യഥാർത്ഥത്തിൽ പ്രകാശം പരത്തേണ്ട ചില മേഖലകൾ ഉണ്ട്. അക്കാര്യങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു കണ്ടില്ല

Saturday, April 4, 2020

– സൈജു മുളകുപാടം 

കൈകൾ കൊട്ടിയും പാത്രമടിച്ചും വിളക്ക് തെളിച്ചുമൊക്കെ നന്ദിയും പിന്തുണയും രേഖപ്പെടുത്തുന്നത് നല്ല കാര്യമാണ്. അതിനോട് ഞാൻ യോജിക്കുന്നു. എന്നാൽ ഇത്തരം ഉപായങ്ങളിലൂടെ കാഴ്ചക്കാരായി ആളുകളുടെ കൈയടിയും ഭക്തരായ ചില ദേശീയ മാധ്യമങ്ങളുടെ വലിയ പിന്തുണയും ലഭിച്ചേക്കാം.

എന്നാൽ യഥാർത്ഥത്തിൽ പ്രകാശം പരത്തേണ്ട ചില മേഖലകൾ ഉണ്ട്. അക്കാര്യങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രി പരാമർശിച്ചു കണ്ടില്ല.

മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട നിക്ഷേപങ്ങൾ നിക്ഷേപങ്ങൾ നഷ്ടപ്പെട്ട തൊഴിൽ ഇടങ്ങൾ നഷ്ടപ്പെട്ട കോടിക്കണക്കായ സാധാരണക്കാരുള്ള ഒരു രാജ്യത്ത് അവരുടെ ജീവിതത്തിൽ ഇനി എങ്ങനെ വെളിച്ചം വീശാൻ കഴിയും, കോവിഡ് യുദ്ധത്തിൽ മുന്നണിപോരാളികളായി ജോലി ചെയ്യുന്ന പതിനായിരക്കണക്കായ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ രക്ഷാകവചങ്ങളുടെ അപര്യാപ്തത എങ്ങനെ പരിഹരിക്കാം, ഇപ്പോഴുള്ള വ്യാപനം ഒരു മൂന്നാം ഘട്ടമോ നാലാം ഘട്ടമോ കടന്നാൽ അത്‌ നേരിടാൻ എന്തെല്ലാം പദ്ധതികളാണ് ഉള്ളത്, കൂടുതൽ ആളുകളിൽ കോവിഡ് ടെസ്റ്റ് നടത്താനുള്ള മാർഗ്ഗങ്ങൾ, ഇവയൊക്കെയാകണം ജനങ്ങളോട് പറയേണ്ടത്.

മറ്റൊന്ന്, പ്രധാനമന്ത്രി പറയുന്നതുമാത്രം കേൾക്കുക എന്നതല്ലല്ലോ ജനാധിപത്യം. പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുവാൻ ജനങ്ങൾക്കുവേണ്ടി പത്രക്കാരോ പ്രതിപക്ഷമോ ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരം പ്രധാനമന്ത്രി നൽകണം. അത്‌ ഇപ്പോൾ നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

മറ്റ്‌ എല്ലാ രാജ്യങ്ങളിലും എല്ലാ ദിവസവും ബന്ധപ്പെട്ടവർ ജനങ്ങളെ അതാത് ദിവസത്തെ വിവരങ്ങൾ ധരിപ്പിക്കുന്നു. അവിടെ ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരവും നൽകുന്നു. വരും ദിനമെങ്കിലും യാഥാർഥ്യങ്ങളോട് കൂടുതൽ അടുപ്പം കാട്ടും എന്ന്‌ പ്രതീക്ഷിക്കുന്നു.

×