Advertisment

ജിമ്മി എന്ന ജന്മി (കഥ)

author-image
ജോയ് ഡാനിയേല്‍, ദുബായ്
Updated On
New Update

ലപ്പുഴയിൽ ഒരു ജന്മിയുണ്ടായിരുന്നു, ഇത് ആ ജന്മിയുടെ കഥയാണ്.

Advertisment

രണ്ടായിരത്തി മൂന്ന് നവംബർ പതിനെട്ടിന് ദുബായ് എയർപോർട്ടിലെ ടെർമിനൽ ഒന്നിൽ ഞാനും, ചേർത്തലക്കാരൻ വിനോദ് ശിവരാമനും വിമാനം ഇറങ്ങുമ്പോൾ അങ്ങ് ദുബായ് ക്രീക്കിനപ്പുറത്തെ സായന്തനത്തിൽ ചെംചായം പൂശി പകലോൻ എരിഞ്ഞടങ്ങിയിരുന്നു.

അന്നേവരെ വാക്കുകളിലും, ചിത്രങ്ങളിലും ഒക്കെമാത്രം കണ്ട് പരിചയമുള്ള ഗൾഫിലേക്ക് കാലെടുത്തുവച്ച്, എയർപോർട്ടിനക്കത്തെ ഇമ്മാർ പ്രോപ്പർട്ടിയുടെ വലിയ പരസ്യബോർഡുകളും, ഊദിന്റെ മാസ്മരിക ഗന്ധവും പിന്നിട്ട് ചടുലഹൃദയത്തുടിപ്പോടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആശ്വാസം നൽകിയത് കാത്തുനിന്ന സ്വന്തജനങ്ങളുടെ മുഖത്തെ പ്രസരിപ്പും സന്തോഷവുമാണ്.

publive-image

അവരുടെ മുഖദർശനം ഉള്ളിൽ ഉയർന്നുപൊങ്ങിയ അഗ്നിയെ ഊതിയണച്ച് കളഞ്ഞുവെങ്കിലും, തുടർന്ന് കമ്പനിവണ്ടിയിൽ കയറി റാസൽ ഖൈമ എന്ന അങ്ങകലെയുള്ള ഭൂമികയിലേക്ക് നീങ്ങുമ്പോൾ ഒരേ ദിവസം രണ്ടാമത്തെയും യാത്രയയപ്പിൻറെ വേദന എന്നെ ഖിന്നനാക്കി.

നാട്ടിൽനിന്നും ഇറങ്ങുമ്പോൾ കണ്ട പ്രിയതമയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ, ആ യാത്രയ്ക്കിടെ അന്ധകാരാം പാകിയ പാതയോരത്തുനിന്ന് മിന്നിപ്പായുന്ന തെരുവുവിളക്കുകളെപ്പോലെ മനസ്സിൽ പിന്നെയും തെളിഞ്ഞുതെളിഞ്ഞു വന്നുകൊണ്ടിരുന്നു.

ദുബായ്, ഷാർജ, ഉമ്മൽ ക്വയ്‌ൻ താണ്ടി, റാസൽ ഖൈമ നക്കീൽ സിറ്റിയിലെ ചെറിയ വിശ്രമവും കഴിഞ്ഞ്, വണ്ടി ഏതൊക്കെയോ വെളിച്ചമില്ലാത്ത മരുഭൂമിയിൽകൂടി യാത്രയായത് ഇന്നോർക്കുമ്പോൾ പൊട്ടിപൊളിഞ്ഞ പിക്കപ്പിൽ നജീബിനെകൊണ്ട് 'ആടുജീവിത'ത്തിൽ അറബാബ്‌ പോയ യാത്രയെ അനുസ്‌മരിപ്പിയ്ക്കുന്നപോലെ.

