Advertisment

പച്ചിലയും പഴുത്തിലയും (പ്രവാസത്തിലെ മഞ്ഞുതുള്ളികൾ)

New Update

മിറേറ്റ്‌സ്‌ ടവറിനടുത്തുള്ള ഒരു മരം. അതിൽ നിറയെ ഇലകൾ. പച്ചിലകൾ, പഴുത്തിലകൾ പിന്നെ ഉണങ്ങിയ ഇലകൾ.

Advertisment

ഓരോ ഇലകളും ഊഴം കാത്തിരിക്കുകയാണ്. പച്ചയായി, മഞ്ഞയായി, ഉണങ്ങി ഒരിക്കൽ മരത്തിന്റെ ജീവൻറെ ജീവനും, ഓജസ്സും രക്തത്തിൻറെ രക്തവും എല്ലാമായിരുന്ന ഇലകൾ താഴേക്ക് പതിക്കും. ഉയരത്തിൽ നിന്നുമുള്ള വീഴ്ച്ചയ്ക്ക് ആഘാതവും വലുപ്പമുള്ളതായിരിക്കും. ചിലപ്പോൾ ഒരിക്കൽ തലോടിയുറക്കിയ കാറ്റിന്റെ കളിയാക്കലുകളാൽ അമ്മാനമാടപ്പെട്ടായിരിക്കാം ആ വീഴ്ച്ച.

പിന്നെ ചവറ്റുകൂട്ടയിലോ, ഓടയിലോ, തീയിൽ വീണുപോകാനോ ജീർണിച്ച്, ജീർണിച്ച് വളമായിതീരാനോ ബാക്കിയായ ദിനങ്ങൾ.

അതാണ് ഇലകളുടെ ജീവിതം.

publive-image

ഒരിക്കൽ ആ മരത്തിൽ ഒരു സുന്ദരിപൂമ്പാറ്റ വട്ടമിട്ട് പറന്നു. അവസാനം അത് വന്ന് ഒരു പച്ചിലയിൽ ഇരുന്നു. പച്ചിലയ്ക്ക് ഗർവ് കൂടി. സുന്ദരിപൂമ്പാറ്റ പൂക്കളും മധുവും വെടിഞ്ഞ് തന്റെമേൽ വന്നിരിക്കുന്നല്ലോ. തൻറെ ഹരിതമനോഹാരിതയാണ് പൂക്കളേക്കാൾ പൂമ്പാറ്റ ഇഷ്ടപ്പെടുന്നത്, അത് തന്നെ കാരണം-പച്ചില കരുതി.

പച്ചില തൊട്ടുതാഴെക്ക് നോക്കി. അവിടെ പഴുത്തുതുടങ്ങിയ ഒരു ഇലയുണ്ട്. ഏറെനാൾ മിണ്ടാനും പറയാനും കൂട്ടായിരുന്നു. ഇപ്പോൾ പ്രായമായി. പച്ചില പറഞ്ഞു

"നോക്കൂ... നീ പഴുത്ത് കൊഴിഞ്ഞുവീഴാറായി. ഞാൻ പച്ചിലയാണ്. ഇപ്പോഴും ഓജസ്സും, തേജസ്സും നിറഞ്ഞുനിൽക്കുന്നു. നിനക്കാകട്ടെ ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾമാത്രമേ ബാക്കിയുള്ളൂ. പൂമ്പാറ്റകൾക്ക് പോലും നിന്നെ വേണ്ടാ. നോക്കൂ, എന്റെമേൽ അവ വന്നിരിക്കുകയും മുത്തം തരികയും ചെയ്യുന്നത് കണ്ടോ?"

പഴുത്തില ഒന്നും മിണ്ടിയില്ല. ലോകം കുറേകണ്ടതാണ്. ഇനി പച്ചില പറഞ്ഞതുപോലെ എണ്ണിത്തീർക്കാവുന്ന ദിനങ്ങൾ മാത്രം തനിക്ക് ബാക്കി. ഒരുകാലത്ത് ഓജസ്സും ശക്തിയും എല്ലാം ഉണ്ടായിരുന്നു. മരത്തിൻറെ മുകളിലേക്കുള്ള വളർച്ചയ്ക്ക് ഞാനും അധ്വാനിച്ചിട്ടുണ്ട്. കാലത്തിന്റെ ഒഴുക്കിൽ എന്റെമേൽ പുതുനാമ്പുകൾ മൊട്ടിടുകയും എൻറെ സ്ഥാനം താഴേക്കാവുകയും ചെയ്‌തു. അവർ വളർന്നുവലുതാകുമ്പോൾ എൻറെ നിറം മാങ്ങാനും ശക്തി കുറയാനും തുടങ്ങി. ഇനി എത്രനാൾ? ഇതെല്ലം ഓർത്തുകൊണ്ട് പഴുത്തില മറുപടി പറഞ്ഞു.

"നീ പറഞ്ഞത് സത്യം. നീ ചെറുപ്പമാണ് . നിന്നെമാത്രമേ പുതിയ ലോകം സ്വീകരിക്കൂ. നീ ഇതെല്ലാം നന്നായി ആസ്വദിക്കൂ... യൗവനവും, സൗന്ദര്യവും, എല്ലാമെല്ലാം. എൻറെ കാലം കഴിയാറായി. ഞാൻ കിളവൻ.... ചുക്കിച്ചുളിഞ്ഞവൻ?

