Advertisment

പാപ്പാ ദർശനം - ഒരു യാത്രാക്കുറിപ്പ്

author-image
ജോയ് ഡാനിയേല്‍, ദുബായ്
Updated On
New Update

ലോകത്തെ ഏറ്റവും ചെറിയ രാജ്യത്തിൻറെ ഭരണാധികാരി, ലക്ഷക്കണക്കിന് ആൾക്കാരെ ആശീർവദിച്ച് അതാ കൺമുന്നിലൂടെ ഒഴുകി നീങ്ങുന്നു!

Advertisment

അതൊരനുഭവമായിരുന്നു. കൺമുന്നിൽ പപ്പാ മൊബൈലിലൂടെ വൻ ജനാവലിയെ പുഞ്ചിരിയോടെ ആശീർവദിച്ച് മാർപ്പാപ്പ കടന്നുപോകുന്ന കാഴ്ച! യൂ. എ. ഇ. യുടെ തലസ്ഥാനമായ അബുദാബിയിൽ വൻ ജനാവലിയുടെ കടലിരമ്പലും, ഹർഷാരവവും നിറഞ്ഞ ദിനം. രണ്ടുലക്ഷത്തോളം കണ്ണുകൾ ബൈബിളിലെ പത്ത് കന്യകമാരുടെ ഉപമയിലെ മണവാളനെ കാത്തിരിക്കുന്നവരെപ്പോലെ ഞാൻ കണ്ട മുഹൂർത്തം!

publive-image

യൂറോപ്പിൽ ആർക്കും വേണ്ടാത്ത നമ്പർ ആണ് പതിമൂന്ന്. എന്നാൽ രണ്ടായിരത്തി പതിമൂന്ന് മാർച്ച് പതിമൂന്നാം തീയതി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നും വെളുത്ത പുക ഉയർന്നപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും തടിച്ചുകൂടിയ നൂറുകണക്കിന് ക്ഷണിക്കപ്പെട്ട മധ്യപ്പട ആ വാർത്ത ലോകത്തോട് വിളിച്ച് പറഞ്ഞു.

അർജന്റീനയിലെ ബ്യുണേഴ്‌സ് അയേഴ്‌സിലെ കർദ്ദിനാളായ ജോർജ്ജ് മരിയോ ബർഗോളിയോ ഇതാ ബെനഡിക്ട് പതിനാറാം മാർപ്പാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! ഇരുപത്തിയൊന്നാം വയസ്സിൽ കഠിനമായ ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പകുതി മുറിച്ചുമാറ്റപെട്ട മനുഷ്യൻ. ലോകത്തെ നൂറ്റി മുപ്പത് കോടിയോളം കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ നേതാവായി തെരഞ്ഞെടുക്കപ്പെടുക എന്ന ദൗത്യത്തിനായി ദൈവം കാത്തുവച്ച മനുഷ്യൻ.

2019 യു. എ. ഇ. സഹിഷ്‌ണുതയുടെ വർഷമായി ആചരിക്കുക്കുകയാണ്. അതിൻറെ ഭാഗമായാണ് ഒരു മുസ്‌ലിം രാജ്യമായ ഇവിടെ മാർപ്പാപ്പയ്ക്ക് രാജകീയ വരവേൽപ്പ് നൽകപ്പെടുകയും അറേബിയൻ പെനിൻസുലയിൽ ആദ്യമായി പോപ്പ് നയിക്കുന്ന കുർബാന നടത്തപെട്ടതും. രാജ്യത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരും വിവിധ മുതിർന്ന സർക്കാർ ജീവനക്കാരും അതിൽ ആദ്യാവസാനം പങ്കെടുക്കുകയും ചെയ്‌തു. അങ്ങനെ സഹിഷ്‌ണുതയുടെയും, സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുകയായിരുന്നു 2019 ഫെബ്രുവരി അഞ്ചാം തീയതി.

ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു ആ യാത്ര. ഭാഗ്യവും. അതുകൊണ്ട് തന്നെയാണ് ഈ യാത്രക്കുറിപ്പ് എഴുതാൻ തുനിഞ്ഞതും.

