അയൽക്കാരുടെ അകലം

ജോയ് ഡാനിയേല്‍, ദുബായ്
Tuesday, February 18, 2020

പ്രവാസിയുടെ ഓരോ അവധിയും കമ്പോളത്തിലെ ലിമിറ്റഡ് ഓഫറുകൾ പോലെയാണ്. ഓഫർ സ്റ്റോക്ക് തീരുംവരെ മാത്രം. അത്തരമൊരു ഓഫർകാലം സ്വപ്നംകണ്ടാണ് സ്‌നേഹാർദ്രമനസ്സോടെ ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിൽനിന്നും വിമാനത്തിലേക്ക് കയറിയത്.

അങ്ങകലെ പച്ചപ്പിന്റെ തുരുത്തിൽ കാത്തിരിക്കുന്ന കണ്ണുകളിലെ സ്നേഹവും കരുതലും മാടിവിളിക്കുന്നു.

എയര്ഹോസ്റ്റസിന്റെ സഹായത്തോടെ ഹാൻഡ് ലഗ്ഗേജ് വച്ച് വിമാനത്തിനകത്ത് ഞാനിരുന്നു. നാലുമണിക്കൂർ നീണ്ട യാത്ര നാൽപ്പത് മണിക്കൂറാക്കുന്ന ചിന്തകൾ മനസ്സിലിട്ട് അമ്മാനമാടി. വിമാനം ചലിച്ചുതുടങ്ങി.

സുന്ദരിയായ എയർഹോസ്റ്റസ് വിമാനത്തിൽ മുഴങ്ങുന്ന സുരക്ഷാവാക്കുകൾക്കൊപ്പം കരചരണങ്ങൾ ഇളക്കുന്നു. സ്ഥിരം കണ്ടുമടുത്തൊരു വ്യായാമപ്രക്രിയ നൽകിയ മടുപ്പിൽ കണ്ണുകൾ പിൻവലിച്ച് സീറ്റ് ബെൽറ്റ് മുറുക്കി ഞാൻ ബാഗിൽനിന്നും സുധാമൂർത്തിയുടെ പുസ്‌തകം വലിച്ചെടുത്ത് അതിലേക്ക് കണ്ണുകൾ എറിഞ്ഞു തറപ്പിച്ചു.

അപ്പോളാണ് എൻറെ ഇടതുവശത്തെ സീറ്റിൽ തെല്ല് ഭയപ്പാടാർന്ന കണ്ണുകളോടെ പകുതി ശ്രദ്ധ അലക്ഷ്യമായി പുറത്തേക്കും പകുതി ലക്ഷ്യത്തോടെ എന്നിലേക്കും പതിപ്പിക്കുന്ന നാരീമണിയെ ശ്രദ്ധിച്ചത്.

കാനന മദ്ധ്യേ പേടിച്ചരണ്ട മാൻപേട കണക്കെ ഒരുവൾ! ഞാൻ ആ മുഖത്തേക്ക് നോക്കിയൊന്ന് ചിരിക്കാൻ വൃഥാശ്രമം നടത്തി. എന്റെ കണ്ണുകളിലോ, മുഖഭാവത്തിലോ വില്ലനെ കണ്ടപോലെ മുഖംതിരിച്ച്, പുറത്ത് ഇരുളിൽ മിന്നുന്ന വിമാനത്തിൻറെ ചിറകിലെ നാവിഗേഷൻ ലൈറ്റിലെ വെളിച്ചത്തിലേക്ക് അവൾ ശ്രദ്ധനട്ടു.

പെൺകുട്ടികൾ അങ്ങനെയാണ്. സ്വയം സുരക്ഷിതരല്ല എന്ന ബോധത്താൽ ചകിതരാക്കുമ്പോൾ മുഖത്ത് വെറുപ്പിന്റെയോ ക്രോധത്തിന്റെയോ മൂടുപടം വലിച്ചിട്ടുകളയും.