കുണ്ടും കുഴിയും ഒക്കെ താണ്ടി വെളിച്ചം അങ്ങ്ദൂരെ കണ്ടപ്പോൾ ഞാൻ കണ്ണുകൾ വലിച്ചുതുറന്ന് പുറത്തേക്ക് നോക്കി. ബാബേൽ ഗോപുരം പോലെ ഉയർന്നുനിൽക്കുന്ന വൻമലകളുടെ അടിവാരത്ത് ഞങ്ങൾ എത്തിയിരിക്കുന്നു. വണ്ടി ഒരു സെക്കൂരിറ്റി ഗേറ്റിനുമുന്നിൽ നിർത്തിയപ്പോൾ ഞാൻ വെളുത്ത ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ ആംഗലേയത്തിൽ കുറിച്ച വരികൾ വായിച്ചു.

'സ്റ്റീവൻ റോക്ക് - അൽ ഗെയിൽ ക്വാറി'.

എമിറേറ്റ്റ്‌സ് ട്രാൻസ്പോർട്ടിന്റെ വണ്ടി ഇഴഞ്ഞിഴഞ്ഞ് അകത്തേക്ക് കയറിനിന്നു. ഞാൻ നാലുപാടും പകച്ചുനോക്കികൊണ്ട് പുറത്തേക്കിറങ്ങി. കമ്പനിയുടെ താൽക്കാലിക അക്കൊമൊഡേഷൻ ആണിത്. പുറത്തിറങ്ങിയപ്പോളാണ് അതുവരെ അറിയാത്ത ഒരു സത്യം അനുഭവിച്ചറിഞ്ഞത്‌.

മലയടിവാരത്തിൽ സൂചികുത്തുന്നപോലെയാണ് തണുപ്പ്. ഇത്തരം കാലാവസ്ഥ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഞാനും വിനോദും സുരക്ഷിത കവചങ്ങൾ ഒന്നുമേയില്ലാതെ ക്യാംപിന്റെ മുമ്പിൽ 'ഏക് മിനിറ്റ്' എന്ന് പറഞ്ഞ് ഞങ്ങളെ നിർത്തി തൻറെ മുറിയിലേക്ക് പോയ ക്യാമ്പ് ബോസ്സ് പാജിയെ കാത്ത് നിന്നു വിറച്ചു. "ഹൂ..." ഞാൻ കരങ്ങൾ കൂട്ടിത്തിരുമ്മി.

പാജി തിരികെവന്ന് എനിക്കും വിനോദിനും പ്രത്യേകം ഒരു ക്യാബിൻ ചൂണ്ടിക്കാട്ടി താക്കോൽ കയ്യിൽ തന്നു. ഞങ്ങൾ ചാടി അതിലേക്ക് കയറി. ഭാഗ്യം, മെത്തയും, തലയിണയും, കട്ടിലുമെല്ലാം റെഡി!

ആദ്യ ഗൾഫ് രാത്രി, പ്രിയതമയെ പിരിഞ്ഞിരിക്കുന്ന ആദ്യരാവും.

പനിപിടിച്ച് വിറയ്ക്കുന്നപോലെ ജീവിതത്തിൽ ആദ്യമായി കിട്ടിയ കട്ടിയുള്ള ബ്ലാങ്കറ്റ് പുതച്ച് ഞാനും വിനോദും കിടന്നു. ഈ ബ്ലാങ്കറ്റിൽ കിടന്നു വിറകൊള്ളുന്നതാണ് പ്രവാസം - ഞാൻ കരുതി. ശരീരം മാത്രമല്ല വിരഹം ബാധിച്ച മനസ്സും നന്നായി വിറകൊള്ളുന്നത് ഞാനറിഞ്ഞു. അറിയാത്തൊരു ലോകം, കാണാത്ത ജോലി.

കോളേജ് പരീക്ഷ എഴുതുമ്പോൾപോലും പിടികൂടാത്ത ഭയം ഊതിവിട്ട ബീഡിപുകപോലെ തലയ്ക്ക്ചുറ്റും നൃത്തം വയ്ക്കുന്നു. അടുത്തദിവസം പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ ചെയ്യേണ്ടത് എന്തൊക്കെയാണ്?