കുർബ്ബാന നടക്കുന്ന സ്റ്റേഡിയത്തിനകത്തെ നാൽപതിനായിരം ആൾക്കാരിൽ ഒരുവനായിത്തീരുവാൻ അവസരം കിട്ടിയില്ലെങ്കിലും പുറത്ത് നിന്നുകാണുവാനുള്ള ടിക്കറ്റ് സന്തോഷത്തോടെ വാങ്ങി. കാരണം മറ്റൊന്നുമല്ല, 1986- ജോൺപോൾ മാർപാപ്പ ഇന്ത്യയിൽ വന്നപ്പോൾ അയൽപക്കത്തുള്ള വീട്ടിലെ കളർ ടി. വി-യിൽ മണിക്കൂറുകളോളം കണ്ണും നട്ടിരുന്ന ഓർമ്മ മനസ്സിലേക്ക് കുതിച്ചുചാടിവന്നതാണ്.

ഫെബ്രുവരി നാലാം തീയതി രാത്രി. ദുബായിലെ ഖിസൈസ് പോണ്ട് പാർക്കായിരുന്നു യാത്രയുടെ പോയിന്റ്. അതുപോലെ പല പോയിന്റുകൾ ദുബായിലും മറ്റ് എമിറേറ്റുകളിലും ഉണ്ട്. തിരക്ക് ഒഴിവാക്കാനായി നേരത്തെ തന്നെ എത്തിച്ചേർന്നു.

യാത്ര തുടങ്ങും മുമ്പ് എയർപോർട്ടിലെ സെക്യൂരിറ്റി ചെക്കിങ്ങിനെപ്പോലെ ഒരു സോഫ്റ്റ് ചെക്കിങ്ങ് ഉണ്ടായിരുന്നു. കയ്യിലുള്ള വാട്ടർ ബോട്ടിൽ ഒക്കെ ഉപേക്ഷിച്ചിട്ട് വേണം ചെക്കിങ്ങ് പോയിന്റിൽ എത്താൻ. ചെക്കിങ്ങ് കഴിഞ്ഞ് ബസ്സിലേക്ക് കയറും മുമ്പ് വോളണ്ടിയേഴ്‌സ് ഒരു ബോട്ടിൽ വെള്ളം കയ്യിലേക്ക് തന്നു.

ഞങ്ങളുടെ ബസ്സ് നിറഞ്ഞു, ഉടനെ വണ്ടിയെടുത്തു. അപ്പോൾ സമയം രാത്രി പന്ത്രണ്ട് മണി. നിദ്രാകടാക്ഷമേറ്റ് കിടക്കയിൽ സുഖമായി ഉറങ്ങേണ്ട നേരം ദുബായ് നഗരത്തിന്റെ ഹൃദയവീഥികളിലൂടെ ബസ്സ് അതിവേഗം അബുദാബിയിലേക്ക്. ഞങ്ങൾ സഞ്ചരിക്കുന്ന എമിറേറ്റ്സ് ട്രാൻസ്പോർട്ടിന്റെ മഞ്ഞ നിറമുള്ള സ്‌കൂൾ ബസ്സിന് മുൻപിലും പിന്നിലും അതേ ലക്ഷ്യസ്ഥാനം നോക്കി മഞ്ഞവണ്ടികൾ ഒഴുകുന്നു. നേരത്തെതന്നെ വണ്ടിയിൽ കയറിയത് നന്നായി. കാരണം മൂന്ന് മണിക്ക് അവസാന ബസ്സ് പോകുമ്പോൾ അതിഭയങ്കരമായ തിരക്കായിരുന്നു എന്ന് പിന്നീടറിഞ്ഞു.

അഞ്ചാം തീയതി രാവിലെ മൂന്നു മണി.

അലസമായ നിദ്രയിൽനിന്നും ഉണർത്തിയത് വണ്ടിയുടെ ഒരു കുലുക്കമായിരുന്നു. അബുദാബിയിൽ എത്തിചേർന്നിരിക്കുന്നു. അന്ധകാരത്തെ കീറിമുറിച്ച് ഞങ്ങളുടെ ബസ്സ് കൂറ്റൻ മതിൽ കടന്ന് സായിദ് സ്‌പോർട് സിറ്റിയിലേക്ക് കയറി. അവിടെ കായിക നഗരം വെള്ളിപ്രഭയോടെ തിളങ്ങി നിൽക്കുന്ന കാഴ്ച്ച. വണ്ടി 'ഖിസൈസ് പോണ്ട് പാർക്ക്' എന്നെഴുതിയ പച്ചക്കൊടി നാട്ടിയിരിക്കുന്ന സ്ഥലത്ത് നിർത്തി.

