Advertisment

ആർക്കും വേണ്ടാത്ത മെസേജുകൾ

author-image
ജോയ് ഡാനിയേല്‍, ദുബായ്
Updated On
New Update

publive-image

Advertisment

സകരമായ ഒരനുഭവം ഉണ്ടായി.

എത്ര രസകരവും, വേദനാജനകവും, എത്രത്തോളം നിരാശാജനകവും ആണിതെന്ന് വായനക്ക് ശേഷം നിങ്ങൾ തീരുമാനിക്കുക.

ദുബായിലെ അറിയപ്പെടുന്ന ബാത്ത്‌റൂം ഗായകനാണ് ഞാൻ എന്നാണ് സ്വയം വിശ്വസിക്കുന്നത്. എൻറെ സ്റ്റുഡിയോയും, ഓർക്കസ്ട്രയും, പ്രാക്ടീസുമൊക്കെ നടക്കുന്ന സ്ഥലമാണ് വാഷ് ബേസിനും, ബാത് ടബ്ബും ഒക്കെ നിറഞ്ഞ ഭൂപ്രദേശം. ചില പാട്ടുകളാകട്ടെ, ഭാഗ്യദേവത കടാക്ഷിച്ച് ഇടുങ്ങിയ ബാത്‌റൂം അതിർത്തി ഭേദിച്ച് പുറത്തേക്ക് ചാടിവരും.

അങ്ങനെ അനുസരണക്കേട് കാട്ടി പുറത്തുവന്ന ഒരു പാട്ട് മൊബൈലിൽ റിക്കോർഡ് ചെയ്‌ത്‌ ഒരു കൂട്ടുകാരനും എൻറെ കുടുംബത്തിനും അയച്ചുകൊടുത്തു. മറുതലയ്ക്കൽ കൂട്ടുകാരന് അത് പ്ളേ ആകുന്നില്ല.

അവൻ പറഞ്ഞ കാരണം ഞാൻ റെക്കോർഡ് ചെയ്‌തത്‌ ആൻഡ്രോയ്‌ഡ് ഫോണിലും അവൻ ഉപയോഗിക്കുന്നത് ഐഫോണും ആയതുകൊണ്ടാണ് എന്നാണ്. ആപ്പിളും ആൻഡ്രോയിഡും തമ്മിലുള്ള ശീതസമരമാണോ കാരണം എന്നൊന്നും ആലോചിക്കാതെ പോംവഴി ചിന്തിച്ചു.

വൈകാതെ ലൈറ്റ് കത്തി.

എൻറെ കയ്യിൽ ഒരു പഴയ ആപ്പിൾ ഫോൺ ഉണ്ട്. പുതിയ ഫോൺ വന്നപ്പോൾ പുരാവസ്‌തു ആക്കപ്പെടാൻ വിധിക്കപ്പെട്ടത്. ചാർജർ കുത്തി ഇത്തിരി അമ്മിഞ്ഞാപാൽ ഒക്കെ കൊടുത്താൽ അവനും 'ളാ ..ളാ .. ളാ ' പാടിക്കോളും. ഫോണെടുത്തു. മുലകണ്ണെടുത്ത് വായിലേക്ക് തിരുകിക്കയറ്റി. 'ചാർജിങ്ങ്' ഡിസ്‌പ്ലെ വന്നു, ഫോൺ ജീവനും വച്ചു.

വൈകാതെ നല്ല ഐക്ലാസ്സ് ഒരു പാട്ടുപാടി റൊക്കോഡ് ചെയ്‌തു. ഇനി ഫോണിൽ നിന്നും എൻറെ വാട്‍സ് ആപ്പിലേക്ക് അയക്കണം. അവിടെനിന്നും ആസ്വാദകർക്ക് അയക്കാം. ആപ്പിളിൻറെ ബ്ലൂടൂത്ത് ലോകപ്രശസ്തമായതുകാരണം അതിന് മിനക്കെട്ടില്ല.

പെട്ടെന്ന് തലയിൽ കയറിവന്ന ബുദ്ധി വേറൊരു വാട്‍സ് ആപ്പ് ഉണ്ടാക്കി ആപ്പിൾ ഫോണിൽ നിന്നും പുതിയ ഫോണിലേക്ക് അയക്കുക എന്നതായിരുന്നു. കമ്പനി വക ഒരു സിം ഉണ്ട്. അതിലൊരു വാട്‍സ്ആപ്പ് തൽകാലം ഉണ്ടാക്കി ഓഡിയോ അയക്കാമല്ലോ.

ഒരു പാട്ട് അയക്കുവാൻ വേണ്ടിമാത്രം അങ്ങനെ പുതിയ വാട്‍സ്ആപ്പ് ഉണ്ടാക്കപെട്ടു (ഒരു നിമിഷത്തെ അഭിനിവേശമാണല്ലോ ഒരു തലമുറയെ സൃഷ്‌ടിക്കുന്നത്‌!). പാട്ട് ഉഷാറായി പാടി. പുതിയ ഫോണിലേക്ക് അയച്ചു. സുഹൃത്തിന് അയച്ചു. എനിക്കും സന്തോഷം, സുഹൃത്തിനും സന്തോഷം. ശുഭം... സ്വസ്ഥം. കഥ അവിടെ കഴിഞ്ഞു. മൊബൈലിലെ വൈഫൈ ഓഫ് ചെയ്‌തു.

