയും ഈ ഹാളിലുണ്ട്.

ഏറ്റവും സ്വകാര്യതയോടെ ക്രമീകരിച്ചിരിക്കുന്ന ഡൈനിംഗ് ഹാളും വാഷ് കൌണ്ടറും വലിയ ആകര്‍ഷണം തന്നെയാണ്. ലളിതമായ നാല് കിടപ്പുമുറികള്‍ അറ്റാച്ച്ഡ്‌ ബാത്ത്റൂം നല്‍കിയിട്ടുണ്ട്.

ചൂട് ക്രമീകരിക്കാന്‍ ഫ്ലാറ്റ് റൂഫ് പാര്‍ത്ത് ട്രസ്സ് വര്‍ക്ക്

ആധുനിക സൌകര്യങ്ങളോടെ മോഡുലാര്‍ കിച്ചനും സെക്കന്റ് കിച്ചനും ഈ വീടിന്റെ ഉള്ളിലുണ്ട്. വീടിനുള്ളിലെ ചൂട് ക്രമീകരിക്കാന്‍ ഫ്ലാറ്റ് റൂഫ് പാര്‍ത്ത് ട്രസ്സ് വര്‍ക്ക് ചെയ്ത് സിറാമിക് റൂഫ്‌ ടൈല്‍ ഇട്ടിരിക്കുന്നു.

സെക്കന്റ് കിച്ചണില്‍ നിന്ന് റൂഫിലേക്ക് സ്റ്റെയര്‍ കെയ്സ് നല്‍കിയും സ്റ്റെയര്‍ കെയ്സിനടിയില്‍ സ്റ്റോര്‍ റൂം ക്രമീകരിച്ചും ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു.

കോമണ്‍ ഏരിയകളില്‍ കാത്സ്യം സിലിക്കേറ്റ് ബോര്‍ഡിന്‍റെ സീലിംഗ് നല്‍കി എല്‍ ഇ ഡി ബള്‍ബ് ഇട്ടിരിക്കുന്നത് വെള്ള നിറത്തിന് ഇരട്ടി ഭംഗി നല്‍കുന്നു.

വെളിച്ചവിതാന൦ ഉറപ്പാക്കി ജനലുകള്‍

ജനലുകള്‍ എല്ലാം മിനിമല്‍ ഫര്‍ണിഷിംഗ് കണ്‍സ്പ്റ്റ് ആന്റ് ബ്ലെന്‍ഡഡ് കര്‍ട്ടന്‍ നല്‍കി കൂടുതല്‍ സ്ഥലസൌകര്യവും  വെളിച്ചവിതാനവും ഉറപ്പാക്കിയിരിക്കുന്നു.

ജയിംസിന്റെയും റീനയുടെയും ഭവന സങ്കല്‍പ്പങ്ങളും എന്‍ജിനീയര്‍ ശ്രീകാന്ത് പങ്കപ്പാട്ടിന്റെ ഭാവനയും കോണ്‍ട്രാക്ടര്‍ സിജോ മാത്യുവിന്‍റെ നിര്‍മ്മാണ വൈദഗ്ധ്യവും ഒത്തു ചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു ഭവനം പൂര്‍ത്തിയായി എന്ന് നിസംശയം പറയാം.

×