Advertisment

ആൾ ഇന്ത്യ ജി ഭുവനേന്ദ്രൻ T-20/ എൽഡേഴ്സ് ക്രിക്കറ്റ് ലീഗ് (ECL) ടൂർണ്ണമെന്റുകൾ; ധന്യതയാർന്ന് ആലപ്പുഴയുടെ ക്രിക്കറ്റ് ഇതിഹാസം

author-image
ബോസ് പ്രതാപ്
New Update

കേരള ദക്ഷിണമേഖലയ്ക്കും മധ്യമേഖലയ്ക്കും ഇടയിൽ നടന്ന പഴയ ഒരു മത്സരത്തിനിടയിൽ അമ്പയർമാരിൽ സരസനായ ഒരാൾ നിരന്തരമായി തമാശകൾ പൊട്ടിച്ചുകൊണ്ടിരുന്നു. ആലപ്പുഴയിൽ നിന്നുമുള്ള ഒരു ഫീൽഡർ ഉയർന്നുപൊന്തിയ ഒരു ക്യാച്ച് നഷ്ടപെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ പരിഹാസം ഒരല്പം പരുഷമായെന്ന തോന്നലുയർത്തുകപോലുമുണ്ടായി.

Advertisment

"എന്റെ ചെറുപ്രായത്തിൽ ഞാൻ ആ ക്യാച്ച് എന്റെ വായ് കൊണ്ട് പിടിക്കുമായിരുന്നു" എന്നായിരുന്നു അദ്ദേഹം ഖിന്നനായ ഫീൽഡറെ നോക്കി പറഞ്ഞത്.

publive-image

<ആലപ്പി കപ്പ്‌ ടൂർണമെന്റ് പോസ്റ്റർ>

മനസ്സ് മടുപ്പിക്കും നിരാശക്കിടയിലും, "എന്ത് ചെയ്യാം എന്റെ ഭാഗ്യദോഷം അത്ര വലിയ വായ് എനിക്കില്ലാതെ പോയി" എന്ന് പറയുവാനുള്ള നർമ്മബോധം ഒരു കളിക്കാരനിൽ കണ്ടെങ്കിൽ തീർച്ചയായും അയാൾ ആലപ്പുഴക്കാരനാവാതെയിരിക്കാൻ തരമില്ല.

ക്രിക്കറ്റ് കളിക്കളത്തിൽ തീർച്ചയായും ഒരു ഗവാസ്കറുടെയോ കപിൽദേവിന്റെയോ ദേശപൈതൃകം അവകാശപ്പെടാൻ അയാൾക്കില്ലായിരുന്നിരിക്കാം പക്ഷെ ദശാസന്ധികളെ സരസമായി നേരിടുവാൻ ആവശ്യമായ ലാളിത്യബോധം അവനിൽ പകർന്നേകുവാൻ ഹേതുവാകും മഹത്തായ ഒരു ദാർശനികേതിഹാസം അവനെ ഭരിക്കുന്നുണ്ടായിരുന്നെന്നതും വസ്തുത തന്നെ - കുഞ്ചന്റെയും തകഴിയുടെയും വയലാറിന്റെയും പിൻമുറക്കാരൻ എന്ന തലത്തിൽ.

ഇന്ന് നമുക്ക് ചുറ്റും കാണാവുന്ന വിധം അസാമാന്യ കായികക്ഷമതയിൽ അധിഷ്ഠിതമായ ക്രിക്കറ്റിന്റെ സ്ഥാനത്ത് ഏറെക്കുറെ അർപ്പണബോധത്തിൽ തന്ത്രങ്ങൾ മെനഞ്ഞുള്ള ശൈലിയായിരുന്നു പഴയ ആലപ്പുഴക്കാരന്റേത്. ആലപ്പുഴക്കാരൻ ക്രിക്കറ്റ്‌ കളിച്ചുതുടങ്ങിയത് അലകളുടെ കരഘോഷം കേട്ടുകൊണ്ട് കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ ആയിരുന്നെങ്കിലും അവനിലെ പ്രതിഭ ചിറകുകൾ വിടർത്തിയത് തീർച്ചയായും എസ് ഡി കോളേജ് ഗ്രൗണ്ടിൽ തന്നെയാണ്.