‘നോക്കാത്ത രാജാവിനെ തൊഴാൻ എന്നെക്കിട്ടില്ല’ എന്നമട്ടിൽ ജനിക്കുന്നതിന് മുമ്പേ ഭൂണഹത്യ നടത്തിയ പുഞ്ചിരി പാതിവഴിയിലുപേക്ഷിച്ച് സുധാമൂർത്തിയുടെ ചെറിയ കഥകളിലേക്ക് വീണ്ടും ഞാൻ ഊളിയിട്ടു.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഭക്ഷണം ഓൺലൈനിൽ തിരഞ്ഞെടുത്തിരുന്നതിനാൽ വലവും ഇടവും ഇരുന്നവരേക്കാൾ മുമ്പേ എനിക്ക് ഭക്ഷണം ലഭിച്ചു. മാൻപേട എന്നിലേക്ക് കാകനെപ്പോലെ ഒളികണ്ണിട്ടു.

‘ഞാനും ടിക്കറ്റ് എടുത്തുതന്നെയാണ് വന്നത്, പിന്നെ തനിക്ക് മാത്രമെന്താ ആദ്യം ഭക്ഷണം?’ ഇങ്ങനെ വല്ലതുമാണോ ആ പെണ്ണിൻറെ മനസ്സിൽ? ‘ആണേൽ കണക്കായിപ്പോയി. കൊണ്ട് കേസ് കൊടുക്ക്’ മനസ്സിൽ അതിന് മറുപടിയും നിറച്ച് ഞാൻ ഭക്ഷണം നോക്കിയങ്ങനെയിരുന്നു.

എന്നാലത് തുറക്കുവാനോ കഴിക്കുവാനോ മനസ്സ് അനുവദിക്കുന്നുമില്ല. ഇടവും വലവും രണ്ടുപേർ നോക്കിയിരിക്കുമ്പോൾ ഒരാൾ മാത്രം..? ഞാൻ പുസ്തകത്താളുകൾക്ക് കാഴ്ച്ച കടം കൊടുത്തപ്പോൾ അവൾ ഈർഷ്യയോടെ മുഖം തിരിച്ചു. ഭക്ഷണം താമസിക്കുന്നതിലോ അതോ ഞാനെന്ന വില്ലന്റെ സാമീപ്യമോ? ഭവതീ, എന്താണ് ക്രോധത്തിനാധാരം?

അൽപസമയത്തിനകം ആ കുട്ടിയ്ക്കും ഭക്ഷണം വന്നു; സന്തോഷം. കഴിക്കാൻ തുടങ്ങിയപ്പോൾ കുടിക്കാനുള്ളതും ഉന്തി വീണ്ടും എയർഹോസ്റ്റസ്. ഞാൻ ഒരു റെഡ് വൈൻ ചോദിച്ചു. ചുണ്ടുകൾ അത് നുണയുമ്പോൾ കള്ളുഷാപ്പിൽ നിന്നും നാലുകാലിൽ ഇറങ്ങിവന്നവനെ നോക്കുന്നപോലെ ഇടതുവശത്തുനിന്ന് ഒരു നോട്ടം പിന്നിലൊരു ചുമ! (അതോ തോന്നലോ?)

രാത്രി. നൂറുകണക്കിന് ആൾക്കാർ ആകാശത്ത് സുഖസുഷുപ്തിയിലാണ്. വിമാനത്തിൻറെ ഇരമ്പലിനോട് മത്സരിക്കാൻ തൊട്ടടുത്തെവിടെയോ ഭേദപ്പെട്ട കൂർക്കംവലി ഉയരുന്നുണ്ട്. ഞാനാകട്ടെ വായന, മയക്കം, വീണ്ടും വായന. ഇടതുവശത്ത് എന്നോട് എന്തോ വിരോധംപോലെ ആ കുട്ടി തിരിഞ്ഞ് ചുരുണ്ടുകൂടിയിരുന്ന് ഉറങ്ങുന്നു. എനിക്ക് പാവം തോന്നി. എൻറെ മകളും കസേരയിൽ ടിവി കണ്ടുകണ്ട് ഇതുപോലെയാണ് ഇരുന്നുറങ്ങുന്നത്. ഞാനും മിഴികളടച്ചു.

അങ്ങ് ദൂരെ പച്ചപ്പിൻറെ ലോകത്ത് എത്തുന്നതിന്റെ മുഴക്കം ക്യാപ്റ്റനിൽ നിന്നും കേട്ടപ്പോൾ മലയാളികൾ തനിസ്വഭാവം കാട്ടാൻ തുടങ്ങി. വിമാനത്തിനകം പൂരപ്പറമ്പാകാൻ പോകുന്നു!