എങ്ങനെയുള്ള ആൾക്കാരാണ് ഓഫീസിൽ? ഇന്ത്യക്കാർ... പാകിസ്താനികൾ... അറബികൾ..? ശിശുക്കൾക്ക് മുന്നിൽ വച്ച വെള്ളക്കടലാസും പേനയും പോലെ അർത്ഥമില്ലാത്ത മനസ്സിൽ കോറിയിടപെട്ട ഭയചിന്തകൾ ഉറക്കത്തെ ആട്ടിയോടിച്ചു.

അടുത്തദിവസം ക്യാമ്പ് ബോസിന്റെ നിർദ്ദേശപ്രകാരം അധികദൂരെയല്ലാത്ത ഹെഡ്ഡോഫീസിലേക്ക്. അവിടെ ഞങ്ങളെ അഭിമുഖം നടത്തി തിരഞ്ഞെടുത്ത ബറൻഡ് ജാൻ കൂപ്പർ എന്ന ഹോളണ്ടുകാരൻറെ മുന്നിൽ ഞാനും വിനോദും ചെറുഭയത്തോടെ ഇരുന്നു. ആദ്യമായാണ് ഒരു വെള്ളക്കാരന്റെ ഓഫീസിൽ.

ബറൻഡ് ഞങ്ങളെ വിളിച്ച് പുറത്തിറങ്ങി. തൻറെ കറുത്ത കാറെടുത്ത് അതിൽ കയറാൻ നിർദ്ദേശിച്ചു. കാറിൽ കയറിയതും കാറോട്ട മത്സരത്തിനെന്നപോലെ അയാൾ വണ്ടി പായിച്ച് നേരെ ചെന്ന് ക്വാറിയുടെ അടുത്ത് നിന്നു. തൊട്ടുമുന്നിൽ കാണുന്ന ലൈം സ്റ്റോൺ മലകൾ ചൂണ്ടിക്കാട്ടി ബറൻഡ് ഇങ്ങനെ പറഞ്ഞു.

"ലുക്ക്, ബ്രേക്കിംഗ് മൗണ്ടൈൻസ്, മേക്കിങ്ങ് പീസസ്"

മലയെനോക്കി എന്നോടയാൾ പറഞ്ഞത് പിൽക്കാലത്ത് ചെറിയ തിരുത്തലോടെ ജീവിതത്തിൽ യാഥാർഥ്യമാകും എന്ന് ഞാൻ നിനച്ചില്ല. 'ബ്രേക്കിംഗ് മൈൻഡ്‌സ്, മേക്കിങ്ങ് പീസസ്'

തിരികെ മലമുകളിൽ നിന്നും ഇറങ്ങി വിനോദിനെ സ്റ്റോറിലും എന്നെ ക്വാറി ഓഫീസിലെ ജോർജ്ജ് ഫിലിപ്പിന്റെകൂടെയും ആക്കി ബറൻഡ് പിൻവാങ്ങി. മലയാളിയായ ജോർജ്ജ് സാർ അയാളുടെ കീഴ്‌ജീവനക്കാരുടെ അടുത്തേക്ക് എന്നെ വിട്ടുകൊടുത്തു.

ഓഫീസിൽ സീനിയർ സ്റ്റാഫ് റോഷൻ അലി, അയാളുടെ കീഴിൽ ആലപ്പുഴ മുഹമ്മക്കാരൻ ജെയിംസ് ചാക്കോ. എന്ത് പണി ചെയ്യണം എന്ന് എനിക്കോ, എന്ത് പണിതരണം എന്ന് റോഷൻ അലിക്കോ ധാരണയില്ലാതെ കുറെ ദിവസങ്ങൾ കടന്നുപോയി. അവസാനം റോഷൻ എന്നെ ജയിംസിന്റെ കൂടെ സഹായിയായി നിർത്തി. അങ്ങനെ പ്രവാസത്തിലെ ആദ്യ ഗുരുവായി ആ മുഹമ്മക്കാരൻ.

