ഈ ഒരു തലക്കെട്ട് വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് കാര്യം മനസ്സിലായി കാണും ഞാൻ ആരെക്കുറിച്ചാണ് പറയുന്നത് എന്ന്. എന്നാൽ മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി പറയാം. നമ്മുടെ സ്വന്തം മാലാഖമാർ അഥവാ നഴ്സ്‌മാർ.
ലോകത്ത് എന്ത് മഹാമാരി വന്നാലും ഒരു പക്ഷേ ഡോക്ടർമാർ കഷ്ടപ്പെടുന്നതിന്റെ നാലിരട്ടി അധികമാവും നഴ്സ് എന്ന വിഭാഗം കഷ്ടപ്പെടുന്നത്. ഇത് കാണുന്ന നമ്മൾ മലയാളികൾ പലപ്പോഴും പറഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്.
ദേ ദൈവങ്ങളെ കാണണമെങ്കിൽ ആ ആശുപത്രിയിൽ പോയാൽ മതി അവിടെ ഉണ്ട്, കുറേ ദൈവങ്ങൾ എന്ന്. ആരാണ് ആ ദൈവങ്ങൾ ? നോം പറഞ്ഞ ഇതേ മാലാഖമാർ.
നാടും വീടും ഒക്കെ ഈ സമയത്ത് ഇപ്പറഞ്ഞ മാലാഖമാർ കാണുന്നുപോലും ഉണ്ടാകില്ല. മാലാഖമാരുടെ വീടുകളിൽ അടുപ്പ് പുകയുന്നോ എന്നു പോലും ചിലപ്പോൾ ആരും നോക്കിയെന്നും വരില്ല. പക്ഷേ മാലാഖമാർ ഇതൊന്നും നോക്കാറില്ല കേട്ടോ. അവർ രാവും പകലും ആത്മാർഥമായി അവരുടെ തൊഴിലിൽ ഏർപ്പെട്ടിട്ടുണ്ടാകും.
എന്നാൽ ഈ സമയത്ത് എങ്കിലും ഇവർക്കൊക്കെ ഇച്ചിരി വരുമാനം ഒന്ന് കൂട്ടി കൊടുക്കുക.
ഹേയ് അത് പാടില്ലല്ലോ. കാരണം അവർ മാലാഖമാരല്ലേ. അവർക്ക് ഇതൊരു സേവനം അല്ലേ. ഉള്ള പൈസ പോലും കൊടുക്കേണ്ട എന്നാണ് പല ആശുപത്രിയുടെയും നിലപാട്.
ഇനിയാണ് രസം. വരുമാനം കൂട്ടി കിട്ടാത്തതിന്റെ പേരിൽ ഈ മാലാഖമാർ എങ്ങാനും വല്ല സമരവും നടത്തിയാലോ. അവിടെ തുടങ്ങും നമ്മൾ മലയാളികളുടെ മാലാഖ സ്നേഹം.
പണത്തിന് വേണ്ടി ആർത്തി ഉള്ളവരാണ് ഇവർ, അവർ ഇങ്ങനെയാണ് അങ്ങനെയാണ് തുടങ്ങി എന്തൊക്കെ പറയാവോ അതൊക്കെ അങ്ങു പറയും. എന്നിട്ട് സ്വയം ഒന്ന് നെടുവീർപ്പിടും.
പക്ഷേ ഈ പറയുന്ന ആരും ഒന്നും ഈ മാലാഖമാരുടെ വീട്ടിലെ കാര്യങ്ങൾ തിരക്കാറില്ല. ലോൺ എടുത്തു ആയിരിക്കും പല നഴ്സ്‌മാരും പഠിച്ചിട്ടുണ്ടാവുക. അതിന്റെ അടവ് പോലും എവിടെയും എത്തിയിട്ടുമുണ്ടാകില്ല. ഈ സമയത്തായിരിക്കും അവരുടെ വരുമാനം കുറയ്ക്കുന്നത്.
എന്നാലും പാവങ്ങൾ ജോലിക്ക് പോകും, കാരണം ഒന്നേ ഉള്ളൂ. എടുത്ത ലോൺ എങ്കിലും അടച്ചു തീർക്കണം എന്ന് ചിന്തിച്ചിട്ട്. അല്ലെങ്കിൽ താൻ പോയില്ലെങ്കിൽ പട്ടിണിയാവുന്ന കുടുംബത്തെ ഓർത്തിട്ട്. പല മലാഖമാർക്കും അസുഖം വന്നിട്ടും അവർക്ക് നല്ലൊരു ചികിത്സ പോലും നൽകാത്ത ആശുപത്രികൾ. വീണ്ടും വീണ്ടും ജോലി ചെയ്യിപ്പിക്കുന്ന ആശുപത്രികൾ. എന്നാലും പാവങ്ങൾ പോകും.
പല മഹാമാരികൾ വരുമ്പോഴും കേന്ദ്രവും സുപ്രീംകോടതിയും ഒക്കെ ഇടപെടും മാലാഖമാരുടെ ശമ്പള വർദ്ധനവിന് വേണ്ടി. അപ്പോൾ കാര്യങ്ങൾ ഒക്കെ സെറ്റായിരിക്കും. അസുഖം പോകുന്നതോട് കൂടി മാലാഖമാരുടെ അവസ്‌ഥ വീണ്ടും പഴയത് പോലെ തന്നെ.
പഴമക്കാർ പറയുന്നൊരു ചൊല്ലുണ്ട്. കോരന് കഞ്ഞി കുമ്പിളിൽ തന്നെ... അല്ലാതെന്ത് പറയാൻ..