"അതെയതെ..." പച്ചില ചിരിച്ചുകൊണ്ട് തുടർന്നു. ".... സത്യം. നിൻറെ ദിനങ്ങൾ എണ്ണപ്പെട്ടു. എനിക്കാകട്ടെ നീണ്ടുനിവർന്നുകിടക്കുന്ന ആയുസ്സും ആരോഗ്യവും എത്രയോ ഇനി ബാക്കി"

രാത്രിയായി. മരമുറങ്ങി. മരത്തിലെ കിളികൾ ഉറങ്ങി, ലോകം ഉറങ്ങി-ഉഷസ്സാകുവോളം.

അടുത്ത ദിവസം സൂര്യൻ ഉദിച്ചപ്പോൾ പഴുത്തില താഴേക്ക് നോക്കി. മനുഷ്യർ, മൃഗങ്ങൾ, വാഹനങ്ങൾ.... എല്ലാമെല്ലാം പായുകയാണ്. ഒരിക്കലും പ്രായമായി കൊഴിഞ്ഞുപോകാത്തതുപോലെ ഓട്ടമാണ്. അലസമായി മുകളിലേക്ക് നോക്കിയപ്പോൾ പച്ചില ഉണർന്ന് വരുന്നതേയുള്ളൂ. കൂടുതൽ ആരോഗ്യമുള്ളവർക്കാണോ കൂടുതൽ ഉറക്കം? പഴുത്തില സംശയിച്ചു.

ആരോ തന്റെ ശരീരത്തെ കുത്തിനോവിക്കുന്നത് അറിഞ്ഞാണ് പച്ചില കണ്ണുതുറന്നത്. പേടിച്ചുപോയി! ഒരു വലിയ പുഴു!!? പച്ചയും ചന്ദനവും വെള്ളയും എല്ലാം ഇടകലർന്ന നിറത്തിലുള്ള വലിയ പുഴു പച്ചിലയുടെ പുറത്ത് കയറിയിരുന്ന് നിർദ്ദയം കടിച്ച് തിന്നുകയാണ്.

"ഏയ്.. നീയെന്താണ് കാണിക്കുന്നത്? എന്നെ കടിക്കരുത്. എന്നെ കടിക്കരുത്" പച്ചില ക്രോധത്തോടെ അലറിവിളിച്ചു.

ആരുകേൾക്കാൻ? എവിടെ കേൾക്കാൻ? പുഴു അതിന്റെ ജോലി തുടർന്നുകൊണ്ടേയിരുന്നു. ലോകം മുഴുവൻ തിന്നുതീർക്കാനുള്ള വിശപ്പ്. പെട്ടെന്ന് തിന്നുതീർക്കണം എല്ലാം... എനിക്ക് വലുതാകണം. കൂടുകെട്ടണം നാളെ, പൂമ്പാറ്റയായി പറന്നുപോകണം. നിലവിളി കേൾക്കാനോ ചിന്തിക്കാനോ സമയമെവിടെ??

"ഏയ്.. പുഴൂ.... ആ പച്ചിലയെ വെറുതേവിടൂ.. ഞാൻ പഴുത്തില. താഴേക്ക് നോക്കൂ, എൻറെ ജീവിതം അവസാനിക്കാറായി. വരൂ, എന്നെ തിന്നുകൊള്ളൂ. അവന് ഇനിയും ഒത്തിരി ആയുസ്സും ആരോഗ്യവും ബാക്കിയാണ്. അവനെ വിടൂ. എന്നെ തിന്നുകൊള്ളൂ.."

അതുകേട്ട് പുഴു ചിരിച്ചു. "ഹ..ഹ ഹ.. പഴുത്തില ആർക്കുവേണം കിളവാ??! എനിക്ക് വേണ്ടത് ഓജസ്സും തേജസ്സുമുള്ള കറുമുറെ തിന്നാനുള്ള പച്ചിലതന്നെയാണ്. താൻ പോയി പണിനോക്ക്.."

പഴുത്തിലയുടെ വായ അടഞ്ഞുപോയി. പച്ചിലയുടെ വിലാപം വനരോദനവുമായി. നിമിഷനേരംകൊണ്ട് പച്ചില നാരുമാത്രമായി അവശേഷിച്ചു.

അവസാനം പുഴു തിന്നുകഴിഞ്ഞ പച്ചിലനാര് തണ്ടൊടിഞ്ഞ് താഴേക്ക് പതിച്ചു.

അതുകണ്ട് പഴുത്തിലയുടെ നെഞ്ചുപിടച്ചു. എന്നിട്ട് സ്വയം പറഞ്ഞു.

"അവനെക്കാൾ മുന്നേ പോകേണ്ടവനാണ് ഞാൻ. ഇന്ന് അവൻറെ യാത്ര എൻറെ കണ്മുന്നിൽ.... ഒന്നും ഇവിടെ സുസ്ഥിരമല്ല, ശാശ്വതവുമല്ല. പച്ചിലകൾ പോലും ..!"

Advertisment