Advertisment

പന്തിയിൽ പക്ഷപാതിത്വം ഉണ്ടായാൽ അത്‌ നന്മയാവില്ലല്ലൊ ? എന്താണു സാർ ഞങ്ങൾ ഇങ്ങനെ തഴയപ്പെടാൻ കാരണം? - മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് 

author-image
admin
Updated On
New Update

- മുബാറക്ക്‌ കാമ്പ്രത്ത്‌

Advertisment

 

publive-image

ഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്‌,

സമയബന്ധിത ഇടപെടലിനു ഉപകാരസ്മരണ,

ബിഡിജെസ്‌ നേതാവും എസ്‌എൻഡിപി യൂണിയൻ വൈസ്‌ പ്രസിഡന്റും ആയ ശ്രീ തുഷാർ വെള്ളപ്പള്ളി അജ്മാനിൽ "അദ്ദേഹത്തിന്റെ മറ്റൊരു മലയാളിയുമായ്‌ ഉള്ള സ്വകാര്യ ബിസിനസ്‌ സംബന്ധമായ വണ്ടിചെക്ക്‌ കേസിൽ" 1.5 ദിവസം അറസ്റ്റിൽ ആയതിൽ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിൽ വളരെ ആശങ്കപൂണ്ട്‌ അങ്ങ്‌ വിദേശകാര്യ മന്ത്രാലയത്തിനു കത്തയക്കുകയും ഉന്നതരുടെ ഇടപെടൽ മൂലം അവധിദിനം വരും മുൻപേ പെട്ടെന്ന് ജാമ്യത്തുക കെട്ടിവെച്ച്‌ ടിയാൻ മോചിതനാവുകയും ചെയ്ത വാർത്ത വായിച്ചു.

താങ്കളുടെ കർമ്മോത്സുകതയ്ക്ക്‌ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

പാവപ്പെട്ട (പ്രമുഖരല്ലാത്ത, നേതാവല്ലാത്ത) പ്രവാസികളും ഉണ്ടിവിടെ എന്ന് ഓർമ്മിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നതിൽ വിരോധം തോന്നരുത്‌. ചെറിയ ചെക്കു കേസിൽ അറിഞ്ഞും അറിയാതെയും കുടുങ്ങിയവർ, സ്പോൺസറും കമ്പനിയും കള്ളകേസുകൾ കൊടുത്ത്‌‌ കുടുങ്ങിയവർ, ശിക്ഷാകാലാവധി കഴിഞ്ഞ്‌ പിഴയടക്കാൻ വഴിയില്ലാതെ കിടക്കുന്നവർ, വിസ തട്ടിപ്പിൽ ഇരകളായ്‌ വന്ന് ജയിലിൽ കഴിയുന്നവർ, ഗാർഹിക പീഢനം സഹിക്കവയ്യാതെ സ്പ്പോൺസറിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്‌ പിടിക്കപെട്ടവർ, പരിപൂർണ്ണ തെറ്റ്‌ ചെയ്ത്‌ ശിക്ഷ അനുഭവിക്കുന്നവർ,അറിഞ്ഞും അറിയാതെയും കുറ്റം വിധിക്കപ്പെട്ട്‌ തൂക്കുകയർ കാത്തിരിക്കുന്നവർ, ജയിലിനു അകത്തല്ലാതെ "യാത്രാവിലക്കുമായ്"‌‌ വർഷങ്ങൾ ആയ്‌ പുറത്ത്‌ അലയുന്നവർ, എംബസി ഷെൽട്ടറുകളിൽ നാടണയാൻ കാത്തിരിക്കുന്നവർ, പലിശക്കാരിൽ കുടുങ്ങി നിയമനടപടി ഭയക്കുന്നവർ, ആടുജീവിതങ്ങൾ ആയി ശബ്ദം നഷ്ടപെട്ട്‌ ആലയിലെ വളർത്തുമൃഗതുല്യമായ്‌ കഴിയുന്നവർ, രോഗം മൂലം ആശുപത്രികളിൽ കഴിയുന്നവർ., അങ്ങനെ എത്രയെത്ര "അപ്രമുഖരായ" ഇന്ത്യക്കാർ, നല്ലൊരു ശതമാനം മലയാളികൾ ഇവിടെയുണ്ട്‌ എന്നതും ഓർമ്മിക്കേണ്ടതുണ്ട്‌. ഇന്ത്യൻ എംബസിയിലേക്ക്‌ പോകാനോ മറ്റ്‌ സന്നദ്ധപ്രവർത്തകരെ ബന്ധപ്പെടാനോ കഴിയാത്ത ഞങ്ങൾ അറിയാത്ത കരച്ചിലുകൾ വെറെയും ഉണ്ട്‌.