ലാൻഡ് ചെയ്യുംമുമ്പ് പുറത്തേക്ക് എടുത്തുചാടുവാൻ സന്നദ്ധരാകുന്ന പോലെയാണ് ചിലർ. യാത്ര തുടങ്ങുമ്പോൾ വിമാനം കടലിൽ പതിച്ചാൽ എന്ത് ചെയ്യണം എന്നതൊക്കെ എയർഹോസ്റ്റസിൽ നിന്ന് കേട്ടത് പ്രവർത്തികമാക്കുന്ന പോലെ ആകെ അന്തരീക്ഷം അക്രമാസക്തം.

പട്ടിണിരാജ്യത്ത് ഭക്ഷണവാഹനം എത്തിയ പ്രതീതി കണ്ട് ഞാൻ ഇടത് വശത്തേക്കൊന്ന് നോക്കി. അവളും ഇറങ്ങുവാൻ തയ്യാറായി നിൽക്കുന്നു. നൂറ്റാണ്ടുകൾ കുടത്തിൽ കഴിഞ്ഞുകൂടിയ ഭൂതത്തെ തുറന്നവിട്ടപോലെ പുറത്തേക്ക് വികാരം ബഹിർഗമിക്കുന്ന ആൾക്കാരെ നോക്കി ഞാനും എണീറ്റു.

‘എന്താണ് നോക്കി നിൽക്കുന്നത് വേഗം ഇറങ്ങൂ’ എന്ന മട്ടിൽ പെൺകുട്ടിയുടെ കണ്ണുകൾ എന്നിലേക്ക് ചൂഴ്ന്നിറങ്ങുന്നു. വലത് വശത്തിരുന്ന വൃദ്ധൻ സ്ഥലംകാലിയാക്കിയപ്പോൾ ഞാൻ ഞെങ്ങിഞെരുങ്ങി ഇറങ്ങി. കൂട് തുറന്നുകണ്ട കിളിയെപ്പോലെ അവളും പിന്നിൽ.

ലഗ്ഗേജ് എടുത്ത് ഞാൻ തിരിയുമ്പോൾ അവൾ തൻറെ ലഗ്ഗേജ് എടുക്കുവാൻ നടത്തുന്ന പരിശ്രമം കണ്ട് ഞാൻ സഹായിച്ചു. ഞാൻ വില്ലനല്ലെന്നും മാന്യനാണെന്നും ബോധോദയം ജനിച്ചപോലെ ആ കുട്ടി ‘താങ്ക്സ്’ പറഞ്ഞ് ഒരു ചിരി സമ്മാനിച്ചു. ഭാഗ്യം! മനുഷ്യത്വമുണ്ട്.

വിമാനത്തിന് പുറത്തേക്കിറങ്ങി നടക്കുമ്പോൾ ഞാനൊന്ന് തിരിഞ്ഞുനോക്കി. അവൾ തൊട്ട് പിന്നിൽ തന്നെയുണ്ട്. അപ്പോൾ ഞാൻ ആദ്യമായി ചുണ്ടുകൾ ചലിപ്പിച്ചു. “എവിടാ വീട്?” കൈയിൽ നിന്നും ഊർന്നിറങ്ങുന്ന ബാഗ് മുകളിലേക്ക് വലിച്ചിട്ട് അവൾ മറുപടി തന്നു “പത്തനാപുരം” അതുകേട്ട എൻറെ കണ്ണുകൾ വിടർന്നു. “ഞാൻ കൂടൽ… അപ്പോൾ നമ്മൾ അടുത്താണല്ലോ?!” എന്നിൽനിന്നും ഉതിർന്ന വാക്കുകൾ കേട്ടപ്പോൾ “അയ്യോ! എൻറെ വീടും കുടലിൽ തന്നെയാ. കൂടൽ എന്ന് പറഞ്ഞാൽ മനസ്സിലാകില്ല എന്നുകരുതിയാ ഞാൻ പത്തനാപുരം പറഞ്ഞത്”. ഞങ്ങൾക്കിടയിൽ അതുവരെ പൊക്കികെട്ടികൊണ്ടുവന്ന അപരിചിതരുടെ കൃത്രിമ മതിൽക്കെട്ട് അതോടെ പൊളിഞ്ഞുവീഴുകയായി എന്ന് പറയേണ്ടതില്ലല്ലോ.

