ചെല്ലാനത്ത് കടൽഭിത്തിയില്ലാത്തതിനാല്‍ ആശങ്കയോടെ കഴിയുന്ന ചെല്ലാനം നിവാസികളുടെ ദുരിതം അധികാരികള്‍ കാണണമെന്നും സഹായിക്കണമെന്നും നടന്‍ ബിനീഷ് ബാസ്റ്റിന്‍. അവർക്കു മണൽച്ചാക്ക് നിറച്ച ഭിത്തി അല്ല ആവശ്യം. കടലിൽ നിന്ന് ശക്തമായി ഒരു തിര അടിച്ചാൽ ഈ ചാക്കെല്ലാം അവരുടെ വീടുകളിൽ വന്നിടിക്കും. അതുകൊണ്ട് കരിങ്കല്‍ ഭിത്തിയാണു വേണ്ടത്, അല്ലെങ്കിൽ കോൺക്രീറ്റു കൊണ്ടുള്ള ഭിത്തി - ബിനീഷ് തന്റെ കുറിപ്പില്‍ പറയുന്നു.
/sathyam/media/post_attachments/uQ7viTk7a1zGWu3W0IAO.jpg)
ബിനീഷ് ബാസ്റ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
"കേരളത്തിന്റെ സൈന്യം ഇപ്പോൾ കടലിന്റെ വായിൽ ആണ്. ഷർട്ടും മുണ്ടും കൊടുത്ത് ആദരിച്ചവർ കടൽഭിത്തിക്കായുള്ള മുറവിളി കേൾക്കുന്നില്ല. നമ്മളെല്ലാവരും സ്വന്തം വീടുകളിൽ രാത്രി പേടിയില്ലാതെ കിടന്നുറങ്ങുന്നവരാണ്. പക്ഷേ ചെല്ലാനത്തെ തീരദേശത്തു താമസിക്കുന്നവർ മഴക്കാലമായാൽ ഉറങ്ങാറില്ല, പേടിയാണ്. എപ്പോഴാണ് കടൽ കയറുക എന്നു പറയാൻ പറ്റില്ല. പേടിയല്ല, സത്യമാണ്. ഒരുപാട് തവണ കടൽ കയറി വീടുകൾ നശിച്ചു. കുറെ നാശനഷ്ടങ്ങളുണ്ടായി.
ഇന്നു രാവിലെ ഞാൻ ചെല്ലാനം തീരത്തു പോയി. ചാക്കിൽ മണ്ണു നിറച്ച് കടൽഭിത്തി ഉണ്ടാക്കാൻ. ചാക്കുകളിൽ മണ്ണു നിറയ്ക്കാൻ ആ പ്രദേശവാസികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. എറണാകുളത്തു നിന്ന് കുറച്ച് ആളുകൾ മാത്രം.
തീരദേശവാസികൾ പറയുന്നത് അവർക്കു മണൽച്ചാക്ക് നിറച്ച ഭിത്തി അല്ല ആവശ്യം എന്നാണ്. എല്ലാവർഷവും ഇതുപോലെ ചെയ്യുന്നതാണ്. കടലിൽ നിന്ന് ശക്തമായി ഒരു തിര അടിച്ചാൽ. ഈ ചാക്കെല്ലാം അവരുടെ വീടുകളിൽ വന്നിടിക്കും. അവർക്ക് ചാക്കു കൊണ്ടുള്ള ഭിത്തിയല്ല വേണ്ടത്. കരിങ്കല്‍ ഭിത്തിയാണു വേണ്ടത്, അല്ലെങ്കിൽ കോൺക്രീറ്റു കൊണ്ടുള്ള ഭിത്തി.
എത്രകാലം ഇങ്ങനെ ഉറങ്ങാതെ കഴിയേണ്ടേി വരും. ഒരു മനുഷ്യത്തൊഴിലാളി ജീവിതകാലം മുഴുവൻ പണിയെടുത്താലും സ്വന്തമായി ഒരു വീടുവെയ്ക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്വന്തമായി ഉള്ള വീട് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന. ജനിച്ച മണ്ണിൽ തന്നെ മരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ... അധികാരികളെ കണ്ണുതുറക്കൂ.. save ചെല്ലാനം".