Advertisment

കരുണയുടെ വാതിലുകൾ

author-image
ജോയ് ഡാനിയേല്‍, ദുബായ്
Updated On
New Update

ചൂടുള്ള ഒരു പ്രഭാതത്തിൽ ചൂടൻ ജോലിത്തിരക്കിൽ ഓഫീസിലിരിക്കുമ്പോളാണ് അവിചാരിതമെന്നപോലെ ആ വിളികേട്ടത്.

Advertisment

"സാർ"

ഞാൻ കമ്പ്യൂട്ടർ മോണിറ്ററിലെ എക്സെൽ ഷീറ്റിൽനിന്നും കണ്ണുകൾ പറിച്ചെടുത്ത് ആകാശത്തിനിന്നും പൊട്ടിവീണപോലെ മുന്നിൽ വന്നുനിൽക്കുന്ന യുവാവിനെ നോക്കി.

മെല്ലിച്ച ഒരു പയ്യൻ. അവൻ ചിരിക്കുന്നു. ആ ചിരിയിലും മുങ്ങിക്കിടന്നത് ദൈന്യതഭാവം. "സാർ" അവൻ ഒരിക്കൽക്കൂടി വിളിച്ചപ്പോൾ ഞാൻ കാര്യം തിരക്കി. അതിനുത്തരമായി അവൻ തൻറെ കയ്യിലിരുന്ന പ്ലാസ്റ്റിക് ഫോൾഡറിൽ നിന്നും ഒരു സി.വി. എടുത്ത് എൻറെ നേരെ നീട്ടി.

എനിക്ക് നേരെ ആ പേപ്പറുകൾ നീട്ടുമ്പോൾ അവൻറെ കരം വിറയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മുങ്ങിത്താഴാൻ പോകുന്നൊരു തോണിയിൽനിന്ന് അവസാന കച്ചിത്തുരുമ്പ് തേടി നീണ്ടുവരുന്ന കരം. കൈകൾ നീട്ടുകയല്ല കൂപ്പുകയാണെന്ന് തോന്നിപ്പോയി.

publive-image

കരുണമൂർത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശി. ബി. ടെക് ഹോൾഡർ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.അവിവാഹിതൻ. ബിൽഡിങ് മാനെഞ്ച്മെന്റ് സിസ്റ്റം (ബി.എം.എസ്) സ്പെഷ്യലിസ്റ്റ്. സി. വിയിലൂടെ ഞാൻ കണ്ണോടിച്ചു. കാലഹരണപ്പെട്ട അടിയാൻ കുടിയാൻ വ്യവസ്ഥപോലെ മുന്നിൽ നിൽക്കുന്ന കരുണ.

"പ്രൊഫൈൽ കൊള്ളാം. പക്ഷേ ഞാൻ ജോലിചെയ്യുന്നത് പ്രോജക്ട് ഓഫീസിലാണ്, എച്ച്.ആർ ഡിപ്പാർട്ടുമെന്റിൽ അല്ല. രണ്ടാമത്, ഇപ്പോൾ ഇവിടെ ബി.എം.എസിൽ ഒഴിവുകൾ ഇല്ല"

"സാർ, ദയവായി ഇത് എച്ച്. ആറിലേക്ക് ഒന്നയക്കുമോ? എന്ത് ജോലിയായാലും കുഴപ്പമില്ല സാർ. എനിക്ക് ഇനി രണ്ടാഴ്ച്ച കൂടി മാത്രമേ വിസിറ്റ് വിസ ഉള്ളൂ. വീട്ടിലെ അവസ്ഥ ഒത്തിരി കഷ്ടമാണ്. അപ്പയ്ക്കും അമ്മയ്ക്കും ഞാൻ തന്നെ ആശ്രയം. ഒരു ഹെല്പ് ചെയ്യണം സാർ"

കരുണയിൽ നിന്നും കരുണയാചന. ഒറ്റനോട്ടത്തിൽത്തന്നെ ഈ മെല്ലിച്ചപയ്യൻ പറയുന്നത് സത്യമാണെന്ന് എനിക്ക് തോന്നി. അവനെ എങ്ങനെ സഹായിക്കും എന്നൊരു ചിന്തയാൽ ഞാൻ കുഴങ്ങുകയും ചെയ്‌തു.

