ഇടുക്കി മരടിന്റെ വഴിയില്‍

Friday, October 4, 2019

– അഡ്വ. എസ് അശോകന്‍

തൊടുപുഴ:  15 സെന്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള പട്ടയ ഭൂമിയില്‍ ചട്ടം ലംഘിച്ച് വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ വസ്തുവിന്റെ പട്ടയം റദ്ദാക്കി വസ്തു കണ്ടു കെട്ടി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്ന 22-08-2019 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ് (റവന്യൂ വകുപ്പിന്റെ 269/2019-ാം നമ്പര്‍ ഉത്തരവ്) ഇടുക്കി ജില്ലയിലെ ഭൂ വിഷയങ്ങള്‍ സങ്കീര്‍ണമാക്കും.

സര്‍ക്കാര്‍ ഭൂമി പതിവ് പട്ടയം നല്‍കുന്നത് മുഖ്യമായും 1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവും 01-01- 1977-ന് മുമ്പുള്ള വനഭൂമിയുടെ കൈവശക്കാര്‍ക്ക് പട്ടയം നല്‍ക്കുന്നത് 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവുമാണ്.

1960-ലെ കേരള ഭൂമി പതിവ് നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തിരു കൊച്ചി മേഖലയില്‍ 1950-ലെ തിരു കൊച്ചി സര്‍ക്കാര്‍ ഭൂമി പകിവ് നിയമ പ്രകാരവും മലബാര്‍ മേഖലയില്‍ 1895-ലെ സര്‍ക്കാര്‍ ഗ്രാന്റ്‌സ് ആക്ട് പ്രകാരവുമാണ് ഭൂമിക്ക് സര്‍ക്കാര്‍ പട്ടയം നല്‍കി വന്നിരുന്നത്. രാജഭരണകാലത്ത് പതിച്ചു നല്‍കിയിരുന്ന വസ്തുക്കള്‍ കൈമാറി കൈമാറി അനുഭവിച്ചു വരുന്നവരും എല്ലാ ജില്ലകളിലുമുണ്ട്.

1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ ഉണ്ടാക്കിയത് വ്യാവസായിക ആവശ്യത്തിനും റബ്ബര്‍, കാപ്പി, തേയില തുടങ്ങിയ കൃഷികള്‍ക്കും ഇതര ആവശ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍ക്കുന്നതിന് വെവ്വേറെ ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വ്യതൃസ്ഥമായ വ്യവസ്ഥകളോടെയാണ് ഓരോ ആവശ്യത്തിനും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നത്.

1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 4-ാം ചട്ട പ്രകാരം പട്ടയ വസ്തുവില്‍ കൃഷി ചെയ്യുന്നതിനും വീടു വയ്ക്കുന്നതിനും മാത്രമേ അനുവാദമുള്ളു. 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങളിലെ 3-ാം ചട്ട പ്രകാരം പട്ടയ വസ്തുവില്‍ കൃഷി ചെയ്യുന്നതിനും വീടു വയ്ക്കുന്നതിനും പുറമേ കടമുറി നിര്‍മിക്കുന്നതിനും അനുവാദമുണ്ട്.

എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ നിര്‍മിതികളും വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും 1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവും 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവും പട്ടയം നല്‍കിയ വസ്തുക്കളില്‍ അനുവദനീയമല്ല. കേരളത്തിലെ 14 ജില്ലകളിലും സര്‍ക്കാര്‍ റവന്യൂ തരിശ് ഭൂമിക്ക് 1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകരം പട്ടയം നല്‍കിയിട്ടുണ്ട്.

01-01-1977-ന് മുമ്പുള്ള വനഭൂമിയിലെ കൈവശക്കാര്‍ക്ക് 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ആലപ്പുഴ ജില്ല ഒഴിച്ചുള്ള മറ്റ് 13 ജില്ലകളിലും പട്ടയം നല്‍കിയിട്ടുണ്ട്. എന്നാല്‍ 1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവും 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവും പട്ടയം നല്‍കിയിട്ടുള്ള വസ്തുക്കളില്‍ ബഹുഭൂരിപക്ഷവും ഇടുക്കി ജില്ലയിലാണ്.

