പേരിലെന്തോ ഇരിക്കുന്നു ! ‘പേര‌്’ നൽകുന്ന ഒരു ഭീതി ഏറിയും കുറഞ്ഞും ഇവിടെയുണ്ട‌് ..

Thursday, November 14, 2019

– ജംഷീന ജെ

പേര‌് ഒട്ടും നിസാരമല്ല. അക്ഷരങ്ങൾ ചേരുമ്പോൾ അതൊരു അറബി പേരായി മാറുന്നുണ്ടെങ്കിൽ ഇക്കാലത്ത‌് ഏറ്റവും പേടിക്കേണ്ടതും ആ പേരിനെ തന്നെ. മുസ്ലീം കുടുംബത്തിൽ ജനിച്ചവരാണെങ്കിൽ പറയുകയും വേണ്ട.

നേരിട്ടിട്ടുണ്ട‌്, ചിലപ്പോഴെല്ലാം. സ്വതന്ത്രമായി അഭിപ്രായം പറയുമ്പോൾ പേരിലെ മതം അളക്കാൻ ശ്രമിയ‌്ക്കുന്നവരെ. പുരോഗമന വാദികൾ വരെയുണ്ട‌തിൽ.

ഹിന്ദുത്വത്തിന്റെ അടിത്തറയിൽ രൂപപ്പെട്ട, നമ്മൾ കൊണ്ടാടുന്ന മതേതരത്വത്തിന്റെ ചില കാപട്യങ്ങളിൽ, ആചാരങ്ങളിൽ, അസമത്വങ്ങളിൽ വിയോജിപ്പ‌് തോന്നിയിട്ടുണ്ട‌്. നിലവിൽ ഒരു വിശ്വാസിയല്ലാഞ്ഞിട്ടും മിണ്ടാതിരിക്കലായിരുന്നു മാർഗം.

പേരിലെ മതം തന്നെയാണ‌് അതിന‌് നിയന്ത്രണങ്ങൾ വച്ചത‌്. അത്ര എളുപ്പമല്ല, ആ പേരുള്ള ആർക്ക‌് അത‌് പ്രതിനിധാനം ചെയ്യുന്ന മതത്തിന‌് ഏതെങ്കിലും രീതിയിൽ അനുകൂലമാവുമോ എന്ന‌് സംശയം തോന്നിപ്പിക്കുന്ന കാര്യങ്ങൾ സംസാരിക്കൽ.

സോഷ്യൽ മീഡിയയിൽ കമന്റിട്ടാൽ പോലും പ്രൊഫൈൽ തപ്പി മലപ്പുറത്തിനടുത്താ കോഴിക്കോട‌് എന്ന‌് പറഞ്ഞ‌് വർഗീയ വാദിയാക്കും. തട്ടമിട്ട ഫോട്ടോകൾ തപ്പി നടക്കും.

അവിശ്വാസിയ‌്ക്ക‌് ഇഷ‌്ടം തോന്നുമ്പോൾ പൊട്ട‌് തൊടാം. എന്നാൽ അങ്ങനെ ഇഷ‌്ടം തോന്നി തലയിൽ ഷാളിട്ട‌് ഫോട്ടോയെടുത്താൽ അവിടെ മതേതരത്വം എളുപ്പത്തിൽ തകർന്നടിയുന്നതും അറിഞ്ഞിട്ടുണ്ട‌്.

അനീതി ഉണ്ടെന്ന‌് ബോധ്യമുണ്ടായാലും അത‌് പറയാൻ പോലും ധൈര്യം തരാത്ത വിധം ‘പേര‌്’ നൽകുന്ന ഒരു ഭീതി ഏറിയും കുറഞ്ഞും ഇവിടെയുണ്ട‌്. ആ ഭീതി ഇപ്പോൾ ഇരട്ടി വച്ച‌് കൂടുകയാണ‌്. എതിർത്ത‌് പറയുന്നതിനല്ലിത‌്.

രാജ്യത്ത‌് ജീവിയ‌്ക്കാനുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതാവുമോ എന്ന രീതിയിലേക്കാണാ പേടി വഴിമാറുന്നത‌്. മുൻപില്ലാത്ത വിധം അരക്ഷിതാവസ്ഥ ഒരു വിഭാഗത്തിൽ പിടിമുറുക്കുന്നുണ്ട‌്.

ഫാത്തിമമാർ ഉണ്ടാകുന്നത‌് ഒരത്ഭുതമായി തോന്നാത്ത രീതിയിലേക്ക‌് തന്നെയാണ‌് പോക്ക‌്. എങ്കിലും അഡ‌്മിൻ ഓൺലിയ‌്ക്കും ജാഗ്രത സന്ദേശങ്ങൾക്കുമിടെ അനീതിയെ കുറിച്ച‌് പറയുന്ന ചിലരെ കാണുന്നു. അതൊക്കെയാണ‌് ഏക പ്രതീക്ഷ.

×