റിക്രിയേഷൻ ഗ്രൗണ്ടിൽ കളിച്ചവർ ബീച്ച് ഇലവനും പിന്നീട് സൺ‌ഷൈനും ആയി പരിണമിച്ചപ്പോൾ നഗരഹൃദയത്തിലെ ഒരു പറ്റം കളിക്കാർ എസ് ഡി വി സ്കൂൾ ഗ്രൗണ്ട് കേന്ദ്രീകരിച്ച് ഭീമ ക്രിക്കറ്റ്‌ ടീമായി (ഇത് പിന്നീട് ബ്രദഴ്സ് സി സി ആയി രൂപാന്തരപ്പെട്ടു). ജില്ലയിലെ ഏറ്റവും വിസ്താരമുള്ള ഗ്രൗണ്ടിന് പക്ഷെ സ്വന്തമായി ഒരു ക്ലബ്ബുണ്ടാവാൻ കുറേ കാലം കൂടി കാത്തിരിക്കേണ്ടിവന്നു, വന്നപ്പോഴോ വരിവരിയായി കരുത്തരായ രണ്ടെണ്ണവും - ചലഞ്ചേഴ്സ്, സ്കൈലാർക്ക് എന്നിങ്ങനെ.

publive-image

<ഈ സി എൽ ലേലത്തിന് ശേഷം ടീം ഉടമകൾ ചെയർമാൻ രാജ് ഹംസനൊപ്പം>

ആലപ്പുഴയിൽ ക്രിക്കറ്റ്‌ കൊണ്ടുവന്നത് ബ്രിട്ടീഷ് പോർട്ട്‌ ഓഫീസർ ആയിരുന്ന ഹ്യു ക്രോഫോർഡും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആയിരുന്നുവെന്നും അല്ല ബ്രിട്ടന്റെ പഴയ പട്ടാള ഉദ്യോഗസ്ഥൻ മേജർ ജനറൽ വില്യം കല്ലൻ ആയിരുന്നുവെന്നും രണ്ടഭിപ്രായമുണ്ട്. ഇത് രണ്ടും ഉൾക്കൊള്ളാത്ത മൂന്നാമതൊരുകൂട്ടർ ആ ബഹുമതി വില്യം ഗുഡേക്കർ കമ്പനിയിലെ ചില ഉദ്യോഗസ്ഥർക്ക് നൽകുവാനാവും താല്പര്യപ്പെടുക.

എന്തായാലും റിക്രിയേഷൻ ഗ്രൗണ്ടിന്റെ വടക്കേ അതിരിൽ താമസമായിരുന്ന ഹരിഹരൻ അയ്യർ* എന്ന യുവാവ് തന്റെ വീട്ടുമുറ്റത്ത് വന്ന സൗഭാഗ്യത്തെ പൂർണ്ണമനസ്സോടെ ആശ്ളേഷിക്കാൻ തന്നെ തീരുമാനിച്ചപ്പോൾ, അതിന് തൊട്ടടുത്ത വാൽകോട്ട് ബ്രദഴ്സ് ഫാക്ടറി മാനേജർ സോമന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സഹൃദയർ അകമഴിഞ്ഞ പിന്തുണ കൂടി നൽകിയപ്പോൾ അത് ആലപ്പുഴയുടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്കുള്ള ആദ്യ പരീക്ഷണമായി. കിഴക്കിന്റെ വെനീസിൽ നിന്നും കേരള രഞ്ജി ട്രോഫി ടീമിന്റെ പടിവാതിലോളം എത്തിയ ആദ്യ കളിക്കാരനായി ഹരിഹരൻ അയ്യർ.