കേരളത്തിലെ 14 ജില്ലകളിലും പട്ടയം നല്‍കിയ വസ്തുക്കളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ നിര്‍മിതികളും വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തികളും നടന്നിട്ടുണ്ട്. അപ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മഹാ ഭൂരിപക്ഷവും നടന്നത് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അറിവോടെയും അനുവാദത്തോടെയുമാണ്. അതൊന്നും നിയമവിരുദ്ധമാണെന്നോ പട്ടയങ്ങളിലെ ചട്ട ലംഘനമാണെന്നോ സര്‍ക്കാര്‍ കണക്കായിട്ടുമില്ല. എല്ലാ ചട്ട ലംഘനങ്ങളും മുറപോലെ നിയമാനുസരണം എന്ന നിലയില്‍ നടന്നു കൊണ്ടേയിരിക്കുന്നു.

എന്നാല്‍ ഇടുക്കി ജില്ലയില്‍ നടന്നിട്ടുള്ള ചട്ടലംഘനങ്ങള്‍ മാത്രം നിയമവിരുദ്ധമാണ് എന്ന നിലയിലാണ് വിവാദ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി ജില്ലക്കാരെ മാത്രം നിയമ ലംഘകരും ചട്ട ലംഘകരുമായി കണക്കാക്കുന്ന വിവാദ സര്‍ക്കാര്‍ ഉത്തരവ് ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം കരി നിയമം തന്നെയാണ്.

1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കിയിട്ടുള്ള 15 സെന്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള എല്ലാ പട്ടയ ഭൂമികളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അനധികൃതമാക്കുന്നതാണ് വിവാദ സര്‍ക്കാര്‍ ഉത്തരവ്.

15 സെന്റില്‍ താഴെയുള്ള പട്ടയ ഭൂമിയില്‍ ഉപജീവനത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്കു താഴെ വിസ്തൃതിയുള്ള നിര്‍മാണങ്ങള്‍ ക്രമവത്കരിച്ച് നല്‍കുന്നതിനും 1500 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായ നിര്‍മിതികള്‍ പട്ടയ ഉടമസ്ഥന്റെ ഏക ജീവനോപധിയാണെന്ന് തെളിയിക്കുന്ന പക്ഷം അപ്രകാരമുള്ള നിര്‍മ്മിതികളുടെ നിജസ്ഥിതിയെ സംബന്ധിച്ച് നീതിയുക്തമായ തീരുമാനമെടുക്കുന്നതിന് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും വിവാദ ഉത്തരവില്‍ വ്യവസ്ഥ ഉണ്ട്.

അനന്തമായ അഴിമതിക്ക് വഴി വയ്ക്കുന്നതാണ് പ്രസ്തുത വ്യവസ്ഥകള്‍. 1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി 4 ഏക്കര്‍ കര ഭൂമിക്ക് വരെ നിയാമാനുസരണം പട്ടയം നല്‍കാവുന്നതാണ്. 15 സെന്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള പട്ടയ ഭൂമിയില്‍ ചട്ടം ലംഘിച്ച് വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ വസ്തുവിന്റെ പട്ടയം റദ്ദാക്കി വസ്തു സര്‍ക്കാരിലേക്ക് മുതല്‍ക്കുട്ടുമെന്നും ആയത് പാട്ടത്തിന് നല്‍കുമെന്നുമാണ് വ്യവസ്ഥ.

ഇടുക്കി ജില്ലയിലെ പട്ടയ ഉടമസ്ഥരില്‍ മഹാഭൂരിപക്ഷവും അവരുടെ പട്ടയ വസ്തുക്കള്‍ ഈടുവച്ച് വിവിധ തരം ബാങ്കുകളില്‍ നിന്നും വായ്പ്പകള്‍ എടുത്തിട്ടുണ്ട്. ഈട് വസ്തുക്കളുടെ പട്ടയം റദ്ദാക്കി ഈടു വസ്തുക്കള്‍ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടിയാല്‍ ബാങ്കുകള്‍ക്ക് ഈടു വസ്തുവില്‍ സ്ഥാപിച്ച് വായ്പ തിരിച്ചു പിടിക്കുവാന്‍ സാധിക്കാതെ വരും.

