Advertisment

ആദ്യ എ ടി എം അനുഭവം

New Update

2003-ലെ ഒരു തണുത്ത സായാഹ്നം. റാസൽഖൈമയിലെ നക്കീൽ സിറ്റി.

Advertisment

ഗൾഫിലെത്തി ആദ്യമായി കിട്ടിയ സാലറിയെടുക്കാനാണ് ഞാൻ ബാങ്കിന്റെ എ.ടി.എമ്മിൽ എത്തിയത്. ആദ്യ ശമ്പളം, പുതിയ എ.ടി.എം. കാർഡ്. സന്തോഷത്തിരമാല ആഞ്ഞടിച്ചുകയറുമ്പോൾ ഞാൻ പേഴ്സിൽ നിന്നും കാർഡ് എടുത്തു. ചുറ്റും ഒരു മനുഷ്യൻ പോലുമില്ല. എന്നും അവിടെ കാണാറുള്ള കിളവൻ സെക്യൂരിറ്റിപോലും.

publive-image

പോക്കറ്റിൽനിന്നും എ.ടി.എം കാർഡ് എടുത്തതും പെട്ടെന്ന് അവിടെ ഒരു കാർ വന്നുനിന്നു. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു ഫിലിപ്പിനോ യുവാവ്. കാർനിർത്തി അയാൾ ഓടിവരികയാണ്. "പാരെ .. വൺ മിനിറ്റ്.." അയാൾ ആ ഓടിവരവിൽ അഭ്യർത്ഥിച്ചത് എന്നെക്കാൾ മുമ്പേ പണം എടുക്കുവാനുള്ള അനുവാദമായിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് സമ്മതിച്ചു. എ.ടി.എം. മെഷീനും എനിക്കും ഒരു ധൃതിയുമില്ല. ഞാൻ ആ ഫിലിപ്പിനോയെ സാകൂതം നോക്കി നിന്നു. കാർഡ് എ.ടി.എം മെഷീനിൽ ഇടീലും പിൻ അടിക്കലും എല്ലാം ധൃതിയിൽ കഴിഞ്ഞു. ഒരു ഓട്ടമത്സരക്കാരന്റെ അവസ്ഥയാണയാൾക്ക്. കാർഡ് മെഷീനിൽ നിന്നും പുറത്തുവന്നു. അകത്ത് നോട്ടുകൾ എണ്ണുന്ന ശബ്ദം കേൾക്കാം. കാർഡ് പുറത്തുവന്നതും ഞാൻ നോക്കി നിൽക്കെ അയാൾ കാർഡ് എടുത്തുകൊണ്ട് ഒറ്റയോട്ടം. ഓടിച്ചെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ടാക്കി അതിവേഗം മുന്നോട്ട് പോയി.

ഞാൻ സ്ഥബ്ദനായിപ്പോയി. പുറത്തേക്ക് വരുന്ന പണം എടുക്കാൻ അയാൾ മറന്നുപോയ! ദിർഹത്തിന്റെ ഒരു കെട്ട് പുറത്തേക്ക് വന്ന് 'കൂ..കൂ' ശബ്ദം കേൾപ്പിക്കുന്നു. എന്തുചെയ്യണം എന്നറിയാതെ കുഴങ്ങിയ ഞാൻ പെട്ടെന്ന് ആ പണം വലിച്ചെടുത്തു. എന്നിട്ട് ആ ഫിലിപ്പിനോ പോയ റോഡിലേക്ക് നോക്കിയങ്ങനെ നിന്നു.

പതിനായിരം ദിർഹം! ഒന്നേകാൽ ലക്ഷം രൂപയാണ് കയ്യിൽ! ആദ്യമായിട്ടാണ് ഇത്ര വലിയൊരു തുക ദിർഹം ആയി കാണുന്നത് തന്നെ. എൻറെ ഹൃദയമിടിപ്പ് കൂടി. ഞാൻ നാലുപാടും നോക്കി. ആരുമില്ല. പൈസാ എടുത്തതിന് എ.ടി.എം മെഷീൻ സ്‌ക്രീനിൽ നന്ദിപറയുന്നത് തെളിഞ്ഞുനിന്നു.

വല്ലാത്തൊരു അവസ്ഥയായിരുന്നു എന്റേത്. എന്താണ് ചെയ്യുക? ഒരു കളവുമുതൽ കയ്യിൽ കിട്ടിയ പ്രതീതി. ഞാൻ പുറത്തേക്കിറങ്ങി. അഞ്ചു മിനിറ്റ്... പത്ത് മിനിറ്റ്... സമയം ഇഴഞ്ഞുനീങ്ങുകയാണ്. നക്കീലിൽ ഇരുട്ട് പരക്കുന്നു. ചുണ്ടും നഖവും കടിച്ച് ഞാനങ്ങനെ നിൽക്കുമ്പോൾ അതാ, ആ ഫിലിപ്പിനോയുടെ തന്നെ വണ്ടി വീണ്ടും വന്ന് എൻറെ മുന്നിൽ ബ്രേക്കിടുന്നു! ഓടിവന്ന് അയാൾ എന്നെയൊന്ന് ആപാദചൂഡം നോക്കി. ചിരിച്ചുകൊണ്ട് ഞാൻ ആ പതിനായിരം ദിർഹം അയാളുടെ കയ്യിൽ വച്ചുകൊടുത്തു.

ഒരമ്മ തൻറെ കുഞ്ഞിനോട് കാണിക്കുന്നപോലെയുള്ള സ്നേഹപ്രകടനമായിരുന്നു പിന്നീട് അയാൾ എന്നോട് കാട്ടിയത്. ഒന്നല്ല പലവട്ടം എനിക്ക് കൈ തന്നു. കെട്ടിപിടിച്ചു. എൻറെ കൈ ചുംബിച്ചു. പണവും പോക്കറ്റിൽ നിക്ഷേപിച്ച് അയാൾ യാത്രയാകുമ്പോൾ വലിയൊരു പേമാരി പെയ്തൊഴിഞ്ഞ പ്രതീതിയായിരുന്നു എൻറെ മനസ്സിൽ. ഞാൻ മെല്ലെ എ.ടി.എം. മെഷീനിൽ എൻറെ കാർഡ് ഇട്ട് ഉത്‌ഘാടനം നടത്തി, ആയിരം ദിർഹം പിൻവലിച്ച് തിരികെ എൻറെ റൂമിലേക്ക് നടന്നു.

പ്രവാസത്തിലെ എൻറെ ആദ്യ എ.ടി. എം അനുഭവം അങ്ങനെ മറക്കാനാവാത്തതായി മാറി.

Advertisment