‘ഷെഹല’നമ്മുടെ നേട്ടങ്ങളുടെ രക്തസാക്ഷിയാണ്..!!

Monday, November 25, 2019

– ബശീർ ഫൈസി ദേശമംഗലം

ടൈറ്റിൽ കണ്ടു ദേഷ്യപ്പെടേണ്ട. ക്ഷമയുണ്ടെങ്കിൽരാഷ്ട്രീയ കണ്ണട മാറ്റിവെച്ചു വായിക്കുക.അനുശോചന പോസ്റ്റുകളിൽ പങ്കാളിയാകാതെ മാറി നിന്നു ഇതുവരെ, എനിക്കുമുണ്ടല്ലോ അതുപോലൊരു മോൾ..

വയനാട്ടിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹല എന്ന പൊന്നു മോൾടെ വാർത്തകളാണ് ഇപ്പോൾ നിറയുന്നത്.ഈ വൈകാരിക ബഹളങ്ങൾ അവസാനിച്ചാലെങ്കിലും കൃത്യമായ കാരണങ്ങൾ കണ്ടെത്താനും പരിഹാരമുണ്ടാക്കാനും സർക്കാരിന് കഴിയണം.

സസ്പെൻഷനിലായ ഡോക്ടറും അദ്ധ്യാപകരും ആറു മാസത്തിനുള്ളിൽ സർവീസിൽ തിരിച്ചു കയറും.മാധ്യമങ്ങൾ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ വാർത്തകളുടെ ചുരമിറങ്ങും.സോഷ്യൽ മീഡിയ പുതിയ അപ്‌ഡേഷൻ തിരക്കിലാകും.നഷ്ടപ്പെട്ടത് ആ പൊന്നുമോള്ടെ ഉപ്പയ്ക്കും ഉമ്മയ്ക്കും മാത്രമാണ്.

ഒരു സമൂഹത്തിന്റെ പുരോഗതി അളക്കാനുള്ളഅടിസ്ഥാന മാപിനി എന്നു പറയുന്നത് ഭക്ഷണം,പാർപ്പിടം,വിദ്യാഭ്യസം,ആരോഗ്യം എന്നിവയാണ്.ഇവയ്ക്ക് ശേഷമാണ് ഗതാഗതം അടക്കമുള്ള മറ്റു സൗകര്യങ്ങൾ വരുന്നുള്ളൂ.

എന്നാൽ കാലാകാലങ്ങളിൽ ഭരിച്ച സർക്കാരുകളുടെ മുൻഗണന ഈ വിഷയത്തിൽ അല്ലായിരുന്നു എന്നു രാഷ്ട്രീയ കണ്ണട മാറ്റി വെച്ചു ഒന്നു ആലോചിച്ചു നോക്കൂ.റോഡ് വികസനം,കെട്ടിടങ്ങൾ,വലിയ മാളുകൾ,ബാറുകൾ,പബ്ബ്കൾ,ഇതൊക്കെയാണ വികസനമായി കാണുന്നത്.

വീടില്ലാത്ത എത്രയോ ആയിരങ്ങൾ ഇപ്പോഴും ഈ കൊച്ചു കേരളത്തിൽ ഉണ്ട്.അതുകൊണ്ടാണല്ലോമത സംഘടനകളുംരാഷ്ട്രീയ പാർട്ടികളും,സന്നദ്ധ സംഘടനകളും ഇപ്പോഴും വീട് നിർമ്മിച്ചു നല്കുന്ന വാർത്തകൾ നാം കണ്ടു കൊണ്ടിരിക്കുന്നത്.

നമ്മുടെ ആരോഗ്യ രംഗത്ത്എന്തു പുരോഗതിയാണ് കേരളപ്പിറവിക്ക് ശേഷം ഉണ്ടായിട്ടുള്ളത്.?ദേശീയ മാതൃകയായ ആരോഗ്യമുള്ള സംസ്ഥാനം എന്നത് ചികിത്സ സംവിധാനങ്ങളുടെ ലഭ്യത കൊണ്ടു നേടിയതല്ല.വ്യക്തിപരമായ ആരോഗ്യമുണ്ടായിരുന്ന ഒരു ജനതയായിരുന്നു എന്നത് കൊണ്ടാണ്.

പക്ഷെ രോഗവും അപകടങ്ങളും വർദ്ധിച്ചു വരുന്ന പുതുകാലത്തു നമ്മുടെ ആരോഗ്യ രംഗം ഒട്ടും ഫലപ്രദമല്ല അതിനെ നേരിടാൻ.വയനാട്ടിൽ സംഭവിച്ചത് എന്താണ്..?പാമ്പ് കടിയേറ്റ കുട്ടിയെ വേഗത്തിൽ ചികിത്സ ലഭ്യമക്കുന്നതിൽ അദ്ധ്യാപകർ ശുഷ്‌കാന്തി കാണിച്ചില്ല.ബോധപൂർവ്വം ആകണമെന്നില്ല.പക്ഷെ വളരെ നിരുത്തരവാദപരമായി പെരുമാറി.

അപ്പോൾ അദ്ധ്യാപനം എന്നത് അക്കാദമിക ബിരുദ യോഗ്യതകൾക്കപ്പുറം മാനുഷിക പരിഗണയുള്ള തരത്തിലേക് മാറ്റണം.ഇവിടെ അദ്ധ്യാപകരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.കുട്ടിയെ പ്രവേശിപ്പിച്ച താലൂക് ഹോസ്പിറ്റലിൽ എന്തായിരുന്നു അവസ്ഥ..?

