സർക്കാരിനോട് ഒരു വെല്ലുവിളി

Thursday, December 5, 2019

– ജെയിംസ് മുട്ടിക്കൽ, (ചെയർമാൻ, ടു വീലർ യൂസേഴ്സ് അസോസിയേഷൻ)

ട്രാഫിക് കുറ്റങ്ങൾക്ക് ഇപ്പോൾ വൻ തുക ഫൈൻ ഈടാക്കി വരികയാണല്ലോ. അതിനു പറയുന്ന ന്യായം വാഹന അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം കുറക്കാനാണെന്നാണ്. തത്വത്തിൽ ഇത് ശരിയെന്നുതോന്നാം. എങ്കിലും എഴുതി വെച്ചോളൂ.

കഴിഞ്ഞ 6 മാസത്തിൽ വാഹന അപകടത്തിൽ മരിച്ചവരുടെ എണ്ണവും. ഫൈൻ വർധിപ്പിച്ചു 6 മാസം കഴിഞ്ഞുള്ള എണ്ണവും. ഇവ പ്രസിദ്ധികരിക്കണം. സർക്കാർ പ്രചാരണം അനുസരിച്ച് മരിക്കുന്നവരുടെ എണ്ണം പകുതിയെങ്കിലും ആയി കുറയണമല്ലോ.

എന്നാൽ മരണ സംഘ്യയിൽ കാര്യമായ ഒരു കുറവും ഉണ്ടാകാൻ പോകുന്നില്ല. കാരണങ്ങൾ നിരവധി ഉണ്ട്. പക്ഷേചില ഗുണങ്ങൾ ഉണ്ട്. സർക്കാരിന് വരുമാനം കൂടും. വാഹന പരിശോധനക്കിടെ ആളുകൾ അപകടത്തിൽ പെടുന്നത് വർധിക്കും.

നിയമങ്ങളോടും, നിയമപാലകരോടും, സർക്കാരിനോടും ജനങ്ങൾക്ക് അടങ്ങാത്ത വെറുപ്പും അവജ്ഞയും ഉണ്ടാകും. ഇൻഷുറൻസ് കമ്പനികൾക്ക് ക്ലെയിം നിഷേധിക്കാൻ ഒരു കാരണം കൂടി ലഭിക്കും. റോഡ് അപകടങ്ങൾ കുറക്കുവാൻ അല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത് മറ്റ് ചിലതാണ്.

താഴെ പറയുന്ന കാര്യങ്ങൾക്ക് നിശ്ചിത സമയപരിധി നിശ്ചയിക്കുക.

സമയപരിധിക്കുള്ളിൽ തകരാർ പരിഹരിച്ചില്ലെങ്കിൽ നേരിട്ട് ഉത്തരവാദിത്തം ഉള്ള ഉദ്യോഗസ്ഥനും, മേലുദ്യോഗസ്ഥനും മേൽ കൂടുതൽ വരുന്ന ഓരോ ദിവസത്തേക്കും 1000 രൂപ വീതം ഫൈൻ ചുമത്തുക റോഡിൽ കുഴി രൂപപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ കരാറുകാരനെകൊണ്ട് മൂടിച്ചില്ലെങ്കിൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും പിന്നീട് വരുന്ന ഒരോ ദിവസത്തിനും 1000 രൂപ ഫൈൻ. (അല്പം മെറ്റലും ടാറും ഉപയോഗിച്ച് മൂടാവുന്ന ചെറിയ കുഴികളാണ് പിന്നീട് വൻ ഗർത്തങ്ങളായി ജീവൻ എടുക്കുന്നത്)

പൈപ്പ് ഇടാനോ മറ്റോ റോഡിൽ കുഴുയെടുത്തു ഒരാഴ്ച്ചക്കുള്ളിൽ പൂർവ സ്ഥിതിയിൽ ആക്കിയില്ലെങ്കിൽ, കൂടുതൽ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ.

സീബ്ര ലൈൻ മാഞ്ഞുപോയാൽ ഒരാഴ്ച്ചക്കുള്ളിൽ തെളിച്ചു വരച്ചില്ലെങ്കിൽ പിന്നീട് വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം.ഹംബുകളിൽ/മീഡിയനുകളിൽ നിയമ പ്രകാരമുള്ള അടയാളങ്ങൾ ഇല്ലെങ്കിൽ ദിവസം 1000 രൂപ വീതം. റോഡിലെ അപകട അറിയിപ്പുകൾ /സിഗ്നലുകൾ യഥാസമയം സ്ഥാപിച്ചില്ലെങ്കിൽ….

ഒരു ദിവസത്തിന് 1000 രൂപ.റോഡിലെ കേടായ സി സി ടി വി ക്യാമറകൾ പത്തു ദിവസത്തിനുള്ളിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അധികം വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം.

റോഡിലെ സിഗ്നൽ ലൈറ്റ് കേടായാൽ ഒരാഴ്ച്ചക്കകം ശരിയാക്കില്ലെങ്കിൽ കൂടുതൽ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ.

കാഴ്ച മറക്കുന്ന പരസ്യബോർഡുകൾ /മരച്ചില്ലകൾ ഒരാഴ്ച്ക്കകം മാറ്റിയില്ലെങ്കിൽ…. ദിവസം 1000 രൂപ.

അമിത വേഗത്തിൽ/ അശ്രദ്ധമായി /മദ്യപിച്ചു /ലഹരി മരുന്ന് ഉപയോഗിച്ച് /മൊബൈൽ വിളിച്ചു /ട്രാക് തെറ്റിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവർമാർ അഞ്ചു തവണ തെറ്റ്‌ ആവർത്തിച്ചാൽ ലൈസൻസ് ക്യാൻസൽ ചെയ്യുക.ഇവ കണ്ടെത്താൻ കൂടുതൽ സി സി ടി വി ക്യാമറകൾ (പ്രവർത്തിക്കുന്നത് ) റോഡുകളിൽ സ്ഥാപിക്കുക.

ടിപ്പർ, ബസ് തുടങ്ങിയ വലിയ വാഹനങ്ങളിൽ സ്പീഡ് ഗവർണ്ണർ സ്ഥാപിക്കുക.90 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കുവാൻ കഴിയുന്ന ടു വീലറുകൾക്കു സാധാരണ റെജിട്രേഷൻ നിരോധിക്കുക.

അമിത വേഗത്തിൽ, അമിത ശബ്ദത്തിൽ, അശ്രദ്ധമായിജനങ്ങളെ ഭയപ്പെടുത്തുന്ന വിധത്തിൽ ബൈക്ക് ഓടിക്കുന്നവരെ ഒരു ദിവസം സ്റ്റേഷനിൽ ഇരുത്തി ബോധവൽക്കരണം നടത്തുക.

ഇത്രയും ചെയ്താൽ വാഹന അപകടനിരക്ക് കുറക്കാം. ഇത് ഉറപ്പ്.

×