ഗുരു എന്ന് പറഞ്ഞാൽ എല്ലാത്തരത്തിലും ജെയിംസ് അങ്ങനെ തന്നെയായിരുന്നു. പ്രവാസപ്രയാസം അനുഭവിച്ചുകൊണ്ടിരുന്ന എനിക്ക് താങ്ങും തണലും ജിമ്മിച്ചൻ തന്നു. എപ്പോഴും പ്രസന്നവദനൻ, തോളിൽ തട്ടി തമാശ പറഞ്ഞ് ചിരിക്കുന്നവൻ, വീട്ടുകാര്യവും നാട്ടുകാര്യവും എല്ലാം അതീവ താൽപര്യത്തോടെ പറഞ്ഞുകൊണ്ട് എൻറെ ആകുലതകൾ ഒട്ടേറെ മാറ്റിയെടുത്തു. നാട്ടിലേക്ക് ഭാര്യയെ വിളിക്കുമ്പോളും തുരുതുരെ കത്തുകൾ എഴുതുമ്പോളും ഞാൻ പറയും.

"നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ഇവിടെ എനിക്ക് കൂട്ടിന് ജിമ്മിച്ചൻ ഉണ്ട്" അങ്ങനെ, ഒരുപാട് ഹൃദയഭീതികൾ ജെയിംസ്‌കുട്ടിയെന്ന മുഹമ്മകാരൻ പഞ്ഞിപോലെ മൃദുലമാക്കി.

എനിക്ക് വേണ്ട ഉപദേശങ്ങൾ, അനുഷ്ഠിക്കേണ്ട ചര്യകൾ, കൂടെ ജോലിചെയ്യുന്നവരെ പരിചയപ്പെടുത്തൽ. എല്ലാം ജെയിംസ് ഏറ്റെടുത്തു. ഉപദേശങ്ങൾ മാത്രമല്ല ആവശ്യം ഉള്ളപ്പോൾ എല്ലാം എൻറെ കൈയിൽ പണം തിരുകി തന്നും ജിമ്മിച്ചൻ ചിരിച്ചു. വൈകാതെ താൽക്കാലിക താമസം ഞങ്ങൾ നക്കീൽ സിറ്റിയിലേക്ക് മാറിയെങ്കിലും ജിമ്മിച്ചൻ ഓഫീസിൽ എനിക്ക് അഭിവാജ്യഘടകം ആയിരുന്നു.

ഒരുദിവസം ജിമ്മി താമസിച്ച് വന്നാൽ എന്നിൽ ചങ്കിടിക്കും. ആ പേടിക്ക് കാരണം മറ്റൊന്നുകൂടിയാണ്. ഒരുപാട് ആൾക്കാർ ഉള്ള ഒരോഫീസിൽ പുതുതായി വരുന്ന ജോലിക്കാരെ പഴയ ജോലിക്കാരിൽ ചിലരെങ്കിലും ജാരസന്തതികളെപ്പോലെ കാണുന്ന ഒരു രീതി നാട്ടുനടപ്പാണല്ലോ.

ആവശ്യമില്ലാതെ ഓഫീസിലേക്ക് കുത്തിത്തിരുകിയ പണിക്കാരെപ്പോലെ, അല്ലെങ്കിൽ ഇപ്പോൾ ഉള്ളവരുടെ പണി തെറിപ്പിക്കാൻ കൊണ്ടുവന്നവരെപ്പോലെ പലപ്പോഴും നമ്മെ മറ്റുള്ളവർ നോക്കിയേക്കാം. ഞാനും വിനോദും കമ്പനിയിൽ ജോയിൻ ചെയ്‌തത്‌ സ്റ്റാഫ് കാറ്റഗറിയിൽ. എന്നെക്കാൾ വർഷങ്ങൾക്ക് മുമ്പ് വന്ന ജിമ്മിച്ചൻ പോലും ദിവസ ശമ്പള ഗണത്തിൽ!

