Advertisment

മുഖപടങ്ങൾ മൗന മഠങ്ങളാകാതിരിക്കട്ടെ

author-image
admin
New Update

- സുഫീറ എരമംഗലം

Advertisment

publive-image

ദൃശ്യ മനുഷ്യരെക്കുറിച്ച് കുട്ടിക്കാലത്ത് ചിത്രകഥകളിൽ വായിച്ചിരുന്നു. അതുപോലെ സ്വയം അദൃശ്യരാവുന്നവരായി നിഖാബ് ധാരിണികളെ കണക്കാക്കാം. തുറന്നിടൽ തീവ്രതകളുടെ ഇക്കാലത്ത്, അവയോടുള്ള വിമത സാന്നിധ്യമായും.

അദൃശ്യതക്ക് സൗന്ദര്യമുണ്ടൊ? ഉണ്ടാകുമെങ്കിൽ അത് ദൃശ്യതക്ക് മു൯പുള്ള ഇടവേളയാകുമെങ്കിൽ മാത്രം. പുലരിയിലേക്കുള്ള രാവു പോലെ. അദൃശ്യതക്കുപരിയായ അപ ദൃശ്യതയായി നിഖാബു ധാരിണികൾ ഒരിക്കലും പകൽപ്പെടാതെ നീങ്ങുകയാണ്. സ്വയം ഉൾവലിയുന്നൊരീ ശോക- മൂക വസ്ത്രം ദിവ്യ ധ്യാനത്തിൽ പോലും അനുവദനീയമല്ല.

മുഖ-നഖങ്ങളോളം മുഴുവ൯ മൂടുന്നവർ ആത്മ സംവേദനങ്ങളെപ്പോലും അതാര്യപ്പെടുത്തുകയാണ്.പെൺമുഖം നഗ്നതയാണെന്ന് കരുതുന്നവർ ആൺമുഖത്തെ എന്തായിട്ടാണ് കരുതുക? ആർജ്ജവമായോ ഒളിഞ്ഞുനോട്ടമുള്ളവരായോ? പരസ്പരം ദൃഷ്ടി നിയന്ത്രിക്കുവാ൯ വേദം അനുശാസിച്ചത് പരസ്പരം ദൃശ്യരായതിനാലല്ലെ?

വിവസ്ത്രതയും വിമുഖതയും രണ്ട് ആത്യന്തികതകളാണ്. എല്ലാ ആത്യന്തികതകളും സ്വന്തത്തോടും സമൂഹത്തോടുമുള്ള നിഷേധാത്മകമായ സമര പ്രഖ്യാപനങ്ങളാണ്. വസ്ത്ര തീവ്ര വാദവും, നഗ്ന വാദവും സ്ത്രീയെ സംരക്ഷിക്കുകയില്ല. വസ്ത്ര സന്തുലിതത്വമാണ് വേണ്ടത്. വസ്ത്രം എന്നത് സ്ത്രീയുമായി കൂടുതൽ ബന്ധപ്പെട്ടതിനാലായിരിക്കണം ആ പേരു തന്നെ.

വസ്ത്രം അസ്ത്രമാകുന്നത് പീഢാഭിനിവേശ വസ്ത്രങ്ങളെ തുരത്തുമ്പോഴാണ്. തിരശ്ശീലകളെ ചുമക്കുന്നവരുടെ സമൂഹ സാന്നിധ്യം പോലും അപ്രായോഗികമാകുന്ന മറപ്പുരക്കാലത്തിലേക്ക് തരിഞ്ഞു നടക്കുവാ൯ എം. ഇ. എസ് കാർക്കശ്യം ഇടവരുത്താതിരിക്കട്ടെ. സ്ത്രീയെ വിവസ്ത്രയാക്കുന്നത് പുരുഷ ലൈംഗികതയുടെ മുതലാളിത്ത ആധിപത്യമാണെങ്കിൽ അവളെ വസ്ത്ര ഭാണ്ഡമാക്കി അസ്ഥാനപ്പെടുത്തുന്നതും അവർ തന്നെ.

പെൺബോധത്തെ അപകർഷപ്പെടുത്തുന്ന ഈ ആൺബോധങ്ങളെയാണ് ആദ്യം ബോധവൽകരിക്കേണ്ടത്. എങ്കിൽ മാത്രമെ ഈ നിഷേധ രൂപങ്ങളെ മുഖ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുവാനാകൂ.

Advertisment