പാമ്പുകടിയേറ്റാൽ ചികിത്സ ആന്റി സ്നേക്ക് വീനം (ASV) മാത്രമാണ്.ചില സന്ദർഭങ്ങളിൽ വെന്റിലേറ്റർ സപ്പോർട്ടോ ഡയാലിസിസോ മറ്റോ വേണ്ടി വന്നേക്കും, പക്ഷെ പ്രധാന ചികിത്സ എ എസ് വി യാണ്.പക്ഷെ ഇവിടെ ആകെ ഉണ്ടായിരുന്നത് 6 ഡോസ് കൊടുക്കാനുള്ളത് മാത്രമാണ്.

ചിലപ്പോൾ കണ്ടിന്യൂ ചെയ്യേണ്ടി വരും.മാത്രമല്ല വെന്റിലെറ്റർ സൗകര്യം വേണ്ടിവരും.പക്ഷെ അവിടെ വെന്റിലേറ്റർ ഇല്ലായിരുന്നു….!!

അതാണ് അവിടത്തെ ഡോക്റ്റർ കോഴിക്കോട്ടേക്ക് റഫർ ചെയ്തത്..!!കോഴിക്കോട് എത്തും വരെ ആ കുട്ടി ജീവിച്ചിരികൻ കഴിയുന്ന പ്രാഥമിക ചികിത്സ നൽകാൻ സംവിധാനം അവിടെ ഉണ്ടായില്ല എന്നത് കേരളം ആരോഗ്യ രംഗത്തു കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം..!!

അതേ ഷെഹല മോൾ നമ്മുടെ നേട്ടങ്ങളുടെ രക്തസാക്ഷിയാണ്..!!വയനാട്ടുകാരുടെ വർഷങ്ങളുടെ വിലാപമാണ് അവിടെ ഒരു മെഡിക്കൽ കോളേജ് വേണമെന്നത്.ഒരുപക്ഷേ അതിന്റെ പ്രയോഗികതയിൽ ഒട്ടേറെ തടസ്സ വാദങ്ങൾ സർക്കാറുകൾക് പറയാനുണ്ടാകും.

നാലോ അഞ്ചോ ജില്ലകളിലെ രോഗികൾക്ക് ആശ്രയിക്കാനാവും വിധമാണ്മെഡിക്കൽ കോളേജുകൾ അനുവദിക്കുക.വയനാടിനെ പോലെ ഗതാഗത സൗകാര്യം വേഗത്തിൽ ലഭ്യമല്ലാത്ത ഹൈറേഞ്ച് മേഖലയിൽ അത്തരമൊരു സംവിധാനം സർക്കാരുകൾ നഷ്ടമായി കണ്ടത് കൊണ്ടാണ് ഇന്നുവരെ അവിടെ ഒരു മെഡിക്കൽ കോളേജ് സാധ്യമാക്കാതെ പോയത്.

മനുഷ്യരുടെ ജീവനേക്കാൾ വലുത് റോഡുകളും പാലങ്ങളും കെട്ടിടങ്ങളും അന്തരാഷ്ട്ര ബിസിനസ്സ് മീറ്റുകളും ആണെന്ന് ധരിച്ച ഭരണ വർഗ്ഗങ്ങളോട് നട്ടെല്ലൊടെ പ്രതികരിക്കാൻ കഴിയാത്ത ജനതയുടെ നിസ്സംഗതയുടെ രക്ത സാക്ഷിയാണ് ഷെഹല..!!ഇനി മെഡിക്കൽ കോളേജ് നഷ്ടമാണെങ്കിൽ വയനാട്ടിലെതാലൂക്ക് ഹോസ്പിറ്റലുകൾഉയർന്ന നിലവാരത്തിലുള്ള ചികിത്സാ ലഭ്യമാകുന്ന തരത്തിൽ പരിവർത്തിച്ചു കൂടെ..!?

ഇതൊന്നുമില്ലാതെ കുറെ സസ്‌പെൻഷൻ കൊണ്ടു തീർക്കാവുന്നത് ഷെഹലയുടെ വിയോഗത്തിന്റെ കണ്ണീരെങ്കിൽ മലയാളികളെ നിങ്ങളുടെ ഹഷ്ടാഗ് പ്രതിഷേധം നട്ടെല്ലില്ലാത്ത ഒരു ജനതയുടെ സൃഗാല ഭേരികൾ മാത്രമാണ്…!!നിലവിലുള്ള സർക്കാരിന് കൂടുതൽ ഉത്തരവാദിത്വമുണ്ട്.

ആരോഗ്യ മന്ത്രിയും,വിദ്യാഭ്യസ മന്ത്രിയും ഇനി നേട്ടങ്ങളുടെ കഥ പറയരുത്.സമൂഹത്തിന്റെ പ്രതിഷധം കാണാതെ പോകരുത്‌.(ഇലയനങ്ങിയാൽ ‘അബ്ദുറബ്ബ് രാജിവെക്കണം’ എന്നു കൂകിയാർത്തിരുന്നവർഅതർഹിക്കുന്നുണ്ട്)അതേ സമയം മുൻസർക്കാറുകളും ഇക്കാര്യത്തിൽ സത്വര നടപടികൾ എടുക്കാതെ പോയിട്ടുണ്ട്.

ക്ഷമിച്ചാലും..വയനാട്ടുകാരെ,ഇനിയൊരു തിരഞ്ഞെടുപ്പിലും നിങ്ങൾ വോട്ടു ചെയ്യരുത്.നിങ്ങൾക്ക് സൗകര്യം വരും വരെ.(ജനാധിപത്യ വിരുദ്ധമായ ഈ പോസ്റ്റിനു കേസ് വരുമോ അറിയില്ല)അതിനു ധൈര്യമില്ലങ്കിൽഅടുത്ത തുരഞ്ഞെടുപ്പിലുംനിങ്ങൾ ആഞ്ഞാഞ്ഞു കുത്തണംവോട്ടിങ് മെഷീനിൽ..!

×