എല്ലായിടത്തുനിന്നും ഞങ്ങൾക്ക് അവഗണന കിട്ടിയതിന്റെ രഹസ്യം ഒരു ദിവസം ജിമ്മിച്ചൻ എന്നോട് പറഞ്ഞത് കേട്ട് നെഞ്ച് പിടച്ചു. പക്ഷേ തോളിൽ തട്ടി ആശ്വാസദായകനെപ്പോലെ ജിമ്മി പറഞ്ഞു "ടെൻഷൻ അടിക്കേണ്ടടോ... നോ പ്രോബ്ലം" നവംബർ പതിനെട്ടിന് കൂടെവന്ന ഒരുപറ്റം ആൾകാരിൽനിന്നും എന്നെയും വിനോദിനെയും പ്രത്യേകം താമസസൗകര്യത്തിലേക്ക് പാജി വിളിച്ചുകൊണ്ടുപോയത് ഞങ്ങൾ സ്റ്റാഫ് കാറ്റഗറിയിൽ ആയതിനാലാണെന്ന് അപ്പോളാണ് ഞാനോർത്തത്.

ആ ദിവസങ്ങളിൽ ഓഫീസിൽ വച്ച് എൻറെ ഷർട്ട് നാശമായപ്പോൾ എല്ലാവരും നോക്കി ചിരിച്ചസമയത്ത് ജിമ്മിച്ചൻ കൈപിടിച്ച് തൊട്ടടുത്തുള്ള തൻറെ ക്യാമ്പിലേക്ക് കൊണ്ടുപോയി. അലമാരയിൽ പാക്കറ്റ് പൊട്ടിക്കാതെ വച്ചിരുന്ന പുതുപുത്തൻ ഷർട്ട് എനിക്കായി എടുത്തുതന്നിട്ട് ചിരിച്ചു. ഷർട്ടിന്റെ കവറിലേക്ക് ഞാൻ ഒളികണ്ണിട്ടു. സ്നോ വൈറ്റ്-മഞ്ഞുപോലെയുള്ള സ്നേഹവും കുളിരും.

നാട്ടിലേക്ക് പോകുമ്പോൾ ഇടാൻ വച്ചിരുന്ന വസ്ത്രമാണ് എനിക്കെടുത്ത് തന്നത്. പിന്നെ എൻറെ തുണി സോപ്പ് പൊടിയിൽ കുതിർത്ത് വച്ച് അടുത്ത ദിവസം കഴുകി ഉണക്കി ജെയിംസ് ഓഫീസിൽ കൊണ്ട് തന്നു. ഒരിക്കൽപോലും ഒരുതരി പ്രത്യുപകാരം ചെയ്യാത്ത, തൻറെ ജോലി തട്ടിയെടുക്കാൻ വന്ന 'വെള്ളകാരന്റെ ചാരനോടാണ്' ഈ ആലപ്പുഴക്കാരൻ ഇത്രമേൽ മമത കാണിക്കുന്നത്!

വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പെങ്ങളുടെ അടുത്തേക്ക് ആദ്യമായി ഞാൻ റാസൽഖൈമയിൽ നിന്നും ഭീതിയോടെ ദുബായിലേക്ക് ഒരു സാഹസിക യാത്ര നടത്തി. കമ്പനിയിൽ നിന്നും പാറകൾ കൊണ്ടുപോകുന്ന വലിയ വാഹനത്തിൽ. അന്ന് പാകിസ്‌താനി ട്രക്ക് ഡ്രൈവറോടും, വേബ്രിഡ്‌ജിലെ ശ്രീകുമാറിനോടും സംസാരിച്ച് എന്നെ സഹായിച്ചത് ജിമ്മിച്ചനായിരുന്നു. എവിടെനിന്നോ വന്ന എനിക്കുവേണ്ടി ജെയിംസ് ഓടുന്നതും, വാതിലുകൾ മുട്ടുന്നതും കൗതുകത്തോടെ ഞാൻ കണ്ടു. പ്രതിഫലം പ്രതീക്ഷിക്കാത്ത നല്ല സമരിയക്കാരൻ.

