ദൈവം തന്ന പണം

ജോയ് ഡാനിയേല്‍, ദുബായ്
Wednesday, August 14, 2019

മാസം പകുതി കഴിഞ്ഞതേയുള്ളൂ. എങ്കിലും കയ്യിലുണ്ടായിരുന്ന അവസാന ഫിൽസും ഇർഫാൻ ഖാൻ ഇന്നലെ അത്താഴത്തിനായി ചെലവഴിച്ചുകഴിഞ്ഞു. മാസത്തിലെ ഇനിയുള്ള ദിനങ്ങൾ വലിയ ഒരു ചോദ്യമായി നിൽക്കുകയാണ്.

മിനിയാന്ന് നാട്ടിൽ ഒഴിവാക്കാനാകാത്ത ആവശ്യം കാരണം കയ്യിൽ ഉണ്ടായിരുന്ന പണമെല്ലാം അയച്ചു. ഇന്നലെ അത്താഴം കഴിഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്ന അവസാന ഫിൽസും തീർന്നു.

ഒഴിഞ്ഞ പേഴ്‌സും, കാലിയായ പോക്കറ്റുമായി രാവിലെ അയാൾ വണ്ടിയിൽ കയറി. പതിനഞ്ച് വർഷമായി പ്രവാസത്തിൽ വളയം പിടിക്കുന്നു. ഒരിക്കലും അനുഭവപ്പെടാത്ത ശൂന്യതയാണിന്ന്. ഒരു ഫിൽസുപോലും വിലയില്ലാത്ത മനുഷ്യനായിമാറി എന്ന ചിന്ത വളയത്തിനും, ആക്സിലേറ്ററിനും, ബ്രേക്കിനുമിടയിൽ അയാളെ വരിഞ്ഞുമുറുക്കി.

ഇന്നുമുതൽ മാസാന്ത്യംവരെ ഭക്ഷണം, സിഗരറ്റ്… ചെറുചിലവുകൾ?? അറിയില്ല. പരമകാരുണ്യവാനായ ദൈവത്തോട് അയാൾ മനസ്സുരുകി പ്രാർത്ഥിച്ചു. ദൈവമേ, എനിക്ക് ഒരു അമ്പത് ദിർഹം കിട്ടിയിരുന്നെങ്കിൽ!!

പക്ഷേ എങ്ങനെ? ആരിൽ നിന്ന്? ഇതുവരെ കൊടുത്തിട്ടേയുള്ളൂ. കൈ നീട്ടിയിട്ടില്ല!

വണ്ടി നിർത്തി ഓഫീസിലേക്ക് നടക്കവേ, അയാളുടെ കാൽ കല്ലിൽ തട്ടി വേദനിച്ചു. കാലിനെ വേദനിപ്പിച്ച കല്ല് നീക്കിയിടാനായി കുനിഞ്ഞപ്പോൾ കണ്ണുകളെ വിശ്വസിക്കാനായില്ല. നൂറ് ദിർഹത്തിന്റെ ഒരു നോട്ട് കല്ലിനടുത്ത് കിടക്കുന്നു!!

നാലുപാടും നോക്കി. ഇല്ല… അടുത്തെങ്ങും ആരുമില്ല. ഒന്ന് മടിച്ചെങ്കിലും അയാൾ അതെടുത്ത് പോക്കറ്റിൽ നിക്ഷേപിച്ചു. ദൈവത്തോട് ചോദിച്ചത് അമ്പത്.. കിട്ടിയതോ നൂറ്!!

ഓഫീസിൽ ചെന്ന് കയറുമ്പോൾ പതിവിന് വിപരീതമായ ഒരന്തരീക്ഷം. മാനേജർ വിഷണ്ണനായി നിൽക്കുന്നു. അതെ! ആരോടോ ഫോണിൽ മാനേജർ സംസാരിക്കുന്നത് രാവിലെ നഷ്ടപെട്ട നൂറ് ദിർഹത്തെപ്പറ്റിയാണ്! അതുകേട്ട് ഡ്രൈവറുടെ കൈ താനെ പോക്കറ്റിലേക്ക് നീണ്ടു. എന്നാൽ പെട്ടെന്ന് മുന്നിലുള്ള പകുതിമാസം എന്ന ചിന്ത അയാളുടെ കൈ പിറകിലോട്ട് വലിച്ചുകളഞ്ഞു.

ഒന്നുമറിയാത്തവനെപ്പോലെ ഡ്രൈവർ പുറത്തിറങ്ങി. വാഷ്‌റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിൽ നോക്കുമ്പോൾ പ്രതിബിംബം ഇങ്ങനെ വിളിച്ചുപറയുന്നതുപോലെ അയാൾക്ക് തോന്നി “കള്ളൻ.. പെരുംകള്ളൻ..!!” കുനിഞ്ഞ ശിരസ്സോടെ ഡ്രൈവർ പുറത്തിറങ്ങി.

മാസാവസാനമായി ശമ്പളം കിട്ടിയ ദിവസം. മാനേജർ തിരക്കിലായിരുന്നു. ഡ്രൈവർ അനുവാദം ചോദിച്ച് ക്യാബിനിലേക്ക് കയറി. കുശലാന്വേഷണം നടത്താൻ തുടങ്ങവേ അയാൾ പോക്കറ്റിൽനിന്നും പേഴ്‌സ് പുറത്തെടുത്ത് നൂറുദിർഹം മാനേജർക്ക് നേരെ നീട്ടി.

മാനേജർക്ക് കാര്യം മനസിലായില്ല. “എന്താണിത്?!” മാനേജർ ചോദിച്ചു.

കണ്ണുകളിൽ തുളുമ്പിവന്ന ജലകണം ഒപ്പിക്കൊണ്ട് ഡ്രൈവർ പറഞ്ഞു.”ഭക്ഷണത്തിന് പൈസാ ഇല്ലാതെ ഞാൻ കരഞ്ഞപ്പോൾ എനിക്ക് ദൈവം റോഡിലേക്ക് ഇട്ടുതന്നത് അങ്ങയുടെ പോക്കറ്റിലെ പണമാണ്. ഒരു മോഷണമുതൽ പോലെ പതിനഞ്ച് ദിനം ഞാൻ അത് ഉപയോഗിച്ചു. സാർ… ഇന്നെനിക്ക് ശമ്പളം കിട്ടി. ഇതാ ദൈവം തന്ന ആ പണം ഞാൻ അങ്ങേക്ക് തിരികെത്തരുന്നു…എന്നോട് ക്ഷമിച്ചാലും..”

ഇതുപറഞ്ഞ് കാലിൽവീണ ഡ്രൈവറെ മാനേജർ പിടിച്ചെണീപ്പിച്ചു. എന്നിട്ട് പറഞ്ഞു “ഈ ലോകത്ത് ദൈവത്തിന് എന്നിലൂടെയും പ്രവർത്തിക്കാൻ കഴിയുമെന്ന് നീയെന്നെ പഠിപ്പിച്ചു. ഇത്രയും മതി ഈ ജീവിതകാലം മുഴുവൻ എനിക്ക് സന്തോഷിക്കാൻ…”

സജലങ്ങളായ ആ നാലുകണ്ണുകൾ പറയാതെ പറഞ്ഞ മൗനം ഒന്നല്ല ഒരായിരം കഥകളായിരുന്നു.

×