ചിന്തയുടെ പടുകുഴിയിലെന്നപോലെ ഞാനിരിക്കുന്നത് കണ്ടപ്പോൾ അവൻ വീണ്ടും മുരണ്ടു.

"സാർ, തലവേദനയൊന്നും എടുക്കണ്ട സാർ. സി.വി ഒന്ന് എച്ച്. ആറിൽ അയച്ചാൽ മാത്രം മതി. ബാക്കിയൊക്കെ ദൈവനിശ്ചയം സാർ. കവലപ്പെടാതെ സാർ"

ഞാൻ വ്യർത്ഥമായി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. തിരികെ ഒരു ചിരി അതുപോലെതന്നെ തന്ന് ഹസ്‌തദാനം നൽകി അവൻ പിരിയുമ്പോൾ എന്നിൽ എന്തോ അകാരണമായ നെഞ്ചിടിപ്പ് ഉയർന്നു. ആരോടൊക്കെയോ പണം കടംവാങ്ങി വിസിസ്റ്റ് വിസ എടുത്ത്, ഏതോ കൂട്ടുകാരൻറെ ദയയിൽ ദുബായിൽ കഴിയുകയാണവൻ.

എഞ്ചിനീയർ ആണെങ്കിലും ക്ലറിക്കൽ പണിവരെ എടുക്കുവാൻ തയ്യാറുമാണ്. തൽകാലം പിടിച്ചുനിൽക്കാൻ ഒരു ജോലി. അതാണ് അവൻറെ ആവശ്യം. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇതേപോലെ ദിവസങ്ങളോളം ജോലി തെണ്ടി ദുബായിൽ പൊരിവെയിലത്ത് അലഞ്ഞുതിരിഞ്ഞ ദിനങ്ങൾ ഞാനൊന്ന് ഓർത്തുപോയി.

നിരാശയല്ലാതെ ഒന്നും തിരികെ കിടക്കയിലേക്ക് കൊണ്ടുചെന്ന് കിടക്കാൻ ഇല്ലാതിരുന്ന കാലം. അപകർഷതാബോധവും, ഈ ലോകത്ത് ഒരു കീടത്തിൻറെ പോലും വിലയില്ലാത്തവനാണെന്നും ഉള്ള ചിന്തകളും വരിഞ്ഞുമുറുക്കിയ കാലം, പേപ്പർ സർട്ടിഫിക്കറ്റുകളിൽ അക്കങ്ങൾ അക്ഷരങ്ങൾ ഒന്നിച്ച് നിന്ന് കൊഞ്ഞനംകുത്തിയതൊക്കെ ഓർമ്മയിൽ തിരികെ വന്നു.

ഞാൻ അവൻറെ സി. വി. യുടെ ഒരു കോപ്പി എടുത്ത്, ഒറിജിനൽ യെല്ലോ സ്റ്റിക്കറിൽ കുറിപ്പ് ഒട്ടിച്ച്, കവറിലിട്ട് ഹെഡോഫീസ് ട്രയിലേക്ക് തള്ളി. കോപ്പി എൻറെ മേശമേൽ ഗോപുരംപോലെ ഉയർന്നുനിൽക്കുന്ന പേപ്പർ ട്രേയിലേക്ക് ഇട്ടു.

ദിവസങ്ങൾ കഴിഞ്ഞു.

കരുണാമൂർത്തിയുടെ സി. വി. യുടെ മേൽ എൻറെ മേശമേൽ മറ്റുപേപ്പറുകൾ കരുണയില്ലാത്തതുപോലെ കുമിഞ്ഞുകൂടി ശ്വാസം മുട്ടിയ ഒരു ദിവസം സൈറ്റ് എഞ്ചിനീയർ നിഷാന്ത് കേസറി എന്ന ജാർഖണ്ഡുകാരൻ ഓഫിസിൽ വന്ന് നന്നായി ടൈപ്പ് ചെയ്‌ത്‌ മടക്കിയ ഒരു പേപ്പർ എന്റെനേരേ നീട്ടി. ഞാൻ കണ്ണുയർത്തിയപ്പോൾ അവൻ പറഞ്ഞു.