പ്രമുഖർക്കായ്‌ ഇടപെടരുത്‌ എന്നല്ല, ഇന്ത്യയുടെ വിദേശ നാണ്യവും കേരളത്തിന്റെ നിലനിൽപും നാം എന്നും കാണുന്ന കോട്ടിട്ട പ്രമുഖരിലൂടെ അല്ല സാർ വരുന്നത്‌. അത്‌ വരുന്നതും ഇന്ത്യയിലെയും പ്രത്യേകമായ്‌ കേരളത്തിന്റെയും മാർക്കറ്റുകളിൽ പണമായ്‌ വിഹരിക്കുന്നതും 70% വരുന്ന ഗാർഹിക, ഡ്രൈവർ, ക്ലീനർ, ടെക്നിക്കൽ, കൂലി, സെയിൽസ്‌ ജീവനക്കാരുടെ തുഛ വരുമാനത്തിൽ നിന്നാണു.

അവരാണു സാർ, ഇവിടെ 10% ചിലവിനു വെച്ച്‌ 90% പണംനാട്ട്ലേക്ക്‌ അയക്കുന്നത്‌. അവരാണു സാർ സന്നദ്ധ സംഘടനകളിലൂടെയും പ്രളയത്തിനും വ്യക്തികൾക്കും നേരിട്ടും നാട്ടിൽ സഹായങ്ങൾ നൽകുന്നതും കൈതാങ്ങാകുന്നതും തണലാകുന്നതും. അവർക്കാണു സാർ നിത്യവും ഇത്തരം ഇടപെടൽ ആവശ്യം. അവരുടെ well-being & Health കാര്യങ്ങളിലും ആശങ്കയുണ്ടാവണം സാർ.. പന്തിയിൽ പക്ഷപാതിത്വം ഉണ്ടായാൽ അത്‌ നന്മയാവില്ലല്ലൊ.

വർഷങ്ങൾ ആയി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ ആയിരുന്ന കാലം മുതൽ "നോർക്കയുടെ ഏകജാലക സേവനം" കുറഞ്ഞത്‌ 10000 മലയാളി പ്രവാസികൾ ഉള്ള എല്ലാ രാജ്യത്തും നടപ്പിലാക്കാൻ അഭ്യർത്ഥിക്കുന്നു. സാർ, നാട്ടിൽ തിർച്ചെത്തുന്നവർ എന്തെങ്കിലും തുടങ്ങിയാൽ അങ്ങയുടെ പാർട്ടിക്കാർ അടക്കം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പിഴിഞ്ഞു കൊല്ലുകയാണു സാർ, അങ്ങൊന്നും പറഞ്ഞ്‌ കണ്ടില്ല അതിനെ കുറിച്ച്‌. നോർക്കയും ക്ഷേമനിധിയും ലോകകേരള സഭയും ഒന്നും ഒന്നും പറയുഞ്ഞില്ലല്ലോ സാർ.

സാർ നല്ലത്‌ ചെയ്തത്‌ നല്ലതാണെന്ന് എന്നും അംഗീകരിക്കും , എന്നാൽ ജീവിതം നൽകി കൂടെ നിന്ന് പിന്തുണചിട്ടും അങ്ങും , കഴിഞ്ഞതും ആയ ഭരണകൂടങ്ങൾ പരിഗണിക്കുന്നില്ലല്ലൊ.. എന്താണു സാർ ഞങ്ങൾ ഇങ്ങനെ തഴയപ്പെടാൻ കാരണം?

വേദനയോടെ, ‌

മുബാറക്ക്‌ കാമ്പ്രത്ത്‌

‌GKPA സ്ഥാപക കോർ അഡ്മിൻമാരിൽ ഒരാൾ, പ്രവാസിയാണു 15 കൊല്ലമായ്‌, തിരിച്ച്‌ നാട്ടിൽ വന്ന് ജീവിക്കാൻ ആഗ്രഹമുണ്ട്‌)

 

Advertisment