യാത്രയിൽ ഉടനീളം ഒരു തട്ടോ തടസ്സമോ ഇല്ലാതെയാണ് വണ്ടി അവിടെ എത്തിയത്. വണ്ടി നിർത്തിയതും ചുവന്ന പ്രകാശമുള്ള ബാറ്റൺ പിടിച്ച് ഒന്ന് രണ്ട് വാളണ്ടിയേഴ്‌സ് ഓടിവന്ന് ഇറങ്ങുന്ന ഓരോരുത്തർക്കും കൃത്യമായി നിർദ്ദേശം അവർ നൽകിക്കൊണ്ടിരുന്നു. അവർ കാണിച്ച ഭാഗത്തേക്ക് ഞങ്ങൾ നടന്നു.

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് പറന്നടുക്കുന്ന ഇയ്യാംപാറ്റകളെപോലെ ജനസമുദ്രം മുന്നോട്ട് ഒഴുകുകയാണ്. കൂടുതൽ ആൾക്കാരും 'പോപ്പ് ഫ്രാൻസിസ്' എന്നെഴുതിയ വെളുത്ത ടീഷർട്ടും തൊപ്പിയും ധരിച്ചിരിക്കുന്നു. ഇരുളിൽ അവർ മിന്നാമിനുങ്ങുകളെപ്പോലെ ശോഭിച്ചുക്കുന്നുണ്ട്.

മുന്നോട്ട് ഇത്തിരി നടന്നപ്പോൾ നൂറുകണക്കിന് ആൾക്കാർ വിശ്രമിക്കുന്നു. ചിലർ കൂട്ടം കൂടി നിൽക്കുന്നു. ചിലർ കുശലം പറയുന്നു. അപ്പോൾ വളണ്ടിയേഴ്ഷിന്റെ ശബ്‌ദം ഉയർന്നു. ഞാൻ ചെവി വട്ടം പിടിച്ചു. ടോയ്‌ലെറ്റ് ഫെസിലിറ്റി വേണ്ടവർക്ക് വഴി കാട്ടുകയാണ് അവർ. എനിക്ക് കയറേണ്ട 'ബി' ഗേറ്റ് അഞ്ച് മണിക്ക് മാത്രമേ തുറക്കൂ. മാർപ്പാപ്പ പത്ത് മുപ്പത്തിനാണ് എത്തുന്നത്. അതിനാൽ ഫ്രഷ് ആയി വരാം, ഞാൻ കരുതി. ഞാനും സുഹൃത്ത് ജോസ് ജേക്കബും ടോയ്‌ലെറ്റ് ലക്ഷ്യമാക്കി നടന്നു.

മുന്നിൽ പോർട്ടബിൾ ക്യാബിനുകൾ നിരനിരയായി കിടക്കുന്നു. അതിന് മുൻപിൽ ആൾക്കാരുടെ കൂട്ടം. അടുത്തേക്ക് ചെല്ലുംതോറും അത് ഒരു ക്യൂ വിൻറെ രൂപം പ്രാപിക്കുകയാണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ പോട്ടാ ക്യാബിൻ. അകത്തേക്ക് കയറുമ്പോൾ വലതുവശം 'ലേഡീസ്' എന്നും ഇടത് വശം 'ജന്റ്‌സ്' എന്നും ബോർഡ് വച്ചിരിക്കുന്നു. ഞാൻ അകത്തേക്ക് കയറി. പുതുപുത്തൻ പോട്ടാ ക്യാബിനാണ്. അത്യാവശ്യം ഫ്രഷ് ആകാനുള്ള എല്ലാസൗകര്യവും ഉണ്ട്. കയ്യും മുഖവും ഒന്ന് കഴുകി, പല്ലൊക്കെ വൃത്തിയാക്കി ഞാൻ പുറത്തേക്കിറങ്ങി.

സെക്യൂരിറ്റിയുടെ നിർദ്ധേശപ്രകാരം മുന്നോട്ട് നടന്നപ്പോൾ വെള്ളച്ചാട്ടത്തിന്റെ ഒരു ചത്വരം. അതിന് മുന്നിൽ വലിയ കമാനം പോലെ ഗേറ്റ് 'എ' യിലേക്കും 'ബി' യിലേക്കും പോകാനുള്ള അടയാളങ്ങൾ. 'എ' ഗേറ്റ് സ്റേഡിയത്തിനകത്തേക്ക് പോകുന്നു. എനിക്ക് പോകേണ്ടത് 'ബി' ഗേറ്റാണ്. ഞാനും സുഹൃത്തും ഇടതുവശത്തേക്ക് നടന്നു.

