എന്തിനാ ഹോണടി? ഒരുപാട് ക്ഷമ പഠിക്കാൻ കൂടി ഹോണില്ലായ്മ സഹായിക്കും

Saturday, November 30, 2019

– ഗിരീഷ് മാരേങ്ങലത്ത്

വിദേശ രാജ്യങ്ങളിലെ യാത്രയ്ക്കിടയിൽ കൗതുകത്തോടെ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. ആരും ഹോൺ അടിക്കുന്നേയില്ല.

ഏഷ്യയിലേയും യൂറോപ്പിലേയും പതിമൂന്നോളം രാജ്യങ്ങളിൽക്കൂടിയുള്ള സഞ്ചാരത്തിനിടയിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നു പോവുന്നത് കണ്ടിട്ടുണ്ടാവും. അത്യപൂർവ്വമായി മാത്രം ഒന്നോ രണ്ടോ വാഹനങ്ങൾ ഹോണടിച്ചതോർക്കുന്നു. മറ്റുള്ളവരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുത് എന്നായിരിക്കും ഇവിടുത്തെ ഡ്രൈവർമാർ ചിന്തിക്കുന്നത്.

ഓ..അവിടെയൊക്കെ നടക്കും. നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾ ഇതിനൊന്നും അനുകൂലമല്ല… എന്നാണിപ്പോൾ ചിന്തിക്കുന്നതെങ്കിൽ തെറ്റി.

എന്റെ സ്കൂട്ടറിന്റെ ഹോൺ കഴിഞ്ഞ ആഗസ്ത് മാസത്തിൽ കേടുവന്നിരുന്നു. വർക്ക്ഷോപ്പിൽ പോവാൻ ആലോചിച്ചെങ്കിലും പിന്നെയത് വേണ്ട എന്നുവെച്ചു. ഹോണില്ലാതെ ഡ്രൈവിംഗ് സാധിക്കുമോ എന്നു നോക്കാൻ തന്നെയായിരുന്നു തീരുമാനം.

അതെ… ഹോണടിക്കാതെ ഏകദേശം മൂന്നു മാസം. രണ്ടാഴ്‌ച മുമ്പ് ഹോണിൽ അറിയാതെ കൈ തട്ടിയപ്പോഴാണ് അത് വീണ്ടും വർക്ക് ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ, ഹോണടിക്കേണ്ടതില്ല എന്ന തീരുമാനം ഞാനിപ്പോഴും മുറുകെപ്പിടിക്കുകയാണ്.

സത്യത്തിൽ എപ്പോഴാണ് ഹോൺ അടിക്കേണ്ടി വരുന്നത്? ‘ഞാൻ ഒരു വണ്ടിയുമായി വരുന്നുണ്ട്. വഴിയിൽ നിന്നുമാറി നിൽക്കണം’ എന്ന ആജ്ഞയല്ലേ യഥാർത്ഥത്തിൽ ഹോണടി.

‘നിങ്ങൾ ആദ്യം പോകൂ…ഞാൻ പിന്നെ പൊയ്ക്കോളാം’ എന്ന് മനസ്സിൽ ചിന്തിച്ചാൽ ഹോണിൽ കൈവെക്കേണ്ടി വരുമോ? (അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കുകയും വേണം ട്ടോ)

സത്യത്തിൽ ഒരുപാട് ക്ഷമ പഠിക്കാൻ കൂടി ഹോണില്ലായ്മ സഹായിക്കുന്നു. ശബ്ദമലിനീകരണം എന്ന വിപത്ത് ഒരു പരിധി വരെ തടയാൻ നമ്മുടെ ‘ക്ഷമ’ ഉപകരിക്കും.

നിങ്ങൾ യോജിച്ചാലും വിയോജിച്ചാലും എനിക്കിത് പരീക്ഷിച്ച് വിജയിച്ച ഒരു കാര്യമാണേ..

×