കുതിരാനിലെ ചതിക്കുഴികൾ

Monday, December 16, 2019

– കെ.വി. വിൻസന്റ്

കുതിരാനിലെ യഥാർത്ഥ കുഴികളും കുതന്ത്രങ്ങളും സാധാരണ ചർച്ചകളിൽ ഉൾപ്പെട്ടു കാണുന്നില്ല. അതുകൊണ്ടാണ് ഈ പ്രതികരണം.

1973 ൽ ഇരുമ്പുപാലംമാറ്റി പുതിയതു പണിത് പാലത്തിലെ കുരുക്ക് അഴിക്കേണ്ടിയിരുന്നതിനു പകരം അതിന്റെ ഇരട്ടി പണം ചെലവിട്ട് അമ്പലം കഴിഞ്ഞുള്ള രണ്ടാംവളവിൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഫില്ലിംഗ്‌ ഉണ്ടാക്കി.

123 അടി ഉയരം 3 തട്ടായി കെട്ടിപ്പൊക്കി രണ്ടു പാലത്തിന്റെ പൈസ ചെലവാക്കുന്നതുകൊണ്ട് ആർക്കായിരുന്നു ലാഭമെന്ന് ഊഹിക്കാവുന്നതാണ്.

പാലക്കാടു നിന്നും തൃശ്ശൂർക്ക് പോകുമ്പോൾ ഇരുമ്പുപാലം കഴിഞ്ഞതും ബസ്സിലിരുന്ന് ഇടത്തോട്ട് നോക്കിയാൽ ടവറുകളുടെ നിര കണ്ടിട്ടുണ്ടല്ലോ? ആ വഴി ഹൈവേക്കു പോകാവുന്ന ഇടമായിരുന്നു. പണ്ട് തൃശ്ശൂർ-കൊല്ലങ്കോട് റെയിൽ പാതക്കു വേണ്ടി ബ്രിട്ടീഷുകാർ നിരപ്പാക്കിയതാണ്.

1973 ൽ അതുപയോഗിച്ചില്ല. കാരണം ദുരൂഹമാണ്. ആ നിരപ്പായ സ്ഥലം ടവറുകൾക്ക് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ടവറുകൾക്ക് പോകാൻ നിരപ്പായ സ്ഥലം വേണമെന്നില്ല. അത് ടവറുകൾക്ക് കൊടുത്ത് പാറ തുരക്കുന്നത് ആർക്കൊക്കെയോ വരുമാനമുണ്ടാക്കാനാണ്.

രണ്ടു തുരങ്കങ്ങളുടെ ഒരാവശ്യവുമുണ്ടായിരുന്നില്ല. ഒരു തുരങ്കം മതിയായിരുന്നു. ഒരു ദിശയിലേക്ക് ഇപ്പോഴുള്ള റോഡു മതിയായിരുന്നു. നല്ല രീതിയിൽ ഒരു തുരങ്കം ഉണ്ടാക്കിയതുമായിരുന്നു. ആവശ്യമില്ലാതെ രണ്ടാം തുരങ്കം ഉണ്ടാക്കിയപ്പോഴാണ് ഒന്നാം തുരങ്കം തകർന്നത്.

ഇതൊന്നും ആർക്കും അറിയാത്തതല്ല. അറിഞ്ഞുകൊണ്ടുള്ള കള്ളക്കളികളാണ്. ജനപ്രതിനിധികൾ ‘വേഗം ഉണ്ടാക്കുക ‘ എന്നല്ലാതെ ഒന്നും അന്വേഷിക്കുകയോ ഇടപെടുകയോ ചെയ്യാറില്ല. നമ്മളൊന്നും പറഞ്ഞാൽ ശ്രദ്ധിക്കാറുമില്ല.

ഹൈവേയുടെ ചരിത്രം ആരംഭകാലം തൊട്ടേ രാഷ്ട്രീയക്കാരുടെയും കരാറുകാരുടെയും കള്ളക്കളികളുടെ ചരിത്രമാണ്.

ഐക്യരാഷ്ട്രസംഘടനയുടെ മുൻകൈയിൽ ഏഷ്യാ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്നു ഭൂഖണ്ഡങ്ങളിൽ കൂടി കടന്നു പോകുന്ന ഒരു ട്രാൻസ്കോണ്ടിനെന്റെൽ ഹൈവേയുടെ ഭാഗമായിട്ടാണ് നമ്മുടെ ഹൈവേ വന്നത്. ആ പ്ലാനിൽ നാഷണൽ ഹൈവേകൾ 6 വരിപ്പാതകളാണ്. ആഫ്രിക്കയിലെ പല ദരിദ്രരാജ്യങ്ങളും 6 വരിപ്പാത ഉണ്ടാക്കുകയും ചെയ്തു.

ഇന്ത്യയിൽ 120 അടി വീതിയിൽ സ്ഥലമെടുത്തതായിരുന്നു. അത് നാലുവരിക്ക് ധാരാളം മതിയായിരുന്നെങ്കിലും ഇന്ദിരാഗാന്ധിയെന്ന രാഷ്ട്രീയക്കാരിയുടെ ഹ്രസ്വദൃഷ്ടി അത് രണ്ടുവരിയിൽ ഒതുക്കി. പണി തീർന്നപ്പോഴേക്കും തന്നെ ഗതാഗതം 10 ഇരട്ടിയായി. റോഡിനായി ഉപയോഗപ്പെടുത്തിക്കഴിഞ്ഞതിന്റെ ബാക്കി ഭാഗത്ത് കയ്യേറ്റങ്ങൾ ഉണ്ടായി.

ഇതൊന്നും ആർക്കും മുൻകൂട്ടി അറിയാൻ കഴിയാത്തതൊന്നുമല്ല. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടും അവിഹിത സ്വത്തുസമ്പാദന വ്യഗ്രതയും തന്നെ.

×