മരുഭൂമിയിലെ തണുത്ത കാറ്റിൽ നിന്നും രക്ഷനേടാനായി ഞാൻ ജാക്കറ്റും തൊപ്പിയും എടുത്തണിഞ്ഞു. ഇടയ്ക്ക് മുന്നിലേക്കും പിന്നിലേക്കും ഒന്ന് നോക്കി. എണ്ണാൻ കഴിയാത്തത്ര ജനസമൂഹം പുഴയൊഴുകുന്ന പോലെ ഒഴുകി നീങ്ങുകയാണ്. വഴിയിലെങ്ങും പോലീസുകാർ, പട്ടാളക്കാർ, സെക്യൂരിറ്റികൾ, വളണ്ടിയേഴ്‌സ്... എല്ലാവരും സ്വാഗതം പറഞ്ഞ് നിൽക്കുന്നു, വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

ഇത്തിരി മുന്നോട്ട് നടന്നുകഴിഞ്ഞപ്പോൾ ഇടത് വശത്ത് കുറെ വണ്ടികൾ നിർത്തിയിട്ടിരിക്കുന്നിടത്ത് എന്തോ ആൾത്തിരക്ക്. പ്രഭാത ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുകയാണ്. ഞാൻ സമയം നോക്കി. വെളുപ്പിന് മൂന്നര ആയിട്ടേയുള്ളൂ. എങ്കിലും ഇനി മുന്നോട്ട് പോകുമ്പോൾ ഭക്ഷണം കിട്ടിയില്ലെങ്കിലോ എന്ന ആശങ്കയിൽ ഞാൻ ഒരു പൊതി കരസ്ഥമാക്കി.

സൗജന്യമായി ഭക്ഷണം കിട്ടുന്നിടത്തൊക്കെ കാണുന്ന തിരിക്ക് അവിടെയും ഉണ്ടായിരുന്നു. ഒരു സാഹസിക കർമ്മത്തിലൂടെ ഭക്ഷണപ്പൊതി കരസ്ഥമാക്കുന്നതിൽ ആൾക്കാർ ആനന്ദം കണ്ടെത്തുന്നതുപോലെ. എന്തായാലും ജീവിതത്തിൽ ആദ്യമായി വെളുപ്പിന് മൂന്ന് മുപ്പതിന് അന്ന് ഞാൻ പ്രഭാതഭക്ഷണം കഴിച്ചു.

വീണ്ടും 'ബി' ഗേറ്റ് ലക്ഷ്യമാക്കി മുന്നോട്ട്.

ഞങ്ങൾ നടക്കുന്നത് വിശാലമായ പാത ആണെങ്കിലും ആൾത്തിരക്ക് കാരണം മുട്ടിയുരുമ്മിയാണ് നടക്കുന്നത്. നടന്ന് നടന്ന് ഞങ്ങൾ 'ബി' ഗേറ്റിന് അമ്പത് മീറ്റർ അകലത്തിൽ എത്തി. ഇനി അഞ്ച്മണി വരെ കാത്ത് നിൽക്കണം. കാലേക്കൂട്ടി അത് അറിയാമായിരുന്നതിനാൽ എല്ലാവരും തയ്യാറെടുപ്പോടെയാണ് നിന്നത്. ആ നിൽപ്പ് ഏകദേശം രണ്ട് മണിക്കൂറോളം നിന്നു.

എൻറെ കണ്ണുകളിൽ ഉറക്കം ഊഞ്ഞാലാടുകയാണ്. കാലുകളിൽ തളർച്ച പടരുന്നു. എങ്കിലും പതിനായിരക്കണക്കിന് ആൾക്കാരൊപ്പം ഞാനും കാത്ത് കാത്ത് നിന്നു. ജനക്കൂട്ടത്തെ കണ്ടപ്പോൾ എനിക്ക് ബൈബിളിൽ ആകാശത്തിലെ നക്ഷത്രം പോലെയും കടൽക്കരയിലെ മണൽത്തരികളെപ്പോലെയും സന്തതിയെ നൽകി ദൈവം മനുഷ്യനെ അനുഗ്രഹിച്ച സംഭവം ഓർമ്മവന്നു.

എൻറെ ചുണ്ടിൽ ഒരു പുഞ്ചിരി അപ്പോൾ ഊറിക്കൂടി. ഇന്ത്യക്കാർ, ഫിലിപ്പീനികൾ, വെള്ളക്കാർ, അറബികൾ, മറ്റ് മതസ്ഥർ എന്നുവേണ്ട എണ്ണിയാൽ ഒടുങ്ങാത്തത്ര ജനസഞ്ചയം. ആണും പെണ്ണും കുട്ടികളും, വൃദ്ധരും, അംഗവിഹീനരും. എല്ലാവരും ഒരേയൊരു മനുഷ്യനെ കാണുവാനാണ് ഈ കാത്തിരിപ്പെല്ലാം.

