- കെ. താജുദ്ധീൻ സ്വലാഹി
/sathyam/media/post_attachments/PzZqB6ET3AMUDU8Xrmtt.jpg)
തീവ്ര ശ്രദ്ധയുടെ ദിനങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നത് ! ഒരു സാമൂഹിക ഘടനയുടെ ചിത്രം തന്നെ മാറ്റി മറിക്കാൻ സംഹാര ശേഷിയുള്ള ഒരു മഹാമാരിയാണ് ഇപ്പോൾ നമ്മുടെ അരികിൽ ആഗതമായികൊണ്ടിരിക്കുന്നത്.
കാട്ടുതീയേക്കാൾ വേഗത്തിൽ മനുഷ്യരെ നക്കിത്തുടക്കുന്ന വൈറസ് രോഗം അഥവാ കൊവിഡ് 19.. ഒരു അപ്രതീക്ഷിത വാഹനാപകടത്തെക്കാൾ വേഗത്തിൽ നമ്മുടെ സ്വപനങ്ങൾക്ക് അന്ത്യം കുറിക്കുന്ന രോഗ ബീജം !
എന്നാൽ പലരെയും കാണുമ്പോഴും പലതും കേൾക്കുമ്പോഴും ഇവർക്കൊന്നും ഈ മഹാ ദുരന്തത്തിന്റെ ആഴവും അപകടവും ഇപ്പോഴും ബോധ്യമായിട്ടില്ല എന്ന തോന്നൽ ശക്തിപ്പെടുകയാണ്... "അതൊക്കെ വരുന്നേടത്ത് വച്ച് കാണാം" ഇതാണ് ചിലരുടെ സമീപനം..
രോഗം തകർക്കുന്നത് അവരെ മാത്രമാണെകിൽ ഈ സമീപനം അത്രതന്നെ അപകടകാരിയല്ല... എന്നാൽ ഓരോ രോഗ ബാധിതനും ഈ ഭൂമിയുടെ ഏത് ദിക്കിലും രോഗമെത്തിക്കുന്ന ദുരന്തവാഹകനാണ് എന്നതാണ് ഇതിന്റെ ഭീകരാവസ്ഥ..
വൈറസ് വഹിക്കുന്ന നമ്മുടെ കൈകളും ശരീരവും സഞ്ചാര വഴിയിലെ നൂറുകണക്കിന് വ്യക്തികൾക്ക് രോഗം കൈമാറുമെന്ന് വരുമ്പോൾ കൊലപതകം പ്ലാൻ ചെയ്ത് പുറപ്പെടുന്ന ചാവേറിനെക്കാൾ അപകടകാരിയായി മാറുന്നു !
രോഗ ബാധയുള്ള നാട്ടിൽ നിന്ന് മറ്റു നാടുകളിലേക്ക് പുറപ്പെടരുതെന്നും അവിടേക്ക് വരരുത് എന്നുമുള്ള പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ നിർദ്ദേശങ്ങളുടെ കൂടെ കാണുന്ന മറ്റൊരു വാക്കാണ് രോഗ ബാധിത പ്രദേശത്ത് വിധിയിൽ വിശ്വാസമർപ്പിച്ച് നിൽക്കുന്ന വ്യക്തിക്ക് രക്തസാക്ഷിയുടെ പുണ്യമുണ്ടെന്നത്.
വിശ്വാസത്തിന്റെ ഇത്തരം പ്രേരകങ്ങൾ വഴി ഈ സാമൂഹിക ഘടന സുരക്ഷിതമാക്കുന്ന ഇസ്ലാമിക നിയമ സംഹിത എത്ര മനോഹരം ! ആവശ്യങ്ങളും അനിവാര്യതകളും നമ്മെ അലട്ടുമ്പോഴും ഒരു ചാവേറിനെപ്പോലെ ഞാൻ ആയാൽ അപകടമാണെന്ന ചിന്ത നമ്മുടെ മനസ്സിലിരിക്കട്ടെ.
നിസ്സാരവൽക്കരണത്തിന്റെ മനസ്സ് പ്രതിരോധ ചിട്ടകൾ ലംഘിക്കുമ്പോൾ ചൈനയിലും ഇറ്റലിയിലും മറ്റു രാജ്യങ്ങളിലും അന്ത്യകർമ്മങ്ങൾക്ക് ആളില്ലാതെ അടക്കാൻ കാത്ത് കിടക്കുന്ന മനുഷ്യ ശരീരങ്ങൾ ഓർക്കുക..
മണ്ണിൽ പോലും ഒരു ഇടം കിട്ടാതെ ഇപ്പോഴും ഫ്രീസറിലും അല്ലാതെയും കിടക്കുന്ന വെള്ള പുതച്ച മൃത ശരീരങ്ങൾ ഹൃദയം കൊണ്ടൊന്ന് എത്തിനോക്കുക .. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
വീഴ്ചകളുടെ സുഷിരങ്ങൾ ചൂണ്ടി ന്യായം പറഞ്ഞുകൊണ്ട് രോഗം പരത്തുന്ന ഗുഹകൾ തീർക്കരുത്. കുടിച്ചു ചാകുന്നവൻ ചാകട്ടെ. അതൊന്നും നമുക്ക് ഈ രണ്ടാഴ്ച സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാൻ തടസ്സമാകരുത്.
ഓർക്കുക, ഓരോ ജീവനും വിലപ്പെട്ടതാണ്.കുറച്ച് ദിവസം വീട്ടിലൊതുങ്ങിയാൽ കുറേ മനുഷ്യരെ ദുരന്തത്തിൽ പെടുത്താതെ രക്ഷിക്കാം.. അതാകട്ടെ ലോകത്തെ സർവ്വ മനുഷ്യരെയും രക്ഷിച്ചതിന് സമാനമായ പ്രതിഫലം ലഭിക്കുന്ന പുണ്യം കൂടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us