Advertisment

പ്രവാസി സ്നേഹം വലുതായി പറഞ്ഞതുകൊണ്ട് കാര്യമില്ല. പ്രവാസികൾക്ക് വേണ്ടത് സത്വര നടപടികളാണ്. മോഹന വാഗ്ദാനങ്ങളല്ല - കൃഷ്ണൻ കടലുണ്ടി

author-image
admin
New Update

publive-image

Advertisment

പ്രവാസി സ്നേഹം മുഖ്യമന്ത്രി വലുതായി പറഞ്ഞതുകൊണ്ട് കാര്യമില്ല.  ഒരു മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന വിമാനസർവ്വീസുകൾ അതിസങ്കീർണ്ണ സ്ഥിതിയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ഭാഗികമായി തുറന്നു കൊടുക്കുവാനുള്ള സാഹചര്യം ഉണ്ടാവണം.

അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ വിദേശീയർക്കു വിദഗ്ദ ചികിത്സ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ലഭ്യമാകുന്നുള്ളൂ. അല്ലാത്തവ വിദേശികൾക്ക് വളരെ അപ്രാപ്യമാണ്. അതിനാൽ ഹൃദയ സംബന്ധവും വൃക്ക സംബന്ധവും പ്രമേഹ സംബന്ധവുമായി എല്ലാം പ്രയാസമനുഭവിക്കുന്നവർ ഉചിതമായ ചികിത്സയ്ക്കും തുടർ ചികിത്സകൾക്കുമെല്ലാം മാതൃ രാജ്യത്തെയാണ് ആശ്രയിക്കുന്നത്.

മുൻഗണന നോക്കി ഇതേ ഗണത്തിലുള്ളവരെ ഉടനടി നാട്ടിലെത്തിച്ചേ മതിയാവൂ . വിസിറ്റ് വിസയിലും മറ്റും ഗൾഫു രാജ്യങ്ങളിൽ എത്തി കാലാവധി കഴിഞ്ഞവരും ഒട്ടേറെയുണ്ട്.

വലിയൊരു പ്രവാസി സമൂഹം ഭയ വിഹ്വലതയോടെയാണ് ഇന്ന് ദിവസങ്ങൾ തള്ളി നീക്കുന്നത് . അതിനായി കേന്ദ്ര ഗവൺമെന്റിലും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലും ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട് .

(ഈവക കാര്യങ്ങൾക്കാണല്ലോ തോറ്റ എം പിയെ സർക്കാർ ചെലവിൽ ദൽഹി കേരളാ ഹൌസിൽ കുടിയിരുത്തിയിക്കുന്നത്). ഗൾഫിൽ നിന്നും അടിയന്തിര സാഹചര്യത്തിൽ തിരിച്ചെത്തുന്നവരെ ആവശ്യമായ വൈദ്യ പരിശോധനകൾക്കു ശേഷം സസൂഷ്മം വിലയിരുത്തി ക്വാറന്റൈനു വിധേയമാക്കുന്നതിനുള്ള സൗകര്യങ്ങൾ ആവിഷ്ക്കരിക്കണം.

നിർബന്ധിതമായ ഐസൊലേഷൻ വേണ്ടിവരുന്നവർക്കായി അതിനുള്ള സൗകര്യം അതാതു വിമാനത്താവളങ്ങളോട് ചേർന്ന പട്ടണങ്ങളിൽ ഒരുക്കണം. ഇതൊന്നും ചെയ്യാതെ സ്വന്തം പൗരന്മാർക്കായി അനന്തമായി വാതിൽ കൊട്ടി അടക്കുന്ന ഒരു രാജ്യം വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഇപ്പോൾ സംസ്ഥാന ഗവണ്മെന്റും ബന്ധപ്പെട്ട വകുപ്പുകളും സംസ്ഥാനത്തു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എടുത്തിരിക്കുന്ന നടപടികളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇതൊക്കെ എളുപ്പം സാധിക്കാവുന്നതാണെന്നു കാണാം.

ഒട്ടേറെ ഗൗരവ സ്വഭാവത്തിലുള്ള അസുഖങ്ങൾക്ക് നാട്ടിൽ പോകാൻ കാത്തിരുന്നവരുണ്ട്. വൃക്ക രോഗികളും പ്രമേഹ രോഗികളും ഹൃദയ രോഗികളുമായി നിരവധി പേര് നാട്ടിലെത്തി തങ്ങൾക്കു ഉചിതമായ ചികിൽസ തേടാൻ കാത്തിരിക്കുന്നവരായുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സത്വര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടായേ മതിയാവൂ.

കുവൈറ്റിൽ പ്രത്യേകിച്ച് ഇപ്പോൾ പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള ഇവിടത്തെ ഭരണാധികാരികളുടെ അനുകമ്പാർഹമായ നടപടിയായ പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള പൊതു മാപ്പു സമയപരിധി ഈ മാസം 30 നു അവസാനിക്കുകയാണ്.

കുവൈറ്റ് ഗവണ്മെന്റ് സൗജന്യ വിമാന ടിക്കറ്റുകൾ പോലും നല്കാൻ തയ്യാറായിട്ടുള്ള ഈ പൊതുമാപ്പ് അനുകൂല്യത്തിന്റെ ഗുണഭോക്താക്കൾക്കും നിശ്ചിത സമയ പരിധിക്കു മുൻപേ നാട്ടിലെത്തേണ്ടതുണ്ട്.

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിസ നിയമങ്ങൾ പാലിക്കപ്പെടാനാവാതെ പോയവരോ പാസ്പോർട്ട് തുടങ്ങിയവ നഷ്ട്ടപ്പെട്ടു പോയവരോ ആയ വളരെ താണ ജീവിത നിലവാരത്തിലുള്ള ഹതഭാഗ്യരായിരിക്കും പൊതു മാപ്പിന്റെ സൗകര്യം ഉപയോഗപ്പെടുതുന്നവരിൽ മഹാ ഭൂരിപക്ഷവും.

അത്തരം പൗരന്മാരെ അവഗണിക്കുവാൻ ഒരു രാഷ്ട്രത്തിനും അധികാരമില്ല. മുഖ്യമന്ത്രിയുമായി വീഡിയോ കോൺഫറൻസിന് ഇരിക്കുന്ന പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്നവർക്ക് ഇത്തരം സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള ബാധ്യതയുണ്ട്. പ്രവാസികൾക്ക് വേണ്ടത് സത്വര നടപടികളാണ് മോഹന വാഗ്ദാനങ്ങളല്ല.

Advertisment