കൊടിയാരോപണത്തിലെ അപരാധങ്ങൾ

അബ്ദുള്‍ സലാം, കൊരട്ടി
Wednesday, September 4, 2019

അന്‍വര്‍ നഹയുടെ കുറിപ്പ്:

 ചെന്നായയുടെ സ്വഭാവമാണ് ചിലര്‍ക്ക്. മുട്ടനാടുകളെ ഭിന്നിപ്പിച്ച്, സംഘട്ടനമുണ്ടാക്കി ചോര വീഴുമ്പോള്‍ നക്കിനുണയാന്‍ കാത്തിരിക്കുന്ന വന്യജീവിയാണ് ചെന്നായ. ആ മൃഗത്തെ ഇവിടെ എടുത്തുദ്ധരിക്കാന്‍ കാരണം എം എസ് എഫ് എന്ന ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പതാകയെക്കുറിച്ച് ഇപ്പോൾ നടക്കുന്ന ബോധപൂര്‍വ്വമായ അപവാദപ്രചരണങ്ങളാണ്.

മാര്‍പ്പാപ്പ പണ്ട്‌ ഇന്ത്യയില്‍ വന്ന് നിശാക്ലബ്ബുകളന്വേഷിച്ചെന്ന് പറയുമ്പോലെയുള്ള അസംബന്ധങ്ങളാണ് ഒരു കലാലയ ത്തില്‍ എം എസ് എഫ് പ്രവര്‍ത്തകരുയർത്തിയ കൊടിയെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത്.

കൊടി നിവര്‍ത്തിയുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് കെട്ടാനുപയോഗിച്ച കമ്പ് ഒടിഞ്ഞുതൂങ്ങി. ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലുള്ള അതിന്റെ ചിത്രമെടുത്ത് ,ഒരു വിദേശരാഷ്ട്രവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കാനാണ് പലർക്കും താല്പര്യം. അതിലുപരി അതിലടങ്ങിയിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് വിഷയമായി പ്രചരിക്കുന്നത്. നിറങ്ങള്‍ ഏഴേയുള്ളു .

220 രാജ്യങ്ങളും, അവിടുത്തെ എല്ലാ സംഘടനകളും ഈ നിറങ്ങളുപയോഗിച്ചാണ് പതാകയുണ്ടാക്കിയിട്ടുള്ളത്. അയര്‍ലണ്ടിന്റേത് ത്രിവര്‍ണ്ണപതാകയാണ്. അശോകചക്രം ഒഴിവാക്കിയാലും ചരിഞ്ഞ നിലയിൽ കണ്ടാലും ഐവറികോസ്റ്റ് പതാകയും ഇന്ത്യൻപതാകയും സാമ്യമുള്ളത്തന്നെ. ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ പതാകയും എതാണ്ട് ഇന്ത്യൻപതാക തന്നെയെന്ന് തോന്നും ഹംഗറിക്കും മൂവര്‍ണ്ണക്കൊടി യാണു് പതാക.

കേരള കോണ്‍ഗ്രസ്സിന്റെ പതാക ബഹറൈന്റെ കൊടി കടം വാങ്ങിയതാണെന്ന് തോന്നും ചുവപ്പില്‍ ചന്ദ്രക്കലയും നക്ഷത്രവും തുനീഷ്യയുടെ ചിഹ്നമാണ്. തുര്‍ക്കിയുടെ പതാകയും ഏതാണ്ടിതിനോട്‌ തുല്യം. യൂറോപ്പിലെ മാസിഡോണിയയുടെ പതാകയോട് ഡിസൈൻ സാമ്യതയുള്ള പതാകയാണ് ബ്രഹ്മകുമാരീസ് പിടിക്കുന്നത്. മൊണോക്കയിലും കേരള കോണ്‍ഗ്രസ്സിന്റെ കൊടി ഉപയോഗിക്കുന്നതായി പറയാം.

ചന്ദ്രക്കലാങ്കിതമായ പച്ചക്കൊടി മൌറിത്താന രാജ്യത്തിന്റെ കൊടിയാണ്. അടിസ്ഥാന നിറങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാര്‍ഗ്ഗമുണ്ടെങ്കിൽ, ഓരോ രാജ്യവും ഇനിയും പുതിയ നിറങ്ങള്‍ കണ്ട്പിടിച്ച് പേറ്റന്റെടുത്താല്‍ നിറം സ്വന്തമാക്കാം. സ്വന്തം കൊടി നല്ല ബലമുള്ള ക്കമ്പിൽ കെട്ടാൻ ശ്രമിക്കണം. എങ്കിലും ആരോപണകര്‍ത്താക്കൾക്ക് സൂക്കേട് ബാക്കി നിൽക്കും.

×