"ജായേഗാ ഭായ്. ബസ്, തഗ് ഗയാ"

നിഷാന്തിനെയും അവൻ തന്ന റെസിഗ്‌നേഷൻ കത്തും ഞാൻ മാറിമാറി നോക്കി. എൻറെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയെന്നോണം അവൻ തുടർന്നു.

"അച്ചാ ഓഫർ മിൽഗയാ ഭായി. ഗുഡ് സാലറി, ഫുൾ ഫാമിലി പാക്കേജ് ഫിർ ക്യാ ചാഹിയെ? സൊ അയാം ലീവിങ് ദ കമ്പനി"

ഇനിയൊരു ബാർഗൈൻ ഇല്ലാത്തമട്ടിൽ അവൻ പ്രോജക്ട് മാനേജരോടും അത് തന്നെ പറഞ്ഞു. കൂടുതൽ ആലോചിക്കാതെ മാനേജർ ആ വിരമിക്കലിൽ ഒപ്പിട്ട് എൻറെ കയ്യിൽ തന്നു, അക്സെപ്റ്റഡ്. ഞാനത് വേഗം സ്‌കാൻ ചെയ്‌ത്‌ ഹെഡ്ഡോഫീസിൽ എച്ച്. ആർ ഡിപ്പാർട്‌മെന്റിലേക്ക് ഇമെയിലും ചെയ്‌ത് ചിന്തിച്ചിരുന്നു.

ഒരു മാസം നോട്ടിസ് പിരീഡ് ഉണ്ടാകും. അപ്പോളാണ് ദിവസങ്ങൾക്ക് മുമ്പ് മുന്നിൽ വന്നുനിന്ന മെലിച്ച തഞ്ചാവൂർ രൂപം മനസ്സിലേക്ക് ഓടിയെത്തിയത്. നിഷാന്ത് ബി.എം.എസ് എഞ്ചിനീയർ, കരുണയും. എന്തുകൊണ്ട് നിശാന്തിന്റെ സ്ഥാനത്ത് കരുണയെ റെക്കമെന്റ് ചെയ്തുകൂടാ? ഉടനെത്തന്നെ ഞാൻ പേപ്പർട്രേയുടെ അഗാതതയിൽനിന്നും സി. വി തപ്പിയെടുത്ത് മാനേജരുടെ മുറിയിലേക്ക് നടന്നു.

"സാർ, നിശാന്തിന്റെ സ്ഥാനത്ത് ഈ യുവാവിനെ എടുത്താൽ...?" മാനേജർ കണ്ണടയ്ക്കിടയിലൂടെ എന്നെ തുറിച്ച് നോക്കി. സി.വിയിലൂടെ ഒരോട്ടപ്രദിക്ഷിണം നടത്തി, പേനകൊണ്ട് എന്തൊക്കെയോ അതിൽ കുറിച്ച് ഓപ്പറേഷൻ മാനേജരെ വിളിച്ചു. ആ സംസാരത്തിന് വിരാമമായപ്പോൾ എന്നോട് പറഞ്ഞു.

"അയാളെ നാളെ ഇന്റർവ്യൂവിന് വിളിക്ക്"

ഞാൻ ഫോൺ വിളിക്കുമ്പോൾ കരുണാമൂർത്തി കരച്ചിലിന്റെ വക്കത്തെത്തിയെന്ന് തോന്നിപോയി. ഇനി ഒരാഴ്ചമാത്രം വിസിറ്റ് വിസ ബാക്കിയായത് കാരണം അവസാന ശ്രമം എന്ന നിലയിൽ അവൻ അബുദാബിയിലെ ഒരു കൂട്ടുകാരൻറെ റൂമിൽ താമസിച്ച് അവിടെ ജോലി അന്വേഷണത്തിലായിരുന്നു. ഒരിക്കൽ കൂടി വിസിറ്റ് വിസ പുതുക്കാൻ പണം ഇല്ല.