കാലചക്രം കുറെയേറെ തിരിഞ്ഞു. ഞാൻ പലപല സെക്ഷനുകളിൽ കയറിയിറങ്ങി രണ്ടായിരത്തി അഞ്ച് ജൂലായിൽ സ്റ്റീവൻ റോക്ക് വിട്ട് ദുബായിലെ പുതിയ കമ്പനിയിൽ കയറി. ജീവിതത്തിൽ ചില കറുത്ത ദിനങ്ങൾ സമ്മാനിച്ച റാസൽ ഖൈമയിലെ നക്കീൽ സിറ്റിയിൽ നിന്നും ചെരുപ്പിലെ അവസാന പൊടിയും തട്ടിക്കളഞ്ഞ് ഞാൻ പോന്നത് ഇനിയൊരിക്കലും തിരികെ ആ ഭൂമികയിലേക്കില്ല എന്ന ചിന്തയിൽ തന്നെയാണ്. മനസ്സിൽ വിരലിൽ എണ്ണാവുന്ന ജിമ്മിച്ചെന്നപ്പോലെയുള്ള ചില സൗഹൃദങ്ങൾ ബാക്കിയാക്കി ഒരു വിട.

ഞാൻ ഉടനെയെങ്ങും നക്കീലിലേക്ക് പോയില്ലെങ്കിലും നക്കീൽ എൻറെ അടുത്തേക്ക് വന്നു. രണ്ടായിരത്തി പന്ത്രണ്ടിൽ ഒക്ടോബർ ഇരുപത്തിയാറാം തീയതി ജെയിംസ് എൻറെ സ്റ്റീവൻ റോക്കിലെ ഇഷ്ടസുഹൃത്തുക്കളുമായി ദുബായ് ഖിസൈസിൽ എൻറെ ഫ്‌ളാറ്റിൽ വന്നു. ഉല്ലാസത്തോടെ ഞങ്ങൾ ദുബായ് പാം ഐലൻഡിൽ ഒരു പകൽ ചിലവഴിച്ചു.

തിരികെ എന്നെ ഫ്‌ളാറ്റിൽ കൊണ്ട് വിട്ട് അവർ തിരികെപോകുമ്പോൾ ഞാൻ ആറുവർഷത്തിന് ശേഷം കാലം കാത്തുവച്ച ഇരുട്ടടി അറിഞ്ഞിരുന്നില്ല. വിധിയും മരണവും എന്നും ചോരനെപ്പോലെയാണല്ലോ വരുന്നത്.

രണ്ടായിരത്തി പതിമൂന്ന് മാർച്ച് പതിനഞ്ചിന് കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ റാസൽഖൈമയിലേക്ക് ഒരു യാത്രനടത്തി. ഒരിക്കൽ മനസ്സിൽ വിങ്ങലായിക്കിടന്ന പ്രദേശങ്ങൾ ചുറ്റിക്കണ്ടു. സൗഹൃദസന്തോഷം ഏറെ പകർന്നുനൽകി പിറ്റേദിവസം അവർ എന്നെ തിരികെ ഖിസൈസിൽ കൊണ്ടുവിട്ടു. അപ്പോളും ഞാൻ അറിഞ്ഞില്ല, അഞ്ച് വർഷത്തിന് ശേഷം ഉണ്ടാകാൻ പോകുന്ന ക്രൂരത.

കാലമെന്ന പുസ്തകത്താളുകൾ വീണ്ടും കുറെ മറിഞ്ഞു. ഇതിനിടെ ജിമ്മിച്ചൻ കല്യാണം കഴിച്ച് മൂന്ന് കുട്ടികളുടെ പിതാവായി.