അവിടെനിന്ന് എമിഗ്രെഷൻവരെ നടന്ന അഞ്ച് മിനിറ്റുകൊണ്ട് അവൾ എൻറെ തൊട്ട് അയൽപക്കത്തുള്ള തോമസ് ചേട്ടൻറെ ഇളയ മകൻറെ ഭാര്യയാണെന്നും, ദുബായിൽ നഴ്‌സ് ആയി ജോലിചെയ്യുന്നുവെന്നും, ഈസ്റ്റർ കൂടാൻ നാട്ടിൽ എത്തിയതാണെന്നും പറഞ്ഞു.

വീട്, കുടുംബം, നാട്ടുകാര്യങ്ങൾ എല്ലാം ക്ഷിപ്രം കൈമാറി ലഗ്ഗേജ് വരുന്ന ഭാഗത്തേക്ക് ഞങ്ങൾ നടന്നു. തോമസ് ചേട്ടൻറെ മകൻറെ കല്യാണം നടന്നതൊക്കെ അറിയാം. പക്ഷേ മരുമകളെ പരിചയപ്പെടുന്നത് ആദ്യമായി, അതും അപരിചിതത്വത്തിന്റെ നാല് മണിക്കൂറിനു ശേഷം. സുരക്ഷിതത്വത്തിന്റെ സ്വാതന്ത്ര്യം ആ കുട്ടിയുടെ മുഖത്ത് മിന്നിത്തെളിയുന്നത് ഞാനപ്പോൾ കണ്ടു.

എൻറെ ലഗ്ഗേജ് വന്നശേഷവും ആ കുട്ടിയുടെ ലഗ്ഗേജ് വന്നില്ല. എങ്കിലും ഞാൻ നിന്നു. “അച്ചാച്ചൻ പൊയ്ക്കോ. ലേറ്റാകില്ലേ??” അങ്ങനെ പറഞ്ഞിട്ടും അവളുടെ ലഗ്ഗേജ് വന്നശേഷം അതെടുത്ത് ട്രോളിയിൽ വച്ച് കൊടുത്തിട്ടാണ് ഞാൻ പുറത്തേക്ക് നടന്നത്.

പുറത്തേക്ക് ഇറങ്ങിയ ആ പെൺകുട്ടിയെ കാത്ത് അതാ, തോമസ് ചേട്ടനും അവളുടെ ഭർത്താവും നിൽക്കുന്നു! എന്നെ കണ്ട തോമസ് ചേട്ടനും മകനും അത്ഭുതം കൂറി. “അയ്യോ നിങ്ങൾ ഒരേ ഫ്ലൈറ്റിനാണോടാ വന്നേ?!” തോമസ് ചേട്ടൻറെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു.

“പോട്ടെ അച്ചാച്ചാ..?” തൻറെ ഭർത്താവിനൊപ്പം അവൾ നടക്കുമ്പോൾ യാത്രാമൊഴി. നാല് മണിക്കൂർ ഒന്നിച്ച് യാത്രചെയ്‌തിട്ടും ഒരുവാക്കുപോലും വിമാനത്തിൽ വച്ച് വീർത്തുകെട്ടിയ മുഖത്തോടെയിരുന്ന് ഉരിയാടാത്തത്തിന്റെ പശ്ചാത്താപം എന്നിലാണോ ആ നടന്നകലുന്ന ആ പെൺകുട്ടിയിലാണോ കൂടുതൽ ഉണ്ടായിരുന്നത്?

വിരസമായ നാല് മണിക്കൂറിൽ എപ്പോളെങ്കിലും “വീടെവിടാ?” എന്നൊരു ചോദ്യം ഞാൻ ചോദിച്ചിരുന്നെങ്കിൽ കുഞ്ഞനുജത്തിയെപ്പോലെ, അല്ലെങ്കിൽ ഒരു ബന്ധുവിനെപ്പോലെ ഒരു അയല്പക്കക്കാരിയെ സംസാരിക്കാൻ ലഭിച്ചേനെ.

പുറത്തേക്ക് നടന്നിറങ്ങിയപ്പോൾ അയൽപക്കക്കാരിയുടെ പേര് ചോദിക്കാൻ മറന്നല്ലോ എന്ന് ഞാനോർത്തു. ചില നിശ്ശബ്ദതകൾ അങ്ങനെയാണ്. നല്ല അയൽക്കാരനെ കാണാൻ കഴിയാത്ത പാഴായിപ്പോകുന്ന നിശ്ശബ്ദതകൾ.

×