പിന്നീട് 1977 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആലപ്പുഴ സന്ദർശിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഹെലികോപ്റ്റർ പറന്നിറങ്ങുവാനും ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള സൗകര്യങ്ങൾ ഒരുക്കുവാനുമായി റിക്രിയേഷൻ ഗ്രൗണ്ടിന്റെ മനോഹരമായ പുൽതകിടി കുത്തിയിളക്കി ടാർ ചെയ്തതിനെ തുടർന്ന് ക്രിക്കറ്റിന്റെ ശ്രദ്ധ താൽകാലികമായെങ്കിലും നഗരഹൃദയത്തിലെ എസ് ഡി വി സ്കൂൾ ഗ്രൗണ്ടിൽ കേന്ദ്രീകരിച്ചു. അക്കാലങ്ങളിൽ ആലപ്പുഴയുടെ ക്രിക്കറ്റ്‌ താല്പര്യങ്ങളെ ഏതാണ്ട് തനിച്ച് തന്നെ തോളേറ്റിയത് ഭീമ ആൻഡ് ബ്രദേഴ്സ് സ്ഥാപനത്തിന്റെ അക്കാലത്തെ ഇളമുറക്കാരനായിരുന്ന കാന്തനായിരുന്നു. വെങ്കിടി സ്വാമി എന്ന പ്രാദേശിക ക്രിക്കറ്റ്‌ കമ്പക്കാരന്റെ പിന്തുണയോടെ.

publive-image

<മന്ത്രിമാർ തോമസ് ഐസക്കും ജി സുധാകരനും ചേർന്ന് ആലപ്പി കപ്പ്‌ ടൂർണമെന്റ് ലോഗോ അനാശ്ചാദനം ചെയ്യുന്നു>

എഴുപതുകളുടെ അവസാനവർഷങ്ങളും എണ്പതുകളും സാഫല്യത്തിന്റെ വർഷങ്ങളായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ജയമോഹൻ തമ്പിയും ന്യൂ ബോൾ ബൌളറായി അജയ് വർമ്മയും കേരള രഞ്ജി ട്രോഫി ടീമിൽ ആലപ്പുഴയുടെ പ്രാതിനിധ്യം അറിയിച്ചു. ഇവർ തെളിച്ച പാതയിലൂടെയാണ് പിന്നീട് ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റ്‌ മണ്ഡലത്തിൽ ഒരു ആലപ്പുഴക്കാരൻ ക്രിക്കറ്ററുടെ ഏറ്റവും ദൈർഘ്യമേറിയ സാന്നിധ്യം അവകാശപ്പെടുന്ന എം സുരേഷ് കുമാറും, സുനിൽ കുമാറും യുവ ക്രിക്കറ്റർ പി രാഹുലുമൊക്കെ ചവിട്ടിനടന്നത്.

ഫസ്റ്റ് ക്ലാസ്സ്‌ സർക്യൂട്ടോളം എത്തിയില്ലെങ്കിൽ കൂടി ആലപ്പുഴ ക്രിക്കറ്റിന്റെ വന്യഭംഗി സംസ്ഥാനമൊട്ടാകെ പരിചയപ്പെടുത്താൻ പോന്ന വൈഭവവും പ്രതിഭയും ഒത്തുചേർന്ന അനേകരിൽ ചിലരാണ് ബാങ്കേഴ്സ് ക്ലബ്ബിൽ കളിച്ചിരുന്ന മഹാദേവൻ, ജീവൻ, അലക്സ്; ബ്രദേഴ്സിൽ കളിച്ചിരുന്ന ചന്ദ്രു, ഗിരി, ആനന്ദ് മാധവൻ, ഹരിമോഹൻ തമ്പി; സൺ‌ഷൈനിൽ നിന്നും സഹീർ, ഷഫീക്ക്, ഹുസൈൻ, ഷാഫി, സരീഷ് (ചന്ദ്രൻ), ഫ്രാൻസിസ്; ചലഞ്ചേഴ്സിൽ നിന്നും ബേബി, കൃഷ്ണമൂർത്തി, എം കെ, ഷാജി, കേശു; സ്കൈലാർക്കിൽ നിന്നും സനൽ കുമാർ (മികച്ച ഒരു സംഘാടകൻ കൂടിയായിരുന്ന ഇദ്ദേഹം ദീർഘകാലം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്), സതീഷ് കുമാർ, വിജയകുമാർ, പ്രവീൺ, വി രാജേഷ്, വി സുരേഷ്, വിനോദ് മേനോൻ എന്നിവർ.