വല്ലപ്പോഴും പാട്ടുകൾ അയക്കുവാൻ മാത്രം വിധിക്കപ്പെട്ട വാട്‍സ് ആപ്പ്. എന്നാൽ കഥയവിടെ കഴിഞ്ഞോ? ഇല്ല!

ഏക പത്‌നിവ്രതം ലംഘിച്ചിട്ടില്ലെങ്കിലും ഞാൻ ഇപ്പോൾ രണ്ട് വാട്‍സ്ആപ്പുകൾക് ഉടമയാണ്. ഒരെണ്ണം സ്ഥിരമായുള്ളത്. മറ്റേത് യൂസ് ആൻഡ് ത്രോ, അഥവാ കറിവേപ്പില. ഈ കറിവേപ്പില വാട്‍സ്ആപ്പിൽ പ്രൊഫൈൽ ചിത്രം കൊടുത്തിട്ടില്ല.

മാത്രവുമല്ല 'നോട്ട് ആക്റ്റീവ്' എന്നൊരു ടാഗ് ലൈനും പ്രൊഫൈലിന് താഴെ കൊടുത്തു. എൻറെ കമ്പനി മൊബൈൽ നമ്പർ പലർക്കും അറിയാവുന്നതാണ്. അതിനാൽ അബദ്ധത്തിൽ പോലും ആരും ഈ നമ്പറിൽ മെസേജ് ഇടേണ്ട എന്നൊരു നല്ല ഉദ്ദേശം മാത്രമേ അതിന് പിന്നിലുണ്ടായിരുന്നുള്ളു.

ദിവസങ്ങൾ കഴിഞ്ഞു. പുതുവത്സരത്തിന്റെ അവധി ദിവസം ഒരു പൂതി. പാട്ടുപാടി മോൾക്കും വാമഭാഗത്തിനും അയച്ച് കൊടുക്കണം. കറിവേപ്പില ഫോൺ എടുത്തു. പാട്ട് പാടി. പുതിയ ഫോണിലേക്ക് അത് അയക്കുവാൻ വൈഫൈ ഓൺ ചെയ്‌തതും എൻറെ പൊന്നോ....!! അമ്പലത്തിലെ മണിയും, പള്ളിയിലെ കൂട്ടമണിയും ഒന്നിച്ചടിയോടടി! ഞാൻ കണ്ണ് മിഴിച്ച് നോക്കി.

ദൈവമേ! അമീബ പോലെ പെറ്റുപെരുകികിടക്കുന്ന നൂറുകണക്കിന് വാട്‍സ്ആപ്പ് മെസേജുകൾ! ഗുഡ് മോണിങ്ങ്... ഗുഡ് ആഫ്റ്റർനൂൺ... ഗുഡ് നൈറ്റ്... മെറിക്രിസ്‌തുമസ്‌.... ഹാപ്പി ന്യൂ ഇയർ.. ഹാവ് എ നൈസ് ഡേ... പിന്നെ ആക്രിക്കാർ പോലും എടുക്കാത്തത് കുറെ ഫോർവേർഡ് ചെയ്‌ത മെസേജുകളും!

സത്യം പറഞ്ഞാൽ എനിക്ക് ചിരിവന്നു. പിന്നെയൊന്ന് ചിന്തിച്ചു. പിന്നെ ദേഷ്യവും വന്നു. 'ഈ വാട്‍സ്ആപ്പ് ആക്റ്റീവല്ല' എന്ന ടാഗ് ലൈനോ, ഫോട്ടോ ഇല്ലാത്തതോ ഒന്നും ഈ വിരുതന്മാർക്കൊന്നും ബാധകമല്ല. അവർക്ക് ഒന്നും രണ്ടും സാധിക്കണം. അതിന് മുട്ടിവരുമ്പോൾ ഏതേലും ഒരുത്തന്റെ പറമ്പിൽ കേറി തട്ടും. അത്രതന്നെ.

ക്രിസ്തുമസ് പുതുവത്സര സമയത്ത് പുതിയ വാട്‍സ് ആപ്പ് ഉണ്ടാക്കിയതിന്റെ ശാപം! അണ്ടനും, അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും എല്ലാം പൊന്തക്കാട്ടിലെന്നപോലെ കേറിയിരുന്ന് അവിടെ സാധിക്കുന്നു!