അഞ്ചുമണി കഴിഞ്ഞപ്പോൾ കാത്തിരിപ്പ് അവസാനിപ്പിച്ച് 'ബി' ഗേറ്റ് തുറന്നു. കുറേശ്ശെ കുറേശ്ശേ ആൾക്കാരെ അകത്തേക്ക് കയറ്റി വിടാൻ തുടങ്ങി. നമ്മുടെ നാട്ടിലെപ്പോലെ ഗേറ്റ് തുറന്ന് കൊടുത്തിരുന്നെങ്കിൽ ബാരിക്കേഡും ഗേറ്റും പൊളിച്ച് ആൾക്കാർ ഇരമ്പിപ്പാഞ്ഞുകേറിയേനെ. ഇവിടെ ഒരു പ്രശ്‌നവും ഇല്ല. അകത്തേക്ക് കയറുമ്പോൾ സെക്യൂരിറ്റി ടിക്കറ്റ് ചോദിച്ചു, ഒരു ചെറു ചിരിയോടെ ഗേറ്റ് ചൂണ്ടികാണിച്ചു. ഞാനും സുഹൃത്തും അകത്തേക്ക്.

അതിവിശാലമായ ഒരു പാർക്കിലേക്ക് കയറിയ പ്രതീതി. കയറി അകത്തേക്ക് ചെല്ലുമ്പോൾ ചത്വരം കഴിഞ്ഞ് മുന്നോട്ട് നടന്നപ്പോൾ കണ്ടതുപോലെ പ്രഭാതഭക്ഷണവുമായി വാഹനങ്ങൾ നിരന്നു കിടക്കുന്നു. ആദ്യം വാങ്ങാൻ കഴിയാത്തവർക്കോ കാത്തുനിന്ന് വിശന്നവർക്കോ വീണ്ടും ഭക്ഷണം വാങ്ങിക്കാം.

ഇത്തിരി മുന്നോട്ട് നടന്നപ്പോൾ തുടക്കത്തിൽ കണ്ടതുപോലെ കുറെയേറെ ടോയ്‌ലറ്റുകളുടെ പോട്ടാക്യാബിനുകൾ. അവിടെ സ്‌ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തിരി മുന്നോട്ട് നടന്നാൽ മൊബൈൽ റസ്റ്റോറന്റുകൾ ചായ, കാപ്പി, ചൂട് ഭക്ഷണങ്ങൾ വേണ്ടവർക്ക് വാങ്ങിക്കഴിക്കാം. പക്ഷേ പണം കൊടുക്കണം എന്നുമാത്രം.

മുന്നോട്ട് നടന്നപ്പോൾ വിശാലമായ പച്ചപ്പ് വിരിച്ച സ്ഥലം. ഫ്രാൻസിസ് മാർപാപ്പയുടെ ജീവചരിത്രവും, യു. എ. ഇ. സന്ദർശനവും ഒക്കെ ചിത്രീകരിച്ച വിഡിയോകൾ സ്‌റ്റേഡിയത്തിലെ കൂറ്റൻ എൽ.ഇ.ഡി സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്. മൈതാനം പോലെയുള്ള ആ സ്ഥലങ്ങളിൽ ഒക്കെ ആൾക്കാർ വിശ്രമിക്കുകയാണ്. നീണ്ടനേരത്തെ യാത്രയും, കാത്തുനിൽപ്പും ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്നും രക്ഷനേടാൻ ചിലർ ചെറു പായയും, വിരികളും, കാർഡ് ബോർഡുകളും, തുണികളും ഒക്കെ വിരിച്ച് കിടക്കുന്നു, ചിലർ കുശലം പറയുന്നു.

ചിലർ കൊണ്ടുവന്നിരിക്കുന്നു ചെറു കസേരകൾ നിവർത്തി ഇരിക്കുന്നു. എല്ലാ മുഖങ്ങളിലും സന്തോഷവും പ്രസരിപ്പും അല്ലാതെ ഒന്നുമില്ല. ആ മൈതാനം മൊത്തം ഒന്നുകാണുവാൻ ഞാനും സുഹൃത്തുംകുറേനേരം വെറുതെ നടന്നു. അവസാനം ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. കണ്ണിൽ തളം കെട്ടിക്കിടന്ന ഉറക്കം സടകുടഞെണീൽക്കുന്ന പോലെ എനിക്ക് തോന്നി.

