- ഷാഹുൽ ബേപ്പൂർ, ജനറൽ സെക്രട്ടറി മലബാർ ഡെവലപ്പ്മെന്റ് ഫോറം കുവൈറ്റ്
/)
കോവിഡ് 19 ലോകത്തെ കീഴടക്കി കൊണ്ടിരിക്കുമ്പോൾ എന്ത് ചെയ്യണം എന്നുപോലും അറിയാതെ റൂമുകളിൽ മുഖത്തോട് മുഖം നോക്കിയിരിക്കുകയാണ് പ്രവാസി സമൂഹം.
നമ്മുടെ നാടിന് എന്ത് പ്രശ്നം വന്നാലും എന്നും മുന്നിൽ നിന്നിട്ടുള്ള ഗൾഫ് പ്രവാസികൾക്ക് ഇപ്പോൾ ആവശ്യം സാന്ത്വന വാക്കുകൾ അല്ല. ജോലിയും ശമ്പളവും ഭക്ഷണവും ഇല്ലാതെ റൂമിൽ ഇരിക്കുന്നവർക്ക് നാട്ടിൽ എത്തിച്ചേരാനുള്ള സൗകര്യം ആണ്.
ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പറയുന്ന ക്വാറന്റൈൻ എത്ര ദിവസം കിടക്കാനും അവർ തയ്യാറാണ്. അവരെ നാട്ടിൽ എത്തിക്കാൻ വേണ്ട കാര്യത്തിൽ ഇനിയും തീരുമാനം എടുക്കാൻ വൈകിപ്പിച്ചാൽ അത് മറ്റൊരു ദുരന്തത്തിനു വഴിയൊരുക്കും.
നിലവിലെ കുവൈത്തിലെ സാഹചര്യത്തിൽ പലർക്കും ജോലിയില്ല. ജലീബ്, മഹ്ബൂല പോലുള്ള പ്രവാസി ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളെല്ലാം പൂർണ്ണ കർഫ്യുവിലാണ്.
വരും ദിവസങ്ങളിൽ അത് ഏതൊക്കെ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നോ എ ന്തെല്ലാമായി മാറുമെന്നോ ഒരു പിടിയും കിട്ടാത്ത അവസ്ഥയാണ് നമുക്ക് മുന്നിലുള്ളത്. ഇന്ത്യൻ സർക്കാറിന്റെ അനുകൂല തീരുമാനം ലഭിക്കാത്തത് കൊണ്ട് തന്നെ തടവുകാരായി കഴിഞ്ഞ ഇന്ത്യക്കാർക്ക് രാജ്യം വിടാൻ സാധിച്ചിട്ടില്ല.
നിലവിലെ പൊതുമാപ്പും ഈ ഒരു അവസ്ഥ കൊണ്ട് ഉപയോഗപ്പെടുത്താൻ സാധിക്കാതിരിക്കയാണ് ഇന്ത്യക്കാരായിട്ടുള്ള പ്രവാസികൾ. ഇപ്പോൾ തന്നെ ജോലിയും ശമ്പളവും ഇല്ലാത്ത ഒരുപാട് ആളുകൾ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട്. തൽസ്ഥിതി തുടർന്നാൽ അവരുടെ എണ്ണം ഇനിയും കൂടും.
നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ വേണ്ടി അടിയന്തരമായി ഫ്ലൈറ്റ് സർവീസ് തുടങ്ങാൻ കേരള സർക്കാർ കേന്ദ്ര സർക്കാറിന് മുന്നിൽ സമ്മർദ്ദം ചെലുത്തണം. ഇത് ഞങ്ങളുടെ വകുപ്പിൽ പെട്ടതല്ല എന്ന് പറഞ്ഞു കൈഒഴിയാൻ ആർക്കും സാധിക്കില്ല.
കേരള സർക്കാർ അതിനു വേണ്ട ഇടപെടലുകൾ നടത്തി എത്രയും പെട്ടെന്ന് തന്നെ വിമാന സർവീസ് പുനരാരംഭിക്കണം. നമ്മുടെ അയൽരാജ്യക്കാരായ അഡ്മിനുകൾ നേതൃത്വം വഹിക്കുന്ന കുവൈത്തിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇന്ത്യൻ ഗവണ്മെന്റിന് പോലും ഇന്ത്യക്കാരെ വേണ്ടാതായിരിക്കുന്നു എന്ന തരത്തിലുള്ള അപഹാസ്യ കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു.
അത്തരം കമന്റുകൾ മുറിവേൽപ്പിക്കുന്നത് ഓരോ പ്രവാസിയുടെയും ഹൃദയത്തെയാണ്. കാര്യങ്ങൾ കൂടുതൽ സങ്കീർണം ആകുന്നതിന് മുൻപ് തന്നെ നല്ല ഒരു തീരുമാനം ഇന്ത്യൻ ഗവണ്മെന്റ് എടുക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.