‘എന്താണ് ഈ മുഖ്യധാര ? പ്രിയപ്പെട്ട മമ്മൂട്ടി, താങ്കൾ ഇവിടെ വരണം. അതായിരിക്കും ഈ കുഞ്ഞുങ്ങൾ ഇനിയുമാഗ്രഹിക്കുന്നതും..’

Friday, August 30, 2019

– പ്രതികരണം/ മിത്ര സിന്ധു

പ്രിയപ്പെട്ട മമ്മൂട്ടിക്ക്..

അട്ടപ്പാടിയിൽ നിന്നും മംഗലംഡാമിൽ നിന്നുമുള്ള ആദിവാസി കുഞ്ഞുങ്ങൾ താങ്കളെ കാണാനെത്തിയ സന്തോഷ വർത്തമാനങ്ങൾ പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും കണ്ടു.

തങ്ങളെ സ്നേഹിക്കുകയും തങ്ങൾക്കായി പഠനോപകരണങ്ങൾ എത്തിക്കുകയും ചെയ്യാറുള്ള പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കാണാനുള്ള കുഞ്ഞുങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം നിറവേറിയതിലുള്ള സന്തോഷം ആ കുഞ്ഞുങ്ങളുടെ മുഖത്തുണ്ടല്ലോ. കുഞ്ഞുങ്ങളെ അവിടെയെത്തിക്കാൻ പ്രയത്നിച്ചവർക്കും അഭിനന്ദനങ്ങൾ.

ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ഈ കുഞ്ഞുങ്ങൾക്കായി സമയം മാറ്റി വെച്ച താങ്കളും അഭിനന്ദനമർഹിക്കുന്നു. അനുവദിച്ച സമയത്ത് കുട്ടികളെത്താൻ വൈകിയപ്പോൾ സംഘാടകരും സിനിമാപ്രവർത്തകരും അസ്വസ്ഥരായപ്പോൾ “വരട്ടെ,അകലെ നിന്ന് വരുന്ന കുഞ്ഞുങ്ങൾക്കാ യി നമുക്ക് കാത്തിരിക്കാമെന്ന് ” ക്ഷമയോടെ താങ്കൾ അവരെ സമാശ്വസിപ്പിച്ചതും കൂടി കേട്ടപ്പോൾ തീർച്ചയായും ആവേശം തോന്നി.
ഈ കുട്ടികൾക്കായി ഏറ്റെടുത്ത കാര്യം സേവനമല്ല കടമയാണെന്ന് താങ്കളോർമ്മിപ്പിച്ചതും നന്നായി.

ഈ കുഞ്ഞുങ്ങളെ മുഖ്യധാരയിലെത്തിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും താങ്കൾ പറഞ്ഞുവല്ലോ. അട്ടപ്പാടിയിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും ലക്ഷ്യം ഇതുതന്നെയാണ്.

എന്നാൽ എന്താണ് “മുഖ്യധാര ” എന്നതാണ് പ്രധാന വിഷയം .. അട്ടപ്പാടിയുടെ വിദൂര ഊരുകളിൽ നിന്നും ഈ കുഞ്ഞുങ്ങളെ “മുഖ്യധാര” യായ താങ്കളിലേക്കെത്തിച്ച സംഘാടർക്കും അത് അത്രക്ക് മനസ്സിലായിക്കാണില്ല ..

ഈ കുഞ്ഞുങ്ങളെക്കുറിച്ചറിയാനും ഇവരെ അങ്ങോട്ടെത്തിക്കുന്നതിനും പകരം താങ്കൾ ഇങ്ങോട്ട് വരികയായിരുന്നുവെങ്കിൽ കൂടിക്കാഴ്ച ഇതിലേറെ എത്ര ഹൃദ്യമായ അനുഭവമാകുമായിരുന്നു എന്ന് താങ്കൾ ചിന്തിച്ചുവോ?

