നവോത്ഥാന മതിലുകൾ അല്ല ആദ്യം വേണ്ടത്, ഈ നാട്ടിലെ ഓരോ സ്ത്രീയും സുരക്ഷിതയായി ഇരിക്കുവാനുള്ള മതിലുകളാണ്. അതിന് ജാതിമത രാഷ്ട്രീയമില്ലാതെ ഏവരും ഒപ്പമുണ്ടാവും

ജിതിന്‍ ഉണ്ണികുളം
Wednesday, December 5, 2018

ഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക് ഒരു തുറന്ന കത്ത്,

സർ,

ജനുവരി ഒന്നിന് സമുദായ സംഘടനകളെ ചേർത്തു വച്ചുകൊണ്ട് #വനിതാ_മതിൽ എന്നൊരു പരുപാടി ഈ സർക്കാർ സംഘടിപ്പിക്കുന്ന വാർത്തകൾ അറിഞ്ഞു. അതിന്റെ പിന്നാമ്പുറത്ത് പല കഥകൾ നടക്കുന്നുണ്ടെങ്കിലും അതിലേക്കൊന്നും ഞാൻ ശ്രദ്ധ തിരിക്കുന്നില്ല. ഞാൻ ശ്രദ്ധ തിരിക്കുന്നത് മറ്റൊരു വിഷയത്തിലേക്കാണ്‌…

ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപേ പറഞ്ഞിരുന്ന ഒരു കാര്യമാണ് സ്ത്രീ സുരക്ഷ. സർ സത്യത്തിൽ എവിടെയാണ് സ്ത്രീ സുരക്ഷിതയായിട്ടുള്ളത്??? ഇന്നലത്തെ ദൃശ്യമാധ്യമങ്ങളിൽ കണ്ടു 16 വയസ്സുകാരി പെണ്കുട്ടിയെ ഇരുപതോളം പേര് ചേർന്ന് പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വാർത്ത.

പീഡനം എന്നത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം സർവ്വ സാധാരണയായി നടക്കുന്ന ഒന്നായി മാറി. അതിന് ഒരു കാരണമേ ഉള്ളൂ, പീഡിപ്പിക്കുന്ന ആൾക്കാർക്ക് വേണ്ടത്ര ശിക്ഷ നൽകുന്നില്ല എന്നത്.

ഗോവിന്ദച്ചാമിയെ പോലെ നിരവധി ആളുകൾ ജീവിതം വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ ജയിലിൽ ആസ്വദിക്കുന്നുണ്ട്. കഞ്ചാവ് വിൽക്കുന്ന ഒരുത്തൻ ഒരു 50 ഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ടാൽ അവന്റെ ഫോട്ടോ സഹിതം പത്രങ്ങളിൽ വരും. എന്നാൽ ഒരു പീഡനം നടത്തിയ വ്യക്തി ആണെങ്കിലോ, അയാളുടെ മുഖം ഒക്കെ മറച്ചു പരമാവധി ജനങ്ങളിൽ നിന്നും ഒളിപ്പിച്ചു കൊണ്ടുപോകുന്നു. അതാണ് നീതി.

ജയിലിൽ ആയി കഴിഞ്ഞാൽ തന്നെ ഒരു 6 മാസം അതിനുള്ളിൽ അവർ പുറത്തിറങ്ങും… ഇതുകൊണ്ട് എവിടെയാണ് സർ പീഡിപ്പിക്കപ്പെട്ട പെണ്ണിന് നീതി കിട്ടുന്നത്?

ജീവിതകാലം മുഴുവൻ ആ പെണ്ണും അവരുടെ വീട്ടുകാരും എന്നും ജനങ്ങളിൽ നിന്നും ഒളിച്ചോടിക്കൊണ്ടിരിക്കുകയാണ് പിന്നീട് ചെയ്യുന്നത്. പീഡിപ്പിച്ചവർ ആവട്ടെ അവർ സുഖിച്ചു ജീവിക്കുന്നു. നമ്മൾ എല്ലാ സ്ഥലത്തും സ്ത്രീകളെ കയറ്റുവാൻ അല്ല നോക്കേണ്ടത്, ഇപ്പോൾ ഉള്ള സ്ഥലത്ത് അവർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സംരക്ഷണമാണ് നൽകേണ്ടത്.

എല്ലാ സ്‌കൂളുകളിലും പെണ്കുട്ടികൾക്കും ആണ്കുട്ടികൾക്കും ഇത് സംബന്ധിച്ച് വ്യക്തമായ ഒരു ക്ലാസ്സ് തന്നെ നല്കേണ്ടതായുണ്ട്. കാരണം പലരും അറിവില്ലായ്മ കൊണ്ടാണ് ഓരോ കെണിയിൽ വീണ് പോകുന്നത്. നമ്മുടെ ഒക്കെ കുടുംബത്തിൽ ഒരാൾക്ക് ഇങ്ങനെ സംഭവിക്കുമ്പോൾ മാത്രമേ നമുക്കൊക്കെ അതിന്റെ വിഷമം മനസ്സിലാകൂ….

സ്വന്തം പാർട്ടിയിൽ ഉള്ളവർ ചെയ്യുക ആണെങ്കിൽ പോലും മുഖം നോക്കാതെ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം സർ, അല്ലാതെ ആ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതല്ല നീതി.

വന് മതിലുകൾ പണിയണം സർ, നവോത്ഥാന മതിലുകൾ അല്ല ആദ്യം വേണ്ടത്, ഈ നാട്ടിലെ ഓരോ സ്ത്രീയും സുരക്ഷിതയായി ഇരിക്കുവാനുള്ള മതിലുകളാണ് പണിയേണ്ടത്. അങ്ങനെ ഒരു മതിൽ നിർമ്മിക്കുവാൻ ജാതിമത രാഷ്ട്രീയമില്ലാതെ ഏവരും ഉണ്ടാവും സാറിനൊപ്പം….. നമ്മുടെ നാട്ടിലെ സ്ത്രീ ജനങ്ങൾ സുരക്ഷിതരാവട്ടെ…. അതിനാവട്ടെ മുൻഗണന….. എന്നിട്ടാവാം നവോത്ഥാനം…..

ജിതിൻ ഉണ്ണികുളം

×