"റൊമ്പ നൻറി സാർ"

അടുത്തദിവസം ഇന്റർവ്യൂ. മുമ്പ് കണ്ടതിനേക്കാൾ അവൻ മെലിച്ചുപോയി. കണ്ണുകൾ കൂടുതൽ ആർദ്രവും ദയനീയവും. എങ്കിലും മാനേജരും ഓപ്പറേഷൻ മാനേജരും ചേർന്ന് നടത്തിയ ഇന്റർവ്യൂ ആ മിടുക്കൻ പാസ്സായി. വൈകാതെ 'സെലെക്റ്റഡ്' എന്ന് മാർക്ക് ചെയ്‌ത ഇന്റർവ്യൂ അസ്സെസ്സ്മെന്റ് ഫോം ഹെഡ്ഡോഫീസിലേക്ക് അയച്ചുകൊടുത്തു. അടുത്ത ദിവസം എച്ച് ആർ ഇന്റർവ്യൂ, സാലറി നെഗോഷിയേഷൻ അവസാനം അപ്പോയ്ന്റ്മെന്റ് ലെറ്റർ.

എൻറെ കമ്പനിയിൽ, എൻറെ പ്രൊജക്ടിൽ തന്നെ ജോലിക്കാരനായി വിസിറ്റ് വിസ കഴിയുന്നതിന് മുമ്പ് തന്നെ കരുണ ജോയിൻ ചെയ്‌തു. പ്രോജക്റ്റ് ഇൻഡക്ഷൻ കൊടുക്കാനും, ടീമിനെ പരിചയപ്പെടുത്താനും കൂട്ടികൊണ്ടുപോകുമ്പോൾ അവൻ എൻറെ കയ്യിൽ കയറിപ്പിടിച്ചു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. കണ്ണുകൾ സജലങ്ങളാകുന്നതും, അതിൽ അലയാഴി ഉയരുന്നതും കണ്ടു. ഗദ്ഗദമാർന്ന വാക്കുകൾ ഞാൻ കേട്ടു.

"റൊമ്പ നൻറി സാർ"

ഞാൻ അവന്റെ ചുമലിൽ തൊട്ടു. അവനെന്നെ ആലിംഗനം ചെയ്‌തു. ഒരു കുടുംബത്തിൻറെ മുഴുവൻ അത്താണിയാണ് എൻറെ ചുമലിൽ നിറകണ്ണുകളോടെ ചാഞ്ഞുകിടക്കുന്നത്.

"ഈസി മാൻ, ഇറ്റ്സ് കാൾഡ് ഫെയ്റ്റ്. വീ ആർ ഒൺലി ടൂൾസ്"

നാല് വർഷങ്ങൾക്ക് ശേഷം, കമ്പനിയിൽ രണ്ട് യു.എ.ഇ ലേബർ കൊണ്ട്ട്രാക്റ്റ് പൂർത്തിയാക്കിയശേഷം ഇന്ന് കരുണമൂർത്തി തൻറെ രാജിക്കത്ത് എനിക്ക് നേരെ നീട്ടുമ്പോൾ ഞാൻ ചിരിച്ചു. അവൻറെ മുഖത്ത് നിഷാന്ത് കേസറി എന്ന ജാർഖണ്ഡുകാരൻ എഞ്ചിനീയറുടെ അതേ ചിരി തേടുകയായിരുന്നു ഞാൻ. തൻറെ പേപ്പർ തന്ന് മുപ്പത് ദിവസത്തെ നോട്ടീസ് പീരീഡ്‌ മനസ്സിലിട്ട് അമ്മാനമാടി കരുണമൂർത്തി തിരികെ നടക്കുമ്പോൾ എന്നെ തിരിഞ്ഞു നോക്കി പറഞ്ഞു.

"റൊമ്പ നൻറി സാർ"

ഞാൻ അവൻറെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. പക്ഷേ കാതുകൾ അവനെ കേട്ടില്ല. അത് പുതിയൊരു കരുണയുടെ കാലൊച്ച തേടുകയായിരുന്നു.

Advertisment