രണ്ടായിരത്തി പതിനെട്ട് ഒക്ടോബർ ഇരുപത്തിയാറിന്, അതായത് ഞങ്ങൾ പാം ഐലൻഡിൽ പോയ അതേ പോലൊരുദിവസം, കൃത്യം ആറുവർഷം പൂർത്തിയായ ദിനത്തിൽ ഹൃദയശൂന്യമായൊരു വാർത്ത എന്നെത്തേടിവന്നെത്തി. ജിമ്മിച്ചൻ എന്ന ജെയിംസ്‌കുട്ടി ഹൃദയാഘാതം മൂലം ലോകത്തോട് വിടപറഞ്ഞു!! ഹൃദയം നുറുങ്ങുന്ന കേൾവി! ഒരു കാരമുള്ള് മനവും തനുവും നോവിച്ച് കുത്തിതുളഞ്ഞുകയറിയ പോലെ ഞാൻ നിന്നുപോയി.

അപ്പോൾ ഓർത്തത് മറ്റൊന്നുമല്ല, അൽഗയിൽ ക്വാറി ഓഫീസിനുമുന്നിൽ സ്വതസിദ്ധമായ പുഞ്ചിരിക്കുന്ന മുഖം മാത്രം. കണ്ണുകൾ നിറയുന്നതും, കൈകൾ വിറയ്ക്കുന്നതും, കരൾ തുടിക്കുന്നതും ഞാനറിഞ്ഞു. ഒരു നഷ്ടപ്പെടൽ എന്നെ ഇത്രമാത്രം അലോസരപ്പെടുത്തിയത് ആദ്യമായാണെന്നും തിരിച്ചറിഞ്ഞു.

എങ്കിലും അസമയത്തുള്ള ഈ വിടപറയൽ ജെയിംസ്..!!??

പ്രവാസത്തിലെ പിച്ചവെപ്പിൽ ഒരു താങ്ങുതന്ന് അത്താണിയായിരുന്നവനേ, നീ വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു. റാസൽ ഖൈമയിലെ മലയടിവാരത്തിൽ പകച്ചുനിന്ന എനിക്ക് മരുഭൂവിൽ വേരുപിടിപ്പിക്കാൻ വെള്ളവും വെളിച്ചവും പകർന്നവനേ, നിൻറെ സുസ്മേരവദനം എങ്ങനെയാണ് മായ്ച്ചുകളയുക? നിന്നെക്കുറിച്ച് രണ്ടുവാക്ക് കുറിയ്ക്കാതെ എങ്ങനെയാണ് ഇനിയൊരു കഥയെഴുതുക?

എവിടെയൊക്കെയോ ജനിച്ച് വളർന്ന്, എങ്ങനെയൊക്കെയോ കണ്ടുമുട്ടി, ഏതൊക്കെയോ സുഖസ്മരണകൾ തന്നുപോയ പ്രിയകൂട്ടുകാരാ, നിൻറെ പുഞ്ചിരിയോർമ്മകൾക്ക് മുമ്പിൽ ഞാൻ തലവണങ്ങുന്നു. ഈ അറേബ്യൻ ആകാശകോണുകളിൽ കാർമേഘങ്ങളാൽ മൂടപെട്ടാലും, ഹൃദയകാശത്ത് എന്നും പ്രഭവിതറുന്ന നിത്യപ്രകാശമായി നീ വിളങ്ങട്ടെ.

ജിമ്മീ, ഹൃദയത്തിൽ നീ ജന്മിയാണ്. ആറടിമണ്ണിന്റെയോ അറുപത്തടി മണ്ണിന്റെയോ അല്ല, പിന്നെയോ; സീമാതീതമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിത്യജന്മി. ആരും ഇല്ലാത്തപ്പോൾ എനിക്ക് ദൈവം തന്ന തണൽമരം.

Advertisment