ജ്ഞാനപീഠം കവിതയ്ക്കുള്ള അംഗീകാരമാണ്

Monday, December 2, 2019

– ശശി ശേഖർ


ക്കിത്തത്തിന് ഒരു ദേശീയ ബഹുമതി ലഭിക്കുന്നത് കവിതയ്ക്കുള്ള അംഗീകാരമാണ്. വിശേഷിച്ചും അതിന്റെ ആത്മാവും സ്വത്വവും പ്രതിസന്ധി നേരിടുന്നവർത്തമാനകാലസാഹചര്യത്തിൽ. വ്യക്തി ഉള്ളിലേക്കു നോക്കി നടത്തുന്ന പിറുപിറുക്കലായി കവിത മാറുമ്പോൾ.

മൂടുക ഹൃദന്തമേ മുഗ്ധ ഭാവന കൊണ്ടീ മൂക വേദനകളെ മുഴുവൻ മുത്താകട്ടേയെന്നു ചിന്തിച്ചു കൊണ്ട് ഭാവനയെ കെട്ടഴിച്ചുവിടുകയും സ്വകാര്യ ദു:ഖ ഹർഷങ്ങളെ ചുറ്റുപാടും അലിയിക്കുകയും ഒടുവിൽ ലോകം തന്നെ കവിതയായി കാച്ചിക്കുറുക്കിയ വരികളിൽ പുതിയരൂപം ആർജിക്കുകയും ചെയ്യുന്ന കാലം ഓർമയാവുകയാണ്.

എന്റെ എന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവു (പണ്ടത്തെ മേൽശാന്തി ) മെന്നു വളരെ പണ്ടേ തിരിച്ചറിഞ്ഞ ഋഷി തുല്യനായ അക്കിത്തത്തെ എന്റെ എന്റെയെന്ന് ഉരുവിടുന്നതിൽ അഭിരമിക്കുന്നവർക്കു മനസ്സിലായെന്നു വരില്ല.

കവിതകളുടെ പുനർവായനയുടെ ആഘോഷങ്ങളാകേണ്ട സന്ദർഭമാണിത്. എന്നാൽ എല്ലാ ആഘോഷ നിമിഷങ്ങളിലുമെന്നപോലെ ഈ ഘട്ടത്തിലും ഗൗരവവും ദൊഷൈകദൃഷ്ടിയുമെന്ന മലയാളിയുടെ സ്ഥായീഭാവത്തിന് ഇളക്കമില്ല.

ഇപ്പൊഴും ഒരു സൗമ്യ സാമീപ്യമായി അക്കിത്തമെന്ന കവി നമ്മുടെ ഒപ്പമുണ്ടെന്നതാണ് ആശ്വാസം.  ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം ലഭിക്കുന്നത് നിമിഷമെന്ന കവിതയ്ക്കാണ്. നിമിഷമെന്നത് ചിത്രശലഭമായി കവി സങ്കൽപിക്കുന്നു.

‘ കാലിണ കെട്ടട്ടേ നേരിയ വാക്കിന്റെ നൂലിനാലോ മനേ നോവിയാതെ’ എന്ന വരികൾ പുരസ്കാര സമിതിയിലുണ്ടായിരുന്ന എൻ.വി.കൃഷണ വാരിയർ ഒപ്പമുള്ളവർക്ക് വിശദീകരിച്ചപ്പോൾ അംഗങ്ങൾ നിശബ്ദരായിയെന്നു കേട്ടിട്ടുണ്ട്.

മുല ചപ്പി വലിക്കുന്ന നരവംശനവാതിഥി പോലെ അന്വർഥമായ ധാരാളം പ്രയോഗങ്ങൾ അക്കിത്തവും നടത്തിയിട്ടുണ്ട്.

ഒ.വി.വിജയനും ബഷീറും ബാലാമണിയമ്മയും സുഗതകുമാരിയും വൈലോപ്പിളളിയുമൊക്കെ സമ്പന്നമാക്കിയ ഒരു സാഹിത്യം നമുക്കുണ്ടെന്നതിൽ അഭിമാനിക്കണോ നമ്മുടെ ചെറു കോലുകൾ കൊണ്ട് അവരെ അളക്കുവാനും ഓരോരുത്തരെയും നമുക്കിഷ്ടമില്ലാത്തവരെ അടിക്കാനുള്ള വടിയാക്കണോ എന്നൊക്കെയുള്ളത് വ്യക്തിപരമായ തീരുമാനങ്ങളാണ്.

×