പെട്ടെന്ന് എന്തോ ശബ്‌ദം. ആൾക്കാരെല്ലാം മുന്നിലേക്ക് ഓടുകയാണ്. ഞാൻ ഞെട്ടി ഉണർന്ന് നോക്കി. പാപ്പാ വരുന്ന സ്റേഡിയത്തിലേക്കുള്ള പാതയിൽ രണ്ടുവശത്തും ആൾക്കാർ തിങ്ങി കൂടുകയാണ്. ഞാനും അത് കണ്ട് അവിടേക്ക് ഓടി. കഴുത്തറ്റം ഉയരത്തിൽ പോപ്പ് ഫ്രാൻസിൽ യു.എ.ഇ-യിൽ എന്നെഴുതിയ, ദേശീയപതാകയുടെ നിറം ഒരു വശത്ത് ചാർത്തി, ഒലിവിൻ കൊമ്പ് ചുണ്ടിലേന്തിയ ഒരു വെള്ളപ്രാവിന്റെ അടയാളം പതിച്ച താൽക്കാലിക ബാരിക്കേഡ് റോഡിനിരുവശവും.

പലയിടത്തായി കൂടിയിരുന്നവരും, ഉറക്കം പുണർന്നവരും എല്ലാം ചാടിയെണീറ്റ് അവിടേക്ക് ഓടിക്കൂടി. നിമിഷനേരം കൊണ്ട് റോഡിനിരുവശവും പേപ്പൽ പതാകയേന്തി ലക്ഷങ്ങൾ നിരന്നുകഴിഞ്ഞു. അപ്പോൾ കൂറ്റൻ സ്‌ക്രീനിൽ സ്റേഡിയത്തിനകത്തുനിന്നുള്ള ലൈവ് ടെലികാസ്റ്റ് തുടങ്ങി. നിരനിരയായി നിന്നുപാടുന്ന ഗായകസംഘതിന്റെ സിരകളെ ത്രസിപ്പിക്കുന്ന ഗാനങ്ങൾ അവിടെ നിറഞ്ഞുനിന്നു. ആൾക്കാർ ആർത്തുവിളിച്ചു.

ആൾക്കാർ തടിച്ചുകൂടിയിരിക്കുന്ന ആ ഭാഗത്തുകൂടിയാണ് മാർപ്പാപ്പ സ്റ്റേഡിയത്തിലേക്ക് കടന്നുപോകുന്നത്. ഏതുനിമിഷവും എത്തിച്ചേരും എന്നൊരു അറിയിപ്പ് ആരോ പറഞ്ഞത് കേട്ടാണ് ആൾക്കാർ തടിച്ചുകൂടിയത്. ഏകദേശം രണ്ട് മണിക്കൂറോളമാണ് ഞങ്ങൾ അവിടെ നിന്നത്. അപ്പോൾ ഞാൻ ഒന്നോർത്തുപോയി. ഓരോ ദിവസവും എന്തിനും ഏതിനും തിരക്ക്, സമയമില്ല എന്നൊക്കെ എല്ലാവരും പറയുന്ന ഈ കാലത്ത് ഒരു തിരക്കും ഇല്ലാതെ മണിക്കൂറോളമാണ് മനുഷ്യർ കാത്ത് നിൽക്കുന്നത്. പോപ്പ് ഫ്രാൻസിസ് എന്നൊരു മനുഷ്യനെകാണാൻ വേണ്ടി മാത്രം!

അപ്പോൾ വലിയ സ്‌ക്രീനിൽ അബുദാബി പള്ളി തെളിഞ്ഞു വന്നു. അവിടെ പോപ്പ് പ്രാർത്ഥിക്കുകയും, കുട്ടികളെ ആശീർവദിക്കുകയും ചെയ്യുന്നതിൻറെ തത്സമയ സംപ്രേക്ഷണം. അത് കഴിഞ്ഞ് അദ്ധേഹം വാഹനത്തിൽ കയറുന്നു. സായിദ് സ്പോർട്ട്സ് സിറ്റിയിലേക്കുള്ള വരവാണ്.

അക്ഷമരായി ലക്ഷങ്ങൾ. എല്ലാവരുടെയും കണ്ണുകൾ സ്റേഡിയത്തിലേക്കുള്ള പ്രധാനപാതയുടെ കമാനത്തിലേക്ക്. ഗായക സംഘം പാട്ടുകൾ പാടിക്കൊണ്ടിരുന്നു. ഡ്രോണിൽ ഘടിപ്പിച്ച ക്യാമറ സ്‌റ്റേഡിയത്തിനകത്തെ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് കൂറ്റൻ സ്‌ക്രീനിൽകൂടി നൽകുന്നു. മൈതാനത്തിൽ പലയിടത്തായി വലിയ ക്രയിനുകളിൽ ക്യാമറാമാൻമാർ പ്രകൃതിഭംഗിയും പ്രഭാതവും എല്ലാമെല്ലാം ചാരുതയോടെ ചിത്രീകരിച്ച് നൽകുന്നു.

