Advertisment

ഫ്ളാറ്റുകൾ തകർന്നു വീണു, ഒത്താശ ചെയ്തവർ എവിടെ ?

author-image
admin
New Update

- സാബു ജോസ്,

പ്രസിഡന്‍റ്, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി

Advertisment

തീരദേശ പരിപാലനനിയമം ലംഘിച്ച ഫ്ളാറ്റുകൾ തച്ചുടച്ചതിൽ ഉൗറ്റം കൊള്ളുന്ന സംസ്ഥാന സർക്കാരും അധികാരികളും അഴിമതി കാണിച്ചു ഇതു കെട്ടിയുയർത്താൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ ഇതേ ആർജവത്തോടെ ശിക്ഷിക്കാൻ തയാറാകണം.

മരട് ഫ്ളാറ്റ് അടർന്നുവീഴുന്നതു കണ്ടു കൈയടിച്ചു ജനം പോയി. ഒരു ശല്യമായി പൊടി ഇവിടെ ഉയർന്നു നിൽക്കുന്നു.

publive-image

ഈ പൊടി പോലെ ശല്യമായി നിൽക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ സർക്കാരിനും ജനത്തിനും തലവേദനയായി ഇവർ ഇവിടെ കാണും. ഇനിയും ഫ്ളാറ്റുകളും നിയമലംഘനങ്ങളും ഉയരും. പൊളിക്കാൻ മാത്രമേ സർക്കാരിനു സമയം കിട്ടുകയുള്ളൂ.

മരട് ഫ്ളാറ്റുകൾ വീഴുന്പോൾ ഇതൊരു മുന്നറിയിപ്പാണ്. അഴിമതിക്കാരായി മാറിയ കെട്ടിടനിർമാതാക്കൾക്കും ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പാണ്. അതേ സമയം ചതിക്കപ്പെടുന്നവരെയും ഓർമിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനു ഉൗർജം പകരുന്നതായി ഇതു മാറണം.

അതൊടൊപ്പം പവപ്പെട്ട കർഷകരെ നിയമത്തിന്‍റെ നൂലാമാലങ്ങൾ കാട്ടി സ്വന്തം ഭൂമിയിൽ നിന്നും പുറത്താക്കാൻ വെന്പൽ കൊള്ളുന്ന ഉദ്യോഗസ്ഥരെ ഓർക്കാതെ എങ്ങനെ മുന്നോട്ടു പോകും.

സ്വന്തം ഭൂമിയിൽ തൊഴുത്ത് കെട്ടാൻ കുഴിയെടുത്താൽ പരിസ്ഥിതി പ്രശ്നം ഉയർത്തി കാണിക്കുന്ന ഉദ്യോഗസ്ഥർ മലയോരമേഖലയിലെ വൻകിട നിർമാണത്തിനു അനുവാദം കൊടുക്കുന്നതു വൻതുക വാങ്ങിയാണ്. ബെല്ലും ബ്രേക്കുമില്ലാതെ അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താതെ ഒരു പരിസ്ഥിതി സംരക്ഷണവും ഈ നാട്ടിൽ നടക്കില്ല.

മൂന്നാർ പോലുള്ള പ്രദേശങ്ങളിൽ കെട്ടിയുയർത്തിയിരിക്കുന്ന വൻകിട ഫ്ളാറ്റുകൾ ആരും കാണുന്നില്ല. അതേ സമയം ഒരു കുടിൽ ഉണ്ടാക്കാൻ വേണ്ടി കർഷകനും കുടുംബവും പരിശ്രമിച്ചാൽ അനുമതികിട്ടാത്ത അവസ്ഥയാണ്.

പ്രളയദുരന്തത്തെ തുടർന്നു മലയോരമേഖലയിൽ വീട് തകർന്നവർക്കു വീടു പോലും നിർമിക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമായതു ഈ കപടമുഖമുള്ള ഉദ്യോഗസ്ഥരുടെ നിലപാടാണ്.