publive-image

<ഈ സി എൽ ടീം ഉടമ സതീഷ് കുമാർ രാജ് ഹംസനൊപ്പം>

മാറ്റത്തിന്റെ കാറ്റ്

ഏറെക്കാലം പ്രത്യേകിച്ച് വികസനസംരംഭങ്ങളിലൂടെ ഒന്നും തന്നെ കടന്നുപോകാതെ ആലപ്പുഴ ജില്ല ക്രിക്കറ്റ്‌ അസോസിയേഷൻ ഇഴഞ്ഞുനീങ്ങിയശേഷം പുതിയ ദശാബ്ദത്തിന്റെ തുടക്കത്തിലാണ് കാര്യമായ മാറ്റത്തിന്റെ കാറ്റ് വീശുന്നത്. സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ നിസ്സാരമല്ലാത്ത ചുമതലകൾ വഹിച്ചിരുന്ന മുൻ സ്കൈലാർക്ക് കളിക്കാർ പി ജെ നവാസും ശ്രീജിത്തും മനോജും അസോസിയേഷൻ തലപ്പത്ത് വന്നതിൽ പിന്നീടായിരുന്നു അത്.

ഒപ്പം സംസ്ഥാന കോച്ച് രാജ് ഹംസന്റെ ബൗദ്ധിക സംഭാവനകൾ കൂടിയായപ്പോൾ ഒരു ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റ്‌ തലത്തിലുള്ള സ്റ്റേഡിയം എന്ന ആലപ്പുഴയുടെ സ്വപ്നം യാഥാർത്ഥ്യമായി. ഇതിൽ കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെയും ആലപ്പുഴ സനാതന ധർമ്മ വിദ്യാശാല ട്രസ്റ്റിന്റെയും പിന്തുണ വിലമതിയാനാവാത്തതുമായി.

പിന്നാലെ അത്യാന്താധുനികമായ ഒരു ക്രിക്കറ്റ്‌ കോച്ചിംഗ് കോംപ്ലക്സ്, ക്രിക്കറ്റേഴ്സ് ഹോസ്റ്റൽ, അസോസിയേഷൻ ഓഫീസ് സമുച്ചയം എന്നിങ്ങനെ പ്രദേശത്തെ കളിയുടെ വികാസത്തിന് ഏറെ ഉതകുന്ന വിധം സംവിധാനങ്ങൾ കൂടിയായപ്പോൾ കളിക്കാരുടെ നിലവാരവും ഉയർന്നു.

publive-image

<എ ഡി സി എ കമ്മിറ്റി അംഗങ്ങൾ>

ദേശീയ നിലവാരം പുലർത്തുന്ന ക്രിക്കറ്റ് മത്സരങ്ങൾ

ഉയർന്ന നിലവാരം പുലർത്തുന്ന ക്രിക്കറ്റ്‌ മത്സരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ്‌ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് നിലവിൽ എസ് ഡി കോളേജ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നത്. സംവിധാനത്തിന്റെ ഈ സവിശേഷതയുടെ പിൻബലത്തിലാണ് ആലപ്പുഴ ക്രിക്കറ്റ്‌ ക്ലബ്ബ്‌ അകാലത്തിൽ പൊലിഞ്ഞ പ്രാദേശിക യുവരാഷ്ട്രീയനേതാവ് ജി ഭുവനേന്ദ്രന്റെ സ്മരണാർത്ഥം ഐ പി എൽ താരങ്ങളും ഫസ്റ്റ് ക്ലാസ്സ്‌ കളിക്കാരും ഉൾപ്പെടുന്ന ഭാരതത്തിലെ മികച്ച ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ശ്രേഷ്ഠതയാർന്ന ടൂർണമെന്റ് നടത്തുവാൻ പോകുന്നത്.

ഇത് മാർച്ചിൽ ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിൽ കളിച്ച പഴയ കളിക്കാരുടെ ബഹുമാനാർത്ഥം ഐ പി എൽ മാതൃകയിൽ ഒരു എൽഡേഴ്സ് ക്രിക്കറ്റ്‌ ലീഗ് കൂടി നടത്തുവാൻ ഒരുങ്ങുന്നത് സംശയമന്യേ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ വിജയകിരീടത്തിൻമേലുള്ള തിളങ്ങുന്ന പൊന്നിൻതൂവലായി.

publive-image

<എ ഡി സി എ സെക്രട്ടറി പി ജെ നവാസ്>

Advertisment