നിമിഷങ്ങൾ.... നിമിഷങ്ങൾ.

ഞങ്ങൾക്ക് മുന്നിലുള്ള പാതയിലൂടെ സെക്യൂരിറ്റിക്കാർ, പട്ടാളക്കാർ, വത്തിക്കാനിൽ നിന്നുള്ളവർ തലങ്ങും വിലങ്ങും നടക്കുന്നു. പെട്ടെന്നതാ, ആൾക്കാർ ആർത്ത് വിളിക്കുന്നു. പേപ്പൽ ഫ്ലാഗുകൾ വീശി അലറിവിളിക്കുന്നു. "പാപ്പാ... പാപ്പാ...പാപ്പാ.." അതാ ഫ്രാൻസിസ് മാർപ്പാപ്പ എത്തുകയായി!!

ഒരു തിക്കിത്തിരക്ക് അനുഭവപെട്ടു. ഒരു സെക്യൂരിറ്റി വാഹനം അതിനുപിന്നാലെ വേറൊന്ന്. അതിന് പിന്നിൽ അതാ പപ്പാ മൊബൈൽ! അന്തരീക്ഷം ഇളകി മറിയുകയാണ്. ആൾകാർ ആർപ്പുവിളിക്കുകയാണ്. ഒരേ സ്വരം.. ഒരേ വികാരം.. പാപ്പാ... പാപ്പാ.. പാപ്പാ.

ഞാൻ കണ്ണുകൾ ചിമ്മി മുന്നോട്ട് നോക്കി. മുന്നിൽ പേപ്പൽ മൊബൈൽ. അതിൽ തൂവെള്ള വസ്ത്രധാരിയായ മാർപ്പാപ്പ. ആദ്യമായി ഒരു മാർപാപ്പ ഇതാ കണ്മുന്നിൽ! മൊബൈൽ മെല്ലെ ഇഴഞ്ഞു നീങ്ങുന്നു. അതിൽ കൈകൾ ഉയർത്തി അഭിവാദനം അർപ്പിച്ച് ഫ്രാൻസ് മാർപാപ്പ.

പരിസരം മറന്ന് ആൾക്കാർ കരയുന്നു, ചിരിക്കുന്നു, സന്തോഷം പ്രകടിപ്പിക്കുന്നു. മൊബൈലിൽ വിഡിയോ പിടിക്കാൻ കരുതിയിരുന്ന ഞാൻ അത് മറന്നുപോയി.

എനിക്കപ്പോൾ ഈ രാജ്യത്തോടും ഭരണാധികാരികളോടും ഒത്തിരി സ്നേഹവും നന്ദിയും തോന്നി. ഒരിക്കലും കരഗതമാകില്ല എന്ന് കരുതിയ ഒരവസരം എന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് മുന്നിൽ കൊണ്ടുതന്നതിന്. സ്വപ്‌നം പോലും കാണുവാൻ കഴിയാത്ത സൗഭാഗ്യം മലയാളികൾക്ക് തന്ന രാജ്യമാണിത്. ഇപ്പോൾ ഇതും.

സ്റ്റേഡിയത്തിലേക്ക് പപ്പാ കയറിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ കൂറ്റൻ സ്ക്രീനിലേക്ക് തിരിഞ്ഞു. സ്വീകരണം, യു. എ. ഇ-യെ പ്രതിനിധീകരിച്ച് ചെറു സ്വാഗതം ഗായകസംഘത്തിൻറെ പാട്ടുകൾ മുഴങ്ങികേൾക്കുന്നു. മാർപാപ്പയുടെ കാർമ്മിത്വത്തിലുള്ള വിശുദ്ധ കുർബ്ബാനയ്ക്ക് സമയമായി.

ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ കുർബ്ബാന കഴിഞ്ഞു. കുർബ്ബാന മദ്ധ്യേ ബൈബിളിലെ ഗിരിപ്രഭാഷണത്തിൽ ഊന്നിയ പ്രഭാഷണം മാർപാപ്പ നടത്തി. അതിൻറെ ഇഗ്ളീഷ് പരിഭാഷ അപ്പോൾ തന്നെ സ്‌ക്രീനിൽ തെളിയുന്നുണ്ടായിരുന്നു. ഓരോ ഭാഗവും മാർപാപ്പ പറഞ്ഞുകഴിയുമ്പോൾ അത് അറബിയിലേക്ക് പരിഭാഷപ്പെടുത്തി ഒരു പുരോഹിതൻ.