ചെരിഞ്ഞ മേഖലകളിൽ വീട് വയ്ക്കാൻ അനുവാദം കൊടുക്കില്ലെന്നു സർക്കാരും ഉദ്യോഗസ്ഥരും പറയുന്പോൾ മൂന്നാറിൽ പതിനാലു നില കെട്ടിടം ചെരിഞ്ഞ മേഖലയിൽ വയ്ക്കുന്നതിനുപ്രശ്നമില്ല. ഇതെല്ലാം കണ്ണുതുറന്നു കാണാൻ സർക്കാർ തയാറാകണം. ഉദ്യോഗസ്ഥരേ നിയന്ത്രിക്കാൻ സാധിച്ചാൽ മാത്രമേ ഇത്തരം അഴിമതി ഇല്ലാതാകുകയുള്ളൂ.

നിയമം ലംഘിച്ചു നിർമിച്ച കൊച്ചിയിലെ ഫ്ളാറ്റുകൾ സുപ്രിം കോടതിയുടെ വിധിപ്രകാരം പൊളിച്ചത് പൊതുസമൂഹത്തിനു ചില ബോധ്യങ്ങൾ നൽകി. നിയമം നിർബന്ധമായും പാലിക്കണമെന്ന അവബോധം നൽകുവാൻ സാധിച്ചു.

സ്വാധീനം ചെലുത്തി ഏത് നിയമലംഘനവും നടത്താമെന്നും, എന്ത് കുറ്റകൃത്യം ചെയ്താലും പിന്നീട് പിഴഅടച്ചും ക്ഷമ പറഞ്ഞും രക്ഷപെടാമെന്ന ധാരണയും കൊച്ചിസ്ഫോടനത്തിലുടെ മാറ്റി.

വ്യക്തമായ നിയമം ഉണ്ടായിട്ടും അത് അറിയാതിരിക്കുകയോ അതിനെ ലംഘിക്കാമെന്നും അപ്പീലുകൾ നൽകി കോടതി വിധികൾ മറികടക്കാമെന്ന ഉദ്യോഗസ്ഥരുടെ ധാർഷ്ടത്തിന് ഏറ്റ ആഘാതവും ആയിരുന്നു നിയമം നടപ്പാക്കിയപ്പോൾ സംഭവിച്ചത്.

നിയമം വേണ്ടതുപോലെ മനസിലാക്കാതെ നഗരത്തിൽ ഒരു ഭാവനം സ്വപ്നം കണ്ട് ഫളാറ്റ് വാങ്ങിയവരുടെയും ലോണ്‍ നൽകിയ ബാങ്കുകളുടെയും നിസഹായ അവസ്ഥയും നിലനിൽക്കുന്നു. ഇവരിൽ ഭുരിപക്ഷവും വഞ്ചിക്കപ്പെടുകയായിരുന്നു. ഇവരെ കബളിപ്പിക്കാൻ നിർമാതാക്കൾക്കു സാധിച്ചിട്ടുണ്ട്.

ഈ കെട്ടിടമുടമങ്ങൾക്കു സമയബന്ധിതമായി നഷ്ടപരിഹാരം നൽകാൻ തയാറാകണം. ആശങ്കയില്ലാതെ ഭൂമിയും കെട്ടിടവും വാങ്ങുവാൻ കഴിയുന്ന സാഹചര്യവും സംവിധാനങ്ങളും ആവിഷ്കരിക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണം. നിയമം നടപ്പിലാക്കി, കെട്ടിടം തകർന്നു വീണു.

ഇനി നഷ്ടപരിഹാരം കൊടുക്കാനുള്ള ആർജവം കാണിക്കണം. അതൊടൊപ്പം ഇതിനെല്ലാം ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. അല്ലെങ്കിൽ ഇനിയും ഇത്തരം ഫ്ളാറ്റുകളും നിയമലംഘനങ്ങളും ഉയർന്നു നിൽക്കും.

Advertisment