മുഖ്യധാരയെന്ന് സ്വയം കരുതിപ്പോരുന്ന ഞാനും നിങ്ങളുമടങ്ങുന്നവർക്ക് ഇവിടെ നിന്ന് പഠിക്കാനും പകർത്താനും ഇനിയുമൊരുപാടുണ്ട്. പ്രധാനമായും ഈ ലളിത ജീവിതങ്ങൾ.. അധ്വാനം മാത്രം സമ്പത്തായുള്ള ജനത .. ഞാനും നിങ്ങളും ഒരു ദിനമുണ്ടാക്കുന്നത്ര മാലിന്യം ഒരാണ്ടു കൊണ്ടു പോലും ഉണ്ടാക്കാറില്ലാത്ത, ഭൂമിയെ നോവിക്കാതെ ജീവിച്ചു പോകുന്നവർ…

മഴയെക്കുറിച്ചും പുഴയെക്കുറിച്ചും കാടിനെക്കുറിച്ചും അതിന്റെ താളക്രമങ്ങളെക്കുറിച്ചും കൃത്യമായറിയുന്നവർ …ഇവരിൽ നിന്ന് പഠിക്കാൻ നമുക്കിനിയും ഏറെയില്ലേ?
ആ നിലക്ക് ആര് ആരുടെ മുഖ്യരാണാകേണ്ടത് എന്ന ചിന്തയും ഉയരുന്നില്ലേ?

സ്വന്തമായൊരു ഭാഷയും വിപുലമായ പൈതൃകവുമുള്ളവരാണിവർ.. അനന്യമായ കാർഷിക പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നവരാണിവർ. അതീവ ഹൃദ്യമായ അസംഖ്യം പാട്ടുകളും കഥകളുമൊക്കെ കൈമുതലായുള്ള ഇവർ ഒരിക്കലും പരാജിതരല്ല. പിന്തള്ളപ്പെട്ടവരുമല്ല ..ഇവർക്ക് കുറച്ചു കൂടി സൗകര്യപ്രദമായ ജീവിത സാഹചര്യങ്ങളുണ്ടാകണം . കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളുണ്ടാകണം എന്ന കാര്യത്തിൽ തർക്കമേയില്ല .എന്നാൽ അത് മുഖ്യധാരാ ലക്ഷ്യം മുൻനിർത്തി വേണമോ എന്നതിന് പുനർവിചിന്തനം ആവശ്യമില്ലേ? മുഖ്യധാരയുടെ ശരികൾ മാത്രമാണോ ശരി?

താങ്കളിവിടെ വരണം’ ഇതെല്ലാം കാണണം. താങ്കളിതെല്ലാം കാണുമ്പോൾ കാണാൻ ഏറെയാളുണ്ടാകും. താങ്കളിതേക്കുറിച്ച് പറയുമ്പോൾ പിൻപറ്റാൻ പലരുണ്ടാകും..തന്റെ നാടും സംസ്കാരവും ഭാഷയും മറ്റേതിനോടുമൊപ്പം മികച്ചതാണെന്ന ചിന്ത ഈ കുട്ടികൾക്കേകുക എന്നതാണ് ഏറ്റവും പ്രധാനം. അതിന് താങ്കൾ ഇവിടെ വരികയാണ് വേണ്ടത് .ഇവിടത്തെ റോഡുകളും കാടും പുഴയും കാറ്റും മണ്ണിന്റെ ഗന്ധവും താങ്കളറിയണം.. ഇവരുടെ കഥകളും പാട്ടുകളും കേൾക്കണം ..ഇവിടത്തെ താളങ്ങളറിയണം’ എങ്കിലേ താങ്കൾക്കീ കുഞ്ഞുങ്ങളോട് ആത്മാർത്ഥമായി ചേർന്നു നിൽക്കാൻ കഴിയൂ..

ഈയടുത്ത കാലത്തായി ഇവിടെ സിനിമയുമായി ബന്ധപ്പെട്ട് “വലിയവർ ” പലരും എത്തിയിട്ടുണ്ട്. സ്വന്തം കാരവാൻ വിട്ട് ഒരാദിവാസി വിദ്യാലയ മോ ഊരോ ഒന്നു കാണാൻ “സമയം ” ഇല്ലാത്തവരായിരുന്നു പലരും ‘ അവരെപ്പോലെയല്ല താങ്കൾ എന്നു വിശ്വസിക്കുന്നതു കൊണ്ടു കൂടിയാണ്. പ്രതീക്ഷയുള്ളതു കൊണ്ടു കൂടിയാണ്.

മറ്റുള്ളവരുടെ കണ്ണിലൂടെ കാണാനും കാതിലൂടെ കേൾക്കാനും മാത്രം ഒരു കലാകാരന് ഒരിക്കലും സാധിക്കില്ലല്ലോ. സമൂഹത്തെ ആഴത്തിലറിയാനും ഒരു യഥാർത്ഥ കലാകാരനോളം ആർക്കാണ് കഴിയുക?

താങ്കൾ ഇവിടെ വരണം. ഇതായിരിക്കും ഈ കുഞ്ഞുങ്ങൾ ഇനിയുമാഗ്രഹിക്കുന്നതും..

×