രസകരമായ വസ്‌തുത എന്താണെന്ന് വച്ചാൽ, ഈ വന്ന നൂറുകണക്കിന് മെസേജുകളിൽ ഒന്നിനുപോലും ഞാൻ മറുപടി അയച്ചിട്ടില്ല. അയച്ചവർ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും അവർ വിട്ട മെസേജുകൾ 'ഡെലിവർ' പോലും ആയിട്ടില്ല, ഞാൻ വായിച്ചിട്ടും ഇല്ല. എങ്കിലും അതങ്ങനെ അനസ്യൂതം തുടരുകയാണ്.

നയാഗ്ര വെള്ളച്ചാട്ടം തുറന്നുവിട്ട മാതിരി. വെള്ളം തിരികെ മുകളിലോട്ട് കയറില്ലല്ലോ. ചില വിരുതന്മാർ ക്രിസ്‌തുമസ്‌ പുതുവത്സരം ഒക്കെ ഒന്നോ രണ്ടോ മാത്രമല്ല, ഒരു ഡസൻ തവണയിൽ കൂടുതൽ അയച്ചിട്ടുണ്ട്. ചിലർ ഇതൊക്കെ പോരാഞ്ഞിട്ട് മെസഞ്ചറിലും കേറി സാധിച്ചിട്ടുണ്ട്.

എന്തിനോ വേണ്ടി പൂക്കുന്ന മെസേജുകൾ! വിരൽത്തുമ്പോൾ ലോകം എന്നല്ല, വിരത്തുമ്പിൽ കൃമികടി എന്നാണ് ഇതിനെ പറയേണ്ടത്.

നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പെൺകുട്ടികളോട് ചോദിച്ചു നോക്കൂ, പെണ്ണിൻറെ പ്രൊഫൈൽ ചിത്രം കണ്ടാൽ ഉടനെ വിരൽ പൊങ്ങുന്ന (വിരൽ മാത്രമോ?!) സാമദ്രോഹികൾ ഉണ്ട്.

ഉടനെ ഫ്രണ്ട് റിക്വസ്റ്റ് അയപ്പ്, ചാറ്റിങ്ങിൽ ചെന്ന് മെസേജിടീൽ, മൊബൈൽ നമ്പർ ചോദിക്കൽ എന്നുവേണ്ട പള്ളിപെരുന്നാളും, ചന്ദനക്കുടവും, കെട്ടുകാഴ്ചയും എല്ലാം ഒറ്റയടിക്ക് നടത്തിക്കളയും. ഇത്തരം ശല്യങ്ങൾ കാരണമാണ് നമ്മുടെ പെൺകുട്ടികൾ പൂക്കൾ, പട്ടി, പൂച്ച, പാവക്കുട്ടികൾ ഇവയൊക്കെ പ്രഫൈൽ ചിത്രങ്ങൾ ആക്കേണ്ട ഗതിയിൽ എത്തുന്നത്.

ഒരു പെൺകുട്ടിയോടും (ആൺകുട്ടിയോടും! സമത്വം..സമത്വം, മറന്നിട്ടില്ല!) അകാരണമായി ചാറ്റിങ്ങിന് പോകരുത്. ഒരിക്കലും അവരുടെ മൊബൈൽ നമ്പർ ചോദിക്കുകയും അരുത്. ആവശ്യമില്ലാത്ത ചപ്പുചവറുകൾ പോലെ ഒരുത്തർക്കും മെസേജുകൾ ഫോർവേഡ് ചെയ്യരുത്. അനുഭവത്തിൽ നിന്നും പഠിച്ചതാണ്.

വെറുതെ മറ്റുള്ളവരുടെ മൊബൈലിന്റെ ഡേറ്റായും, മെമ്മറിയും നമ്മളായി കളയുന്നത് എന്തിന്? ആവശ്യമാണെകിൽ മെസേജുകൾ അയക്കൂ. നിങ്ങളുടെ മെസേജുകൾ ഇഷ്ടപ്പെടുന്നവർക്ക്, മറുപടി തരുന്നവർക്ക് അയച്ചുകൊടുക്കൂ. നിങ്ങളും ഹാപ്പി, അവരും ഹാപ്പി.

ഇതൊക്കെയാണെകിലും എനിക്ക് ബാത്‌റൂം പാട്ടുകൾ നിർത്താനാകുമോ? ഇല്ല. ഇപ്പോളും വല്ലപ്പോഴും പാടും. ആപ്പിൾ ഫോണിൽ റെക്കോർഡ് ചെയ്യും. വൈഫൈ ഓൺ ചെയ്‌ത്‌ പള്ളിയിലെ കൂട്ടമണികൾ പോലെ മെസേജിന്റെ നോട്ടിഫിക്കേഷൻ കേൾക്കും, കണ്ണുംപൂട്ടി എല്ലാം ഡിലീറ്റ് ചെയ്‌ത്‌ കളഞ്ഞ് റിക്കാർഡ് ചെയ്‌ത പാട്ട് അയച്ചിട്ട് 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടിൽ ഒരിരിപ്പങ്ങ് ഇരിക്കും.

'കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ' - ഇത് ഞാൻ പറഞ്ഞതല്ല. ബൈബിളിൽ ഉള്ളതാണ്.

Advertisment