കുർബ്ബാന കഴിഞ്ഞ് ഞാനും സുഹൃത്ത് ജോസ് ജേക്കബ്ബും പുറത്തിറങ്ങുമ്പോൾ മനസ്സിൽ സന്തോഷം മാത്രമായിരുന്നു. അവിചാരിതമായി കിട്ടിയ ഒരു ഭാഗ്യംപോലെയായിരുന്നു എനിക്ക് ഈ അനുഭവം. വന്ന വഴിതന്നെ തിരികെ നടന്ന് ഞങ്ങൾ 'ഖിസൈസ് പോണ്ട് പാർക്ക്' എന്ന പച്ച കൊടി ലക്ഷ്യമാക്കി നീങ്ങി. ഒന്നൊന്നായി ബസ്സുകൾ ദുബായിലേക്ക് നീങ്ങുന്നു. ഞങ്ങൾ ഒന്നിൽ കയറി. സമയം അപ്പോൾ ഉച്ചയ്ക്ക് ഒരുമണി. ബസ്സിൽ കയറി അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞത് ഓർമ്മയുണ്ട്. രാത്രിമുഴുവൻ ബാക്കി കിടന്ന ഉറക്കം എന്നെ ആക്രമിച്ച് കീഴ്‌പെടുത്തിക്കളഞ്ഞു.

ദുബായ് ഷേക്ക് സായിദ് റോഡിൽ എത്തിയപ്പോളാണ് കണ്ണ് തുറന്നത്. ട്രാഫിക് ശല്യം ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഖിസൈസിൽ എത്തിച്ചേർന്നു. മൂന്നരയായപ്പോൾ പോണ്ട് പാർക്കിൽ എത്തി. തിരികെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ ഒരു പോലീസുകാരൻ ഞങ്ങളോട് ചോദിച്ചു. "വണ്ടിയിൽ ആരോ മൊബൈൽ വച്ച് മറന്നുകളഞ്ഞു. നിങ്ങളുടേതാണോ"

മറക്കാൻ പറ്റാത്ത പലതും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അതുപോലെ ഒന്നായിരുന്നു അബുദാബിയിലേക്ക് മാർപാപ്പയെ കാണാൻ പോയത്. എന്തൊരു സ്വീകരണമാണിത്? അസാധ്യം എന്ന് ഒരുവേള പലരും കരുതിയ സജ്ജീകരണങ്ങൾ തന്മയത്വത്തോടെ ഈ രാജ്യം നടത്തിയിരിക്കുന്നു. ഒരുപാട് ആൾക്കാരുടെ അഹോരാത്രമുള്ള പ്രയത്‌നം ഇതിന് പിന്നിൽ ഉണ്ടായിരിക്കാം.

ലോകത്തെ ഏത് വലിയ ഇവൻറ് ആയാലും ഒരു പ്രയാസവും ഇല്ലാതെ തങ്ങൾക്ക് നടത്താനാകും എന്ന് യു.എ.ഇ ലോകത്തോട് വിളിച്ച് പറയുകയാണ്. രണ്ട് ലക്ഷത്തോളം ആൾക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണം, വെള്ളം, വേണ്ട നിർദ്ദേശങ്ങൾ. എല്ലാം തികച്ചും സൗജന്യമായി. പങ്കെടുക്കുന്നവർക്കെല്ലാം അവധി സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം സ്‌കൂളുകൾക്ക് അവധി. ദൈവമേ, ഈ രാജ്യം ഇതര മതസ്ഥരെ ഇത്രമാത്രം സ്നേഹിക്കുന്നത് ഓർത്ത് മനസ്സ് പുളകംകൊള്ളുന്നു.

വലിയൊരു സംഭവത്തിൽ പങ്കെടുക്കാനായ സന്തോഷം മനസ്സിൽ തിരതല്ലുമ്പോൾ അറിയാതെ പറഞ്ഞുപോവുകയാണ്

"ഒത്തിരിയൊത്തിരി നന്ദി യുണൈറ്റഡ് അറബ് എമിരേറ്റ്സ്...ഈ സ്‌നേഹം, ഈ സാഹോദര്യം വീണ്ടും തുടരുവാൻ നിങ്ങളെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ"

Advertisment