ആയത് ബാങ്കുകള്‍ പാപ്പരാകുന്ന ഗുരുതരമായ സ്ഥിതി വിശേഷത്തിന് വഴിയൊരുക്കും. ഇടുക്കി ജില്ലയിലെ പട്ടയ വസ്തുക്കളില്‍ നിര്‍മിച്ചിട്ടുള്ള റോഡുകളും, ആശുപത്രികളും കോളേജുകളും, സ്‌കൂളുകളും, സിനിമാശാലകളും, ഫാക്ടറികളും അടക്കം ഇതിനോടകം നടത്തിയിട്ടുള്ള മഹാഭൂരിപക്ഷം നിര്‍മാണ പ്രവര്‍ത്തനങ്ങളും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ വരും.

15 സെന്റില്‍ കൂടുതലുള്ള പട്ടയ ഭൂമിയില്‍ 22-08-2019 വരെ നടത്തിയിട്ടുള്ള എല്ലാ ചട്ടലംഘനങ്ങളെ സംബന്ധിച്ചും സംക്ഷിപ്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടറോട് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭാവിയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പട്ടയ വസ്തുവില്‍ വാണിജ്യ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് തടയുന്നതിന് റവന്യു വകുപ്പിന്റെ നിരാക്ഷേപ സര്‍ട്ടിഫിക്കേറ്റില്ലാതെ നിര്‍മാണ അനുമതി നല്‍കരുതെന്ന് കാണിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് 25-9-2019-ല്‍ ഉത്തരവിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത ചെറുകിട കയ്യേറ്റക്കാരേയും വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് മനുഷ്യത്വ രഹിതമാണ്. ചട്ടം ലംഘിച്ച് നടത്തിയ നിര്‍മിതികള്‍ പൊളിച്ചു മാറ്റുവാന്‍ കോടതികള്‍ ഉത്തരവിട്ടാല്‍ ഇടുക്കി ജില്ലയിലെ പൊതു വഴികളും വിദ്യാഭ്യസ സ്ഥാപനങ്ങളും, ആശുപത്രികളും, ദേവാലയങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ പോലും പൊളിച്ചു മാറ്റേണ്ടതായി വരും.

ഇടുക്കി ജില്ല ശവപ്പറമ്പിന് സമാനമാകുമെന്ന് ചുരുക്കം. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത തരത്തില്‍ എല്ലാത്തരം പട്ടയ വസ്തുക്കളിലും അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായി നിര്‍മിതികളും വാണിജ്യ നിര്‍മാണ പ്രവര്‍ത്തികളും നടത്തുവാന്‍ അനുവദിച്ച് ഭൂമി പതിവ് ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്യുക മാത്രമാണ് ഏക പോം വഴി.

നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവത്ക്കരിക്കുന്നതിന് ആവശ്യമായ നിയമ നിര്‍മാണങ്ങള്‍ നടത്തുകയും വേണം. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുവാനുള്ള സുപ്രീം കോടതി വിധി പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് നടത്തിയ എല്ലാ നിര്‍മാണ പ്രവര്‍ത്തികള്‍ക്കും ബാധകമാകും. തീരദേശ സംരക്ഷണ നിയമ പ്രകാരം നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന മേഖലയില്‍ നിരോധനം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകളാണ് പൊളിച്ചു മാറ്റാന്‍ പോകുന്നത്.

മരടിലെ ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം നിര്‍മാണ നിരോധന മേഖലയില്‍ നിന്ന് ഒഴിവാക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന കാര്യമോ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സ്ഥലത്ത് അതിലും വലിയ ഫ്‌ളാറ്റുകള്‍ ഭാവിയില്‍ ഉയരും എന്ന കാര്യമോ ഒന്നും സുപ്രീം കോടതി പരിഗണിച്ചില്ല എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് ഇടുക്കി ജില്ലയെ കൊലക്കു കൊടുക്കുന്നതിന് സമാനമാണ്. കരുതിയിരിക്കുക!. ഇടുക്കി മരടിന്റെ വഴിയിലാണ്.

 (ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യുട്ടറുമാണ്). 

×